2007-04-26

ലിപികളുരയുമ്പോള്‍

Confusion

വ്യവസ്ഥയിലുള്ള കണ്‍‌ഫ്യൂഷന്‍

അവ്യവസ്ഥ1:
താഴെ കാണിക്കുന്ന പോലെ പല രീതിയിലാണ് പഴയലിപിയില്‍ ഉകാരം എഴുതുന്നത്‌:


അവ്യവസ്ഥ2: കൂട്ടക്ഷരത്തില്‍ വ്യത്യസ്ത ബേസ് അക്ഷരത്തിനനുസരിച്ച് ഊ-കാരം പലരീതിയിലാണ് എഴുതുന്നത്‌. ഉദാ:

സ്കൂ
ഴ്കൂ
അവ്യവസ്ഥ3: താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരുപോലെ ഉകാരം ചേരുന്നു.

തു

ജു

എന്നാല്‍ അവയുടെ ഊ-കാരത്തിലാവട്ടെ വ്യത്യസ്ത രീതികള്‍:

തൂ ജൂ

ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ അനവധി ഉദാഹരിക്കാനുണ്ട്‌.



നോട്ട്:
ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ എന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക. അക്ഷരത്തോട് കൂടെ ചേരുന്നു മറ്റു ചിഹ്നങ്ങളായ, ഋ, ര/റ എന്നിവ ഈ അവ്യവസ്ഥയില്ല. എല്ലാം ഒരു പോലെ, കൃ, സൃ, ഷ്ടൃ, പ്ര, ഷ്ട്ര എന്നിങ്ങനെ വാലുനീട്ടി എഴുതുന്നു.

Compression

പോയിന്റ് സൈസ് 10-ല്‍ എഴുതിയ രണ്ട്‌ കൂട്ടക്ഷരങ്ങള്‍ നോക്കൂ:

ആദ്യത്തേത്‌ ഴ്ത്തു ആണോ ഴ്ക്കൂ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മൈക്രോസ്കോപ്പ് വേണം. പുതിയലിപിയിലെഴുതിയ രണ്ടാമത്തെ കൂട്ടക്ഷരം വലിയ പ്രശ്നങ്ങളിലാതെ തന്നെ വായിക്കാം. ആദ്യത്തേത്‌ ഏതാണെന്ന് മനസ്സിലാവണമെങ്കില്‍ പോയിന്റ് 14(ഴ്ക്കൂ) എങ്കിലും ആവണം. എന്നാല്‍ പോയിന്റ് സൈസ് 8 ആയാലും ‘ഴ്‌ത്ത‌ു‘ സ്ക്രീനില്‍ വായിക്കാന്‍ പറ്റാതാവുന്നില്ല. അതായത്‌. ‘വായിക്കബിലിറ്റി‘ ക്രൈറ്റീരിയയില്‍ പുതിയലിപി 10 പോയിന്റ് എന്നത്‌ = പഴയലിപി 14 പോയിന്റ്. പോയിന്റ് സൈസ് മാറ്റുമ്പോള്‍ ടെക്സ്റ്റിന് മൊത്തമായാണ് മാറ്റുന്നത്‌. എന്നാല്‍ പുതിയലിപിസ്വീകരിക്കുമ്പോഴുണ്ടാകുന്ന എക്സ്പാന്‍ഷന്‍ ലോക്കലാണ് - കൂട്ടക്ഷരങ്ങള്‍ക്ക് മാത്രം. അതുകൊണ്ട്പഴയലിപി സ്ക്രീനില്‍ കമ്പ്രഷന്‍ സാധ്യമാക്കുന്നു എന്നത്‌ ഒരു മിത്താണ്. പേനകൊണ്ടുള്ള എഴുത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ പഴയലിപിയായിരിക്കണം കൂടുതല്‍ എഫിഷന്റ്.


റോമന്‍ അക്ഷരങ്ങള്‍ക്ക്‌ സാധാരണ ഉപയോഗിക്കുന്ന 10 പോയിന്റ് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതല്ല ഇവിടത്തെ പ്രശ്നം. മറിച്ച്‌ x പോയിന്റിലെഴുതിയ പുതിയലിപിയുടെ വായനാനുഭവം പഴയലിപിയിലെഴുതിയതിനുണ്ടാവണമെങ്കില്‍ അതിന്റെ പോയിന്റ് സൈസ് 1.4x ആവണം. അതായത്‌, ടെക്സ്റ്റ് എപ്പോഴും 40% എക്സ്പാന്‍ഡ് ചെയ്യുന്നു. ഇവിടെ പുതിയലിപിയിലില്ലാത്ത പഴയലിപി കൂട്ടക്ഷരങ്ങള്‍ മാത്രമേ താരതമ്യപ്പെടുത്തുന്നുള്ളൂ. മറിച്ചുള്ളവയുടെ കാര്യം എപ്പോഴും ഒരുപോലെയല്ലേ.


ഇതിനുകാരണം ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ എന്താണെന്ന്‌ കാണാം. പഴയലിപിയില്‍ കൂട്ടക്ഷരങ്ങള്‍ ഉണ്ടാവുന്ന മുറയ്ക്ക്‌ ചിലത് ഹൊറിസോണ്ടലിയും മറ്റു ചിലത്‌ വെര്‍ട്ടിക്കലിയും വലുതാവുന്നു. പുതിയലിപില്‍ ഒരു ഇത്‌ സംഭവിക്കുന്നെങ്കില്‍ തന്നെ, ഹൊറിസോണ്ടലി മാത്രമാണ്. (ഉദാ: ത്ത, ഞ്ച, ഞ്ഞ). മലയാളം ഹോറിസോണ്ടലി ലേയൌട്ട്ചെയ്യുന്ന സ്ക്രിപ്റ്റായതിനാല്‍ വെര്‍ട്ടിക്കല്‍ സ്പേസ് വളരെ പരിമിതമാണ്. ഓരോ പോയിന്റ് സൈസും വിലയേറിയതാണ്. എന്നാല്‍ ഹൊറിസോണ്ടല്‍ സ്പേസ് ധാരാളം അതിനുണ്ട്‌ - ഒരു ലൈനിന്റെ നീളം തന്നെ ഉപയോഗിക്കാം. വെര്‍ട്ടിക്കലി ലേയൌട്ട് ചെയ്യപ്പെടുന്ന സ്ക്രിപ്റ്റുകളും ഉണ്ട്; പഴയചൈനീസ് അതിനുദാഹരണമാണ്. അവിടെ വെര്‍ട്ടിക്കലി ഒരു ഗ്ലിഫ് എത്രവലുതായാലും പ്രശ്നമില്ല. ഹൊറിസോണ്ടലി ഉണ്ടാവുന്ന എക്സ്പാന്‍ഷന്‍ പ്രശ്നമാവും.


അതായത്‌, പഴയലിപിയിലെ വെര്‍ട്ടിക്കല്‍ എക്സ്പാന്‍ഷന്‍ ആണ് പ്രശ്നം. ഉദാഹരണങ്ങള്‍: ല്പ്രൂ, ല്ത്തൂ, പ്സ്രൂ, ഗ്ഗൂ, ഴ്വൂ, ശ്ശ്രൂ, ഷ്ക്കൂ, ബ്ജൂ, ബ്ധൃ, ഷ്ട്രൂ, ച്ഛ്രൂ, യ്ത്തൂ


കൂട്ടക്ഷരം എത്ര കടുത്തതായാലും ഹൊറിസോണ്ടല്‍ എക്സ്പാന്‍ഷന്‍ പ്രശ്നവുമല്ല: ഉദാ: ഗ്ദ്ധ്ര, ണ്ഡ്രു, ക്ത്രു, ശ്ഛു, ത്സ്ഥൃ, ജ്ഞ, ഞ്ഛൃ

Cultural Arugment

പഴയലിപി പുലരണം എന്ന്‌ ഞാന്‍ വാദിക്കുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ പഴയലിപി പുലരണം എന്നല്ല; ഞാന്‍ ശരിയെന്ന്‌ ചെറുപ്പത്തില്‍ പഠിച്ച കാര്യങ്ങള്‍ ഇന്നും ശരിയാ‍വണം എന്നാണ്‌. നൊസ്റ്റാള്‍ജിക്കും ഓര്‍ത്തഡോക്സും ആയ ഒരു വാദമാണത്‌. വേറേ ഒരു തലമുറയ്ക്ക്‌ ഇതേ വാദം ഞാന്‍ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളോടുണ്ടാവുമ്പോള്‍ പ്രശ്നമായി. ഇന്ന്‌ അങ്ങനെയൊരു തലമുറയുണ്ട്. പഠിച്ചപ്പോള്‍, വായിക്കുമ്പോല്‍ എല്ലാം പുതിയലിപി കാണുന്നവര്‍. അതിനുള്ള ചരിത്രപരമായ കാരണം എന്തുവേണമെങ്കിലും ആവട്ടേ; അവര്‍ക്കും നൊസ്റ്റാള്‍ജിയയില്‍ എന്നേപ്പോലെ തന്നെ അവകാശമുണ്ട്. അതുകൊണ്ട് തന്നെ, ‘തനിമ’വാദം ഏത്‌ ലിപിപുലരണം എന്നതിന് നമുക്കൊരുത്തരവും തരില്ല.

10 comments:

  1. മലയാളം എഴുത്തുരീതിക്ക് ഏകതാനതയില്ല എന്ന ആലോചന എങ്ങനെ രൂപപ്പെട്ടുവെന്നത് ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ പരിഗണിക്കേണ്ട് കാര്യമാണ്. ഇംഗ്ലീഷിന്‍റെ രീതിയനുസരിച്ച് ഏകതാനമല്ല എന്നാണോ അതോ തികഞ്ഞ അവ്യവസ്ഥിതത്വമാണോ ഭാഷയിലെ പ്രശ്നം എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

    ഞാന്‍ മനസ്സിലാക്കിയേടത്തോളം ഇംഗ്ലീഷിന്‍റെ രീതിയിലല്ല എന്ന് ആലോചിക്കുന്ന ചില ഭാഷാശാസ്ത്രജ്ഞരാണ് ഈ ആലോചനയുടെ ഉപജ്ഞാതാക്കള്‍.അവരെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. എന്‍റെ അറിവില്‍ യുക്തിപൂര്‍ണ്ണമായ ഒരു അഭിപ്രായവും അവര്‍ പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല പറയുന്നത് തെറ്റാണെന്നു ബോദ്ധ്യമായാലും തെറ്റില്‍ ഉറച്ചു നില്ക്കുക എന്ന രീതിയും അവര്‍ക്കുണ്ട്.

    ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും ഒരേ എഴുത്തു രീതി വേണമെന്ന മുന്‍വിധിക്ക് ന്യായീകരണമൊന്നുമില്ല. മാത്രമല്ല,വ്യത്യസ്തങ്ങളായ എഴുത്തു രീതികളെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള വ്യവസ്ഥകള്‍ യൂനിക്കോഡ് കണ്‍സോര്‍ഷ്യം നിശ്ചയിക്കുന്നതും അതിനാലാണല്ലോ.

    എന്നിട്ടും ഏകതാനതയെക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നവര്‍,അവ്യവസ്ഥിതത്വത്തെക്കുറിച്ച് വേവലാതിപ്പെടുന്നവ്രര്‍ സ്വന്തം ഭാഗം വിശദീകരിക്കുകയാണ് വേണ്ടത്.‍

    ReplyDelete
  2. ലാറ്റിന്‍ അക്ഷരങ്ങളുടെ പോയിന്റ് സൈസ് തന്നെ മലയാളം അക്ഷരങ്ങള്‍ക്ക് വേണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ല. മലയാളം അക്ഷരരൂപങ്ങളെ ഒടിച്ച് മടക്കി അതിന്റെ തനിമ നശിപ്പിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?
    എന്റെ അഭിപ്രായത്തില്‍ പുതിയലിപി അല്പം പ്രയോജനം ചെയ്യുന്നത് സ്ക്രോളറുകളില്‍ മാത്രമാണ്.

    ReplyDelete
  3. “സ്ക്രീനില്‍ പഴയലിപി കമ്പ്രഷന്‍ സാധ്യമാക്കുന്നു എന്നത്‌ ഒരു മിത്താണ്”

    ഏത് കൂട്ടക്ഷരങ്ങളൊക്കെ പിരിക്കണമെന്നതിനെ ചൊല്ലിയുള്ള വിവാദം പിന്നാലെ വരുമെന്ന് പ്രതീക്ഷിച്ചോളൂ, സിബൂ! അവസാനം പ്‌റ‌ബോ‌ധ‌ച‌ന്ദ്‌രന്‍ എന്നൊക്കെ കാണേണ്ടിവരുമോ മോണിറ്ററില്‍?

    ReplyDelete
  4. മഹേഷേ, എന്റെ ആലോചനയുടെ ഉപജ്ഞാതാവ്‌ ഞാന്‍ തന്നെ. ബാക്കിയുള്ളവര്‍ പറയുന്നതെന്താണെന്ന്‌ എനിക്കറിഞ്ഞുകൂടാ. എന്റെ വാദങ്ങളോട് എതിരുണ്ടെങ്കില്‍ പറയൂ; ഉത്തരം തരാം; തിരുത്താം.

    സുറുമ, ബെന്നി, മറുപടി ഞാന്‍ ലേഖനത്തില്‍ ചേര്‍ത്തു. നിങ്ങള്‍ പറഞ്ഞതൊന്നും അല്ല ഉദ്ദേശിച്ചത് എന്ന്‌ ചെറിയ കമന്റ് മറുപടി. സമയമില്ലാത്തതിനാലാണ് ഏറ്റവും കുറച്ച്‌ എഴുതണമെന്ന്‌ വാശിപിടിക്കുന്നത് (അല്ലാതെ എഴുതാനറിയാഞ്ഞിട്ടല്ല ;)

    ReplyDelete
  5. സിബു ഉന്നയിക്കുന്ന അവ്യവസ്ഥിതത്വവാദം മൌലികമോ പുതിയതോ അല്ല എന്നും അതിന്റെ ഉപജ്ഞാതാക്കള്‍ ഭാഷയെക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നത് ഭാഷാപരിഷ്കരണം നടത്തി ചരിത്രത്തിന്റെ ഭാഗമാകാനാണ് എന്ന് ഇക്കാലത്ത് ഒരു വിധം ആളുകള്‍ക്കെല്ലാം അറിയാം.

    അങ്ങനെയുള്ള അപകടകരമായ ചിന്ത സിബുവിന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ അക്കാര്യം എടുത്തു പറഞ്ഞുവെന്നു മാത്രം.

    ReplyDelete
  6. പരമ്പരാഗത ലിപിയില്‍ തന്നെയാണ് ബൈബിളും രാമായണവും മറ്റും മുദ്രണം ചെയ്തതും ആളുകള്‍, വിശേഷിച്ചും പ്രായംചെന്നവര്‍, അവ പാരായണം ചെയ്തതും. vertical conjunct പ്രശ്നമായിരുന്നെങ്കില്‍ അന്നേ അവയെല്ലാം horizontal രീതിയിലേയ്ക്ക് മാറുമായിരുന്നു.

    സ്ക്രീന്‍ റെന്‍ഡറിങ്ങിന് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതില്ല. കാരണം, അത് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരികയാണ്. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന screen resolution മുന്‍പത്തേക്കാള്‍ ഉയര്‍ന്നിരിക്കുന്നു. അതു പോലെ vector graphics ന്റെ റെന്‍ഡറിങ്ങും വളരെ മെച്ചപ്പെട്ടു. ഉദാഹരണത്തിന് cairo യുടെ വരവോടുകൂടി വളരെ നല്ല റെന്‍ഡറിങ്ങാണ് ലിനക്സില്‍ ലഭിക്കുന്നത്.
    തല്കാലത്തെ ആവശ്യത്തിനുവേണ്ടി ലിപി വെട്ടിമുറിച്ചതിന്റെ ആഘാതം ഇപ്പോഴും ഭാഷയെ മഥിച്ചുകൊണ്ടിരിക്കുകയാണ്. അതിനിയും ആവര്‍ത്തിക്കേണ്ടതുണ്ടോ?

    ReplyDelete
  7. സുറുമ, എനിക്ക്‌ പഴയലിപിയോട് ഒരു വിരോധവുമില്ല. ഞാന്‍ എഴുതുന്നതും വായിക്കുന്നതും എല്ലാം പഴയലിപിയില്‍ തന്നെ. എന്നാല്‍ എന്റെ ആ ശീലം, ഏറ്റവും ലോജിക്കലും എഫിഷന്റും ആയ ലിപി വ്യവസ്ഥ പഴയലിപി ആയതുകൊണ്ടാണ്‌ എന്ന്‌ പറയുന്നത്‌ തെറ്റാണ്. അങ്ങനെ ഒരു വാദം പഴയലിപിപ്രചരിപ്പിക്കുന്നവര്‍ മുന്നോട്ട് വച്ചുകാണാറുണ്ട്‌. അതിനോട്‌ എനിക്കുള്ളവിയോജിപ്പ്‌ രേഖപ്പെടുത്തുകമാത്രമാണ് ഉദ്ദേശം. എന്റെ ശീലത്തിനുവേണ്ടി, 40% എക്സ്പാന്‍ഷനും കുറച്ച്‌ അവ്യവസ്ഥയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.

    അതുപോലെ, കുട്ടികളെ എന്തുപഠിപ്പിക്കുമ്പോള്‍ ആദ്യം പുതിയലിപിപഠിപ്പിച്ച്‌ പിന്നീട്‌ പഴയലിപി പഠിപ്പിക്കുന്നതാവും ഇന്ന്‌ നന്ന്‌.

    “പരമ്പരാഗത ലിപിയില് തന്നെയാണ് ബൈബിളും രാമായണവും മറ്റും മുദ്രണം ചെയ്തതും ആളുകള്, വിശേഷിച്ചും പ്രായംചെന്നവര്, അവ പാരായണം ചെയ്തതും. vertical conjunct പ്രശ്നമായിരുന്നെങ്കില് അന്നേ അവയെല്ലാം horizontal രീതിയിലേയ്ക്ക് മാറുമായിരുന്നു.“

    അങ്ങനെയല്ല സംഭവിക്കുന്നത്‌. ടെക്സ്റ്റിന്റെ പോയിന്റ് സൈസ് കൂട്ടുകയാണ് അതിനുള്ള വഴി. അതാണ് 40% എക്സ്പാന്‍ഷന്‍ എന്നതുകൊണ്ട് പറഞ്ഞത്‌. മാത്രവുമല്ല, പഴയലിപി എഴുത്തിന് വേണ്ടി ഉണ്ടായ ലിപിയാണ്. കൂട്ടക്ഷരങ്ങളെല്ലാം എഴുത്തെളുപ്പമാക്കുന്നതിനായാണ്. എഴുത്ത്‌ പേനകൊണ്ടല്ലാതെ നടക്കുന്ന ഈ സമയത്ത്‌, ആ ആവശ്യമില്ലാതായിക്കഴിഞ്ഞു.

    ReplyDelete
  8. ലോജിക്കലും എഫിഷന്റും ആയ ലിപി വ്യവസ്ഥ പഴയലിപി ആയതുകൊണ്ടാണ്‌ എന്ന്‌ പറയുന്നത്‌ തെറ്റാണ്.
    എല്ലാ കാര്യങ്ങളും ലോജിക്കലായിത്തന്നെ പരിഹരിക്കേണമോ?തനിമ, വ്യതിരിക്തത, മനോഹാരിത, ശീലം എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കണക്കിലെടുക്കണ്ടേ?ലോജിക്കലായി നോക്കുമ്പോള്‍ എഴുതാന്‍ കൂടുതല്‍ മഷിവേണ്ടിവരുന്നു, സങ്കിര്‍ണ്ണത കൂടുതലാണ്, poor ergonomics, എഴുതാന്‍/അച്ചടിക്കാന്‍ കൂടുതല്‍ കടലാസ് വേണ്ടിവരുന്നു എന്നെല്ലാം പറയാന്‍ തുടങ്ങുകയാണെങ്കിലോ?
    പിന്നെ കമ്പ്യൂട്ടറിന്റെ വരവോടെ മാത്രമേ ലോജിക്കല്‍ ചിന്താഗതി വളര്‍ന്നുള്ളൂ എന്ന് അഭിപ്രായമില്ല. മുന്‍പുള്ളവരും ആവശ്യത്തിന് ലോജിക്കെല്ലാം ഉപയോഗിച്ചിരുന്നു.

    ReplyDelete
  9. വരമൊഴിയിലെ അണ്ടര്‍സ്‌കോര്‍( _ ) സംവിധാനം വളരെ ഉപയോഗപ്പെടുത്തുന്ന ആളാണ്‌ ഞാന്‍. വെര്‍ട്ടിക്കല്‍ കൂട്ടക്ഷരത്തിന്റെ പ്രശ്‌നം തന്നെ കാരണം. പോരാത്തതിന്‌ എന്റെ ബ്ലോഗിലെ ഫോണ്ട്‌ സൈസ്‌ വളരെ ചെറുതുമാണ്‌. (വരമൊഴിയിലെ സംവിധാനങ്ങള്‍ക്ക്‌ സിബുവിനു നന്ദി!)

    ReplyDelete
  10. “എല്ലാ കാര്യങ്ങളും ലോജിക്കലായിത്തന്നെ പരിഹരിക്കേണമോ?“

    വേണം.

    “തനിമ, വ്യതിരിക്തത, മനോഹാരിത, ശീലം എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കണക്കിലെടുക്കണ്ടേ? “

    ഇതൊക്കെയും ലോ‍ജിക്കിനുള്ള ഇന്‍പുട്ടുകളാണ്. അതുപോലെ തന്നെ, “തനിമ, മനോഹാരിത, ശീലം“ എന്നിവയൊക്കെയും വളരെ പേര്‍സണലായ കാര്യങ്ങളാണ് എന്ന്‌ വ്യക്തമാണല്ലോ. അതിനെ പറ്റി ലേഖനത്തില്‍ ‘കള്‍ചറല്‍ ആര്‍ഗ്യുമെന്റ്’ എന്നതില്‍ എഴുതിയതേ എനിക്ക്‌ പറയാനുള്ളൂ. എന്താണ് ലിപിയുടെ കാര്യത്തിലെ വ്യതിരിക്തത എന്നൊന്ന്‌ വ്യക്തമാക്കാമോ?

    “ലോജിക്കലായി നോക്കുമ്പോള് എഴുതാന് കൂടുതല് മഷിവേണ്ടിവരുന്നു, സങ്കിര്ണ്ണത കൂടുതലാണ്, poor ergonomics, എഴുതാന്/അച്ചടിക്കാന് കൂടുതല് കടലാസ് വേണ്ടിവരുന്നു എന്നെല്ലാം പറയാന് തുടങ്ങുകയാണെങ്കിലോ?“

    ഇവയും ലോജിക്കിനുള്ള ഇന്‍പുട്ടുകള്‍ തന്നെ.

    “പിന്നെ കമ്പ്യൂട്ടറിന്റെ വരവോടെ മാത്രമേ ലോജിക്കല് ചിന്താഗതി വളര്ന്നുള്ളൂ എന്ന് അഭിപ്രായമില്ല. മുന്പുള്ളവരും ആവശ്യത്തിന് ലോജിക്കെല്ലാം ഉപയോഗിച്ചിരുന്നു.“

    തീര്‍ച്ചയായും. എല്ലാവരും അതാത്‌ കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അഡാപ്റ്റ് ചെയ്തിരുന്നു. പക്ഷെ, അന്നത്തെ ആവശ്യമല്ല ഇന്നത്തേത്‌. അന്ന്‌ കടലാസ്സിലെഴുത്തായിരുന്നു എങ്കില്‍ ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ഇത്‌ കമ്പ്യൂട്ടറില്‍ എഴുത്താണ്. അതുകൊണ്ട്‌ കമ്പ്യൂട്ടറില്‍ എഴുത്തിന് യോജിച്ച രീതിയിലുള്ള അഡാപ്റ്റേഷന് ആണ് ഇന്നെന്റെ ആഗ്രഹവും നിലപാടും പൊളിറ്റിക്സും. വളരെ കൃത്യമായി പറഞ്ഞാല്‍, ഫോണ്ടുകളില്‍ സ്റ്റാക്ക് ചെയ്യപ്പെടുന്ന കൂട്ടക്ഷരങ്ങള്‍ (വെര്‍ട്ടിക്കലി വളരുന്ന) കഴിവതും പിരിച്ചെഴുതണം എന്ന്‌. ഉ,ഊ-കാരങ്ങളുടെ കാര്യത്തില്‍ ആദ്യം പുതിയലിപി പഠിപ്പിക്കണം എന്ന്‌.

    ReplyDelete