2007-11-03

സ്വതന്ത്രസോഫ്റ്റ്വെയര്‍ എല്ലാം അല്ല

സ്വതന്ത്രസോഫ്റ്റ്വെയര്‍ എവിടെ ഇറിലവന്റാകുന്നു എന്നതാണ് ഈ ലേഖനത്തില്‍. അതിന്റെ നല്ലവശങ്ങളെ പറ്റിയുള്ള ലിങ്കുകള്‍ താഴെയുള്ള കമന്റുകളിലായി പലരും കൊടുത്തിട്ടുണ്ട്.
--

ഒരു സാധാരണ യൂസറെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒരു ധര്‍മ്മാശുപത്രി*യോടുപമിക്കാം.

ധര്‍മ്മാശുപത്രി നല്ലതാണ്. ഞാന്‍ ധര്‍മ്മാശുപത്രിയില്‍ പോകേണ്ടതിനും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതിനും തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ തന്നെ കാര്യമുണ്ട്. എന്നാല്‍ നാട്ടിലെ എല്ലാ ആശുപത്രിയും ധര്‍മ്മാശുപത്രിയാവുമോ. ഇല്ലല്ലോ. അതുപോലെ, സ്വതന്ത്രസോഫ്റ്റ്വെയര്‍ അത്യന്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ? ഇല്ല. അതിലെ വലിയൊരു പങ്കുപോലുമാവില്ല. നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കുക, ഇന്ന്‌ സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്.

സ്വതന്ത്രസോഫ്റ്റ്വെയറില്‍ പലകോഡും റീയൂസ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള കൊണ്ട് ഈ ശതമാനക്കണക്ക്‌ കിറുകൃത്യമാവില്ല എന്നുകൂടി പറഞ്ഞോട്ടേ. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിലും റീയൂസബിലിറ്റി ഇല്ലെന്ന്‌ വിചാരിക്കരുത്‌. ധാരാളം റീയൂസബിള്‍ കോഡ് പണംകൊടുത്ത്‌ വാങ്ങാന്‍ കിട്ടും. അതിന് പണത്തില്‍ കണക്കുപറയുന്നു എന്നുമാത്രം.

ഇനി ഡെസ്ക്‍ടോപ് അപ്ലിക്കേഷനുകള്‍ പലതും സ്വതന്ത്രസോഫ്റ്റ്വെയാല്‍ കുത്തകകള്‍ മുഴുവന്‍ അവരുടെ കമ്പനിപൂട്ടി വേറേ പണിക്ക് പോകുമോ? ഇല്ല. മറിച്ച്‌ ഫ്രീ ആയതിനുമുകളില്‍ ഫ്രീ അല്ലാത്തതെന്തുചെയ്യാം എന്നാലോചിക്കും. അതുണ്ടാക്കും, മാര്‍ക്കറ്റ് പിടിക്കും ... പഴയ പരിപാടി. ഈ ചക്രം ഇങ്ങനെ അനുസ്യൂതം തുടരും. BSD യുണീക്സിന്റെ മുകളിലുണ്ടാക്കിയിരിക്കുന്ന വളരെ പോപ്പുലറായ ആപ്പിള്‍ OS X ആണ് ഒരുദ്ദാഹരണം.

സ്വതന്ത്രസോഫ്റ്റ്വെയര്‍ വച്ച്‌ പറ്റാവുന്ന അത്ര പണമുണ്ടാക്കൂ എന്നു് സ്റ്റാള്‍മാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌ ഒരു സര്‍വീസ് മോഡലാണ്. അതാ‍യത്‌ സോഫ്റ്റ്വെയര്‍ സ്വതന്ത്രമാണെങ്കിലും അതിന്റെ സര്‍വീസിന് കനത്തതുക ഈടാക്കുക. നമ്മുടെ ഉപമയില്‍, ധര്‍മ്മാശുപത്രിയുടെ സ്പെഷല്‍ വാര്‍ഡില്‍ കിടക്കാന്‍ ഭീമമായ ഫീസ് ഈടാക്കുക. വീട്ടില്‍ കപ്പകൃഷി ചെയ്യുന്നവനോട്, നീ നിന്റെ വീട്ടിലെ കപ്പ ഫ്രീ ആയി പിഴുതെടുക്കാന്‍ സമ്മതിക്കൂ; നിന്റെ കിള ഉഗ്രനാണെന്നങ്ങനെ നാട്ടുകാരറിയും; അപ്പോള്‍ എല്ലാവരും നിന്നെ കിളയ്ക്കാന്‍ വിളിക്കും; അങ്ങനെ നിനക്ക്‌ അന്നത്തിന് മുട്ടുണ്ടാവില്ല എന്നു പറയുമ്പോലെ.

ഈ മോഡലിന്റെ കുഴപ്പം എന്താണെന്നുവച്ചാല്‍, ഇത്‌ പ്രായോഗികമാവുക വളരെ കോമ്പ്ലെക്സ് ആയ സോഫ്റ്റ്വെയര്‍ഘടകങ്ങള്‍ക്കാണ്. ഉദാഹരണം gcc, sun os മുതലായവ; അല്ലെങ്കില്‍ സോഫ്റ്റ്വെയറും സെര്‍വീസും ഫ്രീ കൊടുത്ത്‌ പരസ്യം മുതലായ മറ്റുകച്ചവടങ്ങള്‍ നടത്തുന്നവര്‍ക്ക്. എന്നാല്‍ വരമൊഴി (മനസ്സിലാവുന്ന ഒരുദാഹരണം മാത്രം) പോലുള്ള ചെറിയ സോഫ്റ്റ്വെയറുകള്‍ക്ക്‌ ഈ മോഡല്‍ വര്‍ക്ക് ചെയ്യില്ല. കാരണം അതിലെ പ്രശ്നങ്ങള്‍ ഫിക്സ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും എനിക്ക്‌ ഭീമമായ തുകതരേണ്ടതില്ല; ആര്‍ക്കും സാധിക്കും. പനി, ചുമ എന്നീ ചെറുരോഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ക്ലിനിക്കിന്റെ സ്പെഷല്‍ വാര്‍ഡ് കാലിയടിച്ചു കിടക്കുമ്പോലെ. സത്യത്തില്‍, 2-3 കൊല്ലം വരമൊഴിയില്‍ ഈയൊരു മോഡല്‍ പരീക്ഷിച്ചിരുന്നു. അതിന്‍ പ്രകാരം ഏതെങ്കിലും ഫോണ്ട് ചേര്‍ക്കാന്‍ 1000 രൂപയായിരുന്നു ചോദിച്ചിരുന്നത്‌. ഈ മൂന്നുകൊല്ലത്തില്‍ ഒരാള്‍മാത്രം വന്ന്‌ ഒരു ഫോണ്ടിനുവേണ്ടിയുള്ള സ്പെഷല്‍ വരമൊഴി വാങ്ങിച്ചു. അത്ര തന്നെ.

സ്റ്റാള്‍മാന്റെ ഈ വിപണനരീതിയുടെ വിരോധാഭാസം, അത്‌ പിന്തുണയ്ക്കുന്നത്‌ വലിയ കുത്തകകളെയാണ്; ചെറിയ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ അല്ല എന്നതാകുന്നു. സൂക്ഷിച്ചുനോക്കിയാല്‍, അടിസ്ഥാനപരമായി പ്രശ്നം, സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത്‌ മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്.

ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. ഞാനെഴുതിയ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍, ഞാന്‍ അതുപയോഗിക്കുന്നവനോടുചെയ്ത ഉപകാരമാണ്. അതിന് പണത്തില്‍ കണക്ക്‌ പറയുന്നത്‌ ന്യായമാണ്. ഞാന്‍ വരമൊഴി എഴുതി അതിന്റെ സോര്‍സ് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തിലിട്ടാല്‍ ലോകം കൂടുതല്‍ നല്ല സ്ഥലമാവും എന്നതൊക്കെ സമ്മതിക്കുന്നു; എന്നാല്‍ ആരാണ് എനിക്ക്‌ അരിവാങ്ങാന്‍ പൈസ തരിക? ഞാന്‍ വരമൊഴി ഉപഭോക്താവിന് ചെയ്തുകൊടുത്ത നന്മയെ അളക്കുന്നതും ഞങ്ങള്‍ തമ്മില്‍ ആ അളവിന്റെ കാര്യത്തില്‍ ചേര്‍ച്ചയിലെത്തുന്നതും നടക്കുന്നതെവിടെ വച്ച്‌? (ഇതാണ് പണവിനിമയത്തില്‍ കലാശിക്കുന്ന മാര്‍ക്കറ്റ് പ്ലേസ് നെഗോസിയേഷന്‍). കൊള്ളലാഭത്തെ പറ്റിയല്ല ഈ പറയുന്നത്‌. ചെറിയ ഉപകാരത്തിന് ചെറിയ തുക. ഉദാഹരണത്തിന് ഒരു വരമൊഴി ഉപഭോക്താവിന് 50 രൂപ എന്നു വച്ചോളൂ. ചുരുക്കത്തില്‍, സോഫ്റ്റ്വെയറെഴുതിവിറ്റ് പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല.

അതേസമയം പ്രൊപ്രൈറ്ററി മോഡല്‍ ഇവിടെ കൃത്യമായ ഒരുത്തരം തരുന്നുണ്ട്. നിന്റെ കണ്ടുപിടുത്തം പേറ്റന്റ് ചെയ്യുക, സോര്‍സ് കോഡ് കൊടുക്കാതിരിക്കുക. ഓരോ ഡൌണ്‍ലോഡിനും മാര്‍ക്കറ്റ് നിലവാരമനുസരിച്ചൊരു തുക ഈടാക്കുക. ഏതെങ്കിലും എന്‍‌ക്രിപ്ഷന്‍ മെത്തേഡു വച്ച്‌ എക്സിക്യൂട്ടബിളിനെ കോപ്പി ചെയ്യപ്പെടാതെ സംരക്ഷിക്കുക. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് അവശ്യം ഉണ്ടാവേണ്ട മാര്‍ക്കറ്റ് പ്ലേസ് ഇനിയും ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം. ചെറിയ സോഫ്റ്റ്വെയര്‍ നിര്‍മ്മതാക്കള്‍ക്ക്‌ വളരെ കുറഞ്ഞ തുകയ്ക്ക്‌ (ഉദാ: $0.50 - $10) ചെറിയ സോഫ്റ്റ്വെയര്‍ കമ്പോണന്റുകള്‍ വളരെ സുഗമമായി, സുരക്ഷിതമായി ഉപഭോക്താക്കള്‍ക്ക്‌ വില്‍ക്കാനാവുന്ന ഒരു സ്ഥലം.

നിങ്ങള്‍ തീ കണ്ടുപിടിച്ചു എന്ന്‌ കരുതുക. അതിന്റെ കോപ്പി ഗ്നൂ ഉപയോഗിച്ച്‌ നിങ്ങള്‍ വിതരണം ചെയ്യുന്നു എന്നും. വേറേ ഒരാള്‍ ആ തീ ഉപയോഗിച്ച്‌ ഓടുന്ന വണ്ടിയും കണ്ടുപിടിച്ചു. ഗ്നൂ അയാളെ ആ വണ്ടിയുടെ ടെക്നിക്ക് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. പകരം വണ്ടി മെക്കാനിക്കായി നിനക്ക്‌ ഇഷ്ടം പോലെ പൈസയുണ്ടാക്കാമല്ലോ എന്ന്‌ പറയുന്നു. തീര്‍ച്ചയായും ഇത്‌ എല്ലാവര്‍ക്കും യോജിച്ചതാവില്ല. സോഫ്റ്റ്വെയറുകളെ ധര്‍മ്മം മാത്രമായി കാണുന്ന BSD-ല്‍ ഈ താത്വികപ്രശ്നമില്ല. തീപോലെ വായുപോലെ സോഫ്റ്റ്വെയറും ഇനിയുണ്ടാവുന്ന കണ്ടുപിടുത്തങ്ങള്‍ നിങ്ങള്‍ കുറച്ചുകാലത്തേയ്ക്ക് ആര്‍ക്കും പറഞ്ഞുകൊണ്ടുക്കുന്നില്ല എന്നോ, പൈസയുണ്ടാക്കാനാണോ, എന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. അതുകൊണ്ട് തന്നെ, BSD സോഫ്റ്റ്വെയറുകള്‍, പ്രൊപ്പൈറ്ററി സോഫ്റ്റ്വെയര്‍ ഉണ്ടാക്കേണ്ടാക്കാനോ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉണ്ടാക്കാനോ ഉപയോഗിക്കാം. ഇന്ന്‌ തീയും വായുവും എങ്ങനെയാ‍ണോ അതുപോലെ സ്വതന്ത്രം. അത്‌ ഏത് രീതിയിലുമുള്ള ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഗ്നൂ സ്വതന്ത്രരീതിയിലുള്ള ഇന്നവേഷനെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. ഇന്ന്‌ മലയാളം കമ്പ്യൂട്ടിംഗില്‍ വേണ്ടത്‌ പ്രൊപ്രൈറ്ററിയോ സ്വതന്ത്രമോ എന്ന്‌ നോക്കാതെ എല്ലാ ഇന്നവേഷനേയും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. അതുകൊണ്ട് BSD ആണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്ക് കൂടുതല്‍യോജിച്ചതും.

സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഇറിലവന്റാവുന്ന മറ്റൊരു സ്ഥലം ഇനി വരുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് ആണ്. ആദ്യം മൈക്രോസോഫ്റ്റ് വേഡ് ഉണ്ടായിരുന്നു; പിന്നീട് അതിനൊപ്പം നില്‍ക്കുന്ന ഓപ്പണ്‍ ഓഫീസ് സ്വതന്ത്രസോഫ്റ്റ്വെയറിലുണ്ടായി. പക്ഷെ, നാളെ എല്ലാവരും അവരുടെ എഡിറ്റിംഗ് ആവശ്യങ്ങള്‍ നടത്തുന്നത്‌ ഇന്റര്‍നെറ്റിലാണെങ്കിലോ. മറ്റുരണ്ടും ഇറിലിവന്റായില്ലേ. ഇതുപോലെ ഓരോ സ്വതന്ത്രസോഫ്റ്റ്വെയറും ഒരു ഇറിലവന്‍സ് നേരിടുന്നുണ്ട്. നാളെ, ഡിവൈസ് ഡ്രൈവറുകള്‍ സ്വതന്ത്രമാണ് എന്ന്‌ പറയുമ്പോലെ വലിയ കാര്യമൊന്നുമില്ലാത്തതാവും സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ കാര്യവും - ക്ലൌഡ് കമ്പ്യൂട്ടിംഗില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അതിനെ സ്ഥാനം കണ്ടുപിടിച്ചില്ലെങ്കില്‍.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചര്‍ച്ചചെയ്യുന്ന ഒരനുബന്ധപ്രശ്നം സോഫ്റ്റ്വെയര്‍ പേറ്റന്റുകളുടേതാണ്. അമേരിക്കയിലെ പേറ്റന്റുകളുടെ കാലാവധി 17 വര്‍ഷം എന്നത്‌ വളരെ കൂടുതലാണ്. ഓരോ പ്രോഡക്റ്റിന്റേയും ലൈഫ്‌സൈക്കിളിന് അനുപാതികമാ‍യിരിക്കണം പേറ്റന്റ് കാലാവധി. മെഡിക്കല്‍ രംഗത്ത്‌ അത്രയും വര്‍ഷങ്ങള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് പ്രോഡക്റ്റിറങ്ങാന്‍ വേണ്ടിവന്നേക്കും. എന്നാല്‍ സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ അത്രയും വര്‍ഷങ്ങള്‍ ആവശ്യമില്ല. 5-6 മതിയാവും എന്നാണ് എന്റെ തോന്നല്‍. അമേരിക്ക ആവശ്യമില്ലാത്ത കാര്യങ്ങളും പേറ്റന്റ് ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. അതൊഴിവാക്കാനായി ചെയ്യാവുന്ന കാര്യം, ഒരു സംഗതി പേറ്റന്റിനപേക്ഷിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ അതുതന്നെ വേറേ ആരെങ്കിലും അതേ സംഗതി തന്നെ പേറ്റന്റ് ചെയ്യാന്‍ ശ്രമിക്കുന്നെങ്കില്‍ ആ സംഗതിയെ എല്ലാ‍വര്‍ക്കും കണ്ടുപിടിക്കാവുന്ന കാര്യമാണെന്ന്‌ കൂട്ടി പബ്ലിക്ക് ഡൊമയിനിലേയ്ക്കിടുക എന്നതാണ്. മറ്റവന് പേറ്റന്റ് കിട്ടിപ്പോവുമോ എന്ന ഭയം കാരണം എല്ലാവരും സ്വന്തം കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാതിരിക്കുകയും ഇല്ല.

താത്വികമായി പേറ്റന്റ് എന്നത്‌ ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല - നാട്ടിലെ ലാടവൈദ്യന്മാരെ പോലെ. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച സംഗതി എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്‌ പതിച്ചുനല്‍കാം. ഇങ്ങനെയൊന്നില്ലെങ്കില്‍ നിന്റെ സൂത്രപ്പണി ആരെങ്കിലും റിവേര്‍സ് എഞ്ചിനിയര്‍ ചെയ്തുപയോഗിച്ച്‌ നിന്റേതുകൊണ്ട് നിനക്കൊരു പ്രയോജനവും ഇല്ലാതായേക്കാം.

--
*ഇവിടെ ഞാനുപയോഗിച്ചിരിക്കുന്ന വാക്കുകളെ പറ്റി ആശയക്കുഴപ്പമുണ്ടാവാ‍തിരിക്കാന്‍ പറയട്ടെ:

ഒരാള്‍ ചെയ്യുന്ന നന്മയെ രണ്ടായി തിരിക്കാം. 1) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കുന്ന തരം. ഇതിനെ ധനം കൊണ്ട് അളക്കുന്നു, ആ പ്രവര്‍ത്തിയില്‍ ധനത്തിന്റെ വിനിമയം നടക്കുന്നു. 2) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കാത്തവ - നാടിന്റെ, വേണ്ടപ്പെട്ടവരുടെ നന്മയെ കരുതി ചെയ്യുന്നത്‌ - ധര്‍മ്മപ്രവര്‍ത്തി അല്ലെങ്കില്‍ ചാരിറ്റി. അളക്കലും, ധനവിനിമയവും നടക്കാറില്ല.

സോഫ്റ്റ്വെയര്‍ ഉല്പന്നം എന്നത്‌ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കിയോ ഉപയോഗിച്ചോ അതിനെ വിവരിച്ചോ ചെയ്യുന്ന ഉപകാരം എന്ന വിശാലമായ അര്‍ഥത്തിലാ‍ണ് ഉപയോഗിച്ചിരിക്കുന്നത്‌. അതുപോലെ ഉപഭോക്താവെന്നാല്‍ ഉപകാരം സ്വീകരിക്കുന്നയാള്‍. എന്തുതരം നന്മയാണെന്നനുസരിച്ച്‌ പണവിനിമയം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യും.

50 comments:

  1. സ്വതന്ത്ര സോഫ്റ്റ്വേര്‍ ഫ്രീ ഓഫ് കോസ്റ്റ് എന്നതല്ലല്ലോ വിവിക്ഷ . സോര്‍സ് നിഷേധിക്കുന്നില്ല എന്നതല്ലേ .ഒരാള്‍ക്കു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഒരു പ്രൊഡ്കറ്റായീ വില്‍ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല .. അങനേ പ്രോഡക്റ്റ് കൊണ്ടു നടക്കുന്ന എത്റയോ കമ്പനികള്‍ ഉണ്ടു.അവരുടെ മുഖ്യ വരുമാനം സപ്പോര്‍ട്ടില്‍ നിന്നുമുള്ള വരുമാനം ആണു.ബഹുരാഷ്ട്ര കുത്തകള്‍ക്കാണു സ്വതന്ത്ര സോഫ്റ്റ്വേര്‍ കൊണ്ടു ലാഭം ഉണ്ടാക്കാന്‍ പറ്റാത്തതു . കാരണം അവര്‍ക്കു ഇമ്മിണി ലാഭം ഒന്നും പോര. Content Management Systems,Apache Projects ,JBOSS etc are examples.There are thousands of small companies which are successful in developing and marketing opensource products.

    ReplyDelete
  2. "ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. അതായത്‌ സോഫ്റ്റ്വെയറെഴുതി പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല."
    ഇതുതന്നെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആരെയും ചൂഷണം ചെയ്യുന്നില്ല എന്നതിന് തെളിവല്ലെ. ഭീമമായ തുകകള്‍ ഈടാക്കി മൈക്രോസോഫ്റ്റ് ലൈസന്‍സ് നല്‍കുമ്പോള്‍ മറുവശത്തുകൂടി പൈറസിയെ പ്രോത്സാഹിപ്പിക്കുകയല്ലെ ചെയ്യുന്നത്. കര്‍ശനമായ നിയമം ഏത് അവസ്ഥയിലും പ്രയോഗിക്കപ്പെടാമെന്നിരിക്കെ സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളല്ലാത്ത ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ആവശ്യമായ എല്ലാം ഗ്നു-ലിനക്സില്‍ ലഭ്യമാണെങ്കില്‍ അതായിരിക്കുമല്ലോ തെരഞ്ഞെടുക്കുക. മൈക്രോസോഫ്റ്റ് കേരളത്തില്‍ പൈറസിക്കെതിരെ അഞ്ച് ഗാര്‍ഹിക ഉപഭോക്താക്കളെ ശിക്ഷിക്കട്ടെ.
    -എന്നാല്‍ സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ.. ഇല്ല. അതിലെ ചെറിയ പങ്കുപോലുമാവില്ല.- അപ്പോള്‍ കാണാം പഗന്നീട് എത്രപേര്‍ മൈക്രോസോഫ്റ്റില്‍ അവശേഷിക്കുന്നു എന്ന്. തങ്ങളുടെ ആവശ്യത്തിനുള്ള സോഫ്റ്റ്വെയറുകള്‍ എല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ലഭിക്കുമെങ്കില്‍ ഏറിയ പങ്കും അതുതന്നെ തെരഞ്ഞെടുക്കും. സ്വതന്ത്ര സോഫ്റ്റ്വെയറില്‍ എനിക്കാവശ്യമുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ലഭ്യമാണ് എന്ന എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രചോദനമാകില്ല എന്ന് പറയാന്‍ കഴിയുമോ?

    ReplyDelete
  3. സമയം കിട്ടുന്പോള്‍ ഇത് വായിക്കൂ : http://www.dreamsongs.com/IHE/
    AFAIK, Google(Cibu's employer) is one of the biggest company which uses Free/Open Source Software. This is just another example of റൂമര്‍ മില്‍. വെറും അടിസ്ഥനരഹിതമായ ആരോപണങ്ങള്‍ മാത്രം

    ReplyDelete
  4. സുഹൃത്തെ, എന്റെ വിനീതമായ അഭിപ്രായത്തില് അങ്ങയെ പോലൊരു വ്യക്തി ഈ വിഷയത്തെ പറ്റി ഒട്ടും അറിയാതെ അല്ലെങ്കില് അറിയാന് ശ്രമിക്കാതെ ഒരു അഭിപ്രായം പറയാന് ശ്രമിച്ചത് തീരെ ശരിയായില്ല...ഗ്നു എന്നു ടാഗ് കൊടുത്തിട്ടുണ്ടല്ലൊ gnu.org എന്ന ഒരു വെബ് സൈറ്റ് കേട്ടിട്ടുണ്ടോ?സ്വതന്ത്രസോഫ്റ്റ്‍വെയര് എന്താണെന്നറിയാന് ശരിയായ ആഗ്രഹമുണ്ടെങ്കില് ആ സൈറ്റ് കാണു.അതില് gnu.org/philosophy എന്ന വിഭാഗത്തിലെ ലേഘനങ്ങള് വായിക്കു എന്നിട്ട് ചിന്തിക്കു...നോക്കു സ്വന്ത്രസോഫ്റ്റ്‍വെയര് ഒരു ചാരിറ്റി അല്ല...അത് സോഫ്റ്റ്‍വെയറിന്റെ മുകളില് നടത്തുന്ന കൊള്ള തടയുന്നു..ശരിയായ ഒരു വിവരണം നല്കാനായിരുന്നു ഉദ്ദേശമെങ്കില് ആ വിഷയത്തെ കുറിച്ച് ഒരന്വേഷണം നടത്തി അറിവു ശേഖരിക്കാന് ഒരു ചെറിയ ശ്രമം നടത്തിയതിനു ശേഷം എഴുതുകയായിരുന്നു നല്ലതെന്നു തോന്നുന്നു....അതാണ‍് പതിവ്.... സിബു സാറിനും ആ പാത സ്വീകരിക്കാവുന്നതാണ‍് നല്ലതെന്നു തോന്നുന്നുവെങ്കില് മാത്രം.....അവസാനമായി ഒന്നു പറഞ്ഞോട്ടെ അങ്ങയേ പോലൊരാളാണ‍് ഇതെഴുതിയതെങ്കിലും ഈ പ്രസ്തുത ലേഖനം യാതൊരു വിധത്തിലുള്ള മറുപടിയും അര്ഹിക്കുന്നില്ല....പിന്നെ കുറച്ചു കഴിയുമ്പോള് വേറാരെങ്കിലും എടുത്തുനോക്കുമ്പോള് ഇതിനേകുറിച്ച് വളരെ വളരെ വിശദമായി എഴുതിവച്ച ഒരു പേജിലേക്കുള്ള കണ്ണി ഇവിടെ കിടന്നോട്ടെ എന്നു വിചാരിച്ചിട്ടാണ‍് അല്ലാതെ..........

    ReplyDelete
  5. വരമൊഴിക്ക് GPL ലൈസന്‍സ് സിബു സ്വന്തം ഇഷ്ടപ്രകാരം ഇട്ടതാണോ അതോ ആരെങ്കിലും പറഞ്ഞിട്ട് ഇട്ടതാണോ?
    അതിടുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാലെന്തെന്നും അതിന്റെ സാങ്കേതികവും സാംസ്കാരികവുമായ സാധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മറ്റും ചിന്തിച്ചിരുന്നോ, വായിച്ചിരുന്നോ?

    ReplyDelete
  6. ചാരി​റ്റിയെന്നു് കാണുമ്പോ എന്തോ ഒരിതു്. അതു് മാ​റ്റി സോഷ്യല്‍ റെസ്പോണ്‍സിബിലി​റ്റി എന്നെങ്കിലും ആക്കാമോ ?

    ReplyDelete
  7. വിശകലനങ്ങള്‍ നല്ലതുതന്നെ. സ്വന്തം അഭിപ്രായം തുറന്നു പറയണം. മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കണം സംശയം ചോദിക്കണം. ഇങ്ങനെയൊക്കെത്തന്നെയാണ് പഠിക്കുന്നത്. സിബുവും തനിക്കറുയാവുന്ന കാര്യങ്ങളിലെ തെറ്റുതിരുത്താനും സംശയം ദുരൂകരിക്കാനുമാണ് ഈ പോസ്റ്റ് ഉപയോഗിച്ചത് എന്നു കരുതുന്നു.

    നല്ലതുതന്നെ, സ്വാതന്ത്ര്യമുള്ള ബ്ലോഗ് അന്തരീക്ഷത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരങ്ങളുമായി വീണ്ടും വരും എന്നു കരുതുന്നു.

    സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അത് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണ്, എന്റെ അഭിപ്രായം. അതിനുള്ള എല്ലാവിധ ശ്രമങ്ങള്‍ക്കും എന്റെ സഹായവും പ്രതീക്ഷിക്കാം.

    ഇതും ചേര്‍ത്തുവായിക്കൂ...

    നന്ദി

    ReplyDelete
  8. സിബുവിന്റെ ഈ ബ്രെയിന്‍ ഡമ്പ് സെഗ്മെന്റേഷന്‍ ഫാള്‍ട്ടായതിനാല്‍ ആ കോര്‍ഡമ്പിനെ ഇവിടെ ഒന്നു ഡീബഗ്ഗ് ചെയ്യുന്നു

    ReplyDelete
  9. പ്രവീണിനും അനിവറിനും നന്ദി. ഞാന്‍ നിങ്ങളുടെ ആശയങ്ങളെ നേരെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നില്ല. നമ്മുടെ ആശയങ്ങള്‍ വിപരീതങ്ങളായി നിന്നുകൊള്ളട്ടെ. പകരം അവയ്ക്കുള്ള എന്റെ ഉത്തരം ചേര്‍ത്ത്‌ ലേഖനം തിരുത്തുകയാണ് ചെയ്തത്‌. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഒരൊറ്റ ലേഖനമാവും ഒരു കമന്റ് ചര്‍ച്ചയേക്കാള്‍ ഫലവത്താവുക എന്നു തോന്നലുള്ളതിനാലാണത്‌.

    ReplyDelete
  10. ജിന്‍സ്‌ബോണ്ട്, ഇപ്പോഴാണ് വായിച്ചത്‌... നന്ദി. പ്രത്യേകിച്ചും സമചിത്തതയോടെയുള്ള വിയോജിപ്പുകള്‍ക്ക്.

    എന്റെ വിയോജിപ്പ്‌ ‍ഇപ്പോഴത്തെ ഈ പോസ്റ്റില്‍ ഉള്ളതൊക്കെ തന്നെ. അധികം കാര്യങ്ങളില്‍ നമ്മള്‍ വിയോജിക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്വെയറുപയോഗിച്ച്‌ പണമുണ്ടാക്കുന്നതിനെ പറ്റി ഉണ്ട്.

    ReplyDelete
  11. എന്റെ അഭിപ്രായത്തില്‍ ഒരു ചര്‍ച്ചയും അതിനെ അധികരിച്ച് ഒരു പോസ്റ്റുമാവും കൂടുതല്‍ ഗുണകരം.

    നേരിട്ട് വാദങ്ങള്‍ ഖണ്ഡിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുത്തകകള്‍ സ്വതന്ത്രരാവുന്നതിനെപ്പറ്റി വ്യാകുലരാവാതെ, നാളെയുടെ സോഫ്റ്റ്‌വെയര്‍ ലോകം സ്വതന്ത്രമാക്കുന്നതെങ്ങനെയെന്നും, അതിന് നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നും നോക്കാം. കൂടുതല്‍ എഴുതാനുണ്ട്, സമയം അനുവദിക്കുമെങ്കില്‍ പോസ്റ്റാക്കാം.

    ReplyDelete
  12. വരമൊഴി താങ്കള്‍ വില്‍പനയ്ക്ക് വച്ചിരുന്നെങ്കില്‍ തൂലികയ്ക്കു് വന്ന ഗതി അതിനും വന്നേനേ. വല്ല സംശയവുമുണ്ടോ ?

    സ്വതന്ത്ര സോഫ്റ്റ്​വെയറിനെ കുറിച്ചു് പിന്നീടെഴുതാം.

    ReplyDelete
  13. വരമൊഴിയുടെ മാര്‍ക്കറ്റിങ്ങ് സാധ്യത സിബുവിന് മനസ്സിലാക്കാനാവാത്തതും ഉപയോഗിക്കാന്‍ കഴിയാതെപ്പോയതും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കുറ്റമാകുന്നില്ല. ഇന്നും വരമൊഴി അധിഷ്ഠിതമായി നല്ലൊരു മാര്‍ക്കറ്റിങ്ങ് സാധ്യതയുണ്ട് . പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രീതിയില്‍ ഊന്നിക്കൊണ്ടുതന്നെ. അതു ഞാന്‍ പറഞ്ഞുതരികയും ചെയ്യാം. പക്ഷേ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൌജന്യ മസാലദോശയല്ലാത്തതിനാല്‍ എനിക്ക് മാന്യമായ കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് തരണമെന്നു മാത്രം.

    സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിറ്റ് ജീവിക്കുന്ന കൊച്ചുകമ്പനികളുടെ ഒരു നിരയെത്തന്നെ എനിക്ക് കാണിച്ചുതരാന്‍ കഴിയും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കസ്റ്റമൈസേഷന്‍ എന്ന ഒറ്റപ്പരിപാടികൊണ്ടു കൊണ്ടുതന്നെ ജീവിക്കുന്ന എത്ര പേരുണ്ട്? അതോണ്ട് ഈ FUD പരിപാടി നിര്‍ത്തി സാവകാശം ഒന്നു വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കൂ. പിന്നെ വിഷയം പഠിക്കാതെയുള്ള "ഒരൊറ്റ ലേഖനമാവും ഒരു കമന്റ് ചര്‍ച്ചയേക്കാള്‍ ഫലവത്താവുക" എന്ന് എനിക്കു തോന്നുന്നില്ല. അത് സിബുവിന്റെ തെറ്റിദ്ധാരണകള്‍ സംരക്ഷിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ.

    ReplyDelete
  14. "പേറ്റന്റ് എന്നത്‌ ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല - നാട്ടിലെ ലാടവൈദ്യന്മാരെ പോലെ. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച കാര്യം എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്‌. ഇങ്ങനെയൊന്നില്ലെങ്കില്‍ നിന്റെ സൂത്രപ്പണീ ആരെങ്കിലും റിവേര്‍സ് എഞ്ചിനിയര്‍ ചെയ്ത് നിനക്ക്‌ ഭീഷണീയായേക്കാം. അങ്ങനെ നിന്റെ മാര്‍ക്കറ്റ് മുഴുവന്‍ നഷ്ടപ്പെട്ടേക്കാം."

    ഈ തെറ്റായ ആരോപണത്തിനുള്ള ഉത്തരം വളരെ വിശദമായി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ "സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ അപകടം" എന്ന ഈ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അയര്‍ലാന്‍ഡില്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ക്ക് പേറ്റന്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ ഐറിഷ് ഫ്രീ സോഫ്റ്റ്‌വെയര്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കുന്നതാണ് സന്ദര്‍ഭം.
    സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും മറ്റു പേറ്റന്റുകളും തമ്മിലുള്ള വ്യത്യാസമെന്ത്? സോഫ്റ്റ്‌വെയര്‍ പേറ്റന്റ് എന്നത് വങ്കത്തരമാകുന്നതെങ്ങനെ? പേറ്റന്റ് എങ്ങനെ സോഫ്റ്റ്‌വെയര്‍ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു? കുത്തകകള്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ ദൂഷ്യഫലങ്ങളെ ക്രോസ് ലൈസന്‍സിങ്ങിലൂടെ എങ്ങനെ തടയുന്നു? സാധാരണക്കാരനായ ഒരാള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് പേറ്റന്റുകള്‍ തടസ്സമാകുന്നതെങ്ങനെ? പേറ്റന്റ് ഒരാള്‍ക്ക് പണം നേടിക്കൊടുക്കുമെന്നും പേറ്റന്റില്ലെങ്കില്‍ അരി വാങ്ങാന്‍ പണമില്ലാതെ അയാള്‍ വിശന്ന് വലയുമെന്നും ഉള്ള ധാരണകളെ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഇവിടെ പൊളിച്ചടുക്കുന്നുണ്ട്.

    .... It would make no sense to decide patent policy based on this rare case - but let's look at it anyway. Here's what they say, they say that patents would make all the difference because this genius can get a patent and then when IBM tries to compete with him he can say "IBM, you can't compete with me because I've got this patent, so go away!". And according to this myth the patent will "protect him".

    But here's what really happens; IBM says: [smiling] "Oh. You've got a patent" [laughter], "we've got this one, and this one, and this one that cover various parts of this complicated thing that this is making, and if you think you can go to court and fight us on all of these so we'll dig out some more. So why don't you sign a cross-license agreement with us, and then neither of us will get hurt".

    And this genius then recognises that he has to sign this cross-license agreement and then neither of them sues each other. But what does that mean? IBM has got access to the patents of others. IBM can compete with him after all. The patent didn't "protect" the starving genius. So if IBM was going to wipe him out by competing with him, it can still do so.

    The idea that patents "protect" small businesses from big competitors is false. It's a myth......

    മലയാളത്തില്‍ ഇതിനെ പറ്റി എഴുതണമെന്നുണ്ട്. സമയമില്ല.പിന്നീടാകാം.

    ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ക്ക് പേറ്റന്റ് അനുവദനീയമല്ല എന്ന് എല്ലാവര്‍ക്കുമറിയാം എന്ന് വിചാരിക്കുന്നു.

    സിബുവിന്റെ പോസ്റ്റ് എന്തായാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെപ്പറ്റി എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണയകറ്റാനുള്ള കാരണമാകുന്നതില്‍ സന്തോഷം.

    ReplyDelete
  15. "ചുരുക്കത്തില്‍ സ്റ്റാള്‍മാന്റെ വിപണനരീതിയുടെ വിരോധാഭാസം, അത്‌ പിന്തുണയ്ക്കുന്നത്‌ വലിയ കുത്തകകളെയാണ്; ചെറിയ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ അല്ല. സൂക്ഷിച്ചുനോക്കിയാല്‍, അടിസ്ഥാനപരമായി പ്രശ്നം, സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത്‌ മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്."

    സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അടിസ്ഥാനം സോഫ്റ്റുവെയര്‍ ഒരു ഉത്പന്നമല്ല അറിവാണു് എന്നതാണു്. അതു് കൊണ്ടുതന്നെ ഈ വാദഗതിയ്ക്കൊരടിസ്ഥാനവുമില്ല. സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് മറ്റു പല രീതിയിലും പണമുണ്ടാക്കാമെന്നിരിയ്ക്കേ (അതു് പലരും ചെയ്തു കാണിച്ച സ്ഥിതിയ്ക്കു്) ഈ വാദത്തിനു് പ്രസക്തിയില്ല.

    അനിവര്‍ നേരത്തെ പറഞ്ഞതു പോലെ എത്രയോ ചെറിയ കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് പണമുണ്ടാക്കി കാണിച്ചു തന്നിട്ടും (വലിയ കമ്പനികള്‍ക്കു് പണമുണ്ടാക്കാം എന്നു് സിബു തന്നെ സമ്മതിച്ചു) പ്രൊഡക്റ്റ് വിറ്റു് കിട്ടുന്ന പണം കൊടുത്താല്‍ മാത്രമേ അരി കിട്ടൂ എന്നു് പറഞ്ഞാല്‍?

    വിജയകരമായി സ്വതന്ത്ര സോഫ്റ്റുവെയര്‍ ബിസിനസ്സിലൂടെ പണമുണ്ടാക്കുന്ന ബാംഗ്ലൂരിലെ ഒരു ചെറിയ കമ്പനിയാണു് ഡീപ്റൂട്ട് ലിനക്സ്.

    ReplyDelete
  16. "ചുറ്റുമുള്ളവരെ നോക്കുക, ഇന്ന്‌ സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്"

    ഇനി ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രൊഡക്റ്റ് എന്ന സിബുവിന്റെ വാദം അംഗീകരിച്ചു എന്നു് തന്നെയിരിയ്ക്കട്ടേ അതില്‍ തന്നെ സിബു മനസ്സിലാക്കിയില്ലെങ്കിലും അംഗീകരിച്ച ഒരു കാര്യമുണ്ടു് - സ്വതന്ത്ര സോഫ്റ്റു്വെയറില്‍ പ്രവര്‍ത്തിയ്ക്കുന്നതു് കൂടുിയാല്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ നാളത്തെ ക്രയ വിക്രയത്തില്‍ മുമ്പിലെത്തും. അതിനു് സിബുവിനു് ഒരു ട്യൂബ് ലൈറ്റേ കത്തിയുള്ളൂ. ഒരോരുത്തരും അവരുടെ പ്രവര്‍ത്തിയുടെ കൂടുതല്‍ ശതമാനം കൊടുത്താല്‍ മാത്രമേ ഇതു് സാധിയ്ക്കൂ എന്നു്. സ്കൂളിലെ കണക്കിലെ ഒരു ചോദ്യമാണിപ്പോള്‍ ഓര്‍മ്മ വരുന്നതു് 5 ആളുകള്‍ 20 ദിവസം കൊണ്ടു് ജോലി ചെയ്തു് തീര്‍ക്കുന്ന മതില്‍ 10 ആളുകള്‍ എത്ര ദിവസത്തെ ജോലി കൊണ്ടു് തീര്‍ക്കുമെന്നു കണ്ടുപിടിയ്ക്കുക... എത്രയോ ആളുകള്‍ ദിവസവും സ്വതന്ത്ര സോഫ്റ്റു്വെയയറിലേയ്ക്കു് സംഭാവന ചെയ്തുകൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിലെ മലയാളത്തിന്റെ വളര്‍ച്ചയും കുത്തക സോഫ്റ്റുവെയറിലെ വളര്‍ച്ചയുമെടുത്തു് നോകക.

    കുത്തക സോഫ്റ്റു്വെയറുകളുടെ മുടിചൂടാമന്നനായ മൈക്രോസോഫ്റ്റ് തന്നെ സ്വതന്ത്ര സോഫ്റ്റു്വെയറുകളുടെ വിതരണം തുടങ്ങി (നോവലിന്റെ സൂസെ ഗ്നു/ലിനക്സ്), സ്വന്തം അനുപതി പത്രങ്ങളെ ഓപ്പണ്‍ സോഴ്സ് ഇനിഷ്യേറ്റീവിന്റെ അംഗീകരിയ്ക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റു്വെയര്‍ അനുമതി പത്രമാക്കാന്‍ സമര്‍പ്പിച്ചു, പല സ്വതന്ത്ര സോഫ്റ്റു്വെയറുകളും സ്വന്തമായിറക്കിത്തുടങ്ങി.

    ഇനിയും സ്വതന്ത്രസോഫ്റ്റു്വെയറിന്റെ വളര്‍ച്ചയെപ്പറ്റി സംശയം ബാക്കിയുണ്ടോ?

    മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍സോഴ്സ് താള്‍

    ReplyDelete
  17. ഇനിയുമുണ്ട് ചെറു കമ്പനികള്‍ :
    Open Software Solutions Industrial Co-operative Society - http://ossics.com
    Appropriate Technology Promotion Society
    Linuxense - http://linuxense.com
    .....

    ReplyDelete
  18. കഥയും കവിതയും എഴുതി ബ്ലോഗില്‍ സൌജന്യമായി പ്രസിദ്ധീകരിക്കുന്നതുപോലെയാണ്‍ എനിക്ക് പലപ്പോഴും സ്വതന്ത്രസോഫ്റ്റ്വെയറിനെ ഉപമിക്കാന്‍ തോന്നുന്നത്. നമ്മള്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ്വെയര്‍ മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ്‍ ആ പ്രസ്ഥാനത്തെ പ്രധാനമായും നിലനിര്‍ത്തുന്നതെന്നാണ്‍ എന്റെ അഭിപ്രായം; നമ്മുടെ കൃതികള്‍ വായിച്ച് മറ്റുള്ളവര്‍ അഭിപ്രായമിടുമ്പോള്‍ ലഭിക്കുന്ന തൃപ്തി പോലെതന്നെ.

    സ്വതന്ത്രസോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിച്ച് വന്‍വ്യവസായങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റുമെന്നുതോന്നുന്നില്ല. ഒരു പ്രത്യേക തരത്തിലുള്ള ഫീച്ചര്‍ വേണമെന്നു തോന്നിയാല്‍ അവര്‍ എന്തുചെയ്യും? consultants എന്നായിരിക്കും മറുപടി. പക്ഷേ, അങ്ങനെയുണ്ടാക്കുന്ന ഫീച്ചറുകള്‍ മറ്റുള്ളവര്‍ക്കു കിട്ടാന്‍ സാധ്യത വളരെ കുറവാണ്‍. കാരണം സ്വതന്ത്രസോഫ്റ്റ്വെയര്‍ എഴുതുന്നവരും അതുപയോഗിച്ച് കാശുണ്ടാക്കുന്നവരും എന്നും രണ്ടു കളങ്ങളിലായിരിക്കും; ആദ്യത്തേത് creative energy വിനിയോഗിക്കാന്‍ ശ്രമിക്കുന്നവര്‍; രണ്ടാമത്തേത് ഉപജീവനം തേടുന്നവര്‍.

    പക്ഷേ, OS, application servers, personal productivity tools, multi-media tools,database എന്നീ രംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ക്ക് കുത്തകകളെ മുക്കാന്‍ പറ്റും; മുക്കുകയും ചെയ്യും. Financial systems, ERP എന്നീ രംഗങ്ങളില്‍ കുത്തകകള്‍ക്ക് ഭാവിയില്‍ വര്‍ദ്ധിച്ച് പ്രാധാന്യം ഉണ്ടാവാനേ സാധ്യതയുള്ളൂ.

    ReplyDelete
  19. "പക്ഷേ, OS, application servers, personal productivity tools, multi-media tools,database എന്നീ രംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ക്ക് കുത്തകകളെ മുക്കാന്‍ പറ്റും; മുക്കുകയും ചെയ്യും. Financial systems, ERP എന്നീ രംഗങ്ങളില്‍ കുത്തകകള്‍ക്ക് ഭാവിയില്‍ വര്‍ദ്ധിച്ച് പ്രാധാന്യം ഉണ്ടാവാനേ സാധ്യതയുള്ളൂ."

    തോന്നല്‍. തോന്നല്‍ മാത്രം.

    മുകളില്‍ മണിലാല്‍ സുചിപ്പിച്ച OSSICS ആ രംഗത്ത് സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ്.

    ReplyDelete
  20. സുരേഷേ, വിശദാംശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൊടുക്ക്. OSSICS എന്ത് സോഫ്റ്റ്വെയര്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്‌, ആരാണ് അത്‌ വിജയകരമായി ഉപയോഗിക്കുന്നത്‌ എന്നൊക്കെ കാണിച്ച്. അല്ലെങ്കില്‍ ലിങ്കുകള്‍ കൊടുക്ക്‌ ; ഞാന്‍ പോയി നോക്കാം.

    ഇത്തരം പ്രഖ്യാപനങ്ങള് നമ്മള് ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് ഗുണം ചെയ്യില്ല.

    ReplyDelete
  21. തൊമ്മന്‍ മാഷേ, മോളില് മണിലാല് OSSICS വെബ്സൈറ്റിലേക്ക് ലിങ്കിട്ടതൊന്നും കണ്ടില്ലേ, ഞാനൊന്നും വായിക്കില്ല , എല്ലാം എനിക്ക് സ്പൂണ്‍ഫീഡ് ചെയ്യൂ അല്ലെങ്കില്‍ ഞാനൊന്നും വിശ്വസിക്കില്ല എന്നു ഇങ്ങനെ പരസ്യമായി വിളിച്ചുപറഞ്ഞോണ്ടിരിക്കുന്നത് അങ്ങേക്കുതന്നെ നാണക്കേടല്ലേ? അത് ചര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

    ReplyDelete
  22. പോയി നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ കാര്യമായിട്ട്; PHP, Postgress എന്നൊക്കെ പറയുന്നതല്ലാതെ.

    SANGHAMITRA എത്ര ബാങ്കുകള്‍ ഉപയോഗിക്കുന്നുണ്ട്? ഒരു ബാങ്കില്‍ അത്‌ ഉപയോഗിക്കുന്നതിന് എത്ര customization ആവശ്യമുണ്ട്? സോഫ്റ്റ്വെയര്‍ പലപ്പോഴും കസ്റ്റമറെ പിടിക്കാനുള്ള ചൂണ്ടയാണ്. ശരിക്കും ലാഭം licensing-ല്‍ അല്ല, അതിന്നൊപ്പം കിട്ടാവുന്ന consulting-ല്‍ ആണ് (support, implementation, customization എന്നിവക്ക്‌). IBM പോലുള്ള കമ്പനികള്‍ അതുപണ്ടേ തിരിച്ചറിഞ്ഞാണ് മൈക്രോസോഫ്റ്റിനും Linux-നും മറ്റും വഴി മാറി consulting ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. SANGHAMITRA-യും അത്തരത്തിലുള്ള ഒരു ചൂണ്ടയല്ലെന്ന്‌ ആര്‍ക്കറിയാം.

    സ്വതന്ത്രസോഫ്റ്റ്വെയര്‍ movement-നോട്‌ എനിക്ക് പ്രശ്നമൊന്നുമില്ല. അതെല്ലായിടത്തും ഓടില്ലെന്ന്‌ ‌ പരിചയത്തില്‍ നിന്ന്‌ പറയുകയായിരുന്നു. കോപിക്കല്ലേ കാര്യം നെരെ പറയുമ്പോള്‍.

    ReplyDelete
  23. തോമ്മന്‍ ചേട്ടാ,
    ഇത്തരം ഉറച്ച കാഴ്ചപ്പാടുമായി നില്ക്കുന്ന താങ്കള്‍ക്ക് അതൊക്കെ എങ്ങനെ കാണാന്‍.

    പിന്നെ, ലൈസന്‍സിങ്ങിന്റെയും viabilityയുടേയും കാര്യമല്ലേ ചര്‍ച്ച ചെയ്യുന്നത്.എങ്ങനെ ലാഭമുണ്ടാക്കുന്നു എന്നതല്ലല്ലോ.
    സ്വതന്ത്ര സോഫ്റ്റ്|വെയര്‍ 'ധര്‍മ്മാശുപത്രി' പരിപാടിയാണെന്നും അതുപയോഗിച്ച് കാശുണ്ടാക്കരുതെന്നും എന്ന ഈ ധാരണ താങ്കളുടെ മുന്‍ കാഴ്ചപ്പാടുമായി നന്നായി ഒത്തുപോകുന്നുണ്ട്.

    ReplyDelete
  24. തൊമ്മന്‍ ചേട്ടായി,

    താങ്കളുടെ കമന്റില്‍ പറഞ്ഞിരിക്കുന്നത് ആരും ചെയ്യാന്‍ പാടില്ലാത്തതാണോ? consultancy,customization,support,maintanance തുടങ്ങിയവയ്ക്ക് developerനെ മാത്രം ആശ്രയിക്കണ്ട എന്ന സ്വാതന്ത്ര്യവും ഒരു ചൂണ്ടയായി മാത്രമേ കാണാന്‍ കഴിയുന്നുള്ളോ?

    ReplyDelete
  25. സുരേഷ്, അനിവര്‍:
    SAP,Oracle തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന സോഫ്റ്റ്വെയറുകള്‍ പോലെ ERP രംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഉണ്ടാവാന്‍ സാധ്യത കാണുന്നില്ല. (Bugzilla പോലെ നല്ലോരു സോഫ്റ്റ്വെയറിനെ മറന്നുകൊണ്ടല്ല പറയുന്നത്.)

    അതിനുപ്രധാന കാരണം സ്വതന്ത്രസോഫ്റ്റ്വെയര്‍ ചെയ്യുന്നവരുടെ domain knowledge ന്റെ കുറവുതന്നെയാണ്. materials mgmt, production planning, cad, product data mgmt തുടങ്ങി (എനിക്കറിയാവുന്ന ചില ഉദാഹരണങ്ങള് മാത്രം; എല്ലാ എഞ്ചിനീയറിംഗ് മേഖലകളിലും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ കാണും‍)വളരെ specialized ആയിട്ടുള്ള കാര്യങ്ങള്‍ക്ക് നല്ല സോഫ്റ്റ്വെയറുകള്‍ എഴുതുന്നതിന്ന് programming മാത്രമല്ല; ആ ഏരിയയില്‍ പരിചയമുള്ളവരും വേണ്ടിവരും, അല്ലെങ്കില്‍ ഫീല്‍ഡില്‍ നിന്ന്‌ നല്ല ഫീഡ്ബാക്ക് കിട്ടണം. ഭാവിയില്‍ സപ്പോര്‍ട്ടിന്‍ പരിശീലനം കിട്ടിയ ആള്‍ക്കാര്‍ വേണം. അത്തരം വലിയ ടീമുകള്‍ ഉണ്ടാക്കാനുള്ള resources വലിയ കമ്പനികള്‍ക്കേ വഹിക്കാന്‍ പറ്റൂ എന്നാണ് എന്റെ പക്ഷം.

    പിന്നെ, വെറുതെ കിട്ടുന്ന OS,database,app servers,programming languages ഒക്കെ വച്ച് ചെറിയ കമ്പനികള്‍ക്ക് customer specific ആയിട്ടുള്ള സോഫ്റ്റ്വെയര്‍ തീര്‍ച്ചയായിട്ടും ചെയ്യാന്‍ കഴിയും, കാശുമുണ്ടാക്കാം. അത്തരത്തില്‍ ഉണ്ടാകാവുന്ന value additions, പങ്കുവെയ്ക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറാകുമോ? ഉവ്വെങ്കില്‍ നന്ന്‌; പക്ഷേ ഞാന്‍ സംശയാലുവാണ്.

    ReplyDelete
  26. ഇത് വായിച്ചിട്ട് കഷ്ടം തോന്നുന്നു. അല്ലാതെന്തു പറയാന്‍. എന്തായാലും brain dump ചെയ്യാന്‍ ഞാനില്ല. ആലോച്ചിട്ട് ഒരു മറുപടി ഞാനെഴുതുന്നുണ്ട്.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. (മുന്പത്തെ രണ്ട് കമന്റുകളും ലിങ്ക് ഇടാന്‍ നോക്കി കുളമായി).
    കംപ്ലീറ്റ്ലി ഓഫ് റ്റോപിക്. (എന്നോട് ക്ഷമി.):
    തൊമ്മന്‍,
    SAP,Oracle തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന സോഫ്റ്റ്വെയറുകള്‍ പോലെ ERP രംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഉണ്ടാവാന്‍ സാധ്യത കാണുന്നില്ല.

    വിദൂര ഭാവിയില്‍ പോലും ഓപ്പണ്‍ സോഴ്സ് ERP സോഫ്റ്റ്വെയറുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ല, അല്ലേ? Sugar CRM,OpenPro,TinyERP,Compiere എന്നൊക്കെ കേട്ടിട്ടുണ്ടോ? ഓപ്പണ്‍ സോഴ്സ് ഇആര്‍പി മാര്‍ക്കറ്റ് ഷെയര്‍ കൂടിവന്നിട്ടേ ഉള്ളൂ, ഇതു വരെ കുറഞ്ഞു കണ്ടിട്ടില്ല.

    CAD/CAM സോഫ്റ്റ്വെയറുകള്‍ ഇഷ്ടം പോലെയുണ്ട്.

    (ലിങ്ക് തരാന്‍ നിവൃത്തിയില്ല, സോറി. ഒന്ന് ഗൂഗിളിയാല്‍ മതി, എല്ലാം കിട്ടും)

    (ഡബിള്‍ ഓഫ്:SAPGUI ലിനക്സ് വേര്‍ഷനുണ്ടെന്ന് അറിയാമോ? Oracle അണ്‍ബ്രേക്കബിള്‍ ലിനക്സ് ഓഫര്‍ ചെയ്യുന്നുണ്ടെന്നും, ഇഷ്ടം പോലെ കേര്‍ണല്‍ ഡെവലപ്പേഴ്സിനെ എംപ്ലോയ് ചെയ്യുന്നുണ്ടെന്നും?

    ReplyDelete
  30. ചിലതൊക്കെ കേട്ടിട്ടുണ്ട്. ബാക്കി തെരഞ്ഞപ്പോള്‍ കിട്ടി; നന്ദി! enterprise software-ന്റെ ഉദാഹരണങ്ങള്‍ അതൊക്കെയാണെങ്കില്‍ പിന്നെ നമ്മള്‍ അധികം സംസാരിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ഞാന്‍ ഇവിടെ നിറുത്തുന്നു.

    ReplyDelete
  31. t.k;
    അങ്ങനെ നിര്‍ത്തിപോകുന്നതു ശരിയാണോ? ദയവായി വ്യക്തമായ ഒരു ചര്‍ച്ച നടത്തൂ. ഇവിടെ ബ്ലോഗുടമ സിബുവടക്കം എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് commercial viability യെ പ്പറ്റിയുള്ള സംശയങ്ങള്‍ ദുരൂകരിക്കാന്‍ ഉള്ള ശ്രമത്തിലാണ്. അപ്പോള്‍ ERP തുടങ്ങിയ രംഗങ്ങളില്‍ അറിവുള്ള താങ്കള്‍ക്കും പങ്കുചേരാം.

    താങ്കള്‍ ഉന്നയിച്ച വാദങ്ങള്‍ പലതും തെറ്റിധാരണകൊണ്ടുണ്ടായതാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രവീണിന്റെ കമന്റില്‍ നല്‍കിയിട്ടുള്ള ലിങ്ക്, support,service, maintanance എങ്ങനെ വര്‍ക്കു ചെയ്യുന്നു എന്ന് മനസ്സിലാക്കി തന്നിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    കൂടുതലെഴുതാം. ഇപ്പോള്‍ ജോലി സംബന്ധമായ തിരക്കിലാണ്.

    ReplyDelete
  32. തൊമ്മന്‍, ഈ ERPകള്‍ വന്‍ സംഭവം ആണെന്നല്ല വിവക്ഷ. "ഉണ്ടാവാന്‍ സാധ്യത കാണുന്നില്ല" എന്ന പ്രയോഗം ഓര്‍ക്കുമല്ലൊ.
    പിന്നെ നോക്കൂ: ഡൊമെയ്ന്‍ നോളജ് ഉള്ള ഫങ്ഷനല്‍ എക്സ്പര്‍ട്ട്സ് അല്ല, സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാനുള്ള അവിഭാജ്യഘടകം - റ്റെക്നോളജിയാണ്‌. ഫങ്ഷനല്‍ എക്സ്പര്‍ട്ട്സിന്റെ എണ്ണം വളരെ കുറച്ചു മതി (സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍). ചെറിയ കമ്പനികളല്ലേ മാഷേ വലിയ കമ്പനികളാകുന്നത്?

    ഇനി, പോസ്റ്റിനോടു പറയാനുള്ളത്:

    ഫിനാന്‍ഷ്യല്‍ വയബിലിറ്റിയേക്കാള്‍ 'ഇന്നൊവേഷന്‍ ഇന്‍ ദ് ഫീല്‍ഡ് ഓഫ് കം‌പ്യൂട്ടിംഗ്' എന്ന വസ്തുത *പരമപ്രധാനമായതാണ്*‌. അമിഗ, കൊമ്മഡോര്‍ കഥകളൊക്കെ ഓര്‍ക്കുമല്ലോ? ഒരു ഡൈവേഴ്സ് ഇന്നൊവേറ്റീവ് എന്‍‌വയോണ്മെന്റ് (ഇതിന്റെ മലയാളം എനിക്കറിഞ്ഞൂടാ) പാടേ നശിപ്പിച്ചു കളഞ്ഞു/കളയാന്‍ സര്‍‌വശക്തിയോടെയും ശ്രമിക്കുന്നു എന്നതാണ്‌ "വെന്‍ഡര്‍ ലോക്കപ്പ്, FUD, പ്രോപ്രൈറ്ററി" എന്റിറ്റികള്‍ ഇന്നിനോടും, നമ്മളോടും, നാളെയോടും, നാളത്തെ തലമുറയോടും, റ്റെക്നോളജിയോടും ചെയ്ത മഹാപാതകം. അതിന്റെ 'ഡിഗ്രീ ഓഫ് സിവിയരിറ്റി' മറ്റൊന്നിനുമില്ല. ("Remember when men where men and wrote their own device drivers..."?).

    വളരെ എക്സ്പീരിയന്‍സ്ഡ് ആയ ആള്‍ക്കാരൊക്കെ കാടടച്ചു വെടിവെക്കുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്. നമ്മുടെ നാട്ടുകാരും ബ്ലോഗര്‍മാരും എന്തു മാത്രം ടെക്നോളജി അവയര്‍ ആണെന്നൂഹിക്കാമല്ലോ? അവരൊക്കെ ഇതു വായിച്ച് 'ഓഹോ, ഇങ്ങനെയാണോ കാര്യങ്ങള്‍!' എന്ന് ഒരുപക്ഷേ അത്ഭുതപ്പെടും, തെറ്റിദ്ധരിക്കപ്പെടും. അതുണ്ടാവാതിരിക്കട്ടെ.

    ReplyDelete
  33. ചര്‍ച്ച തുടരാനാണ് എനിക്ക് താല്‍പ്പര്യം. വ്യക്തമായി പറഞ്ഞാല്‍ നമുക്ക് അറിയാവുന്നകാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കാനും, നമ്മുടെയും മറ്റുള്ളവരുടെയും തെറ്റിദ്ധാരണകള്‍ മാറ്റാനും ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്.

    കാടടച്ചു വെടവയ്ക്കുമ്പോള്‍ തിരിച്ചറിയുന്നവര്‍ തിരുത്തണമെന്നാണ് എന്റെ പക്ഷം.

    ഇത് ചര്‍ച്ചയോടുള്ള അഭിപ്രായം മാത്രം, വിഷയത്തില്‍ കമന്റുകളോ പോസ്റ്റുകളോവരുമ്പോള്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും ശ്രമിക്കാം.

    ReplyDelete
  34. jinsbond,രജീഷ്:
    ഗൌരവമായ ചര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ തുടരാം; കുഴപ്പമില്ല. ഞാന്‍ പറഞ്ഞ ഒരു കാര്യം തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. domain knowledge ഉള്ളവര്‍ സോഫ്റ്റ്വെയര്‍ ഉണ്ടാക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്; അത്തരം ആള്‍ക്കാരും support team ഒക്കെയായി വലിയൊരു team ERP പോലുള്ള സങ്കീര്‍ണ്ണമായ software systems ഉണ്ടാക്കാന്‍ വേണ്ടി വരും എന്നാണ് ഞാന്‍ പറയുന്നത്.ആ തോതിലുള്ള പരിശ്രമം freeware community-യില്‍ നിന്ന് ഉണ്ടാവുമോ എന്നാണ് എന്റെ സംശയം. CRM/ERP തുടങ്ങിയ രംഗങ്ങളില്‍ innovation-നേക്കാള്‍ പ്രാധാന്യം implement ചെയ്യാന്‍ എളുപ്പമുള്ളതും complete-ഉം robust-ഉം ആയിട്ടുള്ള software systems ആണ്. Resources വളരെ ആവശ്യമുള്ള അത്തരം സംരംഭങ്ങള്‍‍ വലിയ കമ്പനികള്‍ക്കേ ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് എന്റെ വാദം.

    ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം freeware കൊണ്ട് പറ്റും എന്ന വാദഗതിയാണ് എനിക്ക് കാടടച്ച് വെടിവയ്ക്കലായി തോന്നിയത്. അതു ശരിയല്ല എന്ന്‌ എന്നു തോന്നിയതുകൊണ്ടാണ് ഈ ചര്‍ച്ചയില്‍ ചേര്‍ന്നത്‌.

    ReplyDelete
  35. തൊമ്മന്‍,
    ഇതിപ്പം രാമായണം മുഴുവനും വായിച്ചി്ട്ടു് സീത രാമന്റെ ആരാ എന്നു് ചോദിച്ച പോലെയായല്ലോ. ഇവിടെ നമ്മള്‍ സ്വതന്ത്ര സോഫ്റ്റു്വെയറിനെ (പലരം ഓപ്പണ്‍ സോഴ്സെന്നും വിളിയ്ക്കാറുണ്ടു്) പറ്റിയാണു് ചര്‍ച്ച. freeware സാധനം വേറെയാണു് മാഷേ.

    ഇവിടെ ചര്‍ച്ച തുടങ്ങിയപ്പോള്‍ പറഞ്ഞു - സ്വതന്ത്ര സോഫ്റ്റു്വെയര്‍ എല്ലാം അല്ല.

    കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോള്‍ പറഞ്ഞു കുത്തകകള്‍ക്കു് മാത്രമേ ഇതു് പറ്റൂ.

    ചെറിയ സോഫ്റ്റു്വെയര്‍ കമ്പനികളെ കാണിയ്ക്കുമ്പോള്‍ പറയും വലിയ കമ്പനികള്‍ക്കേ ഇതു് പറ്റുമെന്നു്.

    ഗാന്ധിജി പറഞ്ഞിട്ടുണ്ടു്

    ആദ്യമവര്‍ നിങ്ങളെ അവഗണിയ്ക്കും
    പിന്നെ കളിയാക്കും
    പിന്നെ നിങ്ങളോടു് പൊരുതും
    പിന്നെ നിങ്ങള്‍ ജയിയ്ക്കും.

    ആദ്യം പറഞ്ഞു് ഹോബിയിസ്റ്റുകള്‍ മാത്രമേ ഉപയോഗിയ്ക്കൂ എന്നു് പറഞ്ഞു. സെര്‍വറുകളും മറ്റു് പ്രധാന സ്ഥാപനങ്ങളും ഉപയോഗിച്ചു് തുടങ്ങിയപ്പോള്‍ പറഞ്ഞു ഡെസ്ക്ടോപ്പില്‍ ആരും ഉപയോഗിയ്ക്കില്ലെന്നു് പറഞ്ഞു. ദേ ഇപ്പോ പറയുന്നു ERP യിലുപയോഗിയ്ക്കില്ലെന്നു്. എനിയ്ക്കു് പറയാനുള്ളതു് ഇത്തിരി സമയം കഴിഞ്ഞു് നോക്കൂ എന്നിട്ടു് പറയൂ അടുത്തതായി സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഇനിയൊരിയ്ക്കലും എത്താത്ത മേഖല ഏതാണെന്നു്.

    ReplyDelete
  36. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ തൊമ്മന്‍ ചേട്ടന്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നു തോന്നുന്നു. ERP രംഗത്ത് സ്വാതന്ത്ര്യത്തിന്റെ അലകള്‍ ഉണ്ടാവുന്നതിന്റെ ഒരു കൂട്ടം ലക്ഷണങ്ങള്‍ ഞാന്‍ google,wiki തിരച്ചിലില്‍ കണ്ടു.
    ഇവിടെ ലിസ്റ്റില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ വേറെ കാണിച്ചിരിക്കുന്നു. wikipedia യില്‍ sugarcrmന് തിരഞ്ഞ് നോക്കൂ...

    അവരുടെ clients ആരെന്ന് കണ്ടാല്‍ത്തന്നെ ഗുണം മനസ്സിലാവും. രജീഷ് നമ്പ്യാരുടെ കമന്റിന് എന്റെ ഒരു ഒപ്പുകൂടി. market share കൂടുന്നതല്ലാതെ കുറയുന്നതു കാണുന്നില്ല. ശരിക്കും വിവരങ്ങള്‍ വരും വര്‍ഷങ്ങളില്‍ അറിയാം എന്ന് തോന്നുന്നു.

    ഭാവിയില്‍ ഈ പറഞ്ഞ കുത്തകകള്‍ ലാഭം നിലനിര്‍ത്താന്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.

    തൊമ്മന്‍ ചേട്ടന്‍ കഥയറിയാതെ ആട്ടം നടത്തിയതു കൊണ്ട് ഞാന്‍ കുറെ സമയം ചിലവാക്കി കുറച്ച് പഠിച്ചെടുത്തു. അടുത്ത weekend ഒഴിവാണെങ്കില്‍ പോസ്റ്റാക്കാം. സ്വാതന്ത്ര്യത്തിന്റെ കാര്യം ഇപ്പോള്‍ പിടികിട്ടിയെന്നു കരുതുന്നു.

    ഇല്ലെങ്കില്‍ പറയുക കൂടുതല്‍ കണ്ണികള്‍ തന്ന് സഹായിക്കാം. സ്വാതന്ത്ര്യം എത്തിക്കാന്‍ പറ്റാത്ത മേഖലകള്‍ തിരഞ്ഞ് പോകാന്‍ താല്‍പര്യമുള്ളവര്‍ തിരഞ്ഞു വരൂ, ബാക്കിയുള്ളവര്‍ക്ക് ഈ സ്വാതന്ത്ര്യത്തിന്റെ സന്ദേശം എങ്ങനെ മറ്റുള്ളവരുടെ കൂടി അടുത്തെത്തിക്കാം എന്നു നോക്കാം.

    ഭാവിയുടെ സോഫ്റ്റ്‌വെയര്‍ ലോകം സ്വാതന്ത്ര്യത്തിന്റേതാക്കാന്‍ പരിശ്രമിക്കാം. പലതും പഠിക്കാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും സാധിച്ച ഈ ചര്‍ച്ചയ്ക്ക് വഴിമരുന്നുട്ടതിന് സിബുവിന് നന്ദി.

    എന്റെ അഭിപ്രായത്തില്‍ സോഫ്റ്റ്‌വെയറുകള്‍ വിപണനം ചെയ്യുന്നതിന് പൊതുവായ ഒരു സങ്കേതമൊന്നുമില്ല. ഓരോ സോഫ്റ്റ്‌വെയരും നല്‍കുന്ന സര്‍വ്വീസിനനുസരിച്ച് അത് വ്യത്യാസപ്പെടും. ഓരോ സോഫ്റ്റ്‌വെയറും എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് കണ്‍സള്‍ട്ട് ചെയ്ത് തീരുമാനിക്കേണ്ടതാണ്. പ്രൊപ്പറേറ്ററി മാതൃക പിന്തുടര്‍ന്നിരുന്നെങ്കില്‍ ഫോണ്ട് ചേര്‍ക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല. വരമൊഴിയുടെ ശക്തി അതിന്റെ പ്രചാരമാണ്, അത് സ്വാതന്ത്ര്യവും സൌജന്യവും കൂടി നേടിത്തന്നതാണെന്നാണ് എന്റെ പക്ഷം. അല്ലെങ്കില്‍ വിശദീകരിക്കൂ. ഞാന്‍ expert ഒന്നുമല്ല, എങ്കിലും സിബുവിന്റെ ഉദാഹരണം ഇന്നു വീണ്ടും വായിച്ചപ്പോള്‍ തോന്നിയത് പറഞ്ഞൂന്ന് മാത്രം.

    ReplyDelete
  37. നേരത്തേ ഇട്ട കമന്റുതന്നെ, freeware free software കാര്യത്തില്‍ ഉറക്കം കാരണം ചെറിയ ഒരു ആശയക്കുഴപ്പം. freewareഉം free software ഉം ഒരിക്കലും ഉപമിക്കാനാവില്ലെന്ന് മനസ്സിരുത്തി വായച്ചപ്പോള്‍ മനസ്സൊലായി, തിരുത്തുന്നു.

    നേരത്തെയുള്ളയുണ്ടായിരുന്ന കമന്റ് വായിച്ചവര്‍ താഴെപ്പോലെ തിരുത്തിവായിക്കാനപേക്ഷ. വേണമെങ്കില്‍ ഇവിടെയും
    നോക്കാം.

    ബുദ്ധിമുട്ടിച്ചതിനും തെറ്റിനും ക്ഷമ ചോദിക്കുന്നു.

    ഇവിടെ നോക്കൂ മാഷേ freeware എന്താണെന്നു കാണാം. ലേഖനം വായിച്ച് കഴിയുമ്പോള് മനസ്സിലാവും. പിന്നെ ഒരു സോഫ്റ്റ്വെയര് വിപണനം ചെയ്യുന്ന രീതിയില്ത്തന്നെ എല്ലാം ചെയ്യണം എന്ന് പറഞ്ഞാലോ!

    സാധിക്കാത്തത് ഒന്നുമില്ല. ഇങ്ങനെ നടക്കുമോ ഇല്ലയോ എന്ന ചര്ച്ചയ്ക്കു പകരം എങ്ങനെ നടത്താമെന്നും, എവിടെ നടത്താമെന്നും ചര്ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

    ഇവിടെ നടന്ന ചര്ച്ചയുടെ ഒരു സംഗ്രഹം ആണ് പ്രവീണ് പറഞ്ഞത്. അങ്ങനെത്തന്നെയല്ലെ എന്ന് ഒന്ന് വായിച്ച് നോക്കൂ.

    ലോകം അവസാനിച്ചാലും ഈ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്വെയര് ഉണ്ടാവില്ല എന്ന സ്ഥിതിയുള്ള ഒരു സ്ഥലം കാണിക്കൂ.

    അങ്ങിനെയില്ലാത്തിടത്തോളം നമുക്ക് സ്വാതന്ത്ര്യം എങ്ങനെ പ്രചരിപ്പിക്കാം എന്നു ചര്ച്ചചെയ്യാം എന്നാണ് അഭിപ്രായം. ERPയുടെ കാര്യത്തില് ഉടനെ ഒരു പഠനം നടത്തിയ ശേഷം പ്രതികരിക്കാം.

    നന്ദി.

    ReplyDelete
  38. തൊമ്മന്‍ ചേട്ടാ ഒറ്റക്കുറിപ്പ് : സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ERP കളുടെ 2008 ലെ എക്സ്പെക്റ്റഡ് മാര്‍ക്കറ്റ് ഷെയര്‍ 38 ബില്ല്യണ്‍ ഡോളറാണ്.

    ReplyDelete
  39. ഒരു തുറന്ന സമൂഹത്തില്‍ നടക്കുന്ന എല്ലാ വ്യവഹാരങ്ങളും കമ്പോള മൂല്യത്തെ അനുസരിച്ചായിരിക്കും. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, സ്വതന്ത്രമെന്നു നിങ്ങള്‍ വിളിക്കുന്ന software-ന നിങ്ങള്‍ക്കീടാക്കാവുന്ന പണം അതിന്‍റെ ഉപയോഗ്യതയെയും മൂല്യ നിര്‍ണയത്തിന് ഉപയോഗിക്കുന്ന മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ഇഷ്ടാനുരണം ഭേദഗതി വരുത്താമോ, കേടായാല്‍ സ്വന്തമായിത്തന്നെ നന്നാക്കാന്‍ പറ്റുമോ, ഇഷ്ടാനുരണം കൈമാറാന്‍ സാധ്യമോ എന്നിവയെല്ലാം വിനിമയ മൂല്യം നിര്‍ണയം ചെയ്യാനുപയോഗിക്കുന്ന ഘടകങ്ങള്‍ മാത്രമാണ്. ശ്രോതസ്സ് വെളിവാക്കിയത് കൊണ്ട് ഒരുല്‍പ്പന്നം കമ്പോളം കീഴടക്കുമെന്നു കരുതരുത്. അതുപോലെ തന്നെ തുച്ചവില മാത്രമെ ഈടാക്കുന്നുള്ളൂ എന്നത് കൊണ്ടും ഒരുല്‍പ്പന്നം വിപണി പിടിക്കണം എന്നില്ല. ഉപയോക്താവിന് നിങ്ങളുടെ ഉല്പന്നം എന്ത് എന്ന് മനസിലാക്കി കൊടുക്കാന്‍ സാധിച്ചാല്‍, നിങ്ങളുടെ ഉല്പന്നത്തിന്റെ വിപണന മൂല്യവും, ക്രയ വിക്രയവും വര്‍ദ്ധിക്കും. പ്രയോക്താവ് എന്ന നിലയില്‍ തുറന്ന ശ്രോതസ്സ്, തുച്ച വില എന്നിവയെല്ലാം നിങ്ങളുടെ ഉല്‍പന്നവും അതിന്‍റെ സാധ്യതകളും ഉപയോക്താവിലെക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. സംക്ഷിപ്തമായി പരഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ എഴുതി ഉപജീവനം ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിപണിയെ അറിയുക അനിവാര്യം തന്നെ.

    ReplyDelete
  40. Cibu, I used your tool http://www.google.com/transliterate/indic/Malayalam to write the comment. Thanks!

    ReplyDelete
  41. open source എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് Apache പോലെയുള്ള സംരംഭങ്ങളെയാണ്. പക്ഷേ, ഈ ചര്‍ച്ചയില്‍ നിന്ന് മനസ്സിലാകുന്നത് അത് ഏതു കുത്തകയ്ക്കും എടുത്തുപയോഗിക്കാവുന്ന ഒരു വിപണന/പ്രചരണ തന്ത്രം കൂടിയാണെന്നാണ്. കമ്പനികള്‍ക്ക് അവര്‍ക്കുള്ള resources ഉപയോഗിച്ച് എന്തും ഉണ്ടാക്കാന്‍ പറ്റുമെന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എനിക്ക് കൂടുതലായൊന്നും പറയാനില്ല.

    ReplyDelete
  42. തൊമ്മന്‍ ചേട്ടാ. apache സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. നിങ്ങള്‍ നേരത്തെ പറഞ്ഞ പോലെ ഫ്രീവെയറല്ല. നേരത്തെ നിങ്ങളിതില്‍ കൊള്ളാവുന്നതൊന്നുമില്ലെന്നു പറഞ്ഞു. ERP ഇല്ലെന്നു പറഞ്ഞു. ആര്‍ക്കും പകര്‍ത്താനും പരിഷ്കരിക്കാനും പുനര്‍വിതരണം നടത്താനും സ്വാതന്ത്ര്യം ഉള്ള ഇതിനെ ഏത് കുത്തക എടുത്തുപയോഗിച്ചാലെന്താ കൊഴപ്പം?

    കുത്തകയ്ക്ക് ആ സോഫ്റ്റ്‌വെയറിലുള്ള അധികാരങ്ങള്‍ തന്നെയാണ് അതുപയോഗിക്കുന്ന ഓരോ വ്യക്തിക്കുമുള്ളത്.

    പിന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുത്തകകളല്ല വളര്‍ത്തിയത്. അത് സമൂഹമാണ്. ആ മോഡലിനെ ഒഴിവാക്കാന്‍ കഴിയാതായതു കൊണ്ടാണ് ഇന്ന് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികള്‍ക്ക് ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തേക്കിറങ്ങേണ്ടി വന്നിരിക്കുന്നത് .
    അങ്ങയുടെ പ്രശ്നം ഇപ്പോ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അംഗീകരിക്കാനുള്ള വ്യക്തിപരമായ പ്രശ്നം മാത്രമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതോണ്ടാണല്ലോ ഇത്തരം ന്യായങ്ങള്‍ വരുന്നത്.

    mustu

    നിങ്ങളുടെ വാദം ഉപയോക്താവും നിര്‍മ്മാതാവും എന്ന ദ്വന്ദത്തെ ആസ്പദമാക്കിയാണല്ലോ. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സംസാരിക്കുന്നത് ഉപയോക്താവ് തന്നെ നിര്‍മ്മാതാവാകുന്ന അവസ്ഥയെക്കുറിച്ചാണ്. താങ്കളുപയോഗിച്ച Use-value-exchange value എന്ന മാര്‍ക്സിയന്‍ ആശയത്തെ Dispersed Property എന്ന ആശയം കൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കവച്ചുവെക്കുന്നത്. ഒരു പാട് പഠനങ്ങള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്.

    ReplyDelete
  43. "സംക്ഷിപ്തമായി പരഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ എഴുതി ഉപജീവനം ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിപണിയെ അറിയുക അനിവാര്യം തന്നെ."

    ഇത് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ വ്യാപാരത്തിന് എന്ന് തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് ഞാന്‍ വരമൊഴിക്കാര്യത്തില്‍ സിബുവിനോടും പറഞ്ഞത് .

    ടെക്നോളജിയുടെ വളര്‍ച്ചയെ സഹായിക്കുന്ന, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റിന് വിപണിയെ മനസ്സിലാക്കേണ്ടതേയില്ല. അതിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം തന്നെ ഇങ്ങോട്ട് വന്ന് സഹായിച്ചോളും. ഉദാഹരണങ്ങളേറെയുണ്ട്.

    പിന്നെ അത് സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുമാത്രമായിരിക്കുകയുമില്ല.

    ReplyDelete
  44. Another belated link:
    So, why, why do people and company develop free software? --
    http://www.freesoftwaremagazine.com/articles/editorial_20

    Sorry, this PC doesn't seem to have malayalam support.

    ReplyDelete
  45. എനിക്ക് തോന്നിയ ചിലത്

    ReplyDelete
  46. ഈ ചര്‍ച്ചയിലുന്നയിച്ച പല സംശയങ്ങളേയും ദൂരീകരിയ്ക്കുന്ന ഒരു ബ്ലോഗ് ഇവിടെ

    ReplyDelete