ഏത് മാര്‍ക്കറ്റും വളര്‍ന്നുവരുമ്പോള്‍ ആദ്യം എല്ലാം ഒരേ അച്ചില്‍ വാര്‍ക്കുന്നപരിപാടിയാണ് ചെയ്യുക (globalization). അത് പ്രൊഡക്ഷന്‍ കോസ്റ്റ് കാര്യമായി കുറയ്ക്കുന്നു. എല്ലാവരും അത് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ, മാര്‍ക്കറ്റ് അടുത്ത ഫേസിലേയ്ക്ക് കടക്കുന്നു - ലോക്കലൈസേഷന്‍. കസ്റ്റമറിന്റെ സംസ്കാരത്തോട് കഴിയാവുന്നത്ര ചേര്‍ന്നു നില്‍ക്കുക എന്നതാണ് അതിന്റെ തത്വം. വിലകുറയ്ക്കാന്‍ ഏത് പോലീസിനും പറ്റും എന്നാല്‍ കസ്റ്റമറിന് കൃത്യം ആവശ്യമുള്ളത് കൊടുക്കാന്‍ കുറച്ചുകൂടി അധ്വാനം വേണം എന്നുതന്നെ.
കമ്പ്യൂട്ടറില്‍ അത് ചെയ്യുന്നതിനെ ഇന്റര്‍നാഷണലൈസേഷന്‍, ലോക്കലൈസേഷന്‍ എന്നീവാക്കുകളാല്‍ പറയാറുണ്ട്. അതില്‍ ഉള്‍പ്പെടുന്നവയാണ് ഓരോ സംസ്കാരത്തിനനുസരിച്ച് മാറുന്ന:
* ലിപി: കമ്പ്യൂട്ടറില്‍ ലോകത്തിലെ എല്ലാ ലിപിയും എഴുതുകയും വായിക്കുകയും ചെയ്യാനാവണം. അതു് തന്നെ, ചിലര്‍ ഇടത്തുനിന്ന് വലത്തോട്ടെഴുതുമ്പോള്‍ മറ്റുചിലര്‍ വലത്ത് നിന്നും ഇടത്തോട്ടേയ്ക്കാണ് എഴുതുന്നത്.
* കൊലേഷന്‍: ഡിക്ഷ്ണറിയില്‍ വാക്കുകള്‍ സോര്‍ട്ട് ചെയ്യുന്ന രീതി. അബുഗിഡ എന്ന വിഭാഗത്തില്‍ പെടുന്ന ലിപിയാണ് മലയാളമെങ്കിലും വാക്കുകള്‍ സോര്‍ട്ട് ചെയ്യുമ്പോള്‍ ഫൊണറ്റിക് രീതിയാണ് ഉപയോഗിക്കുന്നത്. സ്പാനിഷുകാര്‍ 'ch'-നെ ഒരു അക്ഷരമായി കരുതി സൊര്‍ട്ട് ചെയ്യുന്നു.
* തീയതികള്‍: ഇന്ത്യക്കാര്‍ ഇന്നത്തെ ദിവസം 28/3/2007 എന്നെഴുതുമ്പോള്‍ അമേരിക്കക്കാര്‍ അത് 3/28/2007 എന്നും ജപ്പാന്‍കാര്‍ 2007/3/28 എന്നും എഴുതും.
* കലണ്ടറുകള്‍: എല്ലാവരും ഇന്നത്തെ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കുന്നവരാണെങ്കിലും, പിറന്നാള്‍ ഉത്സവം എന്നിവയ്ക്ക് മലയാളം കലണ്ടറും നോക്കാറുണ്ടല്ലോ.
* നിറങ്ങള്‍: നമുക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് പൊങ്ങുന്നത് പച്ചയും താഴുന്നത് ചുവപ്പും ആണെങ്കില്‍, ചൈനക്കാര്‍ക്ക് അത് തിരിച്ചാണ്: ഉയരുന്നത് ചുവപ്പും താഴുന്നത് പച്ചയും.
ഇതുപോലെ, അനവധി കാര്യങ്ങളുണ്ട് - സംഖ്യകളെഴുതുന്ന രീതി, നാണയങ്ങള്‍, ടൈംസോണുകള്‍...
ഇതെല്ലാം ഓരോ സംസ്കാരത്തിനനുസരിച്ച് തരംതിരിച്ചെഴുതിവച്ച് കമ്പ്യൂട്ടറിലെ എല്ലാ അപ്പ്ലിക്കേഷനുകള്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ആക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഈ കാര്യം ചെയ്യുന്ന യുണീക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ സ്റ്റാന്റേഡാണ് CLDR എന്നറിയപ്പെടുന്നത്. ഈ ഏപ്രില്‍ 29 വരെയുള്ള കാലയളവില്‍ ഈ വിവരങ്ങളെല്ലാം പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. അതിനോടനുബന്ധിച്ചിറക്കിയ പത്രക്കുറിപ്പിതാ. ഇതില്‍ നമ്മളോരോരുത്തരും നമുക്കറിയാവുന്നവ എഴുതിയിടേണ്ടതുണ്ട്. അത് എങ്ങനെയാണ് എന്നാണ് പറയാന്‍ പോകുന്നത്.
ആദ്യം ഈ ലിങ്കില്‍ പോയി, Type of Message എന്നത് CLDR submitter ID എന്നും സബ്ജക്റ്റില്‍ “Request locale ml_IN (Malayalam)“ എന്നും കൊടുത്ത് ഒരു ലോഗിന്‍ സമ്പാദിക്കുക.
അതിനുശേഷം, മലയാളം സെക്ഷനിലേയ്ക്ക് പോവുക. അവിടെയുള്ള ലാംഗ്വേജസ്, സ്ക്രിപ്റ്റുകള്‍ എന്നീ ഏത് ലിങ്കിലും ക്ലിക്ക് ചെയ്ത് പണിതുടങ്ങാം.
ഇതില്‍ ലാംഗ്വേജസില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പേജ് കിട്ടും.
ഇതിലെ മഞ്ഞ ഐക്കണിന്റെ അര്‍ഥം, ആ എന്‍റികളില്‍ എന്തോ പ്രശ്നമുണ്ടെന്നാണ്. സത്യത്തില്‍ ഇല്ല. അവയില്‍ ചില്ലക്ഷരം എഴുതാന്‍ ജോയിനര്‍ ഉപയോഗിച്ചതുകൊണ്ടാണ് അങ്ങനെ. ഇന്ന് ജോയിനറുപയോഗിച്ചല്ലാതെ ചില്ലക്ഷരം എഴുതാന്‍ വേറേ വഴിയില്ല. (നാളെ അങ്ങനെയല്ല. പക്ഷെ, അത് നാളെ :) അതുകൊണ്ട് അത് മൈന്‍ഡ് ചെയ്യേണ്ട. ഓരോ ഐക്കണില്‍ ക്ലിക്ക് ചെയ്താലും കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
ഇടതുവശത്ത് വട്ടമുള്ള ആദ്യത്തെ കോളം ആണ് ഇന്നത്തെ സ്റ്റാന്റേഡില്‍ ഉള്ളത്. അത് ചുവന്നിരിക്കുന്നതിന്റെ അര്‍ഥം, അത് ആസപ്റ്റബിള്‍ അല്ല എന്നാണ്. പ്രപോസലാണ് രണ്ടാമത്തെ അതുപോലുള്ള കോളം. ഈ രണ്ട് കോളങ്ങളിലൊന്നാണ് ശരിയെങ്കില്‍ ആ വട്ടത്തില്‍ ക്ലിക്ക് ചെയ്യുക(ഉദാഹരണം: ബംഗാളി). സേവ് ചെയ്യുക. ഇതു് രണ്ടുമല്ല ശരിയെങ്കില്‍ വലത്തെ അറ്റത്തെ കോളത്തില്‍ ശരിയായതെഴുതി സേവ് ചെയ്യുക. (ഉദാ: west frisian).
കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ ഞാനീ പോസ്റ്റ് അപ്ഡേറ്റ് ചെയ്ത് ഉത്തരമെഴുതാം.