2005-12-13

ബ്ലോഗുല്‍പ്രേക്ഷ

ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ്‌ അല്ല. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത്‌ ഇവിടെ ഈയിടെയായി ഉണ്ടാവുന്ന പല കണ്‍ഫുഷ്യനുകളും ഒഴിവാക്കാന്‍ വളരെ സഹായിക്കും.

ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്‌. ഏത്‌ തള്ളണം ഏത്‌ കൊള്ളണം എന്നത്‌ ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, അതാതു സമയത്തെ വായനക്കാര്‍ക്ക്‌ വേണ്ടി ഒരു വ്യക്തിത്വം ഡിസ്കഷന്‍ ബോര്‍ഡിന്‌ പ്രദശിപ്പിക്കാനുണ്ട്‌. അതിന്‌ ഒരു മൂല്യവ്യവസ്ഥ കൂടിയേ തീരൂ താനും. അതുകൊണ്ട്‌ ഡിസ്കഷന്‍ ബോര്‍ഡില്‍ പെട്ടിയുണ്ട്‌; അവിടെയെഴുതുന്നവര്‍ എഴുതുന്നത്‌ മോഡറേറ്ററുടെ പെട്ടിയില്‍ ഫിറ്റ്‌ ആവുന്ന രീതിയില്‍ തന്നെയാണ്‌. വിവിധയിനം ആഴ്ചപതിപ്പുകളിലും സംഭവിക്കുന്നത്‌ ഇതുതന്നെ.

ബ്ലോഗുകള്‍ക്ക്‌ മോഡറേറ്റര്‍ ഇല്ല. അത് എഴുതാന്‍ പാടില്ല; ഇന്നതാണ്‌ എഴുതേണ്ടത്‌ എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കും എന്നു ഞാന്‍ കരുതുന്നു.

ഇപ്പോള്‍ മലയാളം പ്രിന്റ്‌ മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാത്രുഭൂമി, കലാകൗമുധി, മലയാളം വാരിക എന്നയിനം പെട്ടി അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാല്‍ അതിനിടയിലൊക്കെയും അനുവാചകരുണ്ട്‌. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍തന്നേയും അതൊന്നും അവനിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത്‌ തിരുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ പവര്‍ഫുള്ളായൊരു മീഡിയം ആയി മലയാളം ബ്ലോഗുകള്‍ മാറും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

മാതൃഭൂമി, മനോരമ വാരികകളുമായും ബ്ലോഗുകളെ താരതമ്യം ചെയ്യുന്നതില്‍ ഒരു വ്യത്യാസംകൂടിയുണ്ട്‌. ആഴ്ചപ്പതിപ്പില്‍ നമുക്ക്‌ വായിക്കാന്‍ ആഗ്രഹമുള്ളത്‌ അച്ചടിച്ചുകിട്ടാന്‍ കഥാകൃത്തിനും എഡിറ്റര്‍ക്കും ഒക്കെ നമ്മള്‍ പൈസകൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ വളരെ പ്രത്യക്ഷമായ കണ്‍സ്യൂമര്‍ ബന്ധം അവരുമായി ഉണ്ട്‌. ബ്ലോഗുകളില്‍ അതേസമയം, നമുക്കിഷ്ടമുള്ളത്‌ സൂവോ അതുല്യയോ എഴുതണം എന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, രചയിതാവുമായി ഒരു കണ്‍സ്യൂമര്‍ ബന്ധം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്വന്തം സംസ്കാരത്തിനനുസരിച്ചുള്ള റെസ്പെക്റ്റ്‌ ബാക്കി ഏതു മനുഷ്യജീവിയോടും എന്നതു പോലെ ഇവിടെയെഴുതുന്ന/വായിക്കുന്ന ഒരാളോട്‌ ഉണ്ടാവേണ്ടതും ഉണ്ട്‌.

കമന്റുകളെ ആ തൂലികാനാമത്തിനുകിട്ടുന്ന ആശംസാകാര്‍ഡുകളോടുപമിക്കാം. കിട്ടിക്കഴിഞ്ഞാല്‍ ആ കമന്റ്‌ രചയിതാവിന്‌ സ്വന്തമാണ്‌. ഒരു കമന്റ്‌ ചവറ്റുകുട്ടയിലിടണോ, ഷോക്കേസില്‍ വയ്ക്കണൊ എന്ന സ്വാതന്ത്ര്യം ബ്ലോഗെഴുത്തുകാര്‍ ഉപയോഗിക്കുക തന്നെ വേണം. ഇപ്പോഴത്തെ പിന്മൊഴി മെയിലിംഗ്‌ ലിസ്റ്റ്‌, ഇതിനെ തടയുന്നു. എഴുത്തുകാരന്‌ ഡിലീറ്റ്‌ ചെയ്യാനവസരം കിട്ടും മുമ്പ്‌ അത്‌ മെയിലിംഗ്‌ ലിസ്റ്റില്‍ വന്നു കഴിയും. അതൊഴിവാക്കാന്‍ കമന്റ്‌ സെറ്റിംഗില്‍ moderate comments ഓണ്‍ ആക്കുകയാണൊരു പോംവഴിയായി ഞാന്‍ കാണുന്നത്‌. എങ്കില്‍ പോലും, blOg4comments-ഇല്‍ വരുന്ന രചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു common minimum value system ഉണ്ടാവണം എന്ന്‌ ഒരു ധാരണ പൊതുവേ ഉള്ളതായി എനിക്ക്‌ തോന്നുന്നു. ഇത്‌ ബ്ലോഗുകളുടെ അരാചകത്വം എന്ന ആശയത്തെ ഹനിക്കുന്നതായതുകൊണ്ട്‌, ഒരു ക്രിറ്റിക്കല്‍ മാസ്‌ എത്തിയാല്‍ പിന്മൊഴി വേണ്ടെന്നു വയ്ക്കുകയോ ചെറിയ ചെറിയ ഗ്രൂപുകളായി പിരിയുകയോ ആവാവുന്നതാണ്‌. ഓരോ ബ്ലോഗിനോടും കൂടെ അതിന്റെ കമന്റുകള്‍ ഡിസ്റ്റ്രിബ്യൂട്ട്‌ ചെയ്യാന്‍ മാത്രമയി ഒരു open mailing list ഉണ്ടെങ്കില്‍ ഇതു സാധിക്കാം. (അതിലേയ്ക്ക്‌ നേരെ മെയില്‍ അയക്കാന്‍ ആര്‍ക്കും പെര്‍മിഷന്‍ ഉണ്ടാവരുത്‌) ഏതു ബ്ലോഗിന്റെയാണോ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളത്‌ അതിന്റെ മെയിലിംഗ്‌ ലിസ്റ്റില്‍ മാത്രം വായനക്കാരന്‍ മെമ്പര്‍ ആവുക.

13 comments:

 1. ഡൌട്ട്:
  ബ്ലോഗ് എനിക്കു പുത്തരിക്കണ്ടം മൈതാനമായോണ്ട് ചിലതൊന്നും ഒരു പിടീം കിട്ടുന്നില്ല

  1. ഡിസ്കഷൻ ഫോറം ഒരു കമ്യൂണിറ്റിയെ സൃഷ്ടിച്ച് അതിൻ ഇടയരെ ഏർപ്പാടാക്കി അവരെ നന്മയിലേക്ക് നയിച്ച് ഓൺലൈൻ സ്വർഗ്ഗം സൃഷ്ടിക്കുന്നെന്ന് പ്രത്യയ ശാസ്ത്രം (പയറ്റിലെപ്പടി എന്നു ചോദിക്കല്ലേ) വീടുകളില്ലാത്ത വാനരരരെൻകിലും ഒരു സമൂഹവും ഭരണ സം‍വിധാനവും ഹേഡ്ഡ് കുട്ടമ്പിള്ളയും എല്ലാമായി.

  ബ്ലോഗ് സം‍വിധാനത്തിൽ വീടുകളുണ്ട് വീട്ടുരാജാക്കന്മാരും. ഒരു കമ്യൂണിറ്റിയുടെ ആവശ്യമുണ്ടോ? അതോ ഓരോ ബ്ലോഗ്ഗും ഓരോ രാഷ്ട്രമാണോ? അപ്പോ ഒരു യൂ എൻ ഉണ്ടോ? അപ്പോ വീനിമയ സം‍വിധാനം? ? അതോ എന്റെ സ്കൂൾ പോലെ ലൈസസ് ഫൈയർ‍ ആണോ? തമ്മിൽ തമ്മിൽ ആശയ വിനിമയം നടത്തുന്നവർ എന്ന നിലക്ക് അസംഘടിതമെൻകിലും ബ്ലോഗ്ഗ് മലയാളി കമ്യൂണിറ്റി ഇപ്പോൾ താനെ നിലവിൽ വന്നുപോയില്ലേ? അതിനെ ഡോക്റ്റർ കലക്കന്റെ ആശുപത്രിയിൽ കൊണ്ടുപോയി മുളയിലേ എം റ്റി പി നടത്തണോ? പിടി കിട്ടിയില്ല.

  2. സ്വബ്ലോഗിൻ സ്വേശ്ഛാതിപതി എന്ന നിലക്ക് കമന്റിനേ ആർ എന്തിനു പേടിക്കുന്നു? (വെർജീനിയക്കുറുക്കത്തിയെ യെവൻ പ്യാടിക്കണത്)? അവനവൻ വിയർത്തെഴുതുന്ന ബ്ലോഗ്ഗിൽ എന്തു തരം കമന്റ് വേണ്ടാ എന്നങു തീരുമാനിച്ചാൽ പ്രശ്നം കഴിഞില്ലേ? വേണ്ടാത്ത കമന്റ് ചവറ്റു കൊട്ടയിലോട്ട്, കഴിഞില്ലേ?

  ReplyDelete
 2. Well said Devaragam
  What to control and what to achieve?.

  Chathurvarnyam mamasrushtam?.

  If somebody make a substandard remark it will not diminish morale of the one who attributed. Instead him self. On the other hand, if it is creative it will do good to all.

  U can't hide fearing the skyfall.

  ReplyDelete
 3. സിബു,എനിക്കു താങ്കളുമായി നേരിട്ടിടപെടാൻ ഒരു സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ലാ. അതുല്യാന്നു പറയുമ്പോ, ആ ഇടികൂടണ പെണ്ണല്ലേ എന്നാണു ബ്ലോഗർ ചോദിക്കാറു. സിബുവും ആ നിലയ്കു തന്നെയാവും എന്നെ അറിയുക.

  കമ്മന്റ്സിനെ ഇങ്ങനെ ഒരു കുപ്പിയിലെ ഭൂതത്തേ പോലെ പേടിക്കേണ്ടതുണ്ടോ? ആരെങ്കിലും വന്നു ഇടയ്കൊന്നു അരങ്ങു തകർത്ത്‌ എന്തെങ്കിലും പറഞ്ഞൂന്ന് കരുതി,ഒരു സമാധാന റാലിയ്കു നമ്മൾ നോട്ടീസടിയ്കണോ? "Dejection/Rejection" എന്ന ഒരു Phase നമുക്കു ഈ പ്രായത്തിൽ ഉൾകൊള്ളാൻ കഴിയണ്ടേ? നമുക്കു വേണ്ടാത്ത ഒരു കമന്റ്‌ കാണുമ്പോ, അല്ലെങ്കിൽ അരിശം തോന്നുന്ന ഒരു കമന്റ്‌ വായിക്കുമ്പോ, എല്ലാം തീർന്നു എന്നു പറഞ്ഞു കിണറ്റിൽ ചാടണോ ആരെങ്കിലും? അല്ലാ അവരെ, ചുട്ടു കൊല്ലാൻ കോടതീ പോണോ?

  ഗ്രുപ്പും, വഴ്ക്കും ഒന്നും വേണ്ടാ സിബു നമ്മൾക്കു. അൽപം സഹിഷുണുതയാണു വേണ്ടത്‌. എല്ലാർക്കും എല്ലാരെയും "ഉൾകൊള്ളാനുള്ളാൻ” കെൽപുണ്ടായ പ്രശ്നം തീർന്നു. ഞാനടക്കം.

  ഞാൻ അന്നു ഒരു ലോബിയേ കുറിച്ചു പറഞ്ഞു ഒരു പൊല്ലാപ്പുണ്ടാക്കിയിരുന്നു, ഒരുപാട്‌ ആളുകൾ പുല്ലു, നഖം, അമ്പ്‌, വില്ല് ഒക്കെ എടുത്തു എന്റെ നേരെ വന്നു, എന്നിട്ടും ഇന്നും, എനിക്കു എല്ലാരും പ്രിയപെട്ടവർ. ആ ഒരു ലോബി ഇവിടെ ഇനിയും പ്രവർത്തിയ്കുന്നു എന്നു പറയുമ്പോൾ, സിബു ഞെട്ടണ്ട, സിബുവിനും അതു അറിയാം, സിബു സാക്ഷിയേ പോലെ എല്ലാം കാണുന്നവൻ!!

  ഒരു പോസ്റ്റിടുന്നവൻ/അവൾ, തീർച്ചയായും, ബ്ലോഗരുടെയെല്ലാം പ്രശംസ ഒരു രീതിയിലല്ലെങ്കിൽ, മറ്റൊരു രീതിയിൽ പ്രതീക്ഷിക്കുന്നു. എന്റെ ഇഷ്ടത്തിനായി ഞാൻ എഴുതുന്നു എങ്കിൽ, വീട്ടിലെ ഒരു പേപ്പറിൽ കുറിച്ചിട്ടു മിണ്ടാതിരുന്നാ പോരെ? അപ്പോ നമ്മൾ ഈ മീഡിയലൂടെ എഴുതുമ്പോൾ നാലാൾ അതു വായിയ്ക്ണണം, എന്തു അഭിപ്രായം പറഞ്ഞു എന്നറിയാനുള്ള ഉത്സുകതയോടെ തന്നെയാണു അതിനു മുതിരുന്നതു. ജീവിതത്തിലെ, ഒട്ടുമിക്ക കാര്യങ്ങളും അങ്ങനെ തന്നെ. അപ്പോ, ഒരു കൂട്ടായ്മ എന്നു പറയുന്ന നമ്മൾ, ചില ബ്ലോഗ്‌ എഴുതുന്നവർക്ക്‌ എന്തു കൊണ്ട്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു?? “ബ്ലോഗ്ഫ്‌ ഫോർ കമന്റ്സ്‌“ തുറക്കുന്ന ഒരു ബ്ലോഗർ, തന്റെ ബ്ലോഗിലും മറ്റെല്ലാ ബ്ലോഗരുടെ സാന്നിധ്യം തീർച്ചയായും,പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ഒരു നീട്ടി പിടിച്ച കമന്റോ, ഒരു സാഹിത്യ ചർച്ചയോ ചെയ്തിലെങ്കിലും, ഒരു “പ്രെസെൻസ്‌“ അറിയിക്ക്ന്നതിൽ തെറ്റുണ്ടോ? അവരെ തീണ്ടിക്കുടായകയുണ്ടോ? അല്ലാ, എനിക്കു ഇവരെ മാത്രമേ ഉൾകൊള്ളാൻ കഴിയൂ, ഞാൻ ഇവർക്കെ കമന്റ്‌ എഴൂതൂ എങ്കിൽ, ആ ഒരാളുടെ/അല്ലെങ്കിൽ അവരുടെ ഇമൈയിൽ വിലാസത്തിൽ ആ കഥ അയച്ചു കൊടൂത്താ പോരെ? ഇഷ്ടപെട്ടവരുടെ അല്ലെങ്കിൽ, ഒരു പാടു ഇഷ്ടപെട്ട ഒരു പോസ്റ്റിൽ കമന്റ്‌ എഴുതാൻ കമ്പ്യുട്ടർ തുറക്കുമ്പോൾ, സമയകുറവുമൂലം, വളരെ വിലപ്പെട്ടാ വാക്കാണു ഞാനിവിടെ ഉപയോഗികുന്നതു, "സമയകുറവു മൂലം" ഒരു പ്രത്യേകപോസ്റ്റിൽ കയറിയില്ലെങ്കിൽ തന്നെ, എതെങ്കിലും ഒരു കമന്റ്‌ ബോക്സിൽ കയറി, "പ്രിയ സുഹൃത്തുക്കളെ, ഒരോന്നായി വായിച്ചു വരുന്നു," എന്നു ഒന്നു പറഞ്ഞു പോകാൻ എന്തിനു മടി കാട്ടുന്നു. എനിക്കു ഇഷ്ടപെട്ടാലല്ലേ ഞാൻ കമന്റ്‌ എഴുതൂ എന്ന് എന്നോടു കയർത്തു ചോദിച്ചാ, "എന്നാ പിന്നെ നമ്മൾ ഈ "കൂട്ടായ്മ" എന്നു പറയുന്നതിൽ എന്തെങ്കിലും അർഥമുണ്ടെന്നു സിബുവിനു തോന്നുണ്ടോ? സിബുവും, ഏവൂരാനും, വിശ്വപ്രഭയും, പെരിങ്ങോടനുമൊക്കെ രാപകൽ ചെയ്യുന്ന അധ്വാനത്ത്റ്റിനോട്‌ ചിലരുടെ ഈ "വഴി മാറി പോകൽ" നീതി പുലർത്തുന്നുണ്ടോ? ഒരുദിനം ഒരു തവണ കമ്പ്യൂട്ടർ ഓണാക്കുമ്പോ, ബ്ലോഗിൽ കയറുമ്പോ, ഇഷ്ടപെട്ടവർക്കു കമന്റ്‌ എഴുതുമ്പോ, നിങ്ങൾക്കു, അത്രയ്കു കൊള്ളില്ലാ എന്നു മനസ്സിൽതോന്നിയാ തന്നെ, ഒന്നു ചിരിചു കാട്ടിയാ നിങ്ങളുടെ ഏത്‌ സ്വത്താണു ചോർന്നു പോകുന്നതു? ഒരു ചിരിയിലൂടെ, ഒരു കൂട്ടായ്മ വളരുമെങ്കിൽ, അതിനു ആരാണു തടസ്സം? ഒരു "സ്റ്റാറ്റിറ്റിക്സ്‌"എടുക്കാൻ ഞാൻ തുനിയില്ലാ, പക്ഷെ, "കൂട്ടായ്മ" ഉണ്ടാവണം, അരക്ഷിതാവസ്ഥ മനസ്സിൽ തോന്നുമ്പോൾ, ശ്രദ്ധിക്കപെടാതെ വരുമ്പോൾ, ഒരോരോ ബ്ലോഗരും ചിലപ്പ്പോ മൂലയിലേയ്കു ഒതുങ്ങും.

  ആരെയും നിർബദ്ധിച്ചു കമന്റ്‌ എഴുതിയ്കണം, അല്ലെങ്കിൽ ചിരിച്ചു കാട്ടണം എന്നല്ലാ ഞാനുദ്ദേശിച്ചതു, പക്ഷെ, എല്ലാരും എല്ലാരുടെയും വരവും കാത്തിരിക്കുന്നു എന്ന് അറിയുക. ഏതെങ്കിലും ഒരു കമന്റ്‌ ബോക്സിൽ കയറി എല്ലാരോടും ഒരു :) പറയുക. കലേഷിനെ പോലും വലിയ പരിചയമില്ലാത്ത അവസരിത്തിലായിരുന്നു എന്റെ യു.പി. യാത്ര. ഒരു ദീപാവലി സന്ദേശം ഞാൻ ആ കുട്ടി വഴി ഫോൺലൂടെ എല്ലാർക്കും പറഞ്ഞിരിന്നു. എല്ലാരേയും നമുക്കു വേണം ഈ ബ്ലോഗിൽ, വലുപ്പ ചെറുപ്പമില്ലാതെ. ആരും ഉപേക്ഷ വിചാരിയ്കാതെ, എല്ലാരോടും ഒരു ദിനം ഒരു തവണ ഒന്നു ചിരിച്ചു കാട്ടൂ.

  പിന്നെ അനോണിമസുകൾ, തൽക്കാൽ പേരുള്ളവർ, അവരൊക്കെ അവിടെ മൂലയ്ക്‌ നിന്നോട്ടെ. അല്ലാ, നമുക്കവരെ ഒഴിവാക്കണമെന്നുണ്ടങ്കിൽ, ഈ ബാങ്കിലെ എക്കൌണ്ട്‌ ഒക്കെ പോലെ, ഒരു പരിചയക്കാരൻ വഴി മാത്രം അവർക്കു സമ്മതിദാന അവകശം നൽകുക. മിക്ക ഇപ്പോ നിലവിലുള്ള മലയാളം ബ്ലോഗുകാർ, ആരെങ്കിലും ഒരാളെ എങ്കിലും നേരിട്ട്‌ അറിയുന്നവരാവും. അപ്പോ ഒരു 90% പ്രശനം തീർന്നു. ഒരു നല്ല സെറ്റ്‌ അപ്പുണ്ടാവും അതു കൊണ്ട്‌. പിന്നെ നമ്മളില്ലാവർക്കും, ഒരു തമാശയോ, ഒരു തർക്കുത്തരമോ, ഹാസ്യമോ ഒക്കെ പറയാനുള്ള ഒരു അനുവാദം വേണം എന്നാണു എന്റെ അപേക്ഷ.

  പിന്നെ ഇടയ്കു ഒരു ചെറുകഥാ, കവിതാ, ഉപന്യാസം, എന്നിവയുടെ ഒക്കെ ഒരു മൽസരം ആവാം. ഒന്നുകൂടി അങ്ങനെയെങ്കിൽ ഉഷാറാവും എന്നെനിക്കു തോന്നുന്നു.

  ReplyDelete
 4. ഒരു സംവാദം തുടങ്ങി വയ്ക്കുന്ന ആള്‍ക്ക് ആ സംവാദത്തിന്റെ ഗതിയില്‍ വ്യക്തമായ സ്വാധീനമുള്ള ഒരു സംവിധാനമല്ലേ ബ്ലോഗുകള്‍. മറിച്ച് ഒരു ഡി.ബിയില്‍ ത്രെഡ് സ്റ്റാര്‍ട്ടര്‍ക്ക് ആ ത്രെഡില്‍ ആശയപരമായ മുന്‍‌തൂക്കമല്ലാതെ മറ്റൊരു രീതിയിലും പരിഗണനയുണ്ടാവുകയില്ല. സ്വന്തം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാമെന്നല്ലാതെ ആ ത്രെഡില്‍ വരുന്ന മറ്റു് പോസ്റ്റുകള്‍ എങ്ങിനെയാവണമെന്നു് തുടക്കകാരനു് തീരുമാനിക്കാന്‍ കഴിയുകയില്ല. ഡി.ബിയില്‍ ഒരു മോഡറേറ്റര്‍ സംവാദങ്ങളെ നയിക്കുമ്പോള്‍ ബ്ലോഗില്‍ അതു് ബ്ലോഗ് മെംബറിന്റെ മാത്രം അവകാശമാകുന്നു. ഹോ കാര്യങ്ങള്‍ ഈ ആങ്കിളില്‍ പുറം ലോകം അറിയേണ്ടാ, ബ്ലോഗര്‍ ബൂര്‍ഷ്വയെന്നും, മൂരാച്ചിയെന്നും ചാപ്പകുത്തപ്പെട്ടേയ്ക്കാം ;)

  മേല്‍പ്പറഞ്ഞത് ബ്ലോഗ് സംവാദങ്ങള്‍ക്കുള്ള ഒരിടമാണെന്നു് യാതൊരു അര്‍ത്ഥവും വരുത്തുന്നില്ല. മലയാളം ബ്ലോഗിനു് ഒരു ഉദാഹരണം പറയൂ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ എനിക്കേറ്റവും ആയാസരഹിതമായി പറയാവുന്ന ഉത്തരം ഈ ബ്ലോഗിനെ കുറിച്ചാവും.

  ReplyDelete
 5. ഒരു മത്സരത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ഇന്‍ഡീബ്ലോഗ് അവാര്‍ഡ് എന്നു പറഞ്ഞൊരു സംഭവം നടന്നതോര്‍മ്മ വരുന്നു. ആകെ 4-5 ബ്ലോഗുകളേ അന്നു് രംഗത്തുണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും താല്പര്യമാണെങ്കില്‍ പോളിന്റെ സഹായത്തോടെ നമുക്ക് ഒരു മലയാളം ബ്ലോഗ് അവാര്‍ഡ് ഇക്കുറി ചിന്ത.കോമില്‍ തന്നെ നടത്താം. സമ്മതം?

  ReplyDelete
 6. പെരിങ്ങോടൻ അവർകളേ,

  ശലഭം വഴിമാറുമീ മിഴി രണ്ടിലും
  എൻ സമ്മതം.

  ആദിത്യാ,
  ഇന്നു മുതൽ എന്നോടു തല്ലുകൂടല്ലേ, ഞാൻ എല്ലാരൊടും ഒപ്പം. പിന്നെ തർക്കുത്തരം, തമാശ, അതൊക്കെ നമുക്കു എപ്പോഴും വേണംട്ടോ.

  ReplyDelete
 7. എല്ലാരും എല്ലാരുടെയും വരവും കാത്തിരിക്കുന്നു എന്ന് അറിയുക.

  after Devaragam, now, atulya has said it again! 100% truth she has scribbed.

  Each line she wrote here needs to be appreciated and she had poured it straight to our heart. let us say hi to all atleast once, when we sit infront of the system.

  ReplyDelete
 8. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭൂലോകവലയിലെ കണ്ണിയായ കമ്പ്യൂട്ടറിലെ മോണിറ്ററിലൂടെ പരിചയപ്പെട്ടവർ...
  ചിലർക്ക് പരസ്പരം നേരിട്ടറിയാം...
  ചിലർക്ക് ഫോണിലൂടെ...
  സൌഹൃദങ്ങൾക്ക് ക്രിറ്റിക്കൽ മാസ്സിന്റെ കണക്ക് കൊണ്ട് വേലി കെട്ടണോ?

  ReplyDelete
 9. Hi to all :))

  സ്ക്കൂളിലെ ഉത്തരക്കടലാസുകൾക്കും പിന്നെ കൂട്ടുകാർക്ക പണ്ടയച്ച കുറെ എഴുത്തുകൾക്കും ശേഷം, രണ്ടാമതൊരാൾ വായിക്കണമെന്ന വിചാരത്തിൽ എന്തെങ്കിലും മലയാളത്തിൽ എഴുതാൻ തുടങ്ങിയത് ഈ മലയാളം ബ്ലോഗും വരമൊഴിയും കാരണമാ... ഒരിക്കലും എഴുത്തിന്റെ നിലവാരം കൊണ്ടല്ലേ അല്ല; പക്ഷേ, ഇന്റർനെറ്റല്ലേ, മലയാളമല്ലേ, മലയാളിയല്ലേ, ആരെങ്കിലുമൊക്കെ വായിക്കുമായിരിക്കും എന്നോർത്തു. ആ ധാരണ ഒട്ടും തെറ്റിയില്ല താനും.

  യാതൊരു ഉപാധികളുമില്ലാത്തതും, വളരെ സ്വാതന്ത്ര്യം എടുക്കാവുന്നതും, നമ്മൾ താൻ ഇവിടെ രാജാവ് എന്നുള്ള ഒരു ചിന്തയുമുള്ളതുകൊണ്ടാണ് ഇങ്ങിനെ ഓരോന്നു പടച്ചുവിടുന്നത്. “ഡേയ്, കാര്യമൊക്കെ കൊള്ളാം, പക്ഷേ ഇവിടെ എന്തെങ്കിലും പ്രസിദ്ധീകരിക്കണമെങ്കിൽ ബ്ലോഗ് നിലവാരോമീറ്ററിൽ റീഡിംഗ് അമ്പതിനുമുകളിൽ കാണിക്കണം, മാത്രവുമല്ല, രണ്ടു പ്രാവശ്യം റീഡിംഗ് അടുപ്പിച്ച് അമ്പതിനു കീഴെപ്പോയാൽ നീ ഔട്ട്” എന്നോ മറ്റോ ഉള്ള നിബന്ധനകളുള്ള ഒരിടമായിരുന്നെങ്കിൽ, ഞാൻ പേടിച്ച് ഓടിക്കളഞ്ഞേനെ.

  ഈ പരിപാടി തുടങ്ങിക്കഴിഞ്ഞപ്പോൾ, ഇപ്പോ ഒരോരുത്തരെഴുതുന്നതു വായിക്കുമ്പോൾ, അവരൊക്കെ ചിരപരിചിതരാണെന്നുള്ള ഒരു ഫീലിംഗ്. വളരെ സ്വാതന്ത്ര്യത്തോടെ അവരോടൊക്കെ സംസാരിക്കാമല്ലോ എന്നുള്ള ഒരു തോന്നൽ. അവരൊക്കെ പഴയകാല സംഭവങ്ങളൊക്കെ വിവരിക്കുമ്പോൾ നമ്മളും അവരുടെയൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു തോന്നും. അവർ നമ്മളോടൊക്കെ സംസാരിക്കുമ്പോൾ വളരെ സന്തോഷം തോന്നും. വെറും ഒരു മാസംകൊണ്ട് എനിക്കുണ്ടാ‍യ തോന്നലതാണ്. ഏതെങ്കിലുമൊക്കെ കണ്ട്രോളുകൾ കൊണ്ടുവന്നാൽ ഈ സ്വാതന്ത്ര്യമൊക്കെ പോകില്ലേ എന്നൊരു തോന്നൽ, ഒരു വിഷമം.

  എന്തെങ്കിലുമൊക്കെ പൊട്ടത്തരം എഴുതി പോസ്റ്റു ചെയ്തുകഴിഞ്ഞ്, ആരെങ്കിലുമൊക്കെ അതു വായിച്ചൂ എന്നറിയുമ്പോൾ ഒരു സന്തോഷം തോന്നും. ഇങ്ങിനെ ഒരു മീഡിയവും, ഈ രീതിയിലുള്ള, യാതൊരു കണ്ട്രോളുമില്ലാത്ത ഒരു സെറ്റപ്പുമായതുകൊണ്ടാണ് അങ്ങിനെ തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്.

  അതുകൊണ്ട് ദേവനും അതുല്യയും, ഗാന്ധർവ്വനും പെരിങ്ങോടരും കലേഷുമൊക്കെ പറഞ്ഞതുപോലെ, നിയന്ത്രണങ്ങൾ വേണോ?

  ReplyDelete
 10. സഭ്യദകള്‍ക്കുള്ളിലെ വാചക കസറ്‍ത്തുകള്‍ ഒരു സുഖമല്ലെ.....
  rest tomorrow- Su dont worry - all this part of a short beautiful life we are blessed with

  ReplyDelete
 11. നിയന്ത്രണങ്ങള്‍!? ഞാനതല്ലല്ലോ പറഞ്ഞത്‌... ബ്ലോഗെഴുത്തുകാരന്‌ തോന്നേണ്ടതും കൊടുക്കേണ്ടതും സാധ്യമായതും ആയ സ്വാതന്ത്ര്യത്തേക്കുറിച്ചാണ്‌ പറഞ്ഞുകൊണ്ടിരുന്നത്‌.

  ചര്‍ച്ചകളില്‍ പുഷ്പിക്കുന്ന മനസാണ്‌ മലയാളിയുടേതെന്നറിയാതെയല്ല. പക്ഷെ, ബ്ലോഗുകള്‍ അതിനുതകുന്ന മീഡിയമായി തോന്നുന്നില്ല. അല്ലെങ്കില്‍, ബ്ലോഗുകള്‍ ചര്‍ച്ചകള്‍ക്കുമപ്പുറം നില്‍ക്കേണ്ട ഒന്നാണെന്ന്‌ പറയുകയായിരുന്നു ഞാന്‍. കൂടെ തന്നെ പറയട്ടേ... പെരിങ്ങോടര്‍ പറഞ്ഞരീതിയില്‍ ബ്ലോഗര്‍ നിയന്ത്രിക്കുന്ന ഒരു ചര്‍ച്ചയായി ഒരു ബ്ലോഗിനേയും അതിലെ കമന്റുകളേയും കാണാം. അതുപോലെ തന്നെ, ബ്ലോഗിലൂടെ എങ്ങനെ ചര്‍ച്ചയാവാം എന്നതിനൊരു നല്ല ഉദാഹരണവുമാണ്‌ 'സമകാലികം'.

  അതുല്യ കമന്റുകളെ അപ്രോച്‌ ചെയ്യുന്ന രീതിയെ പറ്റി എനിക്ക്‌ പ്രത്യേകിച്ചൊന്നും പറയാനില്ല. അത്‌ അതുല്യയുടെ രീതി; വ്യത്യസ്ഥമായ രീതികള്‍ക്കും ഇടംകൊടുക്കാന്‍ നമുക്കാവണം. അള്‍ട്ടിമറ്റ്‌ലി, കമന്റുകള്‍ക്കല്ല, ബ്ലോഗുകള്‍ക്കാണ്‌ സ്വാതന്ത്ര്യവും മുന്‍ഗണനയും വേണ്ടത്‌. കമന്റുകള്‍ ബ്ലോഗറുടെ കരുണയിലാണ്‌. സ്വന്തം ബ്ലോഗിന്റെ പ്രതിച്ഛായക്ക്‌ വിഘ്നം നില്‍ക്കുന്ന കമന്റുകളെ ചപ്പുകുട്ടയിലിടാന്‍ ഉടമസ്ഥന്‌ ഒരു കുറ്റബോധത്തിന്റേയും അവശ്യമില്ല എന്നുകൂടി ഓര്‍മിപ്പിക്കുകയായിരുന്നു ഞാന്‍.

  ദേവന്‍ പറഞ്ഞപോലെ ബോഗുകള്‍ തമ്മില്‍ കണക്ഷന്‍സ്‌ ആവശ്യമുണ്ട്‌. അതിനൊരു പോംവഴിയായാണ്‌ ഞാന്‍ ബാക്‌ക്‍ലിങ്കുകളെ കാണുന്നത്‌.

  ബ്ലോഗവാര്‍ഡുകളെ പറ്റി... അവാര്‍ഡുകള്‍ നല്ലതാണോ ചീത്തയാണോ എന്നൊരു കണ്‍ഫ്യൂഷന്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. കാരണം സാഹിത്യസൃഷ്ടികളെ അളക്കാന്‍ അബ്സൊല്യൂട്ടായ ഒരു സ്കെയില്‍ ഉണ്ടാവാന്‍ പാടില്ല എന്ന പക്ഷക്കാരനാണ്‌ ഞാന്‍. അതേസമയം, അവാര്‍ഡ്‌ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമാവുമെങ്കില്‍...

  ReplyDelete
 12. എല്ലാരും എല്ലാരുടെയും വരവും കാത്തിരിക്കുന്നു എന്ന് അറിയുക.
  If this statement is a sincere one, the original author of this quote must think about the same line. She may sincerely verify for herself to find out whether she does so.

  ReplyDelete
 13. dear vaalmikki,
  i have no shy in admitting, i did at times, had my face twisted to some blogs. But that is, without any specific serious reasons. It just happened that way, that i s all. It was indeed a mistake.
  And now i feel my fellow bloggers will accept my apologies at this moment.

  ReplyDelete