അവതരണം 1
- ഇങ്ങനെയാണ് എന്റെ ലോജിക്കിന്റെ പോക്ക്:
- വായനാലിസ്റ്റുകള് വായനക്കാര്ക്ക് പോസ്റ്റുകളില് ഇന്നില്ലാത്ത സെലക്ഷന് തരുന്നു; A, B, C എന്നിങ്ങനെ മൂന്നു എഴുത്തുകാരുണ്ടെങ്കില് അതിലെ മൂന്നുപേരുടെ ബ്ലോഗിലും പോസ്റ്റ്, കമന്റ് വരുന്നതിനെ പറ്റി വായനക്കാരന് അറിയുന്നത് ഒരുപോലെയാണ്. ഇവിടെ സെലക്ഷന് വായനക്കാരന്റെ പണിയാണ്. അതിനാല് അതിന് സ്കേലബിലിറ്റിയും റിലയബിലിറ്റിയും ഇല്ല. എന്നാല് ഒരു വായനാലിസ്റ്റ് തരുന്ന ട്രസ്റ്റ് നെറ്റ്വര്ക്കിലൂടെ വായനക്കാരന് ഇഷ്ടപ്പെടുമെന്ന് ഏതാണ്ടുറപ്പുള്ള പോസ്റ്റും കമന്റും പതുക്കെ കൈമാറിയെത്തുന്നു. വളരെ സ്കേലബിളും റിലയബിളും.
- പൈപ്പുകള് വച്ച് കമന്റുവായനയ്ക്ക് താഴെ പറയുന്ന ഫീച്ചറുകളൊഴികെ എല്ലാം ലഭ്യമാണ്
- ഒരു പോസ്റ്റില് കമന്റിട്ടാല് അത് ധാരാളം പേര് കാണും എന്നുറപ്പിക്കാന് ഒരു വഴിയും ഇല്ല.
- ഇത് നല്ലതാണ്; കാരണം ധാരാളം പേര് വായിക്കുന്നു എന്ന അറിവാണ് പിന്മൊഴി എന്ന മെയിലിംഗ് ലിസ്റ്റ് മിസ്യൂസ് ചെയ്യപ്പെടുന്നതിന്റെ കാരണം.
- തത്സമയ സമ്പ്രേക്ഷണം സാധ്യമല്ല; 3-4 മണിക്കൂര് കഴിഞ്ഞാവും കമന്റിട്ടത് ഫീഡ് റീഡറുകള് പൊക്കുന്നത്.
- ഇത് നല്ലതാണ്; കാരണം ഇതുള്ളതുകൊണ്ടാണ് പിന്മൊഴിയെ ഒരു ചാറ്റായി പലരും ഉപയോഗിക്കുന്നതിന്റെ കാരണം.
- ഒരു സെന്ട്രല് കണ്ട്രോള് ആവശ്യമില്ല
- ഇത് നല്ലതാണ്; ബൂലോഗത്തിലെ പല വഴക്കുകള്ക്കും കാരണം അവരുടെ സ്വാതന്ത്ര്യം അവര്ക്കിഷ്ടമില്ലാത്ത ക്യാരക്ടറുള്ള ഒരു ബൂലോഗപോലീസിന് വിധേയപ്പെട്ടിരിക്കുന്നു എന്നുള്ള തോന്നലാണ്.
- ഓരോ വഴക്കും ബൂലോഗത്തെ അപ്പാടെ തന്നെ നിശ്ചലമാക്കുന്നു.
- എന്നാല് പൈപ്പുപയോഗിച്ച കമന്റ്വായനയില്, എന്തുപ്രശ്നവും ലോക്കലായിരിക്കും. അതിനെ പറ്റി അറിയുകപോലും ചെയ്യാതെ തന്നെ മറ്റൊരിടത്ത് ചര്ച്ച പുരോഗമിക്കുന്നുണ്ടാവും. ഒരു പരിധിയിലപ്പുറം വളര്ന്നാല് പിന്നെ ഏതു പ്രശ്നവും ബൂലോഗത്തിന്റെ മുഴുവനാവുന്നതിലും എത്രയോ നല്ലതാണ് ലോക്കലാവുന്നത്.
- നല്ല വായന വായനാലിസ്റ്റും പൈപ്പുംവച്ചുള്ളതാണെന്ന് ബോധ്യപ്പെടാന് എനിക്കിത്രയും മതി.
- എന്നാല് ഒരാള്ക്ക് ഈ വെബ് 2.0 വായന അല്ലെങ്കില് പിന്മൊഴിയിലൂടെയുള്ള വെബ് 1.0 വായന ഇത്രയേ സാധിക്കൂ. രണ്ടും കൂടി പ്രായോഗികമല്ല. അതുകൊണ്ട് വെബ് 2.0 സപ്പോര്ട്ട് ചെയ്യുന്നവര്ക്ക് അങ്ങനെ ഒരു സൈസബിള് കമ്യൂണിറ്റി അത്യന്താപേക്ഷിതമായതിനാല് വെബ് 1.0 അവസാനിക്കേണ്ടത് ഒരാവശ്യമാവുന്നു. ഇത് അതിന്റെ രാഷ്ട്രീയം.
- ഇനി ആള്ക്കൂട്ടത്തിനു വേണ്ടി എഴുതുക എന്നതിന്റെ ഗുണ ദോഷങ്ങള്:
- അംഗീകാരം ഇഷ്ടപ്പെടാത്ത എഴുത്തുകാരില്ല. ഉമേഷിന്റെ സുഭാഷിതങ്ങളും ബെര്ളിത്തരങ്ങളും ഒക്കെ ആള്ക്കൂട്ടങ്ങള് രൂപപ്പെടുത്തിയ എഴുത്തുകളാണ്. ആള്ക്കൂട്ടം രൂപപ്പെടുത്തിയ എഴുത്താണോ അതിനുമുമ്പത്തെ എഴുത്താണോ മെച്ചം എന്നത് വ്യക്തിപരമാണ്. അതേസമയം തന്നെ, ആള്ക്കൂട്ടത്തിന്റെ ഇടപെടലിനെ ചെറുക്കാന് ഒരുമാതിരിപ്പെട്ടവര്ക്കൊന്നും സാധ്യവുമല്ല. ഉമേഷിനേയും ബെര്ളിയേയും പോലെയല്ലാതെ, ആള്ക്കൂട്ടത്തിനുവേണ്ടി എഴുതാന് സ്കില്ലില്ലാത്ത, എന്നാല് സ്വന്തം ഫീല്ഡില് മിടുക്കരായവരുടെ കാര്യമെടുക്കൂ. എത്രയോ പൊട്ടന്ഷ്യല് വായനക്കാരെ ആയിരിക്കും സെലക്ഷന് സാധ്യമല്ലാത്ത പിന്മൊഴിയിലൂടെയുള്ള പോസ്റ്റ് വായന നഷ്ടപ്പെടുത്തിയത്. ചുരുങ്ങിയ വായനക്കാര് മാത്രം മതിയായിരിക്കും അവര്ക്ക് നിലനിന്നുപോകാന്. പക്ഷെ, എവിടെയോ കിടക്കുന്ന ആ വായനക്കാര് കമന്റുകളുടെ മലവെള്ളപ്പാച്ചലില് അവിടേക്കെത്താനാവാതെ മടങ്ങിപ്പോയി.
- ഈ പറഞ്ഞതില് മുഴുവന് ഒരസംഷനുണ്ട്. കമന്റുകളും പോസ്റ്റുകളും പല വായനക്കാര്ക്കും വായിച്ചെത്താനാവുന്നില്ല എന്നത്. അങ്ങനെയല്ല എങ്കില് ഈ വാദങ്ങള്ക്ക് മുനയില്ല. പക്ഷെ ഈ അസംഷന് ശരിതന്നെ എന്നാണ് എനിക്ക് തോന്നുന്നത്.
അവതരണം 2
എഴുത്തുകാരന്റെ സ്വാതന്ത്ര്യം
- പോസ്റ്റുകളാണ് ബ്ലോഗ് സാമ്രാജ്യത്തിലെ പ്രഥമപൌരന്മാര്. അവര്ക്ക് സര്വ്വ സ്വാതന്ത്ര്യമുണ്ട്. ബ്ലോഗുടമസ്ഥന്റെ മനോഗതിയെ അയാളേക്കോണ്ടാവും വിധം അവതരിപ്പിക്കുകയാണ് പോസ്റ്റുകള്.
- നിലനില്പ്പിന്റേയും സ്വഭാവത്തിന്റേയും കാര്യത്തില്, കമന്റുകള് ഇട്ടിരിക്കുന്ന പോസ്റ്റിന്റെ ഉടമസ്ഥന്റെ ഔദാര്യത്തിലാണ് കമന്റുകള് ജീവിക്കുന്നത്.
- അതുകൊണ്ട് കമന്റുകള്ക്ക്, അതെഴുതിയ ആളുടെ മനോവ്യാപാരങ്ങള് പോസ്റ്റുകളില് അവതരിപ്പിക്കപ്പെടുന്നത്ര സ്വതന്ത്രമായി അവതരിപ്പിക്കാന് പറ്റുന്നില്ല.
- അതായത് കമന്റുകള്ക്ക് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്ന ഗുണമില്ല. പോസ്റ്റുകള്ക്ക് അതുണ്ട്.
- ഇമെയില് എന്ന മീഡിയത്തിന് തനിമലയാളത്തിനേക്കാളും ഫീഡുകളേക്കാളും അര്ജന്സി കൂടുതലുള്ളതുകൊണ്ടും, 700 അടുത്ത് ആളുകള് പിന്മൊഴി മെയിലിംഗ് ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതുകൊണ്ടും, കമന്റുകള്ക്ക് കൂടുതല് വിസിബിലിറ്റി ഉണ്ട്.
- അതുണ്ടെന്നകാര്യം കമന്റെഴുത്തുകാര്ക്ക് അറിയുകയും ചെയ്യാം.
- അങ്ങനെ, എഴുത്തുകാരന് പൂര്ണ്ണസ്വാതന്ത്ര്യമില്ലാത്ത മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തിന്, ബ്ലോഗ് എന്ന മീഡിയത്തിനേക്കാള് വിസിബിലിറ്റി കിട്ടിപ്പോകുന്നു.
വായനക്കാരന്റെ സ്വാതന്ത്ര്യം
- മെയിലിംഗ് ലിസ്റ്റ് വച്ചുള്ള പിന്മൊഴി വായനയില് നല്ലതേതെന്ന് സമാനഹൃദയനെ കാണിക്കാന് എളുപ്പവഴിയില്ല.
- ഓരോത്തരും പിന്മൊഴി മുഴുവന് വായിച്ച്, സമാനഹൃദയന് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടെങ്കില്, ചെന്ന് പോസ്റ്റു് വായിക്കുക മാത്രമേ ചെയ്യാനാവൂ.
- അതായത് വായനക്കാരന് സെലക്ഷന് സാധ്യമാക്കുന്ന സംവിധാനം പിന്മൊഴി മെയിലിംഗ് ലിസ്റ്റിലില്ല.
- എന്നാല് വായനാലിസ്റ്റു് വച്ചുള്ള വായനയില് എതാണ് സമാനഹൃദയന് ഇഷ്ടമായത് എന്ന് കാണിക്കാന് കൃത്യമായ മാര്ഗ്ഗമുണ്ട്.
- ഇനി സമാനഹൃദയന് ആരെന്നറിയാന് ട്രെന്ഡ് നോക്കിയാല് മതി. ആര് ഷെയര് ചെയ്ത പോസ്റ്റുകളാണോ ഞാന് ഏറ്റവും കൂടുതല് വായിക്കുന്നത്, അയാളുടെ വായനാഭിരുചി എന്നോട് ചേര്ന്ന് നില്ക്കുന്നു. അയാള് എന്റെ സമാനഹൃദയനാണ്.
നല്ലൊരു ക്രിയേറ്റിവ് സമൂഹത്തിനു് എഴുത്തുകാരന്റെയും വായനക്കാരന്റേയും സ്വാതന്ത്ര്യങ്ങള് ഒരു പോലെ പ്രധാനമാണ്.
ചിലചോദ്യോത്തരങ്ങള്:
വക്കാരിയുടെ ഈ ലേഖനത്തിലെ ചോദ്യങ്ങള്ക്കുള്ളവ:
ഇഞ്ചി: “അവിടെ പിന്മൊഴി ഉണ്ടായിരുന്നെങ്കില് ഞാന് മാത്രം ഒറ്റയ്ക്ക് നിന്ന് യുദ്ധിക്കണ്ടായിരുന്നു”
= ഒരു മെയിലിംഗ് ലിസ്റ്റ് തീര്ച്ചയായും ആവശ്യമുള്ളവര്ക്കൊക്കെ ഒരു സെക്യൂരിറ്റി തരുന്നുണ്ട്. അങ്ങനെ സെക്യൂരിറ്റി വേണമെന്നുള്ളവരെല്ലാം കൂടി ഒരു മെയിലിംഗ് ലിസ്റ്റുണ്ടാക്കി, പ്രശ്നംവരുമ്പോള് കൂട്ടുകാരെ വിളിച്ചുകൂട്ടൂ. അതിന് പിന്മൊഴിയുടെ ആവശ്യമൊന്നുമില്ല. 24 മണിക്കൂര് വിജില് വേണ്ടത്ര സെക്യൂരിറ്റി ബ്ലോഗിന് വേണം എന്ന് തോന്നുന്നവര് കമന്റ് മോഡറേഷന് എനേബിള് ചെയ്യുകയായിരിക്കും നല്ലത്.
വക്കാരി: പഴയപോസ്റ്റുകളെ പൊക്കിക്കൊണ്ടുവരാന് വായനാലിസ്റ്റിന് പറ്റുമോ?
= ഒന്നാമതേ മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തേയും ബ്ലോഗിനേയും താരതമ്യം ചെയ്യുന്നത് തന്നെ ചക്കയും മാങ്ങയും ഒത്തുനോക്കുന്നപോലെയാണ്. ഇനി വായനാലിസ്റ്റുപയോഗിക്കുന്നയാള് പഴയൊരു പോസ്റ്റ് വായിച്ചിഷ്ടപ്പെട്ടാല് ഷെയര് ചെയ്യും. ആ ഫീഡ് സബ്സ്ക്രൈബ് ചെയ്തവരത് കാണുകയും ചെയ്യും. കൂടാതെ, എത്രതവണ ഷെയര് ചെയ്യപ്പെടുന്നു എന്നതുവച്ച് പോസ്റ്റുകള് വായിക്കാനെടുക്കുന്ന ചിലര്ക്കെങ്കിലും ആ പോസ്റ്റ് പുതിയൊന്നായി കിട്ടും. അതായത് ഇപ്പോള് ആ പോസ്റ്റിന്റെ ഷെയര് കൌണ്ട് 2-ഉം ഒരു വായനക്കാരന് 3 തവണ ഷെയര് ചെയ്യപ്പെടുന്നതുമാണ് വായിക്കുന്നതെങ്കില്, ഞാന് കൂടി ആ പോസ്റ്റ് ഷെയര് ചെയ്യുന്നതുവഴി ആ വായനക്കാരന് അതിനെ പുതുതായി കാണുന്നു.
വക്കാരി: ബൂലോഗത്തിന്റെ സ്വാഭാവിക വളര്ച്ചയെ പ്രോത്സാഹിപ്പിക്കണം ..
= ബ്ലോഗില് എന്താണ് സ്വാഭാവികത? പിന്മൊഴിയില് ഉള്ളതോ ഇല്ലാത്തതോ; വേഡ് വെരിഫിക്കേഷന് ഇടുന്നതോ ഇടാത്തതോ... ആത്യന്തികമായി ‘സ്വാഭാവികത‘ എന്നാല്, ഏതാണ്ട് ബ്രഹ്മം പോലെ തന്നെ, ഒരു ഡെഫനിഷന് ഇല്ലാത്ത സംഗതിയാകുന്നു. ഉദാഹരണത്തിന് മനുഷ്യന്റെ ബുദ്ധി സ്വാഭാവികമാണോ? സ്വാഭാവികമാണെങ്കില് മനുഷ്യന് ബുദ്ധിയുപയോഗിച്ചു ചെയ്യുന്ന കാര്യങ്ങളോ? സ്വാഭാവികമല്ലെങ്കില് മനുഷ്യന് എന്ന ജീവി തന്നെ ഒരു മൊത്തമായും അസ്വാഭാവികതയുള്ളതാവുമല്ലോ. അതുകൊണ്ട് സ്വാഭാവികത വച്ചുള്ള എന്തുവാദവും ദുര്ബലമാണ്.
ഞാന് എന്തിനെ ആണ് പേടിക്കുന്നത്?
= മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയം, ബ്ലോഗ് എന്ന മീഡിയത്തില് ഇത്തിക്കണ്ണിപോലെ കയറിപ്പറ്റി അതിനെ ‘സ്വാഭാവികമായി‘ തന്നെ മുരടിപ്പിക്കുന്നതിനെ ഞാന് ഭയക്കുന്നു. ക്രിയേറ്റിവിറ്റിക്ക് ബ്ലോഗാണ് നല്ലത് എന്ന് നേരത്തേ പറഞ്ഞുവല്ലോ.
പിന്മൊഴിക്ക് പകരം മറുമൊഴി ആയിക്കഴിഞ്ഞാല് പിന്നെ കാര്യങ്ങളെല്ലാം തഥൈവയല്ലേ?
= ആവുമായിരിക്കും. എന്നാല് ഇത് സ്പെസിഫിക് ആയി പിന്മൊഴിക്കെതിരേയുള്ള കാമ്പെയിനല്ലല്ലോ. ബൂലോഗം മുഴുവന് ഉള്പ്പെടൂന്ന മെയിലിംഗ് ലിസ്റ്റ് വഴി എന്തുകൊണ്ട് കമന്റുകള് കാണരുത്/അയക്കരുത് എന്ന് പ്രചരിപ്പിക്കുന്ന ഒരു ബോധവത്കരണം മാത്രം. വക്കാരി പറഞ്ഞപോലെ അള്ട്ടിമേറ്റ്ലി ഞാനല്ല ബ്ലോഗ് സെറ്റപ്പിലെ കമന്റ് സെന്റ് അഡ്രസ്സ് മാറ്റുന്നത്. അത് ഓരോ ബ്ലോഗറും തന്നെയാണ്.
ഏവൂരാന്റെ ഈ ലേഖനത്തിനുള്ള കമന്റുകളായി ചോദിച്ച ചോദ്യങ്ങള്ക്കുള്ള മറുപടികള്
?“ഇതിന്റെ പിന്നില് വല്ല രാഷ്ട്രീയവുമുണ്ടോ... “= തീര്ച്ചയായും ഉണ്ട്. ബൂലോഗത്തിന് ഭാവിയില് നന്നാകും എന്ന് എനിക്ക് തോന്നുന്ന കാര്യത്തിനുവേണ്ടി കുത്തിത്തിരുപ്പുണ്ടാക്കുക എന്ന രാഷ്ട്രീയം.
?”സാങ്കേതികമായ അര്ത്ഥത്തില് നിലവാരത്തെക്കുറിച്ച് ആശങ്കയില്ലാത്ത ജനകീയ എഴുത്തായിട്ട് ഇതിനെ സമീപിക്കാനാണ് എനിക്കിഷ്ടം. വിഷം കലരാത്തിടത്തോളം housewives' gossip വരെ എത്തിപ്പെടേണ്ട സ്ഥലം. അതില് നിന്ന് നിലവാരമുള്ള എഴുത്ത് വഴിപിരിഞ്ഞുകൊള്ളൂം. ആരുടെയും പ്രേരണയും പ്രയത്നവും ഇല്ലാതെ തന്നെ. അല്ലെന്ന് കുറച്ചുപേര് വാശിപിടിച്ചാല് ...“
?”ബ്ലോഗുകള് കൊണ്ട് വന്ന വിപ്ലവം ഈ ജനകീയത്തമാണ്. അല്ലാതെ വിവരമുള്ളവര് മാത്രം എഴുതണം എന്നതില് ഞാന് ഒരിക്കലും യോജിക്കില്ല.“
= ആരാണ് അങ്ങനെ വാശിപിടിച്ചത്? ബൂലോഗത്തിന്റെ ക്വാളിറ്റി കൂട്ടുക എന്നുപറഞ്ഞാല് എനിക്ക് ഒരര്ഥമേ ഉള്ളൂ: എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയും വായനക്കാരന്റെ സെലക്ഷനും കൂട്ടുക. രണ്ടും രണ്ടുപേരുടെയും സ്വാതന്ത്രത്തിലധിഷ്ഠിതമാണ്. അല്ലാതെ എഴുത്തിനെ, മാതൃഭൂമി/മലയാളം വാരിക എന്നിവയുടെ പെട്ടിയിലിട്ടുപൂട്ടുക എന്നൊരു അര്ഥം ഇല്ലേ ഇല്ല.
?”ഇതിന് പകരം വെക്കാന് ഫീഡിനോ, പിപ്പിനോ കഴിയില്ലെന്ന സത്യം മനസ്സിലാക്കുക“
= തീര്ച്ചയായും. അതുപോലെ, ഫീഡും പൈപ്പും തരുന്ന സ്വാതന്ത്ര്യം തരാന് മെയിലിംഗ് ലിസ്റ്റിനും ആവില്ല. ഒരൊറ്റ കമ്മ്യൂണിറ്റി എന്നതിനേക്കാള്, സ്വാതന്ത്ര്യമാണ് ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന് ഞാന് വാദിക്കുന്നു.
?”നിര്ദോഷമായ ഒന്നിനെ എന്തിന് കൊല്ലണം.“
= പ്രപഞ്ചത്തിലൊന്നും നിര്ഗുണമല്ലാത്തതുപോലെ, പിന്മൊഴിയും വായനക്കാരിലും എഴുത്തുകാരിലും ഒരു പ്രത്യേക സമ്മര്ദ്ദം ചെലുത്തുന്നുണ്ട്. ഈ സമ്മര്ദ്ദത്തെ പറ്റി അടുത്ത ചോദ്യത്തില്...
?”ഈ മുഖമില്ലാത്ത ജനക്കൂട്ടം ബ്ലൊഗിംഗിന്റെ നിലവാരം കുറയ്ക്കുന്നു“
= മുഖമില്ലയ്മയാണ് ബ്ലോഗിംഗിന്റെ നിലവാരം കുറയ്ക്കുന്നത് എന്ന് പറയുന്നത് ചര്ച്ചയെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു. സെലക്ഷന് ഇല്ലാത്ത വായനക്കാര്ക്ക് വേണ്ടി എഴുതേണ്ടിവരിക എന്നത് ഒരു ആവരേജ് ജനക്കൂട്ടത്തിന് വേണ്ടി എഴുതേണ്ടി വരികയാണ്. ഒരൊറ്റ കമ്മ്യൂണിറ്റിക്ക് വേണ്ടി അഥവാ ജനക്കൂട്ടത്തിനുവേണ്ടി എഴുതേണ്ടിവരുന്നത് ക്രിയേറ്റിവിറ്റിക്ക് വിഘാതമാണ്. വായനക്കാര് ഒരൊറ്റ ബ്ലോക്കാവാതെ, വളരെ ഡൈനാമിക്കായ പലവിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി തിരിഞ്ഞ് അവര്ക്കിഷ്ടപ്പെട്ട എഴുത്തുകളേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് എന്റെ സ്വപ്നം. അവിടെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും പേരുള്ളവയും സ്റ്റാറ്റിക്കും അല്ല. വായനാലിസ്റ്റുകള് തരുന്നത് ആ ഫ്ലക്സിബിലിറ്റിയാണ്.... അതായത് വായനക്കാരുടെ വായനാരീതി എഴുത്തുകാരനെ അടിമുടി ഇന്ഫ്ലുവന്സ് ചെയ്യുന്നു. അതുകൊണ്ടു്, എഴുത്തു നന്നാവാന് വായന നന്നാവണം. അങ്ങനെ വായനാരീതി ശരിയാക്കുന്ന രാഷ്ട്രീയത്തിന് വളരെ പ്രാധാന്യമുണ്ട്.
?”സ്വന്തമായി വായനയും എഴുത്തും തിരഞ്ഞെടുത്ത് പോകാന് തക്ക ദിശാബോധം ഉണ്ടായിട്ടില്ലാത്ത പുതിയതും പഴയതുമായ ബ്ലോഗര്മാരെ സംബന്ധിച്ചിടത്തോളം അര്ത്ഥവും പ്രസക്തിയും ഉള്ള സംവിധാനമാണ് കോമണ് പോസ്റ്റ്/കമന്റ് അഗ്രഗേറ്റര്.“
= അവര് വരേണ്ടത് പിമൊഴിയിലേയ്ക്കല്ല. വായനാലിസ്റ്റിന്റെ അഗ്രിഗേറ്ററിലേയ്ക്കാണ്. അതില് ഏറ്റവും റെക്കമെന്റ് ചെയ്യപ്പെട്ട കൃതികള് വായിച്ചാണ് അവര് തുടങ്ങേണ്ടത്.
?”മുന്പൊക്കെ ബ്ലോഗിനും ഒക്കെ മുന്പ് ഒരുപാട് മെയിലിങ്ങ് ലിസ്റ്റുകളുടെ പ്രളയം ആയിരുന്നു. അതിതുപോലെ വര്ഗ്ഗീയതയും ജയ് മഹാരാജാവുകളും തെറിവിളിയും കൊണ്ട് നിന്ന് പോയി. അതുപോലെയാണ് പിന്മൊഴിക്കും സംഭവിക്കുന്നതും എന്ന് തോന്നുന്നു.“
= അല്ല. ഇവിടെ ഒന്നും നിന്നുപോകുന്നില്ല. ഓരോരുത്തരുടേയും ബ്ലോഗുകളും കമന്റുകളും ഒന്നും സംഭവിക്കാതെ തന്നെ അതാതിന്റെ സ്ഥലങ്ങളിലുണ്ട്. പഴയപോലെ തന്നെ ആര്ക്കും കമന്റിടാം. കമന്റുകളും പോസ്റ്റുകളും ട്രാക്ക് ചെയ്യാനും ഭേദപ്പെട്ട വഴികളുണ്ട്. നഷ്ടപ്പെടുന്നത് ഇത്രമാത്രം: 1) ഞാന് കമന്റിടുമ്പോള് ആ കമന്റ് 700 പേര് വായിക്കും എന്ന ഉറപ്പ് 2) കമന്റുകളുടെ തത്സമയ വിതരണം. രണ്ടും ഇല്ലാതിരിക്കുന്നത് തന്നെ നന്ന്.
?”ഈ ഫില്റ്ററിങ്ങ് സിസ്റ്റം ഒരു പരിധിവരെ ഉള്ളതുകൊണ്ടാണ് എല്ലാത്തരം വായനക്കാരും ഇതിനുള്ളത്.“
= ശരിയാണ്. ഈ ഫില്റ്ററിംഗ് സിസ്റ്റം തന്നെയാണ് പിന്മൊഴിയെ പിന്മൊഴിയാക്കുന്നതും മറ്റു കമന്റ് അഗ്രിഗേറ്ററുകളില് നിന്നും അതിനെ വേര്തിരിക്കുന്നതും. ഇതും ഒരു നിശ്ചിതസമയത്തിലുള്ള കമന്റുകളുടെ എണ്ണം എത്ര കൂടിയാലും ഹാന്ഡില് ചെയ്യാനാവുന്നതും അല്പ്പം അധ്വാനം ആവശ്യമുള്ള കാര്യം തന്നെ. എന്നാല് ഈ രണ്ടുകാര്യങ്ങളിലും വാശിയില്ലാത്ത ഒരു ബേസിക് കമന്റ് മെയിലിംഗ് ലിസ്റ്റ് ഉണ്ടാക്കാന് വളരെ എളുപ്പമാണ് - മറ്റുപലരും പറഞ്ഞ പോലെ തന്നെ.
?”ബ്ലോഗിന്റേം മെയിലിങ്ങ് ലിസ്റ്റിന്റേയും ഒരു ഒരുമയാണത് തരുന്നത്.“
= ശരിതന്നെ. ഈ ഒരുമ, ക്ലോസ്ഡ് ആയ ഒരു കമ്മ്യൂണിറ്റിയ്ക്കുള്ളില് മെയിലിംഗ് ലിസ്റ്റ് വച്ചുണ്ടാക്കുന്നതിനോട് എനിക്കെതിര്പ്പില്ല. എന്നാല് ഒരു വിശാല അടിസ്ഥാനത്തില് ആര്ക്കും ജോയിന് ചെയ്യാവുന്ന കമ്മ്യൂണിറ്റി ആയി വളരുമ്പോഴാണ് ബ്ലോഗ് എന്ന മീഡിയത്തെ താഴ്ത്തുന്ന വാമനനായി പിന്മൊഴിമാറുന്നത്. ക്ലോസ്ഡ് ആയ കമ്മ്യൂണിറ്റിക്ക് ഉദാഹരണങ്ങളാണ് - വളരെ നാളുകളായി അറിയുന്ന സുഹൃത്തുക്കള്, ഒരു ക്ലാസ്സില് പഠിച്ചവര് - പിന്മൊഴിക്ക് പുറത്തും അസ്തിത്വമുള്ള സമൂഹങ്ങള്.
?”അപചയം ഉണ്ട്. ഒരു ശതമാനം വരെ പിന്മൊഴി തരുന്ന പബ്ലിസിറ്റിയില് നിന്ന് ഉണ്ടായത്. ഇല്ലാന്ന് പറയുന്നത് നുണയായിരിക്കും. പക്ഷെ അതിനു പിന്മൊഴി നിറുത്തിയത് കൊണ്ട് തടയാന് പറ്റുമൊ എന്നുള്ളതാണ് എന്നെ കുഴക്കുന്നത്?“
= വായനാലിസ്റ്റുകള് വഴി സാധിക്കും. ഇന്ന് ഒരു തറപോസ്റ്റിനും നല്ല പോസ്റ്റിനും വിസിബിലിറ്റി ഒരുപോലെയാണ്. വായനാലിസ്റ്റുകളുടെ ലോകത്തില് തറപോസ്റ്റുകള് വളരെ ലോക്കലായി ഒതുങ്ങും. നല്ലപോസ്റ്റുകള് പതുക്കെ വായനാലിസ്റ്റില്നിന്നും വായനാലിസ്റ്റിലേയ്ക്ക്` ട്രാന്സ്മിറ്റ് ചെയ്യപ്പെടും. അങ്ങനെ നല്ല എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടും.
?”കൊറേ പേര് ലിസ്റ്റ് ഉണ്ടാക്കണം. അപ്പോള് ഇതുപോലെ പിന്മൊഴിയിലെ കമന്റ്സ് പ്രളയം പോലെ ഏത് എന്തെടുക്കണം എന്നുള്ള കണ്ഫ്യൂഷണിലാവും.“
= കണ്ഫ്യൂഷനാവേണ്ട കാര്യമില്ല. അധികം വായിക്കാത്ത വായനാലിസ്റ്റുകളെ ഒഴിവാക്കിയാല് മാത്രം മതി. അത് ഏതൊക്കെ എന്ന് ട്രെന്ഡില് നോക്കിയാല് കാണാം.
?”യാഹൂ പൈപ്പ് ഇപ്പോള് വളരെ സ്ലോയാണ്.“
= ശരിയാണ്. എന്നാല് അതിനെ ഫീഡായി സബ്സ്ക്രൈബ് ചെയ്താല് പിന്നെ, യാഹൂ സ്ലോ ആണോ എന്നത് ബാധിക്കുന്ന കാര്യമാവില്ല.
ഇഞ്ചിപ്പെണ്ണും മറുമൊഴിയുടെ പിറവിയും എന്ന പോസ്റ്റില് നിന്നുള്ള ചോദ്യങ്ങളും മറുപടികളും
?“ആര്. എസ്. എസ്. , ആറ്റം ഫീഡുകളില് സബ്സ്.ക്രൈബ് ചെയ്യാമെന്ന് വച്ചാലും അത് നേരത്തെ കണ്ടെത്തിയ ഒരു ബ്ലോഗിന്റെ കാര്യത്തിലല്ലേ, നടക്കൂ. പുതിയ ഒരെണ്ണം കണ്ടുപിടിക്കാന് അതുവഴി കഴിയില്ലല്ലോ. “=വായനാലിസ്റ്റുകള് അതാണ് ചെയ്യുന്നത്. ദേ ഈപോസ്റ്റ് വായിച്ചുനോക്കൂ നല്ലതാണ് എന്ന് നമ്മുടെ കൂട്ടുകാരന് പറഞ്ഞുതരുന്നു. ഈമെയിലിന് നേര് വിപരീതമായി, പറയുന്ന ആളല്ല, കേള്ക്കുന്ന ആളാണ് ഇപ്പറഞ്ഞ കാര്യം കേള്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടിതില് സ്പാമില്ല.
കമന്റു് ചെയ്യേണ്ടവര് അതാത് ലേഖനങ്ങളിലേയ്ക്ക് പോയാട്ടേ. ഈ വിഷയം സംസാരിക്കാന് ഇനിയും വേറേ ഒരു ത്രെഡ് കൂടി വേണോ?