2005-12-10

ചരിത്രവും നന്മതിന്മകളും

വക്കാരിക്കുണ്ടാവുന്ന ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍, ആര്‌ നല്ലവന്‍ ആര്‌ ചീത്ത എന്നു തീരുമാനിക്കലാണോ? എങ്കില്‍ അതിനെ പറ്റി ചില പോയിന്റ്സ്‌/ചോദ്യങ്ങള്‍:

1. എന്തിനാണങ്ങനെ തരം തിരിക്കേണ്ട ആവശ്യം?
2. ഒരാള്‍ തന്നെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലോ?
3. നല്ലവന്‍-മോശക്കാരന്‍ തീരുമാനിക്കല്‍ ചരിത്രത്തിന്റെ പണിയല്ല.

അമേരിക്കയുടെ ഇറാക്കി ആക്രമണം വച്ച്‌ മൂന്നാമത്തെ പോയിന്റിനെ ഒന്നുകൂടി വിശദമാക്കാം. അമേരിക്ക ഇറാക്കിനെ ആക്രമിച്ചു, അതിനുള്ള കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു, ഇന്നതൊക്കെ ആവാം എന്നു പറയുന്നിടത്ത്‌ ഹിസ്റ്റോറിയന്റെ ജോലി തീര്‍ന്നു. അമേരിക്ക ചെയ്തത്‌ ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കേണ്ട കാര്യം അവനില്ല.

ഹിസ്റ്ററിയില്‍ തീര്‍ച്ചയായും റികണ്‍സ്റ്റ്രക്ഷന്‍സ്‌ ഉണ്ട്‌. പക്ഷെ, അവ വളരെ കൃത്യമായി തെളിവുകള്‍ വച്ച്‌ സാധൂകരിക്കേണ്ടതുമാണ്‌. ചിലപ്പോള്‍ അതിനുപോലും സാധിക്കാത്തവയുണ്ടാവാം. ഏറ്റവും നല്ല ഉദ്ദാഹരണം സിന്ധൂനദീതട സംസ്കാരം തന്നെയാണ്‌. ഇത്തരം കാര്യങ്ങളെ പറ്റി മാസികകളിലെഴുതുന്നവര്‍ നടപ്പിലിരിക്കുന്ന ആയ എല്ലാ മുഖ്യതിയറികളും അവതരിപ്പിക്കേണ്ടതുണ്ട്‌. അതു ചെയ്യാതിരിക്കുന്നത്‌ വലിയ തെറ്റാണ്‌.

ഈ സന്ദര്‍ഭത്തിലാണ്‌, വിക്കിപീഡിയപോലുള്ള സംരംഭങ്ങളുടെ പ്രസക്തി. സിന്ധൂനദീതടസംസ്കാരത്തെ കുറിച്ച്‌ നിഷ്പക്ഷമായി വായിക്കാന്‍ കൊള്ളുന്നത്‌ ഇപ്പോള്‍ വിക്കി തന്നെയേ ഉള്ളൂ എന്നാണെനിക്ക്‌ തോന്നുന്നത്‌.

1 comment:

  1. സിബു പറഞ്ഞത് ശരിയാണ്. ചരിത്രകാരൻ ഒരു ജഡ്‌ജിയല്ല. കാര്യം പറഞ്ഞുകഴിഞ്ഞാൽ ചരിത്രകാരന്റെ പണി കഴിഞ്ഞു. പക്ഷേ, എനിക്കുള്ള കൺഫ്യൂഷൻ, ഈ കാര്യം പറയുന്നവരൊക്കെ നടന്നിട്ടുള്ള കാര്യങ്ങൾ ശരിയായിത്തന്നെയാണോ പറയുന്നത് എന്നുള്ളതാണ്. ഒരാൾ നല്ലതും ചീത്തയും ചെയ്തിട്ടുണ്ടെങ്കിൽ ആ രണ്ടുകാര്യങ്ങളും ചരിത്രകാരന്മാർ നിഷ്പക്ഷമായി പറയുന്നുണ്ടോ എന്നൊരു കൺഫ്യൂഷൻ. ഈ ചരിത്ര വിവരണങ്ങളിൽ എത്രത്തോളം നിഷ്പക്ഷതയുണ്ട്?

    ഏതെങ്കിലും കാര്യത്തിൻ രണ്ടോ അതിലധികമോ വശങ്ങളോ വാദഗതികളോ ഉണ്ടെങ്കിൽ ചരിത്രം പറയുമ്പോൾ/പഠിപ്പിക്കുമ്പോൾ ആ കാര്യങ്ങളെല്ലാം ഈ ചരിത്രകാരന്മാർ വിശദീകരിക്കേണ്ടതല്ലേ? അവർ അങ്ങിനെ ചെയ്യുന്നുണ്ടോ എന്നാണ് എന്റെ ഒരു കൺഫ്യൂഷൻ. മുഗളന്മാർ അടിപൊളിയായിരുന്നു എന്നാണ് ഞാൻ മുഖ്യമായും പഠിച്ചിരുന്നത്. മുഗളന്മാർ കാണിച്ച തോന്ന്യാസങ്ങളെപ്പറ്റിയൊക്കെ പിന്നീടാണറിഞ്ഞത്. ഇനി ആ അറിഞ്ഞതിലുള്ള വാസ്ഥവങ്ങളെപ്പറ്റിയും വലിയ പിടിപാടില്ല. ആരു നല്ലവൻ, ആരു ചീത്ത എന്നതല്ല,നല്ലതും ചീത്തയും ഒരേ രീതിയിൽ നമ്മൾ അറിയുന്നുണ്ടോ എന്നതാണ് സംശയം

    ഈ ഇറാഖ് യുദ്ധത്തിലും, വേണമായിരുന്നു, വേണ്ടായിരുന്നു, മഹാ തോന്ന്യാസമായിരുന്നു, എന്നിങ്ങനെ വശങ്ങളുണ്ടല്ലോ. ഒരു നൂറുകൊല്ലം കഴിഞ്ഞ് ഇതിനെപ്പറ്റി പഠിക്കുമ്പോൾ ഈ വശങ്ങളും വാദഗതികളുമെല്ലാം എല്ലാവരും എല്ലായിടത്തും ഒരേ രീതിയിൽ പഠിക്കുമോ? ഇങ്ങിനെയൊക്കെ പോകുന്നു എന്റെ കൺഫ്യൂഷൻ.

    ReplyDelete