2007-09-06

കുറുമാന്സംഭവത്തിന്റെ എത്തിക്സ്

ദിവായുടെ ലൈനില്‍ തന്നെയാണ് ഈ പോസ്റ്റും...

  1. ഈ സംഭവം വ്യക്തിപരമാണ് ബ്ലോഗിലെത്തേണ്ടതില്ല; തിരിച്ച് കാര്യങ്ങള്‍ ബ്ലോഗില്‍ നിന്ന് വ്യക്തിപരവും ആവേണ്ടതില്ല (ബെര്‍ളി, ദേവന്‍ തുടങ്ങിയവര്‍ പറഞ്ഞത്‌)
  2. ഈ സംഭവത്തിലെ പ്രൈമറി പ്രശ്നം സ്ത്രീകള്‍ കെയര്‍ലെസ്സായതാണ് (അചിന്ത്യ തുടങ്ങിയവര്‍ മുന്നോട്ട് വച്ചത്)
  3. കുറുമാ‍ന്‍ ഗള്‍ഫിലെ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലാത്തതിനാല്‍ ആരോപണം ഉന്നയിച്ച സ്ത്രീകളെയാണ് സംശയിക്കേണ്ടത്‌ (ദേവസേന തുടങ്ങിയവര്‍ മുന്നോട്ട് വച്ചത്‌)

ഈ മൂന്നു വാദങ്ങളിലും പിഴവുകളുണ്ട് എന്ന്‌ പറയുകയാണ്‌ എന്റെ ഉദ്ദേശം.

ഭൌതിക വസ്തുക്കളുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഭൂതക്കണ്ണാടിവച്ച്‌ വലുതാക്കുന്നതുപോലെ, എത്തിക്സിലും എക്സ്റ്റ്രാപൊളേഷന്‍ ഉപയോഗപ്രദമായ അനാലിസിസ് മെത്തേഡാണ്. ഈ സംഭവത്തെ എക്സ്റ്റ്രാപൊളേറ്റ് ചെയ്താല്‍ കിട്ടുന്ന ഒരു നല്ല ഉദാഹരണം കല്യാണത്തട്ടിപ്പ്‌ കേസുകളാണ്. അവയുടെ എത്തിക്സ് അനാലിസിസ് താരതമ്യേന എളുപ്പത്തില്‍ നടത്താവുന്നതുമാണ്.

കല്യാണം പൊതുവേ രണ്ട് വ്യക്തികളോ കുടുംബങ്ങളോ തമ്മിലുള്ള കാര്യമാണ്. നാട്ടില്‍ പൊതുവെ നടക്കുന്നതുമാണ്. ഒരു തെറ്റുമില്ല. എന്നാല്‍ അതിനുള്ളിലേയ്ക്ക്‌ തട്ടിപ്പ് കടന്നുവരുമ്പോള്‍ അത്‌ നാട്ടുകാരറിയേണ്ട കാര്യമുണ്ട്. കാരണം, ഭാവിയില്‍ ഇങ്ങനെയൊന്ന്‌ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കാതിരിക്കുന്നത്‌. ഇതിന് ഉപാധിയായി ഇനി കല്യാണങ്ങള്‍ നടത്താതിരിക്കുകയാണ് എന്നത് പ്രായോഗികമല്ലല്ലോ. (അതുപോലെ, ബ്ലോഗില്‍ നിന്നും സൌഹൃദങ്ങള്‍ മെയിലിലേയ്ക്കും ചാറ്റിലേയ്ക്കും ഇനിയും പകരും. അത്‌ ഇല്ലാതിരിക്കുകയാണ് ഉചിതം എന്ന ലൈന്‍ പ്രായോഗികമല്ല)

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്താലോചിച്ചിട്ടാണ് ആ കല്യാണം നടത്തിയതെന്ന്‌ തീര്‍ച്ചയായും ചോദിക്കാം. എന്നാല്‍ അറിയപ്പെടുന്ന സാംസ്കാരിക നായകനാണ് തട്ടിപ്പുകാരന്‍ എന്നും കൂടി ആലോചിച്ചു നോക്കൂ. പെണ്‍കുട്ടിയുടെ വീട്ടുകാരോടുള്ള ഈ ചോദ്യം പിന്നേയും ദുര്‍ബലപ്പെടുന്നത്‌ കാണാം. കാരണം, നാട്ടുകാര്‍ക്കെല്ലാം അറിയുന്ന ഇയാള്‍ ഇത്തരക്കാരനായിരിക്കും എന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ പാവങ്ങള്‍. എന്തു തന്നെ ആയാലും ഈ സംഭവത്തില്‍ പ്രാഥമികമായ കുറ്റം തട്ടിപ്പു് നടത്തിയ ആളുടെ തന്നെയാണ്. സംഭവത്തില്‍ തട്ടിപ്പ്‌ കടന്നുവരുമ്പോഴാണ് രണ്ടുവ്യക്തികള്‍ തമ്മിലുള്ള സംഭവത്തില്‍ നിന്നും നാട്ടുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമായി അത്‌ മാറുന്നത്‌. അതുമറന്ന്‌ പ്രാഥമികമായ കുറ്റം സ്ത്രീകളെ ഏല്പിക്കുന്നത്‌ പൊതുവേ പുരുഷാധിപത്യസമൂഹത്തില്‍ കണ്ടുവരുന്നതുമാകുന്നു. കാരണം അവിടെ സ്ത്രീ പുരുഷന് വേണ്ടുന്ന ഉപകരണം മാത്രമാണല്ലോ.

ഇനി ഈ തട്ടിപ്പുകാരന്‍ തൃശൂര്‍ക്കാരനും അയാള്‍ തട്ടിപ്പ്‌ വിവാഹങ്ങള്‍ നടത്തിയിരുന്നത്‌ കോഴിക്കോടും ആണെന്ന്‌ വയ്ക്കുക. തൃശൂരുള്ള കുറേ സ്ത്രീകള്‍, ഇയാള്‍ തങ്ങളോട് കല്യാണം ആലോചിക്കാന്‍ ഇതുവരെ വന്നിട്ടില്ല അതുകൊണ്ട് ഇയാള്‍ നല്ലവനാണ്‌ എന്നും പറഞ്ഞ്‌ മുന്നോട്ടുവരുന്നത്‌ ഒരു നല്ല തമാശ മാത്രം.

കൂടെ ഒന്നു കൂടി പറയട്ടേ. ബ്ലോഗിനുള്ളില്‍ ഒരാള്‍ തട്ടിപ്പുകാരനാണ്/അല്ല എന്ന്‌ അസന്ദിഗ്ദമായി പ്രഖ്യാപിക്കാന്‍ ഇതിനുള്ളില്‍ കോടതി എന്നൊരു സ്ഥാപനം ഇല്ല. അതുകൊണ്ട് സംഭവങ്ങളെല്ലാം വായിച്ചതിനുശേഷം ഓരോരുത്തരും സ്വന്തം മനസ്സില്‍ വിധിപ്രസ്താവിക്കേണ്ടതാണ് എന്നതില്‍ സംശയവുമില്ല.