2007-03-07

ദാനം കിട്ടിയതിന്റെ പല്ലെണ്ണരുത്

ഒരാളൊരു നല്ലകാര്യം ചെയ്യുമ്പോള്‍ എപ്പോഴും പൊന്തിവരാറുള്ള ഒരു ചോദ്യമാണ്; ആ നന്മയുടെ ഉപഭോക്താവ്‌ ഇന്ന ആള്‍ മാത്രമല്ലേ ഉള്ളൂ. അയാളെന്താണ് മറ്റേ ആള്‍ക്ക്‌ നന്മ ചെയ്യാഞ്ഞത്‌. വളരെ വാലിഡ് ആയ ഒരു വാദമായി ഇതിനെ പലരും ഉയര്‍ത്തിക്കൊണ്ടുവരാറുണ്ടെങ്കിലും ഇതില്‍ വലിയ സാംഗത്യമില്ല. സന്ദര്‍ഭത്തെ ഒന്ന്‌ എക്സ്റ്റ്രീമിലേയ്ക്ക്‌ കൊണ്ടുപോയാല്‍ ഈ വാദത്തിലെ പ്രശ്നം മനസ്സിലാവും. ഈ ഉദാഹരണങ്ങള്‍ നോക്കുക:

  1. മദര്‍തെരേസ പോയി കല്‍ക്കട്ടയില്‍ കുറേ രോഗികളെ സഹായിച്ചു. അവിടത്തേക്കാള്‍ എത്രയോ ആയിരങ്ങള്‍ എത്യോപ്യയില്‍ പട്ടിണി കൊണ്ടുമരിക്കുമ്പോഴായിരുന്നു അതെന്നോര്‍ക്കണം. പത്രത്തില്‍ ഇഷ്ടം പോലെ പടം വന്നുകഴിഞ്ഞല്ലോ, ഇനിയെന്തിനാ എന്ന്‌ വച്ചിട്ടുണ്ടാവും.
  2. കഴിഞ്ഞ കൊല്ലം എന്‍. എസ്. എസ്. ലക്ഷം വീട് കോളനിയില്‍ റോഡ് വെട്ടി. ദേ ഇവിടെ റോഡ് പൊട്ടിപ്പോളിഞ്ഞ്‌ കിടക്കുന്നു. ആരെങ്കിലും വരുന്നുണ്ടോ? ആത്മാര്‍ത്ഥതയില്ല ഒന്നിനും.
  3. ...

ഒരാള്‍ മറ്റൊരാള്‍ക്ക്‌ (അല്ലെങ്കില്‍ ഒരു സമൂഹത്തിന്) നന്മ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതെന്തുകൊണ്ട്‌ അയാള്‍ക്ക്‌ ചെയ്യാന്‍ തീരുമാനിച്ചു എന്നതിന് ചെയ്യുന്നതിനോടുള്ള തന്മയീഭാവം, സന്ദര്‍ഭം, നന്മ ലഭിക്കുന്ന വ്യക്തിയോടുള്ള ബന്ധം എന്നിവ പ്രധാനമാണ്. ഇത്തവണത്തെ യാഹൂ പ്രതിഷേധത്തില്‍ ഇഞ്ചി എന്തുകൊണ്ട്‌ ഇന്‍‌വോള്‍വ്ഡ് ആയി എന്നത്‌ ഇപ്പറഞ്ഞതിന് നല്ലൊരു ഉദാഹരണമാണ്. ഇഞ്ചി പങ്കെടുത്തിരുന്ന കമ്മ്യൂണീറ്റികളാണ് ഫൂഡ് ബ്ലോഗിംഗ്, മലയാളം ബ്ലോഗിംഗ്, പിന്നെ ഒരു പരിധിവരെ സ്ത്രീകളുടെ കൂട്ടായ്മയും. അതിന്റെ ഒക്കെ ഭാഗമാണ് കറിവേപ്പില. അതുകൊണ്ട്‌ യാഹൂവിന്റെ കോപ്പിയടിയില്‍ ഇഞ്ചിയുടെ രോഷം ഇത്തിരി കൂടുതലായതില്‍ ഒരത്ഭുതവുമില്ല.

ഇനി എല്ലാ കോപ്പിയടികളിലും പ്രതിഷേധിക്കേണ്ട ഉത്തരവാദിത്വം നേരെ ഇഞ്ചിയെ ഏല്‍പ്പിച്ച്‌ സ്വന്തം കാര്യം നോക്കാന്‍ പോകുന്നവരേ ധാരാളമായി കാണും. പ്രതിഷേധം‌ ഇഞ്ചിയുടേയോ മറ്റാരുടേയുമോ ബാധ്യതയല്ല. ഒരു പ്രശ്നത്തില്‍ നിങ്ങള്‍ക്ക്‌ ധാര്‍മികരോഷം തോന്നുന്നുണ്ടെങ്കില്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക. മറ്റേ ആള്‍ എന്തുകൊണ്ട്‌ അത്‌ ചെയ്തില്ല എന്ന്‌ അന്വേഷിക്കാന്‍ പോകേണ്ട. അതുപോലെ തന്നെ, ബൂലോഗം ഒരു പാര്‍ട്ടിയോ പട്ടാളമോ അല്ല. വാറണ്ടയച്ച്‌ കാര്യങ്ങള്‍ ചെയ്യിക്കാന്‍. ആത്മാവിന് ശരിയെന്ന്‌ തോന്നുന്നത് മാത്രമേ ചെയ്യേണ്ടൂ. ഇപ്പറഞ്ഞത്‌ ഒക്കെ തന്നെ, ഇങ്ങനെയും പറയാം:

തിന്മയ്ക്കെതിരെ പ്രതിഷേധിക്കുക. നന്മയെ വിധിക്കാതിരിക്കുക.

55 comments:

  1. തിന്മയ്ക്കെതിരെ പ്രതിഷേധിക്കുക. നന്മയെ വിധിക്കാതിരിക്കുക.

    ReplyDelete
  2. യോജിക്കുന്നു..
    കവയത്രി സുഗതകുമാരിക്കു ഈ ചോദ്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടു...ഒരോ മരം വെട്ടുമ്പോഴും പ്രതിഷേധിക്കാത്തതിനു!
    ശ്രീ പവന്‍ എഴുതിയ ഒരു ലേഖനന്ത്തിനു "പ്രതികരിക്കേണ്ടതു എപ്പോഴും ഞാന്‍ മാത്രമല്ല ഒരു മാതൃക ആവനെ കഴിയൂ എന്നൊക്കെ പറഞ്ഞു ഒരു മറുപടിയും അവര്‍ എഴുതിയിരുന്നു!

    ReplyDelete
  3. *തിന്മയെ എതിര്‍ക്കുക, നന്മയെ പ്രോത്സാഹിപ്പിക്കുക.

    *നന്മയ്ക്കുചുറ്റും വേലികെട്ടാതിരിക്കുക...

    *തെറ്റുചെയ്ത വ്യക്തിയെ ശത്രുവായിക്കാണാതെ, ചെയ്തുപോയ തെറ്റിനെ മാത്രം എതിര്‍ക്കുക.

    *ഞാന്‍ ഒരൊറ്റ കവിതമാത്രമേ എഴുതിയുള്ളൂ എങ്കില്‍, എന്നെ ലോകം കവി എന്നു വിളിക്കില്ല. പക്ഷേ, ഒരൊറ്റ തവണ, ഞാന്‍ ഒരു സാധനം കട്ടാല്‍, എന്നെ ‘കള്ളന്‍’ എന്നു ലോകം വിളിക്കും.
    "കള്ളന്‍” എന്ന ലേബല്‍ പറ്റിച്ചു(!)കിട്ടിയാല്‍ പിന്നെ, ഞാനെത്ര പാട്ടുപാടിയാലും ഗായകനുമാവില്ല, എത്ര ചിത്രം വരച്ചാലും ചിത്രകാരനുമാവില്ല...
    എന്താ അങ്ങനെ?

    *എല്ലാവരും നല്ലവരായിരിയ്ക്കും എന്നു തോന്നുന്നു. ചിലപ്പോള്‍ മാത്രം എന്തെങ്കിലും തെറ്റു ചെയ്തുപോയാലും... ചീത്ത ആള്‍ എന്ന ലേബല്‍ ആരിലും നമുക്കുപറ്റിയ്ക്കാതിരിയ്ക്കാം

    ഇതൊക്കെ, സിബുവിന്റെ പോസ്റ്റു വായിച്ചപ്പോള്‍ മനസ്സിലേക്കു വന്ന ചിന്തകളാണ്.
    നന്ദി, പോസ്റ്റിന്.

    ReplyDelete
  4. ആത്മാവിന് ശരിയെന്ന്‌ തോന്നുന്നത് മാത്രമേ ചെയ്യേണ്ടൂ.

    Ihtappettu. Njaan manasil vichaarichathu thankal ezhuthi. athum vaLare bhangiyaayi.

    ReplyDelete
  5. ഞാനീ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല; എനിക്കെന്റെ ആത്മാവിനെ വഞ്ചികാനാവില്ല... തിന്മയെ നന്മകൊണ്ടു നേരിടുക... യാഹൂ കുറെ നന്മ ചെയ്തിരുന്നു... നമ്മള്‍ ഒരോരുത്തരായി കൊച്ചു കൊച്ചു നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.

    ReplyDelete
  6. സിബു :)

    “ദാ‍നം കിട്ടിയതിന്റെ പല്ലെണ്ണരുത്“ - യോജിക്കുന്നു.

    പോസ്റ്റില്‍ ബാക്കിയുള്ളതിനോട് വിയോജിക്കുന്നു :)

    ഒരു ഇന്‍ഡിവീജുവല്‍ ബ്ലോഗര്‍ ഏതൊക്കെ പ്രശ്നത്തില്‍ ഇന്‍-വോള്‍വ്ഡ് ആയി / ഇല്ല എന്ന് ആരും തല പുണ്ണാക്കുന്നില്ല. അതൊക്കെ ഓരോരുത്തര്‍ക്കും സമയവും സാവകാശവും അനുവദിക്കുന്നതുപോലെ ചെയ്യട്ടെ.

    ഉദാഹരണങ്ങളിലൂടെ കാര്യം വ്യക്തമാകുന്നതിനുപകരം, ഓവര്‍ലാപ് ചെയ്ത് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആകുക എന്ന ദോഷം ബൂലോഗത്ത് ഇതിനുമുന്‍പുള്ള പല ചര്‍ച്ചകളിലും കണ്ടിരുന്നു. വിദേശിയാ‍യ ഒരു വനിത നമ്മുടെ രാജ്യത്ത് വോളന്റിയര്‍ ചെയ്യുന്നതിനിടെ എത്യോപ്യയിലെ പട്ടിണിക്കാരെ കണ്ടില്ലെന്ന് നടിക്കുന്നതും, നേരെ കണ്മുന്നിലിരിക്കുന്ന ചതുരത്തിനുള്ളില്‍‍ തെളിയുന്നൊരു വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നതും എങ്ങനെയാണ് തുലനം ചെയ്യുക.

    മലയാളം ബ്ലോഗിംഗ് കമ്മ്യൂണിറ്റിയെ മൊത്തം ഒരു പൊതുപ്രശ്നത്തില്‍ ഉള്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയും കമ്മ്യൂണിറ്റിയിലെ സീനിയര്‍ ബ്ലോഗര്‍മാര്‍‍ ഇതൊരു ക്യാമ്പെയിന്‍ ആയി പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ്, “നമ്മള്‍ അഥവാ കമ്യൂണിറ്റി” എവിടെയൊക്കെ ഏതളവില്‍ ഇന്‍-വോള്‍വ്ഡ് ആകണം എന്ന ചോദ്യമുയരുന്നത്.

    വെറുതെ വഴിയിലൂടെ നടന്ന് പോയ നമ്മുടെ ഒരു സഹബ്ലോഗറുടെ മേല്‍ ഒരു തദ്ദേശീയന്‍ തുപ്പിവയ്ക്കുന്നതുപോലെയുള്ള കിരാതമായ നടപടികളില്‍ പ്രതികരിക്കാനും പ്രക്ഷോഭമൊരുക്കാനും നമുക്ക് കഴിയാതെ വരികയും ഒരു റെസീപ്പി മോഷണം പോയ വിഷയത്തില്‍ കടല്‍ കടയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നിടത്താണ് തെറ്റ്. ഈ പ്രതിഷേധം അതില്‍ തന്നെ നന്മയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അതല്ലല്ലോ വിഷയം.

    ഒരു കമ്യൂണിറ്റി, പ്രയോററ്റൈസേഷന്‍ നടത്തുമ്പോള്‍ വെറുതെയിരിക്കുന്നവന്റെ ദേഹത്ത് തുപ്പുന്നതാണോ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്ത ഒരു സംഗതിയുടെ കോപ്പി മറ്റൊരിടത്ത് കാണുന്നതാണോ “കമ്യൂണിറ്റിയ്ക്ക്” പ്രധാനം

    ക്യാമ്പെയിന്‍ കഴിഞ്ഞു. ഇപ്പോഴും, പല സജീവബ്ലോഗര്‍മാരും ചോദിച്ച ചോദ്യങ്ങളും സംശയങ്ങളും ഉത്തരം കിട്ടാതെ ബാക്കി കിടക്കുന്നു. നൂറിനധികം പോസ്റ്റുകള്‍ ഈ വിഷയത്തില്‍ പ്രധിഷേധ സൂചകമായി ഇട്ടു എന്നതിനപ്പുറം യാഹുവിനെ മുട്ടുകുത്തിക്കാന്‍ ഇനിയെന്ത് ചെയ്യണമെന്ന് ആര്‍ക്കുമൊരു പിടിയുമില്ല.

    പറഞ്ഞ് പറഞ്ഞ് ഓഫ് ടോപ്പിക്കായി. ഈ ചോദ്യങ്ങളൊന്നു പോലും സിബുവിനോടല്ല. ഇതൊന്നും ചോദിച്ചത് പ്രത്യേകിച്ച് ആരോടെങ്കിലുമല്ല.

    എടുത്തുചാട്ടക്കാരല്ലാത്തതും മോഷണത്തിനിരയായതല്ലാത്തതുമായ ഒരു സിംഗിള്‍ പോയിന്റ് കോണ്ടാക്റ്റ്, ക്യാമ്പെയിനിന് ഇല്ലാത്തതിനാല്‍ ആരും ഉത്തരം പറയേണ്ടതുമില്ല.


    സസ്നേഹം

    ReplyDelete
  7. ദിവ പറഞ്ഞ കാര്യമല്ല ഞാന്‍ പറയാന്‍ പോവുന്നത്‌. സിബു ഉദ്ദേശിച്ച കാര്യം വ്യക്തമായി പേരെടുത്ത്‌ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക്‌ ആലങ്കാരിക ഭാഷകള്‍ ഒഴിവാക്കുന്നു.

    യാഹൂ! പ്രതിഷേധ പ്രശ്‌നത്തോടനുബന്ധിച്ച്‌ മിക്കവാറും എല്ലാവരും ഒന്നിച്ചു നിന്നെങ്കിലും, ചെറിയ ഒരു വിയോജനം ഒരു വിഭാഗത്തില്‍ നിന്നുണ്ടായല്ലോ. ദിവാ, കുമാര്‍ എന്നിവര്‍ ഇത്‌ സൂചിപ്പിച്ചാണ്‌ പോസ്റ്റ്‌ ഇട്ടതെങ്കില്‍ സാന്റോസ്‌ ഏറെക്കുറേ വ്യക്തമായിത്തന്നെ പറഞ്ഞു കാര്യങ്ങള്‍.

    ഇഞ്ചി എന്തു കൊണ്ട്‌ വേറെ ബ്ലോഗ്‌ മോഷണ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല എന്നത്‌ സാന്ദര്‍ഭികമായി വന്ന ഒരു ചോദ്യം മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ അസ്വാരസ്യം തുടങ്ങിയത്‌ കറിവേപ്പിലയില്‍ ഇതിന്റെ ചര്‍ച്ച നടന്നു കൊണ്ടിരുന്നപ്പോഴാണ്‌. ശ്രീജിത്തിന്റേയും വിശാലന്റേയും നിര്‍ദ്ദേശങ്ങളോട്‌ വളരെ അസഹിഷ്ണുമായാണ്‌ ഇഞ്ചി, സു, ഏവൂരാന്‍ എന്നിവര്‍ പ്രതികരിച്ചത്‌. സു ഉടന്‍ തന്നെ ഖേദം പ്രകടിപ്പിച്ചെങ്കിലും, (സു മാത്രമല്ല ജിത്തും, വിശാലനും അവിടെത്തന്നെ ക്ഷമ ചോദിച്ചു) ഇഞ്ചിയോ ഏവൂരാനോ അതിനു തയ്യാറായില്ല. മാത്രമല്ല ശ്രീജിത്തിനെ പ്രത്യക്ഷമായും ബെന്നിയെ പരോക്ഷമായും ചൂണ്ടുന്ന പല പരാമര്‍ശങ്ങള്‍ പിന്നീടും പലപ്പോഴുമുണ്ടാവുകയാണ്‌ ചെയ്തത്‌.

    എല്ലാം പോട്ടെന്ന് വെച്ച്‌ മോഷണകാര്യത്തില്‍ എല്ലാ ബ്ലോഗര്‍മാരും അണിചേര്‍ന്ന് പ്രതിഷേധിച്ചതിനു ശേഷവും, ഇന്നലെക്കൂടി കുമാറിന്റെ പോസ്റ്റില്‍, വിയോജനമുള്ളവരില്‍ നിന്ന് കൂടുതല്‍ പക്വത പ്രതീക്ഷിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു കമന്റ്‌ കണ്ടു.

    ഇഞ്ചിയുടെ സദുദ്ദേശമോ ആത്‌മാര്‍ത്ഥതയോ ചോദ്യം ചെയ്യപ്പെടരുത്‌ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, വേറൊരാളെ മതിയായ കാരണങ്ങളില്ലാതെ നമ്മള്‍ സംശയിക്കുമ്പോഴാണ്‌ നമുക്ക്‌ മേലും സംശയത്തിന്റെ നിഴലുകള്‍ വന്നു വീഴുന്നത്‌.

    ReplyDelete
  8. ദിവാ, ഒരു സിമ്പിള്‍ കണക്ക്‌:

    വെറുതെ വഴിയിലൂടെ നടന്ന് പോയ നമ്മുടെ ഒരു സഹബ്ലോഗറുടെ മേല്‍ ഒരു തദ്ദേശീയന്‍ തുപ്പിവയ്ക്കുന്നതുപോലെയുള്ള കിരാതമായ നടപടികളില്‍ പ്രതികരിക്കാനും = 100x

    ഒരു റെസീപ്പി മോഷണം പോയ വിഷയത്തില്‍ കടല്‍ കടയാന്‍ ആഹ്വാനം ചെയ്യുകയും = x

    ഇഞ്ചിയുടെ സ്കോര്‍ = x
    ദിവയുടെ സ്കോര്‍ = 0

    0 സ്കോറുള്ള ദിവാ എന്തിനാണ് ഇഞ്ചി 101x സ്കോര്‍ ചെയ്തില്ല എന്നാരോപിക്കുന്നത്‌. ദിവായ്ക്ക്‌ 101x ഉണ്ടായിരുന്നെങ്കില്‍ പോലും ദിവാ ആ ആരോപണം നടത്തിയതാണ് തെറ്റ് എന്നാണ് എന്റെ ഈ പോസ്റ്റിന്റെ മുഖ്യപ്രമേയം.

    ReplyDelete
  9. “നമ്മള്‍ അഥവാ കമ്യൂണിറ്റി” എവിടെയൊക്കെ ഏതളവില്‍ ഇന്‍-വോള്‍വ്ഡ് ആകണം എന്ന ചോദ്യമുയരുന്നത്....”

    ദിവാ.. അങ്ങനെയൊന്നില്ല. ബ്ലോഗ് ഇന്‍ഡിവീജ്വലിസത്തിന്റെ എക്സ്റ്റ്രീമാണ്. അല്ലാതെ ബ്ലോഗിനെ കണ്ടാല്‍ അതൊക്കെയും കണ്‍‌ഫ്യൂഷന് ഹേതുവാണ്. ഇന്‍ഡിവീജ്വലിസം എന്നാല്‍ എല്ലാകാര്യത്തിലും എല്ലാവരുമായി വിയോജിക്കുകയാണെന്ന്‌ ധരിക്കരുതേ. ഈ ഇഷ്യൂ പ്രതികരിക്കേണ്ടതാണ് എന്ന്‌ കരുതി മുന്നോട്ട് വരുന്നവര്‍ മാത്രമാണ് ഈ കാര്യത്തില്‍ കമ്മ്യൂണിറ്റി. അതേ സമയം അവര്‍ നാളെ ഒരു ഇഷ്യൂവില്‍ ഒരുമിച്ച്‌ നിന്നോളണം എന്നില്ല. അതൊക്കെയും അവരുടെ ആത്മാവിന്റെ കാര്യം പറഞ്ഞപോലെ.. :)

    ReplyDelete
  10. “ക്യാമ്പെയിന്‍ കഴിഞ്ഞു. ഇപ്പോഴും, പല സജീവബ്ലോഗര്‍മാരും ചോദിച്ച ചോദ്യങ്ങളും സംശയങ്ങളും ഉത്തരം കിട്ടാതെ ബാക്കി കിടക്കുന്നു. നൂറിനധികം പോസ്റ്റുകള്‍ ഈ വിഷയത്തില്‍ പ്രധിഷേധ സൂചകമായി ഇട്ടു എന്നതിനപ്പുറം യാഹുവിനെ മുട്ടുകുത്തിക്കാന്‍ ഇനിയെന്ത് ചെയ്യണമെന്ന് ആര്‍ക്കുമൊരു പിടിയുമില്ല.“

    ഈ ചോദ്യം ഒരു ഊരാക്കുടുക്കാണ് ദിവാ.
    കേസ് 1: ദിവായ്ക്ക്‌ ഈ പ്രശ്നത്തില്‍ ഇന്‌വോള്‍ഡ് ആവണമെന്നുണ്ടോ? ഉണ്ടെങ്കില്‍ ദിവാ തന്നെ പറയൂ എന്തു ചെയ്യണമെന്ന്‌.
    കേസ് 2: ദിവായ്ക്ക്‌ ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ താത്പര്യമില്ല എന്നാണെങ്കില്‍ പിന്നെ, ഇതെന്തിന് ചോദിച്ചു. ദിവാ കമ്മ്യൂണിറ്റിയുടെ ഭാഗമേ അല്ല.

    ReplyDelete
  11. കണ്ണൂസ് പറഞ്ഞതൊക്കെയും അതാത് ബ്ലോഗര്‍മാര് തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍. അതവര്‍ മാപ്പു പറഞ്ഞോ അടിച്ചോ തീര്‍ക്കട്ടേ. എനിക്കതില്‍ താത്പര്യമില്ല. അതുകൊണ്ടൊന്നും പറയാനുമില്ല :(

    ReplyDelete
  12. • ഒരു പുതിയ ബ്ലോഗര്‍ തന്റെ ബ്ലോഗ് നിറയ്ക്കുവാനായി മറ്റൊരു ബ്ലോഗറുടെ കണ്ടന്റ് മോഷ്ടിച്ചു. അതിനെതിരെയും ഇവിടെയുള്ള അംഗങ്ങളില്‍ പലരും പ്രതിഷേധിച്ചിരുന്നുവല്ലോ... 60-ഓളം പോസ്റ്റുകള്‍ അവിടെ വരികയും ചെയ്തു, അദ്ദേഹമത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ‘ഇഞ്ചി’ പ്രതിഷേധിച്ചില്ല എന്നത് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടോ? ഇഞ്ചി പ്രതിഷേധിച്ചാലേ അത് പ്രതിഷേധമവുകയുള്ളോ? ഇഞ്ചിക്ക് പ്രതിഷേധിക്കുവാന്‍ തോന്നുന്ന വിഷയങ്ങളില്‍ (മാത്രം) അദ്ദേഹം പ്രതിഷേധിക്കട്ടെ.

    • യാഹൂവിനെ മുട്ടുമുത്തിക്കുക എന്നതിലും വലിയ ഒരു ലക്ഷ്യം ഈ കാമ്പെയിനുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതെന്താണെന്നാല്‍, ആര്‍ക്കും തോന്നും പോലെ ബ്ലോഗില്‍ നിന്നും എന്തുമെടുക്കാം എന്നൊരു ധാരണ തിരുത്തപ്പെട്ടു കഴിഞ്ഞു. ഇത് ശക്തമായ ഒരു സന്ദേശമാണ്. നമ്മള്‍ മിണ്ടാതിരുന്നിരുന്നുവെങ്കില്‍, വെബ് ദുനിയയെപ്പോലെയുള്ള കണ്ടന്റ് പ്രൊവൈഡേഴ്സ് ഈ പണി തന്നെ പിന്നെയും തുടരും. യാഹു, എം.എസ്.എന്‍, ഗൂഗിള്‍ തുടങ്ങി മലയാളം പോര്‍ട്ടലുമായി രംഗത്തെത്തുന്നവര്‍, ഇനി മുതല്‍ കണ്ടന്റ് സശ്രദ്ധം പരിശോധിച്ച ശേഷമേ അവരുടെ പോര്‍ട്ടലില്‍ ഇടുവാനും സാധ്യതയുള്ളൂ. യാഹൂ മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെയും ഇതൊക്കെ ഈ പ്രതിഷേധത്തിന്റെ നേട്ടം തന്നെയാണ്.
    --

    ReplyDelete
  13. അനോണിമുഖം‌മൂടിവെച്ച്, എന്തു വൃത്തികേടും കാണിക്കാന്‍ മുതിരുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ടെങ്കില്‍, അവരെ ആ പ്രവൃത്തിയില്‍നിന്നും പിന്തിരിപ്പിക്കാനും, പറ്റുമെങ്കില്‍ അവരെക്കൊണ്ട് ഒന്നു മാറ്റിച്ചിന്തിപ്പിക്കുവാനും കഴിയുമോ എന്നു നോക്കണം എന്നാണ് എനിയ്ക്കു തോന്നിയത്‌.

    ചിലപ്പോള്‍, നിരന്തരമായ അവഗണനയിലൂടെ തെറിക്കമന്റുകള്‍ കുറഞ്ഞുവരും. ചുട്ടമറുപടിയും ഭീഷണിയും വിലപ്പോവില്ല, എന്നും തോന്നുന്നു, കാരണം, വാക്കുകള്‍ കൊണ്ടു ഭീഷണിപ്പെടുത്താമെന്നല്ലാതെ, നേരിട്ടുപോയി തല്ലുന്നതും മറ്റും ഇവിടെ പ്രായോഗികമല്ലല്ലോ. (വേറേ വഴിയൊന്നുമില്ലെങ്കില്‍, അതും ചെയ്യേണ്ടിവരും എന്നു തോന്നായ്കയില്ല).

    ബ്ലോഗിങ്ങ് എന്ന മാധ്യമം ഓരോരുത്തര്‍ക്കും അവനവന്റെ ആത്മാവിഷ്കാരം നടത്താനുള്ള സ്ഥലമാണല്ലോ. ആ രീതിയില്‍, നാമോരോരുത്തരും പലപ്പോഴായി, നമ്മുടെ മനസ്സില്‍ ഊറിക്കൂടിയ ചിന്തകളും മറ്റും പലരീതിയില്‍ ഇവിടെ കോറിയിടുന്നു. അത്‌ ആര്‍ക്കും കാണാം, വായിക്കാം. പക്ഷേ, നമ്മുടെ അനുമതിയില്ലാതെ, ബൂലോഗത്തിനു പുറത്തെക്ക് ചോര്‍ത്തുന്നതും , മറ്റൊരിടത്തു ലേലം ചെയ്ത്, സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്യുന്നത്‌, ബൂലോഗത്തിന്റെ തന്നെ നിലനില്‍പ്പിനു ഭീഷണിയല്ലേ?

    കടാലാസുണ്ടായാലേ ചിത്രം വരയ്ക്കാന്‍ പറ്റൂ. വരയ്ക്കുന്നതില്‍ പിഴവുവന്നാലും നല്ല ചിത്രകാരന്, അതു തിരുത്താന്‍ കഴിയും. ആദ്യം കടലാസ്‌ , ആരും വലിച്ചുകൊണ്ടുപോകാതെ നോക്കണമല്ലോ.

    [വ്യക്തിയോടുള്ള മറുപടിയല്ല, ചില ആശയങ്ങളില്‍, എനിയ്ക്കുള്ള അഭിപ്രായം. അത്രേയുള്ളൂ:-)]

    ReplyDelete
  14. സിബു പറഞ്ഞതിനോട് അനുകൂലിക്കുന്നു

    qw_er_ty

    ReplyDelete
  15. ഒരു പൊതു പ്രശ്‌നത്തിന്‌ നേതൃത്വം ഏറ്റെടുക്കുന്ന വ്യക്തികളുടെ സമീപനങ്ങളെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആയിക്കാണുന്നതില്‍ എനിക്ക്‌ യോജിപ്പില്ല. ദിവായുടേയും കുമാറിന്റേയും പോസ്റ്റുകളില്‍, അവരുടെ അഭിപ്രായങ്ങള്‍ക്ക്‌ അനുകൂലമായി പ്രതികരിച്ചവരെല്ലാം ഇങ്ങനെ വ്യക്തിപരമായ വീക്ഷണങ്ങള്‍ വെച്ചു കൊണ്ടാണ്‌ അത്‌ ചെയ്തത്‌ എന്ന് സിബു വിശ്വസിക്കുന്നുവെങ്കില്‍, എനിക്കൊന്നും പറയാനില്ല.


    എനിക്ക്‌ മനസ്സിലാവാത്തതും അംഗീകരിക്കാന്‍ പറ്റാത്തതുമായ ഒരു ചിന്താഗതിയാണ്‌ ഇത്‌.

    സിബു, ഈ ചോരണമാരണ പ്രതിഷേധം സംബന്ധിച്ച്‌ ബൂലോഗത്തെ നാലായി തിരിക്കാം.

    എ) യാഹൂവിനെ മുട്ടു കുത്തിക്കാന്‍ സാധിക്കില്ല എന്നും അതു കൊണ്ട്‌ പ്രതിഷേധങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും വിശ്വസിച്ച്‌ ഇതില്‍ നിന്ന് വിട്ടുനിന്നവര്‍ - ഇക്കാസിനെപ്പോലെ.

    ബി) യാഹൂ ഉടന്‍ മാപ്പു പറയുമെന്നും, അത്‌ ബൂലോഗത്തിന്റെ വന്‍വിജയമാവുമെന്നും യഥാര്‍ത്ഥത്തില്‍ ആവേശം കൊണ്ട്‌, വളരെ ആക്റ്റീവ്‌ ആയി പ്രതിഷേധിച്ചവര്‍.

    സി) ഈ സംഭവത്തില്‍ യാഹൂ മാപ്പ്‌ പറഞ്ഞില്ലെങ്കിലും, ഈ പ്രതിഷേധം എല്ലാവര്‍ക്കും പ്രതീകാത്‌മകമായ ഒരു താക്കീത്‌ ആവുമെന്നും നാളെ ബ്ലോഗില്‍ നിന്ന് ഒരു സൃഷ്ടി അടിച്ചു മാറ്റുന്നതിന്‌ മുന്‍പ്‌ ആരായാലും പത്തു വട്ടം ആലോചിക്കുമെന്നും വിചാരിച്ച്‌ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍. മുകളില്‍ ജ്യോതി ടീച്ചര്‍ പറഞ്ഞ കടലാസ്‌ ഉണ്ടാവുമെങ്കിലേ ചിത്രമെഴുതാനാവൂ എന്ന് ബോധമുള്ളവര്‍. ഞാനടക്കമുള്ള ഭൂരിപക്ഷം ഈ വിഭാഗത്തിലാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

    ഡി) എന്താണ്‌ നടക്കുന്നതെന്നോ, ഇതിന്റെ അവസാനം എന്തായിരിക്കുമെന്നോ, എന്താണ്‌ ഉദ്ദേശമെന്നോ വ്യക്തതയില്ലാത്ത സംശയാലുക്കള്‍.

    വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം ഈ അധ്യായം ഇവിടെ കഴിഞ്ഞു. ചോരണമാരണത്തില്‍ ബൂലോഗം വെറുതേയിരിക്കില്ല എന്ന സന്ദേശം, മറ്റ്‌ കള്ളന്‍സ്‌-ഇന്‍-മേക്കിംഗില്‍ എത്തിക്കഴിഞ്ഞു. പക്ഷേ, എല്ലാവരേയും സംബന്ധിച്ച്‌ അങ്ങിനെയായിരിക്കണം എന്നില്ല വീക്ഷണം. ഇനി എന്ത്‌ എന്ന ചോദ്യം അങ്ങിനെ C വിഭാഗത്തിലുള്ള ചിലരിലും D വിഭാഗത്തിലുള്ള എല്ലാവരിലും അവശേഷിക്കുന്നുണ്ട്‌. ഇവരെയാണ്‌ ദിവാ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കാര്യങ്ങള്‍ക്ക്‌ വ്യക്തതയുള്ളവര്‍ അത്‌ വിശദീകരിച്ചു കൊടുക്കുന്നതു കൊണ്ട്‌ ഒരു തെറ്റുമില്ല. അങ്ങിനെ തന്നെയാണ്‌ വേണ്ടതും. വിശ്വേട്ടന്റെ അങ്ങനെയുള്ള ഒരു പോസ്റ്റിലൂടെയാണ്‌ മടിച്ചു നിന്ന പലരും സമരത്തില്‍ പങ്കാളികളായത്‌ എന്ന് കൂടി ഓര്‍ക്കുക.

    സിബു നേരത്തെ ഒരു കമന്റില്‍ പറഞ്ഞത്‌ ശരിയാണ്‌. ബൂലോഗം പട്ടാളമോ, എഴുപതിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ അല്ല. പൊതുവായ വിഷയങ്ങളില്‍ പക്ഷേ, "വ്യക്തിത്വത്തിന്റെ പരമകാഷ്ഠ" അത്ര ഉപയോഗപ്രദമായിരിക്കണമെന്നില്ല. അത്തരം കാര്യങ്ങള്‍ക്ക്‌ കാര്യവിവരവും പക്വതയുമുള്ള ഒന്നോ രണ്ടോ പേര്‍ നേതൃത്വം കൊടുക്കുന്നത്‌ തന്നെയല്ലേ നല്ലത്‌?

    ReplyDelete
  16. കേസ് 1: ദിവായ്ക്ക്‌ ഈ പ്രശ്നത്തില്‍ ഇന്‌വോള്‍ഡ് ആവണമെന്നുണ്ടോ? ഉണ്ടെങ്കില്‍ ദിവാ തന്നെ പറയൂ എന്തു ചെയ്യണമെന്ന്‌.
    കേസ് 2: ദിവായ്ക്ക്‌ ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ താത്പര്യമില്ല എന്നാണെങ്കില്‍ പിന്നെ, ഇതെന്തിന് ചോദിച്ചു. ദിവാ കമ്മ്യൂണിറ്റിയുടെ ഭാഗമേ അല്ല.


    മുകളിലത്തെ കമന്റില്‍ ആദ്യത്തെ ഖണ്ഡിക കഴിഞ്ഞുള്ള ഭാഗങ്ങള്‍ ഈ ഉദ്ധരിച്ചതിന്‌ മറുപടി ആയി എഴുതിയതാണ്‌

    ReplyDelete
  17. സിബുവിനോടും യോജിക്കുന്നു. ഇഞ്ചിയോടും കുമാറിനോടും ദിവായോടും യോജിക്കുന്നു. കാരണം എല്ലാവരുടേയും ഉദ്ദേശം നന്മയാണെന്നു് കരുതുന്നതു് കൊണ്ടു് തന്നെ.
    പ്രതികരിച്ചവരെ നാലായോ നാല്‍പതായോ തിരിക്കാന്‍ പറ്റില്ല. ഓരോരുത്തരും താന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതിനനുസരിച്ചു് തന്റെ സ്വന്തം ഇഷ്ടപ്രകാരം പ്രതികരിച്ചവരാണു്. അവരെ ലേബലിട്ടു് തിരിക്കരുതേ !

    ReplyDelete
  18. റാല്‍മി, ഞാന്‍ തിരിച്ചത്‌ പ്രതികരിച്ചവരേയല്ല, ബൂലോഗത്തെയാണ്‌. കാര്യങ്ങള്‍ക്ക്‌ വ്യക്തത ഇല്ലാത്തതു കാരണം സംശയാലുക്കളായ- എന്നാല്‍ വിഷയത്തോട്‌ താത്‌പര്യവും, പ്രതികരിക്കാന്‍ മനസ്സും ഉള്ള - ചിലര്‍ കൂടി ഉണ്ടെന്ന് പറയാന്‍ മാത്രമായിരുന്നു അത്‌.

    ReplyDelete
  19. ദിവായ്ക്ക്‌ ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ താത്പര്യമില്ല എന്നാണെങ്കില്‍ പിന്നെ, ഇതെന്തിന് ചോദിച്ചു. ദിവാ കമ്മ്യൂണിറ്റിയുടെ ഭാഗമേ അല്ല

    ഇത് നുമ്മടെ സഖാവ് ബുഷ് പണ്ട് മുഷറഫ് അണ്ണനോട് കാച്ചിയ ഡയലോഗില്‍ നിന്ന് ‘പ്രചോദനം’ കിട്ടിയ പോലുണ്ട്. അതിന് ഇനി കോപ്പിറൈറ്റ് പുലിവാലാവുമോ?

    സിബുച്ചേട്ടാ,
    വെല്‍ക്കം റ്റു ഊട്ടി.. നൈസ് റ്റു മീറ്റ് യൂ.. :-)

    ReplyDelete
  20. ദില്‍ബൂ.. ബിഹേവ്‌ യുവര്‍സെല്‍ഫ്‌... നോട്ട്‌ ഫോര്‍ ചില്‍ഡ്രന്‍.... കുട്ടികള്‍ക്ക്‌ ഇതിലൊക്കെ ഇടപെടാണ്ടെ ഇരുന്നൂടേ? ബ്ബഹുമാനം വേണം ബഹുമാനം......
    (I Pod I Pod)

    ReplyDelete
  21. സിബൂ, ഏതായാലും പ്രതിഷേധത്തിന്റെ പിറ്റേന്ന് തന്നെ ഇഞ്ചിയ്ക്ക് ജാമ്യമെടുത്തുകൊടുത്തത് നന്നായി.
    നിങ്ങളുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ കടുത്ത ദേഷ്യം തന്നെയാണ് തോന്നിയത്.ഒരു കാര്യം എല്ലാവര്‍ക്കും അറിയാം.നിങ്ങളെ പ്പോലെയുള്ള പല മുതിര്‍ന്ന ബ്ലോഗര്‍മാരും പ്രതിഷേധ പോസ്റ്റിടുകയും ഈ പ്രശ്നത്തില്‍ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കണമെന്നും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതിനാല്‍ തന്നെയാണ് മിക്ക ബ്ലോഗര്‍മാരും അണിനിരന്നത്.ഇപ്പോള്‍ നിങ്ങള്‍ ഈ പോസ്റ്റിട്ടു കൊണ്ട് 'നാളെ ഞങ്ങളൊന്നും നിങ്ങള്‍ക്കൊരു പ്രശ്നം വന്നാല്‍ കൂടെ കാണില്ല,പറഞ്ഞേക്കാം 'എന്നൊരു ധ്വനി ഈ പോസ്റ്റില്‍ അടക്കി വെച്ചിട്ടുണ്ട്.കണ്ണൂസ് പറഞ്ഞത് വായിക്കൂ.ഈ പ്രതിഷേധത്തില്‍ മുന്‍ കൈയെടുത്ത പലരോടും വിയോജിപ്പുണ്ടായിട്ടും എനിക്കറിയുന്ന പല ബ്ലോഗര്‍മാരും ഇതൊരു കൂട്ടായ്മയായിക്കണ്ട് പോസ്റ്റിട്ടവരാണ്. അത്തരുണത്തിലും
    നേതൃത്വം നല്‍കിയ ചിലര്‍ ഉള്ള വിയോജിപ്പുകള്‍ കൂട്ടുന്ന തരത്തില്‍ കമന്റിടല്‍ തുടര്‍ന്നു.ആ മുറിവുകളൊന്നും കൂടാതെ കിടക്കുന്നു.അതില്‍ ഈ നേതൃത്വം നല്‍കിയ സിംഹങ്ങളൊന്നും ഒരു താല്പര്യവും കാണിച്ചതുമില്ല.

    ReplyDelete
  22. ഇത്‌ നാം മലയാളികളുടെ പൊതുവെയുള്ള മാനസികപ്രശ്നമാണെന്നു തോന്നുന്നു..

    ...നമുക്ക്‌ നമ്മുടെയിടയിലുള്ള മറ്റൊരാളെ അംഗീകരിയ്ക്കുക എന്നുള്ളത്‌ കുറച്ച്‌ വിഷമമുള്ള കാര്യമാണ്‌......അതുകൊണ്ടുതന്നെ നല്ലകാര്യം ചെയ്യുമ്പോള്‍ പ്രോല്‍സാഹനമൊക്കെ ശരിയ്ക്കും ലഭിയ്ക്കുകയെന്നത്‌ കുറെയൊക്കെ അതാതു സമയത്തെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു... പക്ഷേ.നിന്ദിയ്ക്കാതെയിരിയ്ക്കുക എന്നത്‌ നാം മനസ്സിരുത്തിയാല്‍ നടപ്പാക്കാവുന്നതേയുള്ളൂ....(ആരെങ്കിലും ഇവിടെ നിന്ദിച്ചു എന്ന് വിവക്ഷയില്ല..)..

    ...ആ മനസ്സാണ്‌ ഇക്കാര്യത്തില്‍ നമുക്കേവര്‍ക്കും ഇപ്പോള്‍ ഉണ്ടായിരിയ്ക്കേണ്ടത്‌..പ്രത്യേകിച്ചും, ഇത്‌ പുറംലോകത്തും ചര്‍ച്ചാവിഷയമായ സ്ഥിതിയ്ക്ക്‌....

    ..ഇഞ്ചിയെപ്പോലുള്ളവര്‍ ഇനിയും ഇത്തരം പൊതു പ്രശ്നങ്ങളുമായി മുന്നോട്ടുവരട്ടെ...നമുക്കവരോടൊപ്പം നില്‍ക്കാം .ജയാപജയങ്ങള്‍ തല്‍ക്കാലം അവിടിരിയ്ക്കട്ടെ....

    ReplyDelete
  23. സിബൂ‍ :)

    എന്റെ കമന്റ് ആവര്‍ത്തിക്കാം. :)

    ആദ്യമേ തന്നെ വ്യക്തമായി ഞാന്‍ പറഞ്ഞതുപോലെ, ഒരു ബ്ലോഗര്‍ പങ്കെടുത്തോ ഇല്ലയോ എന്നത് ഇവിടെ ആര്‍ക്കും ഒരു വിഷയമേ അല്ല. I dont think anybody care if Inchi participated or not. Why would they ? Inchi is JUST ANOTHER BLOGGER, like everyone else.

    അതിനു പകരം, കമ്യൂണിറ്റിയുടെ പേരില്‍ ആഹ്വാനം ചെയ്യുമ്പോഴാണ് കമ്യൂണിറ്റിയുടെ പ്രയോറിറ്റി നോക്കേണ്ടി വരുന്നത്.

    കണ്ണൂര്‍ ജില്ല മുഴുവന്‍ ദിവസവും ഭക്ഷണം പാകം ചെയ്യുന്ന രീതി ഒരു പോര്‍ട്ടലില്‍ കണ്ടതിനെ എതിര്‍ക്കുന്നതിനു പകരം എന്തുമാത്രം നല്ല കാര്യങ്ങള്‍ വേറെ കിടക്കുന്നു

    ഇന്നലെ രാത്രി വൈകി വീണ കമന്റുകള്‍ കണ്ടില്ല. ഇപ്പോഴാണെങ്കില്‍ ഓഫീസില്‍ പോകുകയും വേണം. വൈകിട്ട് തിരിച്ച് വന്നിട്ട് പങ്കുചേരാം. ചര്‍ച്ച നടക്കട്ടെ.

    ഇത്രയും ആയ സ്ഥിതിയ്ക്ക്, പല തവണ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു

    :)

    ദേ സ്മൈലി ഇട്ടിട്ടുണ്ട് കേട്ടോ. ഇനി കാണുമ്പോള്‍ എന്നെ ചീത്ത വിളിയ്ക്കരുത് ഹ ഹ :)

    സസ്നേഹം

    ദിവാ

    ReplyDelete
  24. ഈശ്വരാ, സിബു ചേട്ടാ...!! grrrrr...

    ഇവിടെ ഒരു ഓഫ് വെക്കുന്നു.
    എന്തായാലും ഇതുകൊണ്ട് കണ്ണൂസേട്ടന്‍ പറയുന്നത് കേള്‍ക്കാന്‍ പറ്റിയല്ലൊ. കണ്ണൂസേട്ടാ വിശാലേട്ടന്റേയും, ശ്രീജിത്തിന്റേയും കമന്റിനു എന്തൊക്കെയാണ് നിങ്ങള്‍ പറയുന്നതിലെ പ്രശ്നങ്ങള്‍ എന്ന് വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്തതെന്നായിരുന്നു എന്റെ ഇതു വരെയുള്ള വിശ്വാസം. അത് അസഹിഷ്ണുതാ കമന്റായിരുന്നു എന്ന് എനിക്കിപ്പോള്‍ കണ്ണൂസേട്ടന്റെ ഈ കമന്റ് വായിച്ചപ്പളാണ് മനസ്സിലായത്.

    പ്രശ്നം ഇതാണെന്ന് തോന്നുന്നു. ശ്രീജിത്തും വിശാലേട്ടനും എഴുതിയ അവസാനത്തെ വരികളായ.. നിങ്ങള്‍ക്ക് ശാപം കിട്ടും, പാമ്പായി ഈ ശാ‍പം പിന്നീട് നിങ്ങളെ കൊത്തും. എന്നൊക്കെയുള്ള വരികള്‍ ശരിക്കും പേടിപ്പിക്കുന്നതായിരുന്നു. അതുപോലെ ആ ശാപം എന്ന വാക്ക് കണ്ടപ്പോള്‍ വിവേക് വികാര്‍ ചോപ്രാകളുടെ ഒരു പ്രശ്നമായിരിക്കും എന്റെത്. എനിക്ക് ശാപം എന്ന വാക്കേ ഇഷ്ടമല്ല.. നല്ലോണം പേടിയാണ് താനും.

    എന്തായാലും, വിശാലേട്ടനോടും ശ്രീജിത്തിനോടും പ്രത്യേകം പ്രത്യേകമായി മാപ്പ് ചോദിക്കുന്നു. ഇത്രയും ദിവസം ഇത് കൊണ്ട് നിങ്ങള്‍ വിഷമിച്ചതിനും മാപ്പ് ചോദിക്കുന്നു. എന്റെ തെറ്റ് ഇങ്ങിനെ കൃത്യം പറഞ്ഞപ്പോള്‍ മാത്രമേ എനിക്ക് മന‍സ്സിലയുള്ളൂ. പണ്ട് ചിന്താ പ്രശ്നത്തില്‍ ഉമേഷേട്ടന്‍ ഒരു ഡോസ് തന്നതുപോലെ. :)

    ഇനി ഞാനീ പ്രശ്നത്തെ കണ്ടത് എങ്ങിനെ എന്നും കൂടി വിശദീകരിക്കാം. പ്രത്യേകം പറയുന്നു ഇതൊരു ഉദാഹരണം മാത്രം, ആരും ഇങ്ങിനെ ചെയ്തു എന്നല്ല. എന്റെ മനസ്സില്‍ ഈ പ്രശ്നം ഇപ്പോഴും ഇങ്ങിനെയാണ്.

    ഒരു പെണ്‍കുട്ടി പട്ടാപ്പകല്‍ ഒരു താലി മാലയും ഇട്ട് നടക്കുകയാണ്. അത് ഒരു ഇടവഴിയില്‍ വെച്ച് ഒരു കള്ളന്‍ മോഷ്ടിച്ചു. അപ്പോള്‍ കാണികള്‍ പല പല ന്യായങ്ങള്‍ പറയുന്നു. പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടി ഇറങ്ങി നടക്കാന്‍ പാടില്ലായിരുന്നു, മാല സ്വര്‍ണ്ണം പെണ്‍കുട്ടി ഇടാന്‍ പാടില്ലായിരുന്നു, കള്ളന്റെ വയറ്റിപ്പിഴപ്പിനു വേണ്ടിയല്ലെ...അങ്ങിനെ. പക്ഷെ അതാണൊ ശരിക്കും വേണ്ടത്? കള്ളന്റെ ശല്ല്യം ഇല്ലാതാ‍ക്കി മനുഷ്യനു സ്വതന്ത്രമായി നടക്കുകയല്ലേ വേണ്ടത്? അങ്ങിനെയല്ലെ അതിനു വേണ്ടി ചിന്തിക്കേണ്ടത്? അല്ലെങ്കില്‍ ഒരു സമൂഹത്തില്‍ നിയമങ്ങള്‍ക്ക് എന്തു പ്രസക്തി? അതു മാത്രമല്ല, ഏറ്റ അപമാനത്തിനും മുറിവിനും ആ പെണ്‍കുട്ടി ഇരുന്ന് വിഷമിക്കുമ്പോള്‍ കള്ളന്റെ ന്യായങ്ങള്‍ പറയാന്‍ വരുന്നവരോട് ആ പെണ്‍കുട്ടി അല്‍പ്പം കയര്‍ത്ത് സംസാരിക്കുനതില്‍ അതില്‍ തെറ്റുണ്ടൊ? എനിക്കത് ശരിക്കും തോന്നുന്നില്ല. കാരണം, ആ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ അല്ല വെറും അഭിപ്രായം പറയുന്ന കാണികള്‍. കാണികള്‍ക്ക് അത് വെറുമൊരു കമന്റോ അഭിപ്രായമോ ആണ്. ഒരു പത്ത് മിനുട്ടില്‍ കൂടുതല്‍ അത് അവരെ ബാധിക്കുന്നില്ല. എന്നാല്‍ അപമാനിക്കപ്പെട്ടവള്‍ക്ക് അതെല്ലാം കൊള്ളുന്നത് നെഞ്ചിലും... ഇങ്ങിനെയാണ് ഞാനീ പ്രശ്നത്തെ കണ്ടത്. ചിലപ്പോള്‍ ഇതൊരു എക്സ്റ്റ്രീം ഉദാഹരണമായിരിക്കാം. പക്ഷെ അങ്ങിനെ ഞാനിതിനെ കാണുന്നതുകൊണ്ടാവും എനിക്കിത്രേം ലോവര്‍ ബോയിലിങ്ങ് പോയിന്റ്. :) ഇങ്ങിനെയൊന്നും ഇതിനെ കാണണ്ടായിരിക്കും. പക്ഷെ എന്തൊ.....

    പിന്നേയും ശ്രീജിത്തിനോടും വിശാലേട്ടനോടും പ്രത്യേകം പ്രത്യേകം പിന്നേയും ക്ഷമ ചോദിക്കുന്നു.

    ഇനി എന്തൊക്കെ സംഭവിച്ചു എന്നത് നമ്മുടെ സമരത്തിനു ശേഷം. ശരിയാണ് പങ്കെടുത്ത എല്ലാവര്‍ക്കും അതറിയാന്‍ താല്‍പ്പര്യം കാണും.
    ആക്ചുവലി ഒന്നും സംഭവിച്ചില്ല :) :) പക്ഷെ webdunia എന്ന ബ്ലോഗര്‍ സേര്‍ച്ച് ചെയ്താല്‍ ഈ സമരത്തിന്റെ ലിങ്ക്സാണ്
    സേര്‍ച്ച് റിസള്ട്ട്‍സ് മൊത്തം. yahoo + webdunia എന്ന് വെബ് സേര്‍ച്ചാണെങ്കില്‍ അത് ആദ്യത്തെ ലിങ്ക് നമ്മുടെ കോപ്പിറൈറ്റ് വയലേഷനില്‍ ചെന്നു നില്‍ക്കും. ഇതൊക്കെ ഗുണമുണ്ടാവുന്നത് പിന്നീടാണ്...മറ്റുള്ള കമ്പനികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. അവരുടെ റെപ്പ്യൂട്ടേഷനെ ബാധിക്കുന്നതാണിതൊക്കെ.

    പിന്നെ, ഈ സമരം നടത്തിയതിനു ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ഇവിടുത്തെ യു.എസ് ലെ യാഹൂ PR നേയും SAJA (South Asian Journalist Association) - യേയും ഈ സമരം കാണാന്‍ വിളിച്ചിരുന്നു. സമരത്തിനു മുന്‍പ് തന്നെ മാര്‍ച്ച് നാലാം തീയതി വരെ അവരുമായി സംസാരിച്ചിരുന്നു. സമരത്തിനു മുന്‍പ് തന്നെ എത്രയും വേഗം അവര്‍ ഒത്തു തീര്‍പ്പാക്കാം എന്ന് അവര്‍ പറഞ്ഞിരുന്നു. പക്ഷെ അവരുടെ ചില വ്യവസ്ഥകള്‍ നമ്മള്‍ അംഗീ‍കരിച്ചില്ല എന്നുള്ളതുകൊണ്ട് നമ്മള്‍ സമരത്തിനു മുന്നോട്ട് പോവുകയാണ് ചെയ്തത്.

    ഇതിന്റെ എഫക്റ്റ്സ് പെട്ടെന്ന് ഇന്ന് തന്നെയുണ്ടാവില്ല. പതുക്കെ പതുക്കയല്ലേ കാര്യങ്ങള്‍ നീങ്ങുകയുള്ളൂ. ഇതിന്റെ പുറകില്‍ ഒരുമാസമായി പലതും മാറ്റി വെച്ച് ഒരുദിവസം ഇടവില്ലാതെ പലരും പല കാര്യങ്ങളും ചെയ്തതിന്റെ ഫലം ഉറപ്പായിട്ടും കിട്ടും എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. മിനിമം നമ്മള്‍ക്കൊരു വോയ്സ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് ഞാന്‍ വിചാരിക്കുന്നു. സത്യത്തിനു എപ്പോഴും ഒരു വിലയുണ്ടല്ലൊ.

    പിന്നെ, സമരത്തില്‍ പങ്കെടുക്കാത്തവരെ മോശം വിചാരിക്കുന്നു എന്ന് പറയുന്നത് തന്നെ ശരിയല്ല. അത് അവരുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ് പങ്കെടുക്കാതെയിരിക്കുക എന്നത്. ചിലപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് അവര്‍ മുന്നിട്ട് ഇറങ്ങിയെന്നിരിക്കും. എല്ലാവര്‍ക്കും ഒരേ അഭിപ്രായമല്ലല്ലോ ഈ ലോകത്തില്‍ ഉള്ളത്.

    പിന്നെ ഇത്രയൊക്കെ വീരവാദം പറഞ്ഞെങ്കിലും യാഹൂവിനു പോടേ, പോടെ എന്ന് പറയാട്ടൊ. അങ്ങിനെ പറയോന്ന് നോക്കട്ടെ. അപ്പൊ സമരത്തിന്റെ വിജയം തന്നെ ബോധവാന്മാരാക്കുകയായിരുന്നു ലക്ഷ്യം എന്നൊക്കെ പറഞ്ഞ് തടിതപ്പാം :) ഹിഹി!
    വെറുതെ പറഞ്ഞാതാണ്. യാഹൂവിനു ഇതൊന്ന് വേഗം തീര്‍ന്നു കിട്ടിയാല്‍ മതിയെന്നുണ്ട്. കാരണം മീഡിയ ഇത് പതുക്കെ പതുക്കെ വാര്‍ത്തയാക്കുന്നുണ്ട്. അതൊരു തലവേദനയാണ് കോര്‍പ്പറേറ്റുകള്‍ക്ക്. മീഡിയ അവരെ കോണ്ടാക്റ്റ് ചെയ്ത് ഒഫീഷ്യല്‍ റെസ്പ്പോണ്‍സ് അന്വെഷിക്കുന്നുണ്ട്.

    പിന്നെ, സിബു ചേട്ടന്റെ ബ്ലോഗില്‍ ഓഫടിക്കുന്നതിനു സുഖം ഒന്ന് വേറെ തന്നെയാണ് :) :)

    ReplyDelete
  25. കണ്ണൂസിനോടും യോജിക്കുന്നു. ബൂലോഗം മൊത്തത്തില്‍ പ്രതികരിച്ചിട്ടുണ്ടു്. ആരും പ്രതികരിക്കാതെയിരുന്നില്ല. ചിലര്‍ മാത്രമേ പ്രതിഷേധിച്ചുള്ളു എന്നു് മാത്രം.

    സംശയിക്കാന്‍ നിന്നാല്‍ ആരെ വേണമെങ്കിലും സംശയിക്കാം. അതല്ലല്ലോ നല്ലതു്.
    ഇഞ്ചിയുടെ മാലമോഷണക്കഥ കൊള്ളാം. പക്ഷെ കള്ളനേ പിടിക്കാന്‍ സഹായിക്കാത്തവരേയും കള്ളന്‍ ഉപദ്രവിച്ചേക്കാം എന്നു് ഉപദേശിച്ചവരേയും കള്ളന്റെ കൂട്ടുകാരായി കാണരുതെന്നപേക്ഷ.

    ReplyDelete
  26. അപമാനിക്കപ്പെട്ടവള്‍ക്ക് അതെല്ലാം കൊള്ളുന്നത് നെഞ്ചിലും... ഇങ്ങിനെയാണ് ഞാനീ പ്രശ്നത്തെ കണ്ടത്. ചിലപ്പോള്‍ ഇതൊരു എക്സ്റ്റ്രീം ഉദാഹരണമായിരിക്കാം. പക്ഷെ അങ്ങിനെ ഞാനിതിനെ കാണുന്നതുകൊണ്ടാവും എനിക്കിത്രേം ലോവര്‍ ബോയിലിങ്ങ് പോയിന്റ്. :) ഇങ്ങിനെയൊന്നും ഇതിനെ കാണണ്ടായിരിക്കും. പക്ഷെ എന്തൊ.....

    അത് തന്നെയാണ് പ്രശ്നം എന്ന് തോന്നുന്നു. കമ്മ്യൂണിറ്റിയുടെ മൊത്തം എന്നതിന് പകരം വ്യക്തികളുടെ നെഞ്ചും കരളും കേന്ദ്രീകരിച്ച് (ഒരാള്‍ക്ക് മാത്രമല്ലല്ലോ അതൊക്കെയുള്ളൂ) ആയിപ്പോയി ഇഷ്യൂ.ഒരു ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവരൊക്കെ വെബ്ദുനിയയുടെ ചാരന്മാരായി. ഓ.. എന്നാ പിന്നെ എനിക്ക് തേങ്ങേണ് എന്ന് പറഞ്ഞ് പിന്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ, വ്യക്തിപരമായ ഈഗോയെ പിന്തിരിപ്പിക്കുന്ന കോമണ്‍ കോസ് രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു (എല്ലാവരും).

    ഇനി ഇപ്പോഴും ഇവിടെ പ്രതിഷേധിച്ചവന്മാരെല്ലാം കൂട്ടായ്മ, മറ്റവന്മാരെല്ലാം രണ്ടാം കെട്ടിലെ മക്കള്‍ എന്ന ഡയലോഗാണെങ്കില്‍... ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്ന് ഡിന്നറിന് ഡബിള്‍ ഓമ്ലറ്റും കട്ടന്‍ ചായയും കഴിക്കും എന്നേ എനിക്ക് പറയാനുള്ളൂ. :-)

    ഓടോ: അയ്യോ ഇത് സബ്-ജൂനിയര്‍ എലൊക്യൂഷന്റെ സ്റ്റേജല്ലായിരുന്നു അല്ലേ അതുല്ല്യാമ്മേ? സോറി! :)

    ReplyDelete
  27. ഏതെങ്കിലും വ്യക്തിയോട് പരുഷമായി ഞാന്‍ പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ല/ശരിയല്ല.

    പരുഷമായ പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലതു contextual cause -നെതിരേ മാത്രമൊതുങ്ങുന്നു. ഏതെങ്കിലും വ്യക്തിയെ മുന്‍‌നിര്‍ത്തിയുള്ളതല്ല അതു്.

    contextual cause-നെതിരെ തീര്‍ത്തും പരുഷമായിത്തന്നെ പ്രതികരിക്കുന്ന എന്റെ പ്രതിബദ്ധതയെ ഇവിടെ വിമര്‍ശിച്ചിട്ടും ഫലമില്ല. മനഃസാ‍ക്ഷിക്ക് നിരക്കുന്നതേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും, അതിനു പിന്നില്‍ അല്പം ധാര്‍ഷ്ട്യത്തോടെയായാലും ഉറച്ചു നില്‍ക്കും എന്നും എനിക്കുറപ്പുള്ള സ്ഥിതിക്ക്, ആ ചിന്താഗതിയെ ഇവിടെ വിമര്‍ശിച്ചാലൊട്ടും ഫലമില്ല തന്നെ.

    (ആരുമൊപ്പമില്ലെങ്കിലും തെറ്റ് തെറ്റ് തന്നെയെന്നു് കരുതാനും പ്രതിപ്രവര്‍ത്തിക്കാനുള്ള ധൈര്യവും കരുത്തും, ഈ മേല്പറഞ്ഞ “ധാര്‍ഷ്ട്യം“ നല്‍കുകയും ചെയ്യും.)


    എല്ലാറ്റിനും ഉപരി, മറ്റുള്ളവരെന്തു പറഞ്ഞുവെന്നതിനെ അടിസ്ഥാനമാക്കിയാണോ ഒരാള്‍ തന്റെ പ്രതികരണം നിശ്ചയിക്കേണ്ടതു്?

    അല്ല എന്നാണു് എന്റെ പക്ഷം.

    എങ്കിലും, അവയൊക്കെ ഏതെങ്കിലും ഒരാള്‍ക്ക് നേരേയുള്ളതാണെന്നു് അവയെന്നു തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

    കമന്റുകളോടിച്ചു വായിച്ചാല്‍, വിഷയത്തില്‍ നിന്നും അകന്നു പോയി എന്നും, ഒന്നൊന്നായി കുറ്റം പറയാനുമുള്ള ത്വര അതില്‍ പ്രകടമല്ലേ എന്നു സംശയമില്ലാതില്ല.

    നാമെന്നാണോ victims-നെ വീണ്ടും ചെളിയുടെ ആഴത്തിലേക്ക് താഴ്ത്താതിരിക്കുവാന്‍ പഠിക്കുക?
    അതാവും സിബു ഉദ്ദേശിച്ചത് --

    അവരെ തിരഞ്ഞു പിടിച്ച് ചവിട്ടിത്താഴ്ത്തുന്നതിനിടയില്‍ ഒപ്പം നാമും താഴുന്നില്ലേ?

    slightly out of context but not entirely: വായിക്കാത്തവരുണ്ടാവില്ല എങ്കിലും, നെറ്റിലെ ഒരു തമാശ ക്വോട്ടുന്നു: At an International Conference on Crustacea, specimens of various types of crabs were kept in jars in a display laboratory. Each jar was covered at the top to prevent the crabs escaping. I noticed that one jar was uncovered, and immediately rushed to the nearest technician, very alarmed indeed. "Oh, don't worry!" he told me. "Those are Indian crabs. Whenever one of them begins to escape, all the other crabs pull it down. There's not a chance of any of THEM getting out."

    ReplyDelete
  28. ഒരു കാര്യം വിട്ടു പോയി -- ഞാന്‍ പ്രതികരിച്ചുവെന്നു കരുതി എല്ലാവരും ചെയ്യണം എന്നൊന്നുമല്ല ആ എഴുതിയതിന്റെ സാരം.

    പ്രതികരക്കണമെന്നുണ്ടെങ്കില്‍ ആവാം.
    പ്രതികരക്കേണ്ടതില്ല എന്നാണെങ്കില്‍ അതുമാവാം.

    പ്രതികരിച്ചില്ല എന്നതു കൊണ്ടും കുഴപ്പമില്ല, മറിച്ചും.

    നന്ദി..! നമസ്കാരം.

    qw_er_ty

    ReplyDelete
  29. ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ blogger തന്നെ ചിത്രങ്ങളെ ചെറുതാക്കും.

    ഈ ചിത്രത്തിന്റെ ചെറിയ രൂപം ഇപ്പോള്‍ 320X240 ആണു്.

    വലിയ രൂപം 1600 X1200.

    ചിത്രം അതിന്റെ യധാര്ത്ത sizeല്‍ എങ്ങാനം വന്നാല്‍ നാട്ടിലുള്ള ബ്ലോഗന്മാര്‍ തെണ്ടിപോവൂല്ലെ!

    ReplyDelete
  30. നാടുകാര്‍ ഷെമി. പോസ്റ്റ് മാറിപ്പോയി.

    വേറേ എങ്ങോടോ എറിഞ്ഞ സാദനം ഇവിടെ വന്നു വീണു.

    ഞാന്‍ ഈ നാട്ടിലുള്ളവനല്ലെ!!!

    ReplyDelete
  31. രണ്ടാമത്തെ കമന്റില്ലായിരുന്നെങ്കില്‍ ഹൂ വാസ് റീഗല്‍ എന്ന് കരുതിയേനെ കൈപ്പള്ളീ.

    ReplyDelete
  32. ഹ..ഹ.ഹാ..കൈപ്പിള്ളീ...രണ്ടാമത്തെ കമന്റ്‌ വച്ചില്ലായിരുന്നെങ്കില്‍ ഇവിടെ നടക്കാന്‍ ചാന്‍സ്‌ ഉണ്ടായിരുന്ന പുകിലു ഓര്‍ത്തു ഞാന്‍ ചിരിച്ച്‌ ചിരിച്ച്‌ ചത്തു.

    ഇഞ്ചി കൈപ്പിള്ളിയോടും മാപ്പ്‌ പറഞ്ഞേനേ.....

    ഏവൂരാന്‍ പറയും കൈപ്പിള്ളി എന്തു പറഞ്ഞാലും ഞാന്‍ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നു.......
    ദിവാ കൈപ്പിള്ളിയോടും... ഇതിനു ശേഷം എന്തു സംഭവിക്കും എന്നു ചോദിച്ചേനേ......

    കണ്ണൂസ്‌ ഒരു പിക്സല്‍ ചാര്‍ട്ട്‌ തന്നെ ഉണ്ടാക്കിയേനേ.....

    ReplyDelete
  33. പ്രിയ സിബു,

    ഈ സംഭവത്തില്‍ ആദ്യമേ ഒരു കമന്റിട്ടെങ്കിലും ചില വ്യക്തികള്‍ അപമര്യാദയായാണു പ്രതികരിച്ചത്. തുടര്‍ന്ന് അപ്പോള്‍ പറയാനുണ്ടായിരുന്നത് ഇവിടെ എഴുതി. കഴിഞ്ഞ ദിവസം ‘കൂട്ടായ തീരുമാനമ’മനുസരിച്ച് പ്രതിഷേധ പോസ്റ്റിട്ടു.

    തീര്‍ത്തും അപക്വമായും ‘സു’താര്യതയില്ലാതെയുമാണു ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നത്. ഇത് ‍പലരെയും ‘കൂട്ടായ്മ’ എന്ന ആശയത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടയാക്കി. കമ്യൂണിറ്റി എന്നാല്‍ ‘കൂടുതല്‍ സമന്മാരുടേത്’ എന്ന ധാരണ ഉളവാക്കി. ഈ അസ്വാരസ്യം വരും നാളുകളില്‍ തീര്‍ക്കണം.

    ReplyDelete
  34. ഇതൊക്കെ വായിക്കുന്നതു കൊണ്ടു പറയുകയാ.. പുലികള്‍ മെയുന്നിടത്തു വരരുത്‌ എന്നറിയാഞ്ഞിട്ടല്ല...മുകളില്‍ riz തന്ന ലിങ്കില്‍ കൈയൊപ്പു പറഞ്ഞതില്‍ നിന്നും ദാനം കിട്ടിയതിന്റെ പല്ലെണ്ണരുതു എന്നു മനസ്സിലായി. കൈയ്യൊപ്പിന്റെ കമന്റ്‌ താഴെ..കൈയൊപ്പെ ഒരു മാസം മുന്‍പെ നിങ്ങള്‍ ഇതൊക്കെ ഗണിച്ചല്ലോ..താങ്ക്യു.

    "Quote"
    കൈയൊപ്പ് said...

    വേണ്ടതിലേറേ തെളിവ് കൈയിലുണ്ട്, വേണുവേട്ടന്, കുട്ടന്‍ മേനോന്‍ അനംഗാരി മാഷ്...

    ബന്ധപ്പെട്ടവര്‍ നേരത്തെ തന്നെ സു-വിനോട് സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായിക്കാണുമെന്ന് കരുതുന്നു. എങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണു അവരുടെ ഇപ്പോഴത്തെ താല്പര്യം. അത് അവരുടെ അംഗീകരിക്കപ്പെടേണ്ട സ്വാതന്ത്ര്യം തന്നെയാണു. എങ്കിലും ബ്ലോഗ് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചക്കു ഇത് ഗുണം ചെയ്യുമോ എന്നു ചിന്തിക്കണം.

    പുഴ മാഗസിനില്‍ മലയാളം ബ്ലോഗുകളെക്കുറിച്ച് വന്ന 'സ്റ്റോറി' ക്കെതിരെ പ്രതിലോമകരമായ ശബ്ദമുയര്ത്തിയവരാണു നമ്മള്‍. ഭൂരിപക്ഷത്തിന്റെ ശബ്ദം എന്നാല്‍ ഭൂരിപക്ഷത്തിനു ദോഷം ചെയ്യുന്നതുമാവാം എന്നു തെളിയിച്ച സംഭവം. അത് ആവര്‍ത്തിക്കാതിരിക്കട്ടെ.

    ചെറിയ തെറ്റുകള്‍ മറക്കുമ്പോഴാണല്ലോ നമ്മള്‍ കൂടുതല്‍ വലിയ ശരിയിലേക്കെത്തുന്നത്! അല്ലേ അനംഗാരി മഷേ...

    10 February 2007 07:13
    "unquote"

    ReplyDelete
  35. ഏവൂരാനേ,

    വിശ്വസിക്കുന്ന് കാര്യത്തില്‍ ധാര്‍ഷ്ട്യത്തോളമെത്തുന്ന ആത്‌മവിശ്വാസം - നല്ലതു തന്നെ.

    പക്ഷേ ചെറിയ അഭിപ്രായ വ്യത്യാസമുള്ള ആള്‍ക്കാരെ, നമ്മുടെ ഭാഗം സൌമ്യമായി മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടതെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍, എന്തു context ആയാലും. ആ ഗുണത്തിനാണല്ലോ നമ്മള്‍ പക്വത എന്നൊക്കെ പറയുന്നത്‌.

    ഉദാഹരണത്തിന്‌ കരിവേപ്പിലയില്‍ത്തന്നെ സിബു എഴുതി, "ഞാനൊക്കെ ഇവിടെ ഇരുന്ന് വാചകമടിക്കുകയേ ഉള്ളൂ. കേസ്‌ വന്നാല്‍ സു തന്നെ ഇതൊക്കെ നോക്കേണ്ടി വരും" എന്ന്. യാഹൂവിനെതിരെ കേസ്‌ കൊടുക്കുകയാണ്‌ ശരി എന്ന് ഉറച്ച്‌ വിശ്വസിക്കുകയും അതില്‍ സു വിനെ സഹായിക്കാന്‍ തയ്യാറുമുള്ള ഒരാളാണെന്നിരിക്കട്ടെ ഞാന്‍. കാര്യകാരണ സഹിതമുള്ള സിബുവിന്റെ ഈ സ്റ്റേറ്റ്‌മെന്റിനു താഴെ, " സു വിനെ നിരുത്‌സാഹപ്പെടുത്തി വഴി തെറ്റിക്കുകയാണ്‌ സിബു. അമേരിക്കന്‍ കുത്തക മുതലാളികളോട്‌ മാനസിക അടിമത്തമാണ്‌ സിബുവിന്‌" എന്നൊരു കമന്റ്‌ ഞാന്‍ എഴുതി വെക്കുന്നത്‌, എനിക്കെന്റെ വിശ്വാസം കൊണ്ട്‌ ന്യായീകരിക്കാന്‍ പറ്റുമോ?

    മറ്റൊന്ന് -- ഈ Context-ഇന്റെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ടെന്ന് തോന്നുന്നു. എന്റെ അറിവില്‍, യാഹൂ ചെയ്തതില്‍ പ്രതിഷേധിക്കണ്ട എന്ന് പറഞ്ഞത്‌ (സജീവ ബ്ലോഗര്‍മാരില്‍) രണ്ടുപേര്‍ മാത്രമാണ്‌. കമന്റുകളിലൂടേയും, സ്വന്തം ബ്ലോഗിലിട്ട പോസ്റ്റുകളിലൂടേയും ഈ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞവരാണ്‌ ബാക്കിയുള്ളവര്‍. ഈ ഞണ്ടു സിദ്ധാന്തം ബാധിക്കുന്നത്‌ സമരത്തെ ആരെങ്കിലും തുരങ്കം വെക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരെയാണ്‌. അങ്ങിനെ ആരെങ്കിലും ഏവൂരാന്റെ അറിവിലുണ്ടെങ്കില്‍ തുറന്നു പറയുക.

    കേറിപ്പോവാന്‍ ശ്രമിക്കുന്ന ഞണ്ടിനെ, പൊക്കിക്കൊടുക്കുന്നതിനിടയില്‍ " സൂക്ഷിക്കണേ, കാലു വഴുതും" എന്ന് പറഞ്ഞതും കാല്‍ വലിച്ചിടലായി തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍, ആ തെറ്റിദ്ധാരണയാണ്‌ ഞാന്‍ ഉന്നയിച്ച പ്രശ്നത്തിന്റെ കാതല്‍.

    എനിക്ക്‌ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞുവെന്ന് തോന്നുന്നു. നന്ദി, നമസ്കാരം.

    ReplyDelete
  36. ഇഞ്ചീ, ഇഞ്ചിയുടെ കമന്റ്‌ ഒരുപാട്‌ സംശയങ്ങള്‍ ദുരീകരിക്കാന്‍ സഹായിക്കും. നന്ദി.

    ReplyDelete
  37. ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതു എന്റെ പോസ്റ്റിലേക്ക് ആണല്ലോ സിബു വരുന്നത്. എന്നാല്‍ പോസ്റ്റില്‍ അതിനെ കുറിച്ച് നേരിട്ടൊരു പരാമര്‍ശവും ഇല്ല. പരാമര്‍ശിച്ചോളൂ.. എനിക്ക് പ്രശ്നം ഒന്നും ഇല്ല.

    എനിക്ക് ഇങ്ങനെ ഫ്രീ പബ്ലിസിറ്റി തരാന്‍ ഇനിയും പ്ലാന്‍ ഉണ്ടെങ്കില്‍ ഞാനും‍ ഗൂഗിള്‍ ആഡ്സ് വച്ചാലോ എന്ന് ആലോചിക്കുന്നു. അതേയ് ഈ ഗൂഗിള്‍ ആഡ്സ് മലയാളം പേജുകള്‍ക്ക് കിട്ടില്ലേ? അത് അപ്പ്രൂവ് ചെയ്യില്ലേ അവര്‍? എനി ഐഡിയ?

    ReplyDelete
  38. എന്തായാലും ദാനം കിട്ടിയ ഈ ലിങ്കിന്റെ പല്ല് എണ്ണുന്നില്ല.

    ReplyDelete
  39. ഓഹ്‌!! അത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. സിബു ക്ഷമി.

    എന്നാലും ഞാന്‍ തിരിച്ചുവിട്ട വഴി അത്ര കാടുകേറിയത്‌ അല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

    ReplyDelete
  40. കണ്ണൂസ്: "ഒരു പൊതു പ്രശ്‌നത്തിന്‌ നേതൃത്വം ഏറ്റെടുക്കുന്ന വ്യക്തികളുടെ സമീപനങ്ങളെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആയിക്കാണുന്നതില്‍ എനിക്ക്‌ യോജിപ്പില്ല."

    വ്യക്തിയിലല്ല, പ്രശ്നത്തിലാണ് കണ്ണെങ്കില്‍ സ്വീകാര്യരല്ലാത്ത വ്യക്തികളെ ഒഴിവാക്കി പ്രശ്നങ്ങളോട്‌ പ്രതികരിക്കാമല്ലോ. A എന്ന വ്യക്തി B യോട്‌ അങ്ങനെയൊക്കെ പറഞ്ഞു എന്നപേരില്‍ C തന്നെ മഥിക്കുന്ന പ്രശ്നത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നത്‌ ശരിയാണോ? (എവൂരാന്‍ പറഞ്ഞത്‌ തന്നെ)

    കണ്ണൂസ്: “ദിവായുടേയും കുമാറിന്റേയും പോസ്റ്റുകളില്‍, അവരുടെ അഭിപ്രായങ്ങള്‍ക്ക്‌ അനുകൂലമായി പ്രതികരിച്ചവരെല്ലാം ഇങ്ങനെ വ്യക്തിപരമായ വീക്ഷണങ്ങള്‍ വെച്ചു കൊണ്ടാണ്‌ അത്‌ ചെയ്തത്‌ എന്ന് സിബു വിശ്വസിക്കുന്നുവെങ്കില്‍, ..“

    അങ്ങനെയല്ല എന്റെ ധാരണ. മറിച്ച്‌ അവര്‍ ‘നന്മയെ വിധിക്കരുത്‌‘ എന്ന കണ്‍സപ്റ്റ് ഉള്ളവരല്ല എന്നാണ് എനിക്ക്‌ തോന്നിയത്‌.

    കണ്ണൂസിന്റെ കാറ്റഗറികളില്‍ ഞാന്‍ (സി)-ല്‍ പെടുമെന്നാണ് തോന്നുന്നത്‌. അതിന്റെ കൂട്ടത്തില്‍ കോപ്പിറൈറ്റിനെ പറ്റിയുള്ള അവബോധം വര്‍ദ്ധിക്കുമെന്നും ഇനിയുണ്ടാവാനിരിക്കുന്ന അനേകം കോപ്പിറൈറ്റ് പ്രശ്നങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നതിന് ഈ സംരംഭം ഒരു വഴികാട്ടിയാകും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

    കണ്ണൂസ്: “ഇനി എന്ത്‌ എന്ന ചോദ്യം അങ്ങിനെ C വിഭാഗത്തിലുള്ള ചിലരിലും D വിഭാഗത്തിലുള്ള എല്ലാവരിലും അവശേഷിക്കുന്നുണ്ട്‌. കാര്യങ്ങള്‍ക്ക്‌ വ്യക്തതയുള്ളവര്‍ അത്‌ വിശദീകരിച്ചു കൊടുക്കുന്നതു കൊണ്ട്‌ ഒരു തെറ്റുമില്ല.“

    മാര്‍പ്പാപ്പയുടെ അടുത്തുനിന്നും ചാക്രികലേഖനം വരുന്നപോലെ ഒന്ന്‌ ഇവിടെ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നറിയാമല്ലോ. എല്ലാവരും അടുത്ത കോപ്പിറൈറ്റ് വയലേഷനില്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെ പറ്റി ചിന്തിക്കുക. ഐഡിയകള്‍ പങ്കുവയ്ക്കുക. ഈ സമരത്തില്‍ കാര്യമായി പങ്കാളികളായിരുന്നവര്‍ അവരുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചാല്‍ എല്ലാവര്‍ക്കും ഉപയോഗപ്പെടും എന്നു് എനിക്ക് തോന്നുന്നു.

    കണ്ണൂസ്: “പൊതുവായ വിഷയങ്ങളില്‍ പക്ഷേ, "വ്യക്തിത്വത്തിന്റെ പരമകാഷ്ഠ" അത്ര ഉപയോഗപ്രദമായിരിക്കണമെന്നില്ല. അത്തരം കാര്യങ്ങള്‍ക്ക്‌ കാര്യവിവരവും പക്വതയുമുള്ള ഒന്നോ രണ്ടോ പേര്‍ നേതൃത്വം കൊടുക്കുന്നത്‌ തന്നെയല്ലേ നല്ലത്‌?“

    ശരിയാണ്. പക്ഷെ, അതിനൊരു നയരൂപീകരണവും മലയാളി അസോസിയേഷന്‍ സെറ്റപ്പും ബ്ലോഗില്‍ നടപ്പില്ല. എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ സ്വാഭാവികമായി തന്നെ ഒരു മൂവ്മെന്റ് ഇവിടെയുണ്ടാവും. ചിലര്‍ അതില്‍ കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറായി വരികയും ചെയ്യും. അപ്പോഴും, ‘നന്മയെ വിധിക്കരുത്‌‘ എന്നതുമാത്രം ഓര്‍ക്കുക.

    ദില്‍ബന്‍: “ഇത് നുമ്മടെ സഖാവ് ബുഷ് പണ്ട് മുഷറഫ് അണ്ണനോട് കാച്ചിയ ഡയലോഗില്‍ നിന്ന് ‘പ്രചോദനം’ കിട്ടിയ പോലുണ്ട്.“....”ഇനി ഇപ്പോഴും ഇവിടെ പ്രതിഷേധിച്ചവന്മാരെല്ലാം കൂട്ടായ്മ, മറ്റവന്മാരെല്ലാം രണ്ടാം കെട്ടിലെ മക്കള്‍ എന്ന ഡയലോഗാണെങ്കില്‍...“

    ബൂലോഗത്തില്‍ രണ്ട്‌ കമ്മ്യൂണിറ്റി മാത്രമാണെങ്കിലാണ് അത്‌ പോലെയാവുക. അങ്ങനെയല്ല, ഇവിടെ ഒരു നൂറുകമ്മ്യൂണിറ്റികളും ഓരോരുത്തരും ഒരു പത്ത്‌ കമ്യൂണിറ്റികളില്‍ അംഗങ്ങളുമാകുന്ന വളരെ ഡൈനാമിക്കായ സെറ്റപ്പാണ് എന്ന്‌ നേരത്തേ പറഞ്ഞല്ലോ. ദിവാ വിശ്വാസമര്‍പ്പിക്കാത്ത ഒരു കമ്യൂണിറ്റിയുടെ കാര്യങ്ങളില്‍ ദിവാ ഇടപെടുന്നതെന്തിന് എന്നാണ് ചോദ്യത്തിന്റെ അര്‍ഥം. മറ്റുള്ള കമ്യൂണിറ്റികളിലൊന്നും ദിവയില്ല, ദിവ ഒരു ഔട്ട്കാസ്റ്റാണ് എന്നല്ല.

    വിഷ്ണു: “ഏതായാലും പ്രതിഷേധത്തിന്റെ പിറ്റേന്ന് തന്നെ ഇഞ്ചിയ്ക്ക് ജാമ്യമെടുത്തുകൊടുത്തത് നന്നായി.“

    ജ്യാമ്യമെടുക്കാന്‍ ഇഞ്ചി നിന്ദ്യമായ പ്രവര്‍ത്തിയാണ് ചെയ്തത്‌ എന്നെനിക്ക്‌ തോ‍ന്നിയിട്ടില്ല. മറിച്ച്‌, ഇഞ്ചി വളരെ ധീരവും മാതൃകാപരവും ആയി തന്നെ, ഈ പ്രശ്നത്തില്‍ പ്രവര്‍ത്തിച്ചു. അതിന് ഇഞ്ചിയെ അഭിനന്ദിക്കേണ്ടതുണ്ട്‌ എന്നും എനിക്ക്‌ തോന്നുന്നു.

    വിഷ്ണു: “ഇപ്പോള്‍ നിങ്ങള്‍ ഈ പോസ്റ്റിട്ടു കൊണ്ട് 'നാളെ ഞങ്ങളൊന്നും നിങ്ങള്‍ക്കൊരു പ്രശ്നം വന്നാല്‍ കൂടെ കാണില്ല,പറഞ്ഞേക്കാം 'എന്നൊരു ധ്വനി ഈ പോസ്റ്റില്‍ അടക്കി വെച്ചിട്ടുണ്ട്.“

    അങ്ങനെ ഒരു ധ്വനി ഉദ്ദേശിച്ചിട്ടില്ല. പകരം പറയാനുദ്ദേശിച്ചത്‌ ദില്‍ബനോട് പറഞ്ഞത്‌ തന്നെ. കൂടാതെ, ഇവിടെ നയപരമായ തീരുമാനങ്ങളെടുത്ത്‌ മുന്നേറുന്ന ഒരു മലയാളി അസോസിയേഷനെ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അത് അസ്ഥാനത്താവും എന്നാണ് എന്റെ തോന്നല്‍. എല്ലാവരും താന്താങ്ങള്‍ക്ക്‌ തോന്നിയതുപോലെയാണ് പ്രവര്‍ത്തീക്കുക എന്ന്‌ പറയുമ്പോള്‍ തന്നെ, ഒരു അമിട്ട് പൊട്ടിയപോലെ നാനാഭാഗത്തേയ്ക്കും ചിതറിത്തെറിക്കുന്ന ഒരു സമൂഹമാവും ഇതെന്ന്‌ അര്‍ഥമില്ല. മറിച്ച്‌ നിയമങ്ങളോ പൊളിറ്റിക്സോ അല്ല, സംസ്കാരമാകണം ബ്ലോഗിലെ കമ്യൂണിറ്റികളെ ഒരുമിച്ചു നിറുത്തുന്ന ചേതനാശക്തി. സംസ്കാരം, നിയമങ്ങളേ പോലെ ഞെക്കിപ്പഴുപ്പിക്കുന്ന പഴങ്ങളല്ല; നന്നായി പഴുത്ത പഴങ്ങളെ തന്നെയാവും ഉണ്ടാക്കുക. അവിടെയാവും ബ്ലോഗിന്റെ വിജയം. ചാറ്റില്‍ നിന്നും ഓര്‍ക്കുട്ടില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗൈഡിയുടെ വ്യക്തിത്വത്തിന് വളരെ പ്രാധാന്യമുള്ളതുകൊണ്ട്‌ ഒരു കള്‍ചറും അതിനോടൊപ്പം വികാസം പ്രാപിക്കും.

    ദിവാ: “എന്റെ കമന്റ് ആവര്‍ത്തിക്കാം. :)“
    ഞാന്‍ എന്റെ കമന്റും ആവര്‍ത്തിക്കേണ്ടിവരും എന്നതിനാല്‍ ഇനിയൊന്നും പറയാനില്ല. :(


    ഇഞ്ചി: “grrrrr...“

    സോറി. വളരെ കാലമായി പറയണമെന്ന്‌ തോന്നിയ ഒരു ഐഡിയ അവതരിപ്പിക്കാന്‍ ഇഞ്ചിയെ കരുവാക്കിയതാണ്. ഇഞ്ചിക്ക്‌ ഇത്രയ്ക്കും തൊലികളയേണ്ടിവരും എന്നൊരു മുന്‍‌വിചാരമുണ്ടായിരുന്നെനില്‍ ചെയ്യില്ലായിരുന്നു :(

    ദില്‍ബന്‍: “ഒരു ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവരൊക്കെ വെബ്ദുനിയയുടെ ചാരന്മാരായി.“
    അത്തരം കമന്റുകളിലേക്കൊന്നു രണ്ട്‌ ലിങ്ക്‌ തരാമോ. ഒന്നറിഞ്ഞിരിക്കാനാണ്.

    riz: "തീര്‍ത്തും അപക്വമായും ‘സു’താര്യതയില്ലാതെയുമാണു ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നത്."
    കുറച്ചുകൂടി വിശദമാക്കാമോ? പറ്റുമെങ്കില്‍ ലിങ്കുകള്‍ തരിക. നാളെ ഇങ്ങനെയൊന്നുണ്ടാവുകയാണെങ്കില്‍ എന്തിലൊക്കെ വ്യത്യസ്തത വേണം എന്ന്‌ പറയുക. സ്പെസിഫിക്സ് ആണ് ഞാന്‍ അന്വേഷിക്കുന്നത്‌. കൂട്ടായ്മ വേണം എന്നുള്ള ജനറല്‍ സ്റ്റേറ്റ്മെന്റുകള്‍കൊണ്ട്‌ ഉപകാരമുണ്ടാവും എന്ന്‌ തോന്നുന്നില്ല.

    ReplyDelete
  41. കുമാറേ, അതാ ടെമ്പ്ലേറ്റിന്റെ കുഴപ്പമാണ്. ലിങ്ക്‌ ഫീല്‍ഡ് എനേബില്‍ ചെയ്താല്‍ സാധാരണ “in response to" എന്നോ മറ്റോ ഉള്ളൊരു ലിങ്കാണ് ഉണ്ടാവാറ്‌. ഇതില്‍ അതിങ്ങനെയായി. ഞാന്‍ പിന്നെ, എഡിറ്റ് ചെയ്യാനൊന്നും നിന്നില്ല.

    മലയാളത്തിലെ ആഡ്‌വേഡ്സ് അക്കൌണ്ടാണ് ഉദ്ദേശിച്ചതെങ്കില്‍ സപ്പോര്‍ട്ട് പോരാ എന്ന അഭിപ്രായമാണ് എനിക്ക്‌. എന്നാലും സാധ്യമാണ്.

    ആഡ്സെന്‍സ് എക്കൌണ്ടിനെ പറ്റിയുള്ള കുമാറിന്റെ അഭിപ്രായം ശരിയാണ്. സത്യത്തില്‍ എല്ലാവരും ചെയ്യേണ്ടതാണ്. വെറുതേ കിട്ടുന്ന ഡോളറെന്തിനാ കളയുന്നത്‌. ഗൂഗിളിന്റെ തന്നെ വേണമെന്നില്ല; യാഹൂവിന്റേയും ആവാം :)

    ReplyDelete
  42. അതേയ് ഈ ഗൂഗിള്‍ ആഡ്സ് മലയാളം പേജുകള്‍ക്ക് കിട്ടില്ലേ? അത് അപ്പ്രൂവ് ചെയ്യില്ലേ അവര്‍? എനി ഐഡിയ? - കിട്ടില്ല, അവരുടെ സപ്പോര്‍ട്ടഡ് ലാംഗ്വേജസിന്റെ കൂട്ടത്തില്‍ മലയാളമില്ല. ഞാന്‍ രണ്ടു തവണ ശ്രമിച്ചതാണ്. രണ്ടാം തവണ, കുറെയധികം ഇംഗ്ലീഷ് ടെക്സ്റ്റും കൊടുത്തിരുന്നു, എന്നിട്ടും നോ രക്ഷ. :(
    മലയാളം ബ്ലോഗുകളില്‍ പരസ്യം അനുവദിക്കുന്ന ആഡ്‌സെന്‍സ് പോലെ വേറെയെന്തെങ്കിലുമുണ്ടോ?
    --

    ReplyDelete
  43. സിബു, അതു ടെമ്പ്ലേറ്റിന്റെ കുഴപ്പം ആയിരിക്കും. ചിലപ്പോള്‍ അതും ആവില്ല. വേറെ എന്തെങ്കിലും ആയിരിക്കും.

    എന്തായാലും ദാനം കിട്ടിയ ആ ലിങ്ക് അങ്ങനെ തന്നെ കിടന്നോട്ടെ! അതിന്റെ പല്ലു നമുക്ക് എണ്ണാതിരിക്കാം.

    ReplyDelete
  44. ഞാന്‍ താരതമ്യേന ഒരു പുതിയ ബ്ലോഗ്ഗറാണ്.
    സിബുച്ചേട്ടന്റെ സന്ദേശം ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവര്‍ക്കും എപ്പോഴും എല്ലാ കാര്യങ്ങളും ഏറ്റെടുക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ലല്ലോ?
    ബൂലോഗകമ്യൂണിറ്റിയുടെ വേറെവിടെയുമില്ലാത്ത ഐക്യം ആദ്യമൊക്കെ എന്നെ ആഹ്ലാദിപ്പിച്ചിരുന്നു.യാഹൂവിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത് എന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമായിരുന്നു.ഹരിയോട് യോജിക്കുന്നു. Plagiarism ത്തിനെതിരേ ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഈ കാമ്പൈനിനു കഴിഞ്ഞു.
    പക്ഷെ ഇപ്പോഴത്തെ പ്രവണതകള്‍ ആശാസ്യമാണോ? ഏവൂരാന്‍ പറഞ്ഞതു പോലെ
    contextual cause നെതിരേ ആര്‍ജ്ജവത്തോടെ പ്രതികരിക്കാം. പക്ഷേ ബൂലോഗത്തിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ലേ?
    എന്തിനു ആശയങ്ങള്‍ക്കെതിരായ സമരം വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നു കയറണം? ആശയങ്ങളോടുള്ള അസഹ്ഷ്‌ണുത വ്യക്തികളെ ഉന്മൂലനം ചെയ്യുന്നിടത്തോളമെത്തണോ? അവരുടെ കരിയര്‍ നശിപ്പിക്കണോ? കുടുംബം തകര്‍ക്കണോ?
    ബൂലോഗത്തെ പ്രശ്നങ്ങള്‍ ബൂലോഗത്തു തീര്‍ത്താല്‍ പോരേ.തെറ്റുചെയ്യുന്നവനെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് ശരിയുടെ വഴിയേ നടത്താന്‍ ആര്‍ജ്ജവമുള്ളവര്‍ ബൂലോഗത്തില്ലേ?

    ReplyDelete
  45. "കുറച്ചുകൂടി വിശദമാക്കാമോ? "

    -വിശദമാക്കാം സിബു,
    പ്രധാന ലിങ്ക് കറിവേപ്പിലയിലെ കമന്റുകള്‍
    തന്നെ. അവിടെ ബന്ധപ്പെട്ട മറ്റു പേജുകളും കണ്ടെത്താം.


    നിയമത്തിനും സാങ്കേതികതക്കുമപ്പുറം ചില മൂല്യങ്ങള്‍ കൊണ്ടു മാത്രം അപാരമായ പിന്തുണ നേടാവുന്ന ഒരു സന്ദര്‍ഭത്തെ അതിന്റെ മാനങ്ങള്‍ കുറച്ച് സമീപിച്ചതാണു 'അപക്വത'. വെബ് ദുനിയയും ഇതേറ്റെടുത്ത വ്യക്തികളും തമ്മിലുള്ള ഇ.മെയില്‍/ ഫോണ്‍ സംഭാഷണങ്ങളും നിലപാടുകളും പൊതു താല്പര്യത്തിനായി അറിയിച്ചില്ല എന്നത് സുതാര്യതയില്ലായ്മയില്‍ ഒന്നും. ഞങ്ങള്‍ കണ്ടത് അനോനിക്കളെ അടുപ്പിക്കാത്ത കറിവേപ്പിലയില്‍ വെബ്ദുനിയയുടെ ഖേദപ്രകടനം അനോനിയായി കിടക്കുന്നത് മാത്രം.

    ഏറ്റവുമൊടുവില്‍ താങ്കള്‍ പറഞ്ഞ, 'നിയമങ്ങളോ പൊളിറ്റിക്സോ അല്ല, സംസ്കാരമാകണം ബ്ലോഗിലെ കമ്യൂണിറ്റികളെ ഒരുമിച്ചു നിറുത്തുന്ന ചേതനാശക്തി' എന്നു നേരത്തെ ഈയുള്ളവനും വേറൊരു വിധത്തില്‍ 'സൂ'ചിപ്പിച്ചിരുന്നു. ഇനി വന്നേക്കാവുന്ന പ്രശനങ്ങളില്‍ ('നാളെ ഇങ്ങനെയൊന്നുണ്ടാവുകയാണെങ്കില്‍ ') നമ്മുടെ ആദ്യ പരിഗണന ഈ തലത്തിനായിരിക്കണം.

    ReplyDelete
  46. ആനക്കെത്രയാ കാല് (കാലുകള്‍)?

    ReplyDelete
  47. ടെമ്പ്ലേറ്റിന് വന്ന കമ്പ്ലേന്റ് കഷ്ടം തന്നെ!

    ReplyDelete
  48. കോപ്പിറൈറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ അരോചകമായി തുടങ്ങിയിരിക്കുന്നു ഒരു കാര്യത്തെ കുറിച്ചുള്ള ബൂലോകത്തിന്‍റെ പ്രതിഷേധം 70%വും വിജയിച്ചിരിക്കുന്നു ഇനിയും ഈ ചര്‍ച്ചകള്‍ തുടര്‍ന്നാല്‍ വിജയ സൂചീക വളരെ താഴോട്ട് പോയേക്കാം കാരണം നല്ല രചനകള്‍ ഈ ചര്‍ച്ചകള്‍ കാരണം ശ്രദ്ധിക്കാതെ പോകുന്നു

    ReplyDelete
  49. മഴക്കാറു നീങ്ങി മഴ പറ്റെ പെയ്തൊഴിഞ്ഞു. ഗ്രൗണ്ട്‌ ഉണങ്ങി, നമുക്കു കളി തുടരാം.
    ഈ കൊടകരപുരാണ പ്രസാധന വേദി അതിനു സ്വാഗതമോതട്ടെ!
    ബ്ലോഗേര്‍സായ ഞങ്ങള്‍ക്കു തമ്മില്‍ ഇനി മത്സരമില്ല അതു പോലെ മഴ പെയ്തോഴിഞ്ഞിട്ടും ഇനിയും തുള്ളി തോരാത്ത പോര്‍ട്ടല്‍,അഗ്രിഗേറ്റര്‍ വന്‍മരങ്ങളോടോരു വാക്ക്‌. " നിങ്ങള്‍ പലപ്പോഴും പറയാറുള്ള ബ്ലോഗേര്‍സിന്റെ നന്മക്കു വേണ്ടിയുള്ള പരിശ്രമവും വിധേയത്വവും പുറത്തു കാട്ടാനുള്ള അവസാനത്തെ അവസരമാണിത്‌. നിങ്ങളും ആ ആയുധങ്ങള്‍ വലിച്ചെറിയൂ, എന്നിട്ടു പഴയ പോലെ ഈ ബൂലോഗത്തെ സമ്പന്നമാക്കൂ.ശാന്തമാക്കൂ,
    കോര്‍പ്പര്‍റ്റ്‌ ഭീമന്മാര്‍ക്കെതിരെ ഐതിഹാസികമായ ഒരു സമരം നടത്തി നാം ഇന്റ്‌നെറ്റിന്റെ "സൂപ്പില്‍ ലിങ്കുകളുടെ തവിയിട്ട്‌ ഒരിക്കലും പോകാത്ത ശാപവാക്കുകള്‍ ചേര്‍ത്തില്ലെ?" ഒരു മൂന്നു മുള്ളുള്ള ഫോര്‍ക്കു കൊണ്ടു കുത്തിയാല്‍ പത്തു കറിവേപ്പിലയെങ്കിലും കിട്ടുന്നതരത്തില്‍ നാം യാഹുവിനെയും വെബ്ദുനിയയെയും നാണിപ്പിച്ചില്ലേ. ഇനി മതി. ഇതില്‍ കൂടുതല്‍ നമുക്ക്‌ ഒന്നും ഇനി ചെയ്യാനില്ല.ഇത്രയായിട്ടും മാപ്പു പറയാത്ത യാഹു ഇനി എവിടെ പറയാനാണ്‌.( ആട്ടികൊണ്ടു പോകുമ്പോള്‍ പിണ്ണാക്കു തരാത്തവന്‍ വീട്ടില്‍ ചെന്നു ചോദിച്ചാല്‍ എണ്ണ തരുമോ?)
    പക്ഷെ മറ്റു ചോരന്മാര്‍ക്ക്‌ ഇതൊരു മുന്നറിപ്പായി. അതു മതി.

    അഗ്രിഗേറ്റരുകള്‍ തമ്മിലെ വടംവലി നിര്‍ത്തൂ.കമ്മ്യൂണിറ്റിയെ ആദ്യം രക്ഷിക്കൂ. കമ്മ്യൂണിറ്റിയില്ലങ്കില്‍ തെറി കേള്‍ക്കാനാരും ഇതുവഴി വന്നോളണമെന്നില്ല, കാരണം അതിനു തെറി കേള്‍ക്കാനും കാണാനും കഴിയുന്ന വേരെ നെറ്റുവഴിയുണ്ട്‌.
    പോര്‍ട്ടല്‍,അഗ്രിഗേറ്റു ചെറുമരങ്ങളെ, നിങ്ങളോട്‌ ഒരു വാക്ക്‌. പശുവിന്റെ പുറത്തിരിക്കുന്ന പക്ഷിയെപ്പോലെ, നിങ്ങള്‍ക്കു അന്നവവും ഞങ്ങള്‍ക്കു സംതൃപ്തിയും ഒപ്പം തരുന്ന പരസ്പര സഹായ ശൃംഖല സൃഷ്ടിക്കൂ.
    ഇതൊരപേക്ഷയാണ്‌.

    ReplyDelete
  50. കരീം മാഷ് പറയുന്നതേ എനിക്കും ഇതിലൊക്കെ പറയാനുള്ളൂ.

    നമുക്കെല്ലാര്‍ക്കും ഇനി സ്വല്‍പ്പം വിശ്രമിക്കാം.
    മുറിവുകള്‍ കരിഞ്ഞുണങ്ങിപ്പോവാനും കോര്‍ത്തുവെച്ച തുന്നല്‍പ്പാടുകള്‍ ചേര്‍ന്നു കൂടാനും നമുക്കിത്തിരി സമയം കൊടുക്കാം.

    കുറച്ചുദിവസത്തേക്ക് ഇനി ഒരിടത്തും ഒന്നിലും കമന്റുകളേ വേണ്ട എന്ന് തീരുമാനിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.

    ReplyDelete
  51. സിബു ഒരു സംശയം.
    എന്റെ പോസ്റ്റിലേക്ക് ലിങ്ക് വന്നത് സിബു മനപൂര്‍വ്വം കൊടുത്തതാണോ, ലിങ്ക് ഫീല്‍ഡില്‍? അതോ എന്തെങ്കിലും അബദ്ധം പറ്റിയതോ?
    വെറുതെ അറിയാന്‍ ഒരു ആകാംക്ഷ.

    ReplyDelete
  52. കുമാറേ, കണ്‌ഫ്യൂഷനില്ലാതിരിക്കാന്‍ ഞാന്‍ ടെമ്പ്ലേറ്റ് കോഡ് മാറ്റിയിട്ടുണ്ട്‌. ഇതാ അതിലേയ്ക്കുള്ള ലിങ്ക്‌:

    http://docs.google.com/Doc?id=dghjkn9p_176d8rfdx

    ReplyDelete
  53. പറയാന്‍ മറന്നു... ലിങ്ക് ഫീല്‍ഡില്‍ ഞാന്‍ മനപ്പൂര്‍വ്വം കൊടുത്തതുകൊണ്ടാണ് ലിങ്ക്‌ വന്നത്‌.

    ReplyDelete