2006-02-28

കലാമത്സരങ്ങളുടെ പ്രശ്നം

മത്സരത്തെ പറ്റി.. മത്സരമല്ല, അംഗീകാരമാണ് ഗുണനിലവാരം ഉയര്ത്തുന്നത് എന്നാണ് എന്റെ പക്ഷം. മത്സരം അതിനുള്ള ഒരു കുറുക്കുവഴിമാത്രം. എന്നാല് അതിന് ധാരാളം പാര്ശ്വഫലങ്ങളുണ്ട്: 1. അംഗീകാരം വളരെ ചുരുങ്ങിയ എണ്ണം ആളുകള്ക്കെ കിട്ടൂ. ഇപ്പോള് തന്നെ, ബ്ലോഗില് നന്നായി എഴുതുന്ന ധാരാളം ആള്ക്കാരുണ്ട്. അവരില് ചിലരെ തഴയേണ്ടി വരുന്നത് ബുദ്ധിയല്ല. 2. നല്ല കലാസൃഷ്ടി എന്ത് എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവരുടേയും ഏതാണ്ടൊക്കെ ചേര്ന്ന് പോവും എങ്കിലും ഫൈനര് പോയിന്റ്സില് അത് വളരെ വ്യക്തിപരമാണ്. മത്സരം എന്നത് പ്രിസൈസാണ് അത്രയും പ്രിസിഷന് ഇങ്ങനെ ആപേക്ഷികമായ കാര്യങ്ങളില് അപ്ലൈ ചെയ്യുന്നത് ശരിയല്ല എന്നാണെന്റെ പക്ഷം.

താത്പര്യമുള്ളവര് ആന്റണി ചെയ്തപോലെ ലിസ്റ്റുകളുണ്ടാക്കട്ടെ. ഓരോരുത്തരുടേയും ലിസ്റ്റുകള് തമ്മില് അവരവരുടെ ടേസ്റ്റിനനുസരിച്ച് വ്യത്യാസമുണ്ടാവും. അതുപോലെ ഓരോ വായനാക്കാരനും ഏതെങ്കിലും ഒരു ലിസ്റ്റിനോട് ചായും. അങ്ങനെ ഒരു ലിസ്റ്റ് എന്നത് എഴുത്തുകാരനും വായനക്കാരനും ഇടയില് നില്ക്കുന്ന ഒരു ബ്രാന്ഡ്നേമും ആയിത്തീരും.

2006-02-25

ഒരഭ്യര്‍ത്ഥന..

ബ്ലോഗുകളില്‍ മികച്ചതും ശരാശരിയുമായ ധാരാളം കൃതികള്‍ ഓരോ ആഴ്ച്ചയും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌. അത്‌ വളരെ നല്ലതു തന്നെ. ഇവയെല്ലാം ഒരു പുഴപോലിങ്ങനെ ഒഴുകി ഇന്റര്‍നെറ്റ് കടലില്‍ മറഞ്ഞതുകൊണ്ടുമാത്രമായില്ല. ഇവയെ പലരീതിയിലും വ്യത്യസ്ഥമായ അഭിരുചികള്‍ക്കനുസരിച്ചും കാറ്റഗറൈസും കാറ്റലോഗും ചെയ്യാനുണ്ട്‌. സത്യത്തില്‍ അതാണ് മാതൃഭൂമി മനോരമ തുടങ്ങീ ആഴ്ച്ചപതിപ്പുകളും അച്ചടിയില്‍ ചെയ്യുന്നത്‌. അതിവിടേയും ചെയ്യാനുണ്ട്‌ എന്നു മാത്രം. ഞാന്‍ പലപ്പോഴായി പലരോടായി അഭ്യര്ത്ഥിച്ചിട്ടുള്ള കാര്യമാണിത്‌. പെരിങ്ങോടരുടെ സമകാലികം ഇങ്ങനെയൊരു ആദ്യസംരംഭമാണെന്ന്‌ വിസ്മരിക്കുന്നില്ല. പക്ഷെ, ഒരു സമകാലികം മാത്രം പോരാ... ബ്ലോഗുകളുടെ വളര്‍ച്ച അടുത്ത ഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കാന്‍ ബ്ലോഗ് വാരികകളും, ബ്ലോഗ്‌ ആഴ്ച്ചപതിപ്പുകളും, ബ്ലോഗ് സമാഹാ‍രങ്ങളും ഉണ്ടാവേണ്ടതുണ്ട്‌. അതും പല തലത്തിലുള്ള വായനക്കാര്‍ക്ക്‌ വേണ്ടി. എല്ലാ ബ്ലോഗ് വായനക്കാരും ഏവൂരാന്റെ ‘തനി‘എല്ലാദിവസവും തുടക്കം മുതലവസാനം വരെ വായിക്കാന്‍ സമയവും ക്ഷമയും ഉള്ളവരല്ല. അങ്ങനെയുള്ള സന്ദര്‍ശകര്‍ക്ക്‌ വേണ്ടി, 1/2വിന്ദന്‍, വിശാലന്‍, വക്കാരി, സു എന്നിവരുടെ തിരഞ്ഞെടുത്ത പംക്തികള്‍ മാത്രമുള്ള ഒരു സമാഹാരത്തെ പറ്റി ഒന്നാലോചിച്ചു നോക്കൂ.. ഒരിന്‍സ്റ്റന്റ് ഹിറ്റല്ലേ അത്‌. ഇപ്പറഞ്ഞതൊരുദാഹരണം മാത്രം.

ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി..
- സമാഹാരത്തില്‍ പ്രസന്റേഷന്‍ വളരെ പ്രധാനമാണ് എന്നു മറക്കരുത്‌.

- ചിലരുടെ കൃതികള്‍‌ സ്വീകരിക്കുമ്പോള്‍, ചിലത് തള്ളേണ്ടിയും വരും. ഒരു എഡിറ്ററുടെ ഈ ധര്‍മ്മം എളുപ്പമുള്ളതല്ല. എന്നാല്‍ ഇത്‌ ഈ ബ്ലോഗ് കാലഘട്ടത്തിന്റെ ഒരാവശ്യമാണ് താനും.

പ്രണയവിവാഹത്തിന്റെ പരിമിതികള്‍

പ്രതികൂലം
പ്രൊബബിലിറ്റി
പ്രൊബബിലിറ്റി ആണ് പ്രതികൂലമായി നില്‍ക്കുന്ന സംഗതി. താഴെപറയുന്ന കാരണങ്ങളാല്‍ വളരെ ചുരുങ്ങിയ സെലക്ഷനേ ഒരാള്‍ക്ക്‌ കിട്ടുന്നുള്ളൂ..
  • പ്രണയം ഇന്നും സാമൂഹിക പരിതസ്ഥിതികള്‍ മൂലം അധികം പെണ്‍കുട്ടികളും ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. അതുകൊണ്ട്‌ പ്രേമത്തിലേയ്ക്ക്‌ വഴുതുന്നവര്‍ വളരെ കുറവുമാണ്.
  • ഒരാണ്‍കുട്ടിക്ക്‌ ഇഷ്ടമ്പോലെ സുഹൃത്തുക്കളുണ്ടാവും. അതില്‍ നിന്നു തന്നെ ചുരുക്കം ചിലര്‍ കാലക്രമേണ ആത്മാര്‍ത്ഥസുഹൃത്തുക്കളുമാവും. ഈ ഒരു പ്രക്രിയ നാടന്‍പ്രേമത്തില്‍ സംഭവിക്കുന്നില്ല. ആദ്യമേ തന്നെ, ഒരാണ്‍കുട്ടിക്ക്‌ സുഹൃത്തായി എണ്ണാവുന്ന പെണ്‍കുട്ടികള്‍ തന്നെ വിരലിലെണ്ണാവുന്നവരായിരിക്കും. അതുകൊണ്ട്‌ തന്നെ അതില്‍ നിന്നൊരാള്‍ കാമിനിയാവുന്നതില്‍ സെലക്ഷന്‍ വളരെ കുറവാണ്.
മൊറാലിറ്റി
നമ്മുടെ സംസ്കാരത്തില്‍, പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമായി, ഒരാളുടെ ഭാര്യയെ അയാളുടെ മാതാപിതാക്കള്‍ മകളായി തന്നെയാണ് കാണുന്നത്‌. ഒരാള്‍ തന്നിഷ്ടപ്രകാരം മാത്രം ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മകളെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.

കിഴക്കന്‍ സംസ്കാരത്തില്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക്‌ പടിഞ്ഞാറുള്ളതിനേക്കാള്‍ വിലയുണ്ട്‌. പടിഞ്ഞാറ്‌, സമൂഹത്തിന്റെ പുരോഗതി ഓരോ വ്യക്തിയുടേയും സ്വതന്ത്ര പുരോഗതിയിലൂടേ എന്ന്‌ വിശ്വസിക്കുന്നു. അതുകൊണ്ട്‌, പടിഞ്ഞാറ്‌ മോറലി കറക്റ്റാവുന്നത്‌ കിഴക്ക്‌ അധര്‍മ്മമാവുന്നു.

ജീന്‍ പൂള്‍ വയലേഷന്‍
ഏതുജീവികള്‍ക്കും അവരുടെ ജീന്‍പൂളില്‍ ഒരുപരിധിയിലപ്പുറമുള്ള വ്യത്യാസങ്ങള്‍ ഒഴിവാക്കണമെന്നുണ്ട്‌. മനുഷ്യരിലും ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരിലുള്ള ചേരിതിരിവുകള്‍ക്ക്‌ കാരണം ഇതാണ്. ജീന്‍പൂളിലുള്ള ഒരു പരിധിയിലപ്പുറമുള്ള വ്യത്യാസം എങ്ങനെ ആ ജീനിനെ പ്രതികൂലമായി ബാധിക്കുന്നു എന്നത്‌ ഒരു അതിശയോക്തിയിലൂടെ വിശദമാക്കാം. ഒരാനയുടേയും കിളിയുടേയും ജീനുകള്‍ തമ്മില്‍ കലര്‍ന്നു എന്നു വയ്ക്കുക. ഉണ്ടാവുന്ന ജീവിയുടെ ദേഹം ആനയേപോലെയും, കാലുകളും വായും ഒരു കിളിയുടേതുപോലെയും ആണെങ്കിലോ. അതിന് അതിജീവിക്കുവാന്‍ പ്രയാസം. അതുതന്നെയാണ് മനുഷ്യരുടെ ജീന്‍ പൂള്‍ പ്രിസര്‍വേഷന്‍ ആഭിമുഖ്യത്തിലും സ്ഥിതി. ഒരു കാലാവസ്ഥയ്ക്കും ചുറ്റുപാടിനും വേണ്ടി രൂപപ്പെടുത്തിയെടുത്ത ജീനില്‍ അതിനു യോജിക്കാത്തവ കലര്‍ന്നാല്‍ സമീപ ഭാവിയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ ഇന്‍ഫീരിയറാവാന്‍ സാധ്യത കൂടുതലാണ്.

സ്വജാതിയിലല്ലാത്ത വിവാഹങ്ങള്‍ ജീന്‍പൂള്‍ വയലേഷന് ഹേതുവാവുന്നു.

അനുകൂലം
പ്രേമവിവാഹം ഒരു മിനിമം ഗാരന്റി തരുന്നു. കല്യാണം കഴിക്കുന്നയാള്‍ ഒരു മാനസിക രോഗിയോ, മുഴുക്കുടിയനോ അല്ല എന്നുറപ്പാക്കാന്‍ പ്രേമവിവാഹത്തിനു പറ്റുമല്ലോ.

N.B.: ആരുടേയും പ്രണയത്തെ കുറച്ചുകാണിക്കാനല്ല ഈ കുറിപ്പ്‌. 'പാട്ട് ഒരു പ്രഫഷനായി കാണുന്നതിലുള്ള കുഴപ്പങ്ങള്‍' എന്നപോലെയുള്ള ഒരു ടോപ്പിക്കായി മാത്രം കൂട്ടിയാല്‍ മതി.

സംവൃതോകാരത്തിന്റെ ചിഹ്നം - 5

ഇതിന് മുമ്പുള്ള ലേഖനം

ആദ്യകാലത്ത്‌ മലയാളത്തില്‍ ‘യ’ക്കും ‘ക’ക്കും ചില്ലുകളുണ്ടായിരുന്നു. പിന്നീട്‌ പൊഴിഞ്ഞുപോയതാണ് അവ. ആചില്ലുകളും കൂടി പഴയലിപിയില്‍ ഉണ്ടെന്ന്‌ വയ്ക്കുക. എങ്കില്‍ പിന്നെ ഒരു വാക്കിനു നടുവില്‍ ചന്ദ്രക്കലയിടേണ്ട ആവശ്യം മലയാളം വാക്കുകള്‍ക്കില്ല. ‘യ’യുടേയും ‘ക’യുടേയും ചില്ലുകള്‍ ആവശ്യം വരുന്ന വാക്കുകള്‍ക്കുദാഹരണങ്ങളാണ് ദൃക്‌‌സാക്ഷി, നെയ്‌വിളക്ക്‌ എന്നിവ. എന്നാല്‍ ഇംഗ്ലീഷില്‍ നിന്നും അടുത്തയിടെ കടമെടുത്തിരിക്കുന്ന ‘ഗുഡ്‌ബൈ’ തുടങ്ങിയ വാക്കുകള്‍ക്ക്‌ നടുവില്‍ ചന്ദ്രക്കലയുടെ ആവശ്യമുണ്ട്‌. കാരണം ‘ഡ’ക്ക്‌ മലയാളത്തില്‍ ചില്ലില്ല; മാത്രമല്ല, ‘ഗുഡ്ബൈ’(‘ഡ’യുടെ താഴെ ‘ബ’) എന്നെഴുതുന്നത്‌ അത്ര ഭംഗിയായി തോന്നുന്നുമില്ല. അത്‌ ആ ഇംഗീഷ്‌ വാക്കില്‍ രണ്ട്‌ വാക്കുകളുള്ളത്‌ കാണിക്കുന്നില്ല. ചില്ലെന്നാല്‍ വെറും സ്വരമില്ലായ്മ മാത്രമല്ല, ഒരു നിര്‍ത്തും (shot stop അല്ലെങ്കില്‍ ഒരു വലിപ്പമില്ലാ സ്പേസ്) കൂടെയുണ്ടെന്ന്‌ ഓര്‍ക്കുക.

അതായത്‌ ചന്ദ്രക്കലയുടെ കൂടെ ഉ-കാരവും കൂടെ വേണ്ടി വരുന്നത്‌ വെറും ചന്ദ്രക്കലയുടെ vowellessness എന്ന ഉപയോഗം വേര്‍തിരിച്ചറിയാനാണെങ്കില്‍, അത്‌ ഇംഗ്ലീഷില്‍ നിന്നും അടുത്ത്‌ കടമെടുത്തിരിക്കുന്ന വാക്കുകള്‍ക്ക്‌ വേണ്ടി മാത്രമാണ്. പദാന്ത്യത്തില്‍ vowellessness കാണിക്കാനുള്ള മലയാളത്തിലെ മാര്‍ഗ്ഗം ചില്ലാണ്. ചില ചില്ലുകള്‍ വേണ്ടെന്നുവച്ചതുകൊണ്ടുണ്ടായ പ്രശ്നം തീര്‍ക്കാന്‍, ചന്ദ്രക്കലയുടെ അര്‍ഥം മാറ്റണം എന്നുപറയുന്നത്‌ അന്യായമാണ്.

2006-02-22

Monospace fonts for Malayalam?

May not be.. The real issue is stacked conjuncts. Nobody should/can enforce that one particular conjunct should be there in all monospace fonts. Similarly about which conjunct should not be in it. So both 'സ്ന' and 'സ്‌ന' should occupy same text width (pitch) - which is ridiculous.

2006-02-19

സയന്‍സും പ്രവചനങ്ങളും

ലക്ഷ്യം
സത്യത്തില്‍ സയന്‍സിന്റെ ഉദ്ദേശം പ്രവചനങ്ങള്‍ തന്നെയാണ്. പ്രവചനങ്ങള്‍ എന്നാല്‍ അടുത്ത സെക്കന്റിലോ അടുത്ത ദിവസത്തിലോ വര്‍ഷത്തിലോ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കാണിച്ചു തരിക. ഉദാഹരണം: ഇത്ര വേഗതയില്‍ ഒരു റോക്കറ്റ് വിട്ടാല്‍ അത്‌ ചന്ദ്രനിലെത്തും. ഇന്നയിന്ന മരുന്നുകള്‍ കഴിച്ചാല്‍ ഈ അസുഖം ഭേദമാവും എന്നിങ്ങനെ.

എന്നാലതെങ്ങനെ സാധിക്കുന്നു എന്നതിലാണ് സയന്‍സും മാജിക്കും സിദ്ധപ്രവചനങ്ങളും വ്യത്യസ്ഥമായിരിക്കുന്നത്‌.

മാര്‍ഗ്ഗം
ശാസ്ത്രത്തിന്റെ അര്‍ഥം സത്യം എന്നല്ല. ആയിരുന്നെങ്കില്‍ അണ്‍സെര്‍ട്ടേനിറ്റി പ്രിന്‍സിപ്പിള്‍ ആവിര്‍ഭവിച്ചപ്പോള്‍ ഐന്‍സ്റ്റീന്‍ ശാസ്ത്രജ്ഞനല്ലാതായേനെ. ശാസ്ത്രം ഒരു പഠനരീതിയാണ്. അതില്‍ രണ്ട്‌ ഘടകങ്ങളുണ്ട്‌:. ആദ്യത്തേത്‌ axioms. Axioms എന്നാല്‍ അടിസ്ഥാനവിശ്വാസങ്ങളുടെ കൂട്ടമാണ്. അത്‌ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതല്ല. മറിച്ച്‌, മനുഷ്യനായിരിക്കുന്ന അവസ്ഥയില്‍ അവന് തോന്നുന്ന Reality ആണ്. ഗണിതശാസ്ത്രത്തില്‍ ഇത്‌ 1+1=2 എന്ന വളരെ ഋജുവായ കാര്യങ്ങളായിരിക്കും. ക്രിസ്തുമതദൈവശാസ്ത്രത്തില്‍ ഇത്‌ ബൈബിള്‍ ദൈവവചനമാണ് എന്ന കാര്യമായിരിക്കും. ഈ രണ്ടുദാഹരണങ്ങളില്‍ നിന്നും മനസ്സിലാവും ചില axioms ഏതാണ്ട്‌ എല്ലാമനുഷ്യരും വിശ്വസിക്കുന്നതാണെങ്കില്‍, ചിലത്‌ അങ്ങനെയല്ല. അതു് തന്നെയാണ് അടിസ്ഥാനശാസ്ത്രങ്ങളും ദൈവശാസ്ത്രം പോലുള്ളവയും തമ്മിലുള്ള വ്യത്യാസം.

രണ്ടാമത്തേത്‌ logical system ആണ്. അതായത്‌ വിശ്വാസങ്ങളില്‍ നിന്നും കൂടുതല്‍ വിശ്വാസയോഗ്യമായ വസ്തുതകള്‍ ഉണ്ടാക്കുന്ന രീതി. സാധാരണയായി logical system അനുസരിക്കുന്ന എല്ലാ പഠനങ്ങളെയും ശാസ്ത്രം എന്ന പേരുകൂട്ടി വിളിക്കാറുണ്ട്‌. ഒരാള്‍ക്ക്‌ മനസ്സിലായ ഒരു സംഗതി അവനവനുള്‍പ്പടെ അനേകം പേര്‍ക്ക്‌ ക‌മ്യൂണിക്കേറ്റ് ചെയ്യാനുള്ള മാര്‍ഗമാണ് logic. അല്ലെങ്കില്‍, ഒരു ക‌മ്യൂണിറ്റിയില്‍ വസ്തുതകള്‍ transmit ചെയ്യാനുള്ള വഴി. അതിന് ലോജിക്കല്‍ സിസ്റ്റത്തെ പറ്റി കൃത്യമായ ധാരണ ആ ക‌മ്യൂണിറ്റിക്കുണ്ടാവണം. ഒരു പട്ടിയും മനുഷ്യനും സൂര്യനെയും ബാക്കി ഭൌതിക പ്രതിഭാസങ്ങളും (axioms) കാണുന്നുണ്ടെങ്കിലും അവര്‍ തമ്മില്‍ ഒരു logic system നിലവിലില്ലാത്തതിനാല്‍ കൂടുതല്‍ വസ്തുതകള്‍ പട്ടിക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ മനുഷ്യന് സാധിക്കാതെ പോകുന്നു. Axioms-ന്റേതിനേക്കാള്‍ logic system-ത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഐക്യം ഉള്ളതായി തോന്നുന്നു.

സ്വഭാവം
ശാസ്ത്രീയമായ പഠനരീതിയുടെ മറ്റൊരു പ്രത്യേകതയാണ് അതിന്റെ സുതാര്യത. അതില്‍ കാര്യങ്ങളെങ്ങനെ സാധിക്കുന്നു എന്നത്‌ വ്യക്തമാക്കിയിരിക്കും. അതിന്റെ യുക്തിയെ ആര്‍ക്കും ചോദ്യം ചെയ്യാം; എന്തെങ്കിലും ഒരു കാര്യം തെറ്റാണെന്ന്‌ തെളിയിച്ചാല്‍ അതിന്റെ പ്രവചനവും തെറ്റായി ഗണിക്കപ്പെടുന്നു. അതിലെ ഓരോ വസ്തുതയും പല തലമുറകളിലൂടെ തന്നെ മെച്ചപ്പെടുത്താനാവും.

മാജിക്കിലും സിദ്ധപ്രവചനങ്ങളിലും നിഗൂഡതയിലാണ് അവയുടെ സത്ത അടങ്ങിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ, പലരിലൂടെയുള്ള റിഫൈന്മെന്റ് അവര്‍ക്കവകാശപ്പെടാനാവില്ല.

2006-02-16

Camera recommendations

Digital SLR - Nikon D50 Price approx $500 + 50mm lens for $110
Regular - Canon A620 Price approx $315

Don't by a film camera.

2006-02-11

സംവൃതോകാരത്തിന്റെ ചിഹ്നം - 3

ഇതിനുമുമ്പത്തെ ലേഖനം

പലതവണ വായിച്ചിട്ടും പെരിങ്ങോടരെന്താണ് പറഞ്ഞത്‌ എന്നതിനെ പറ്റി എനിക്കും കണ്‍‌ഫ്യൂഷനുണ്ടുമേഷേ.. ഇതാണെനിക്ക്‌ മനസ്സിലായത്‌: സംവൃതോകാരത്തിന്റെ ഉച്ചാരണം ‘ഉ’നോട്‌ ചേര്‍ന്നു നില്‍ക്കുന്നു; പലപ്പോഴും ‘ഉ’ വച്ചുള്ള റിപ്ലേസ്മെന്റും (ആദേശം) സംഭവിക്കുന്നു. അതുകൊണ്ട്‌ സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും കൂടിയുള്ള ചിഹ്നം ഉപയോഗിക്കുകയല്ലേ അഭികാമ്യം.

ശരിയാണ്. സംവൃതോകാരത്തിന് കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഒരു ഉ-കാരഛായയാണ്‍. എന്നാല്‍ അതല്ലാത്തവയും ഉണ്ട്‌. ‘യ്‌‘ എന്നതിന് ‘ഇ’-യോടാണ് ചേര്‍ച്ച.(‘യ = ഇ + അ’ എന്ന സമവാക്യമാവും അതിനു കാരണം) ഏറ്റവും ന്യൂട്രലായി എനിക്ക്‌ തോന്നാറ്‌, ‘ണ്’ എന്ന ഉച്ചാരണമാണ്. അതൊക്കെ എന്തായാലും, സംവൃതോകാരം ഒരു സ്വതന്ത്രസ്വരമാണ്. അതുകൊണ്ട് ഈ ചോദ്യങ്ങളൊക്കെ ‘ക’-ക്കും ‘ഖ’-ക്കും ഉച്ചാരണസാമ്യം ഇല്ലേ അതുകൊണ്ട് ഒരുപോലെ എഴുതേണ്ടേ എന്നു ചോദിക്കും പോലെയാണ്. അങ്ങനെ എഴുതിയാല്‍ അക്ഷരം പഠിച്ചുതുടങ്ങുന്നവര്‍ക്ക്‌ ഉപകാരമാവും; ബാക്കിയുള്ളവര്‍ക്കെന്തായാലും ഒരുപോലെ.

എഴുതാന്‍ മറന്നുപോയ മറ്റൊരുകാര്യമുണ്ട്‌. സു ചോദിച്ചപോലെ, ‘നിനക്ക് എന്താ ജോലി‘ എന്നും ‘നിനക്കു എന്താ ജോലി‘ എന്നും ‘നിനക്കു് എന്താ ജോലി‘ എന്നും ഉള്ളതില്‍ ഏതാണ് ശരി എന്ന സംശയം സാധാരണഎഴുത്തുകാര്‍ക്കൊക്കെ ഉണ്ടാവും. പണ്ഡിതന്മാര്‍ പൊതുവേ പ്രസിഷനില്‍ ശ്രദ്ധിക്കുമ്പോള്‍ സാധാരണക്കാര്‍ ഏതാണെളുപ്പം എന്നതാവും ചിന്തിക്കുക. സംവൃതോകാരത്തിന് ഉകാരവും ചന്ദ്രക്കലയും ചേര്‍ന്നുള്ള നൊട്ടേഷന്‍ ഉപയോഗിച്ചാലും അതുപറ്റാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടല്ലോ (ഉദാ: ‘യ്‌‘ -ഇല്‍ അവസാനിക്കുന്നവ). അപ്പോള്‍ (ക്കു, ക്ക്‌) എന്നീ രണ്ടില്‍ നിന്നും ഏതു തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിനു പകരം (ക്കു, ക്ക്‌, ക്കു്) എന്നീ മൂന്നില്‍ നിന്നും ഏതെടുക്കണം എന്ന കണ്‍‌ഫ്യൂഷനുണ്ടാവും - പണ്ഡിതര്‍ക്കല്ല, സാധാരണക്കാര്‍ക്ക്‌. അതായത്‌ എഴുതുന്നവര്‍ക്ക് കണ്ഫ്യൂഷന്‍ കൂടും. അതേസമയം എഴുതിയത്‌ ഉറക്കെ വായിക്കുന്നവര്‍ക്ക്‌ കണ്‍‌ഫ്യൂഷന്‍ കുറയും. അവര്‍ക്ക്‌ എഴുതിയത്‌ വ്യഞ്ജനത്തിന്റെ സ്വരമില്ലാത്ത അവസ്ഥയാണോ, അതോ സംവൃതോകാരമുണ്ടോ എന്ന്‌ സന്ദര്‍ഭത്തില്‍ നിന്നും ഊഹിക്കേണ്ടകാര്യമില്ല. (സന്ദര്‍ഭങ്ങളില്‍ നിന്നും തീരുമാനിക്കാനാവാത്തവ വളരെ കുറവാണെന്ന്‌ നമ്മള്‍ കണ്ടതാണ്). പക്ഷെ എഴുത്ത്‌ ഒരു ദൃശ്യമാധമമായതുകൊണ്ട്‌ ശബ്ദമില്ലാതെയുള്ള എഴുത്തും വായനക്കും ആണ് പ്രയോരിറ്റി. അവിടെ കണ്ഫ്യൂഷന്‍ കഴിയുന്നത്ര ഒഴിവാക്കണം. ഇന്ന്‌ ശനിയന്റെ കവിതയല്ലാതെ എത്രബ്ലോഗുകള്‍ നാം വായിച്ചുകേട്ടു? നൂറ്‌ നൂറ്റമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥിതി ഇതായിരുന്നില്ല; അതുകൊണ്ട്‌ അന്ന്‌ മലയാളത്തില്‍ ഉറക്കെ വായിക്കനും കണ്‍‌ഫ്യൂഷനുണ്ടാവരുത്‌ എന്നത്‌ ഒരുപോലെ പ്രധാനമായ കാര്യമായിരുന്നു. ഇന്ന്‌ ഉച്ചാരണവും എഴുത്തും തമ്മില്‍ പണ്ടുള്ളത്ര കറസ്പോണ്ടന്‍സ് ആവശ്യമില്ല. അതുകൊണ്ടുതന്നെ, അതിനുവേണ്ടി നിര്‍ബന്ധം പിടിക്കേണ്ട ആവശ്യവുമില്ല.

ഇതിനുശേഷമുള്ള ലേഖനം

2006-02-09

മലയാളത്തിലെ ‘വ’

മലയാളത്തില്‍ രണ്ട്‌ ‘വ’ ഉച്ചാരണങ്ങളുണ്ട്‌. ‘ഉവ്വോ’-യിലെ ‘വ’യും, ‘വണ്ടി’ എന്നതിലെ ‘വ’യും. ഇംഗ്ലീഷുകാര്‍ ഇവരണ്ടിനേയും കൃത്യമായി വേര്‍തിരിച്ച്‌ മനസ്സിലാക്കുന്നവരാണ്. ഒന്നാമത്തേതിന് ‘w'-ഉം രണ്ടാമത്തേതിന് ‘'v'-അവര്‍ ലിപിയും വച്ചിരിക്കുന്നു. മലയാളത്തില്‍ രണ്ടിനും ഒരു ലിപിയേ ഉള്ളൂ എന്നതിനാല്‍ ഇംഗ്ലീഷ് നൊട്ടേഷന്‍ രീതിയാണ് ഞാന്‍ ഇവിടെ സ്വീകരിക്കുന്നത്‌.

wa‘ ചുണ്ട് വട്ടത്തില്‍ പിടിച്ചുച്ചരിക്കുമ്പോള്‍, ‘va' ചുണ്ട്‌ പരത്തിപ്പിടിച്ച്‌ ഉച്ചരിക്കുന്നു. [ഉചരിക്കുമ്പോളുള്ള ചുണ്ടിന്റെ ആകൃതി, നാക്ക്‌ ഏതുഭാഗംകൊണ്ട്‌ വായ്ക്കുള്ളിലെവിടെ തടഞ്ഞാണ് ശബ്ദമുണ്ടാക്കുന്നത്‌ എന്നീ കാര്യങ്ങളാണ് ശബ്ദങ്ങളെ വര്‍ഗ്ഗംതിരിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്]

+ = വ എന്ന സമവാക്യത്തിലെ ‘വ’ മധ്യമവ്യഞ്ജനമായ(semi-vowel) 'wa' ആണ്. അതുപോലെ, ‘wa' ഉപയോഗിച്ചാലേ ഔ = അവ്‌ എന്ന സമവാക്യവും ശരിയാവൂ.

മലയാളത്തില്‍ ‘wa'-ഉം ‘va'-ഉം അര്‍ഥവ്യത്യാസമുണ്ടാക്കാത്തതിനാല്‍ ലിപിമാലയില്‍ ലിപിയൊന്നേ ആവശ്യമുള്ളൂ.

സംവൃതോകാരത്തിന്റെ ചിഹ്നം - 2

ഇതിനുമുമ്പത്തെ എന്റെ പോസ്റ്റ്
“വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി. “

അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:
  • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? " 'പ്രാഗ്ജ്യോതിഷം' എന്നതിലെ 'പ്രാഗ്‌' ഒരു ഉപസര്‍ഗ്ഗമാണു്‌" എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
  • കായ്‌ - കായു്‌, കാര്‍ - കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
  • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: "ക്യാ ബാത്‌ ഹൈ". ഇതു്‌ "ക്യാ ബാതു്‌ ഹൈ" എന്നു വായിക്കരുതല്ലോ.
ഉമേഷിന്റെ ഈ വാദങ്ങളെല്ലാം ശരിയാണ്; പക്ഷെ, ഒരു ‘സാധാരണ’ മലയാളിക്ക്‌ ഇവിടെ എടുത്തുകാണിച്ചിരിക്കുന്ന കുറവുകള്‍ എന്തുമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യത്തിലാണ് എന്റെ സംശയമിരിക്കുന്നത്‌. ഇതിനേക്കാള്‍ മലയാളിക്ക്‌ പ്രശ്നമുണ്ടാക്കുന്ന ‘ഒവര്‍ലോഡിങ്ങുകളാണ്’ മറ്റുള്ള പലതും. ഉദാഹരണം: രണ്ട്‌ ‘ന’. [എന്റെ താത്പര്യം കുറച്ചുകൂടി കടുത്തതാണ്. മലയാളത്തിന് ഒരു ഫൊണറ്റിക് അക്ഷരമാല വേണം; ഇംഗ്ലീഷിനുള്ളത്‌ പോലെ. പണ്ഡിതര്‍ക്ക്‌ ഒരു അക്ഷരത്തിന്റെ ഉച്ചാരണം ഒരാശയക്കുഴപ്പത്തിനിടയാക്കാത്ത വണ്ണം അവതരിപ്പിക്കേണ്ടിവരുമ്പോള്‍ തീര്‍ച്ചയായും ഉപയോഗപ്പെടും. ആ വര്‍ണ്ണമാലയില്‍ പ്രത്യേകം കൊണ്ടുവരേണ്ട കൂടുതല്‍ കാര്യങ്ങള്‍ക്കുദാഹരണങ്ങള്‍: രണ്ട്‌ തരം ‘വ’ കള്‍, റ ര എന്നിവയുടെ ചിഹ്നങ്ങള്‍ എന്നിങ്ങനെ.]

ഉമേഷിന്റെ ഉദാഹരണങ്ങളില്‍ ഒരു സംശയം. ‘കാറ്‌‘ എന്നത്‌ സംവൃതോകാരത്തോട് കൂടിയും ‘കാര്‍‌‘ എന്നത്‌ സംവൃതോകാരമില്ലാതെയും അല്ലേ ഉച്ചരിക്കേണ്ടത്‌. അപ്പോള്‍ പ്രശ്നമെവിടെ? പിന്നെ അര്‍ഥം ഒന്നായ രണ്ട്‌ വാക്കുകളെ പാട്ടിനും മറ്റുമായി വേര്‍തിരിക്കാന്‍ വേണ്ടി‍ മാത്രമായി ഒരക്ഷരം ഉണ്ടാവരുത്‌. അക്ഷരം എന്നതിന്റെ പൊതുവെ ഉപയോഗിക്കപ്പെടുന്ന നിര്‍വചനം ‘അര്‍ഥവ്യത്യാസം ദ്യോതിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍’ എന്നാണ് (കുറച്ചുകാ‍ലം മുമ്പുണ്ടായ യുണീക്കോഡ് ചര്‍ച്ചകളും ഓര്‍ക്കുക). കാരണം അക്ഷരം ഒരു ദൃശ്യമാധ്യമമാണ് (ശ്രാവ്യത്തിലേയ്ക്കുള്ള കണ്‌വെര്‍ഷന്‍ ഭാഷ അറിയുന്നവര്‍ വളരെ എളുപ്പം നിര്‍വഹിക്കാറുണ്ടെങ്കിലും). അതായത്‌ ‘കായ്’ എന്നും ‘കായു്’ എന്നും പാട്ടുകള്‍ക്ക്‌ വേണ്ടി വേര്‍തിരിക്കാന്‍ മാത്രമാണെങ്കില്‍ സംവൃതോകാരത്തിന് പ്രത്യേകം ചിഹ്നത്തിന്റെ കാര്യമൊന്നുമില്ല.

...ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus - ബസ്സു്‌, record - റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.

എന്റെ വ്യക്തിപരമായ അഭിപ്രായം, ഓരോ വാക്കും അതാത്‌ ഭാഷയിലേക്ക്‌ സ്വാംശീകരിക്കണം എന്നാണ്. അതായത്‌, മലയാളത്തില്‍ നമ്മള്‍ ‘കാറ്‌‘ എന്നുച്ചരിക്കുന്നതിന്റെ ഇംഗ്ലീഷ്‌ ഉച്ചാരണം ‘ഖാര്‍ഴ്’ എന്നൊക്കെആവും. എന്നാലാവാക്ക്‌ മലയാളത്തില്‍ അങ്ങനെ തന്നെ ഉച്ചരിച്ചാല്‍ മുഴച്ചുനില്‍ക്കും. ഫോണ്ടുകളുടെ ലോകത്തുനിന്നും പറയുകയാണെങ്കില്‍, കൊറിയര്‍ ന്യൂവില്‍ എഴുതിയ വാചകത്തിനിടയില്‍ ഏരിയലില്‍ നമ്പറുകളെഴുതുമ്പോലെ ചേരാതിരിക്കും. അതുംകൂടാതെ, വാക്കുകള്‍ നമ്മള്‍ ഇംഗ്ലീഷില്‍ നിന്നും അറബിയില്‍ നിന്നും സ്പാനിഷില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും ഒക്കെ എടുക്കുന്നുണ്ടല്ലോ. അതെല്ലാം ഭാഷയിലേക്ക്‌ സ്വാംശീകരിച്ച്‌ അവ നമ്മുടെ സ്വന്തമാക്കുകയാണ് വേണ്ടത്‌. അല്ലാതെ ഒരു വാചകത്തിലെ സംസ്കൃതത്തില്‍ നിന്നെടുത്തവ സംസ്കൃതം പോലെയും അറബിയില്‍ നിന്നെടുത്തവ അങ്ങനെയും നിന്നാല്‍ പിന്നെ കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടാവും, മലയാളം പോലെ തോന്നുകയും ചെയ്യും! ഈ വാദം എന്റെ പഴയ ആസപ്റ്റന്‍സ് /ഇവലൂഷന്‍ വാദം തന്നെയാണെന്ന്‌ മനസിലാവാന്‍ വലിയ പ്രയാസമില്ലല്ലൊ.

രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) "റു്‌" എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ "റ്‌" എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ "ര്‍" എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി "റ്‌" എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ - ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം 'ല്‌' ആണു്‌. 'ല്‍' എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ "ല്‌" എന്നെഴുതാം - പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.


സംവൃതോകാരത്തിന്റെ ചിഹ്നം എന്തായിരിക്കണം എന്നുള്ളത്‌ ഒരു നൂറ്റാണെങ്കിലുമായി ഒത്തുതീര്‍പ്പില്ലാത്ത പ്രശ്നമാണെന്ന്` കാണിക്കുകമാത്രമാണെന്റെ ഉദ്ദേശം.

യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. "പാല്‍" എന്നതിനും "പാല്‌" എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ "പാലു്‌" എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.


യുണിക്കോഡ്‌ മലയാളത്തിനുവേണ്ടിയാണ്. അല്ലാതെ യുണീക്കോഡിനുവേണ്ടിയാവരുത്‌ മലയാളം. അത്രയേ അതിനെ പറ്റി പറയാനുള്ളൂ..പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?


ശരിതെറ്റുകളുടെ മോഡലിനോട്‌ എനിക്ക്‌ യോജിപ്പില്ലെന്ന്‌ അറിയാമല്ലോ :)


പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.


ഒരു നാചുറല്‍ സെലക്ഷനിലും ഈക്വാലിറ്റി വേണം എന്നൊന്നുമില്ല. (ഉണ്ടാവാറുമില്ല). മോണോപ്പോളി ഉണ്ടാവരുത്‌; അത്രയേ ഉള്ളൂ. മോണോപ്പോളി ആദ്യം ചുറ്റുമുള്ളവയെ നശിപ്പിച്ച്‌, പിന്നെ സ്വയം നശിക്കുന്നു. [മോണോപ്പോളി പാടില്ല എന്നത്‌ ഭാഷയുടെ ലോകത്ത്‌ മാത്രമല്ല, അധികാരത്തിന്റെയും മാര്‍ക്കറ്റിന്റെയും ലോകത്തിലും വാലിഡാണ്] അതുപോലെ തന്നെ, ഇന്നലത്തെ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നത്‌ നാളെയെ അടിച്ചേല്‍പ്പിക്കുമ്പോലെ തന്നെയാണ്. അതുകൊണ്ട്‌ ദശാബ്ദങ്ങള്‍ക്ക്‌ മുമ്പെന്തുണ്ടായി എന്നത്‌ വെറും അക്കാഡമിക് താല്പര്യമായിരിക്കണം. ഇന്നത്തെ സാഹചര്യങ്ങള്‍ വേറെ. ആ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇന്നുള്ളതിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നുമാത്രമാലോചിച്ചാല്‍ മതി.


ഭാഷയുടെ കാര്യത്തില്‍ ഗവണ്‍‌മെന്റ് ഇങ്ങനെ പുതുമകള്‍ കണ്ടുപിടിക്കുന്നതില്‍ എനിക്കും നല്ല അമര്‍ഷമുണ്ട്‌. ഗവണ്മെന്റിന്റെ രീതിയല്ല അച്ചടിയും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത്‌ എന്നുവരുമ്പോള്‍ പിന്നെ, ഗവണ്മെന്റും ഈ കണ്ടുപിടുത്തങ്ങളില്‍ അല്പം പതുക്കെ ആയിക്കോളും.


ചുരുക്കത്തില്‍ സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു ഉകാരം കൂടുതലിടുന്നതുകൊണ്ട്‌ സാധാരണഎഴുത്തുകാരന്‍ പ്രത്യേകിച്ചൊന്നും കിട്ടുന്നില്ല എന്ന പക്ഷമാണെനിക്കിപ്പോഴും.

ഇതിനുശേഷമുള്ള പോസ്റ്റ്

സംവൃതോകാരത്തിന്റെ ചിഹ്നം - 1

1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.

സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.ഉമേഷിന്റെ മറുപടി വായിക്കുക
ഉമേഷിന്റേതിന് മറുപടിയായെഴുതിയ അടുത്ത പോസ്റ്റ്

2006-02-05

The geographical boundary of freedom of speech

Flemming Rose, culture editor of Jyllands-Posten writes "'We were not treating the Prophet any differently from anyone else in Denmark'"

This statement itself has a problem and says a lot about the nature of the issue. Problem is Prophet is not a citizen of the Denmark. So his statement does not to people in Arabia or elsewhere.

Flemmings statement has clear christian undertone because,
if the statement has to apply one needs to apply Jesus's statement 'Do onto others what you would do to yourself'. Here we see a failure scenario of that dogma.

Danish press is doing to outside Islamic people exactly what they would have done to their citizens. What if Islamic countries would have done to Flemming Rose what they would have done to a blasphemist in this country?

The underlying problem here is everybody in a country is bound by a mutual agreement. This agreement varies in content country by country. Freedom of speech is an part of this agreement in Denmark but not in, say, Saudi Arabia. Also this agreement is not there between people of Denmark and people of Saudi Arabia. So this row is about thrusting christian,secular values in Islamic world.

In these scenarios, understanding what something would do to others(as opposed to what it would do to yourself) does make lot of sense.

2006-02-04

കൊച്ചരിപ്പല്ലുകളും ശബ്ദങ്ങളും

ഇളയ്ക്ക്‌ താഴെ പല്ലുവരുമ്പോള് എപ്പോഴും നാക്കുകൊണ്ട്‌ താഴെ തൊട്ടുനോക്കണം. അപ്പോഴെപ്പോഴും കുറുകുന്നത്‌ ‘ങ്ക, ങ്ക, ങ്ക..’. ഇപ്പോ മുകളിലെ പല്ലുമുളക്കുകയാണെന്ന്‌ തോന്നുന്നു. ശബ്ദം ‘ലാ, ലാ, ലാ..’ എന്നായിരിക്കുന്നു. ഇനിയത്തെ ശബ്ദമെന്തായിരിക്കും?

കലയുടെ ധര്‍മ്മം

പ്രത്യക്ഷത്തില്‍ ഒരു കാരണവും കൂടാതെ തന്നെ നമ്മുക്കടുപ്പമുള്ളവരോട്‌ , ‘പോയി കാണണം‘, ‘പോയി കേള്‍ക്കണം‘, ‘വായിക്കണം‘ എന്നെല്ലാം പറയാന്‍ തോന്നിപ്പിക്കുന്ന ഒരു സംഗതിയാകുന്നു കല. പ്രേക്ഷകന് നേരിട്ട്‌ അനുഭവിക്കാനാവാത്തൊരു എക്സ്പീരിയന്‍സ്‌ അയാള്‍ക്ക്‌ പങ്കുവയ്ക്കലാണ് ഇവിടെ നടക്കുന്നത്‌. അതായത്‌ മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക്‌ ട്രാന്‍സ്മിറ്റ്‌ ചെയ്യപ്പെടുന്ന അനുഭവങ്ങള്‍ - തലമുറകളിലേയ്ക്കും, ഒപ്പം ജീവിക്കുന്നവര്ക്കും.... പതിവുപോലെ ഇതിന്റെ ഇവലൂഷണറി പ്രിന്‍സിപ്പിള്‍ ക്ലിയറാണല്ലോ ;) ജീനില്‍ എന്‍‌കോഡ് ചെയ്യാനാവാത്ത അനേകകോടി അതിജീവനുതകുന്ന അനുഭവങ്ങള്‍ എങ്ങനെ അടുത്ത തലമുറയിലേയ്ക്കും പകരും എന്നതിന് പ്രകൃതികണ്ടുപിടിച്ച ഒരു സോഫ്റ്റ് വെയര്‍ സൊലൂഷനാണ് കല‍.

അതുകൊണ്ടാണ് , സംഭവകഥയാണെന്ന്‌ കേള്‍ക്കുമ്പോള്‍ ഒരു സിനിമയുടെ അല്ലെങ്കില്‍ കഥയുടെ മൂല്യം വര്‍ദ്ധിക്കുന്നത്‌. മച്ചാ, അത്‌ പഠിക്കണം, നടന്നകാര്യമാണ്, ഉപകാരം വരും എന്ന്‌ ജീന്‍ ഉള്ളിലിരുന്നു പറയുകയാണ്‌. എത്രയോ ചെവികളും കണ്ണുകളും അത്‌ പകര്‍ന്നു കൊടുത്തുകൊണ്ടേയിരിക്കുകയാണെങ്കില്‍‍ അനുഭവം ഒരു ക്ലാസിക്കായി, പിന്നെ മിത്തായും ഭവിക്കുന്നത്‌. മിത്തുകള്‍ സുനാമിസമയത്ത്‌ ആന്‍ഡമാന്‍ നിവാസികളെ രക്ഷിച്ച കഥനമ്മള്‍ കേട്ടിട്ടുണ്ടല്ലോ.. അല്ലെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഉപകാരമില്ലാത്തതിനാലാണ് ആധുനികമനുഷ്യന്‍ പഴയ പല മിത്തുകളേയും മറന്നു കളയുന്നത്‌.