2008-09-22

ഓണത്തിനെ പറ്റി രണ്ടുവരി (ഇക്കൊല്ലം പഠിച്ചത്‌)

സത്യമായും ഓണം ഒരു സെക്കുലർ ഉത്സവമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. അതു മാറിക്കിട്ടി. അതിന്റെ ഭക്ഷണരീതി മുതൽ ഗാനങ്ങൾ വരെ ഹൈന്ദവം തന്നെ. അതുകൊണ്ടൊരു പ്രശ്നവും ഉണ്ടായിട്ടല്ലാട്ടോ. എന്നാലും ക്രിസ്മസിനോളം സെക്കുലറേ ഓണവും ആവുന്നുള്ളൂ എന്നു മാത്രം. (അതാവുമോ നമ്മളെ കാണാൻ വരുന്ന സാന്താക്ലോസിനും മാവേലിക്കും ഏതാണ്ടൊരേ രൂപം :)

മങ്ക മൈത്രി തുടങ്ങിയവയുടെ അത്യാവശ്യം വലിയ തോതിലുള്ള ഓണാഘോഷപരിപാടികൾക്ക്‌ ഇത്തവണ പോയി. രണ്ടിന്റേയും ഫോർമാറ്റ്‌ ഏതാണ്ടിങ്ങനെ: കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ്‌, മുതിർന്നയാളുടെ പഴയപാട്ട്‌. ഇതുരണ്ടും പത്തുതവണ ലൂപ്പിലിട്ടോടിച്ചാൽ സിലിക്കൺ ബേയിലെ ഓണാഘോഷമായി എന്നുപറയാം. എന്നാൽ ഇവിടത്തെ സാധാരണ മലയാളികൾ പരസ്പരം കൊച്ചുവർത്താനം പറഞ്ഞിരിക്കുന്നത്‌ മോഹിനിയാട്ട മുദ്രകളും സ്വാതിതിരുന്നാൾ കീർത്തന മാഹാത്മ്യങ്ങളും ആണെന്നു തെറ്റിധരിക്കരുത്‌. പലതവണ പറഞ്ഞാസ്വദിക്കുന്നത്‌ അക്കരക്കാഴ്ചകളൂം അയ്യപ്പ ബൈജുവും തന്നെ. എന്നാൽ അതൊന്നും സ്റ്റേജിലെത്തില്ലെന്നു മാത്രം. സ്വന്തം സംസ്കാരത്തെ പറ്റി ഇത്രയും തലകുത്തനെയുള്ള ധാരണ തന്നെയാണോ ബാക്കിയുള്ളിടത്തും ബാക്കിയുള്ളവർക്കും?!