നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴുള്ള പുതിയനിയമപുസ്തങ്ങള്‍ നടപ്പില്‍ വരുന്നത്. അതിനുമുമ്പ് മര്‍ക്കോസിന്റേ സുവിശേഷവും പൌലോസിന്റെ കത്തുകളും മുതല്‍ (50 A.D. മുതല്‍) രചിക്കപ്പെട്ടിട്ടുള്ള അനേകം പോപ്പുലര്‍ പുസ്തകങ്ങളില്‍ നിന്നും ഇരുപത്തിയേഴെണ്ണം മാത്രം തിരഞ്ഞെടുക്കപെടുകയാണുണ്ടായത്. ആദ്യനൂറ്റാണ്ടുകളില്‍ തോമ, പത്രോസ്, മഗ്ദലനമറിയം എന്നിവരുടെയൊക്കെ സുവിശേഷങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. അവ അവതരിപ്പിച്ചിരുന്ന ആശയങ്ങളും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഈഷ്വാ ദൈവം മാത്രമായിരുന്നെന്നും; അല്ല, മനുഷ്യന്‍ മാത്രമായിരുന്നെന്നും; ഈഷ്വാ മാമോദീസാ സമയത്താണ് ദൈവപുത്രനായതെന്നും; ഈഷ്വായ്ക്ക് ഒരു ഇരട്ട സഹോദരനുണ്ടായിരുന്നെന്നും; ദൈവമല്ല ഒരു ദുഷ്ടശക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്നും; ഏകദൈവമല്ല, പല ഗ്രേഡിലുള്ള 2-ഓ 32-ഓ അതോ 365-ഓ ദൈവങ്ങളുണ്ട് എന്നും; മോക്ഷം ക്രിസ്തുവിന്റെ മരണത്തിലൂടെയല്ല, ജ്ഞാനത്തിലൂടെ ആണ് എന്നും; ഈഷ്വായുടെ മരണത്തിനും ഉയിര്‍പ്പിനും പ്രത്യേകതകളൊന്നും ഇല്ലായിരിന്നെന്നും തുടങ്ങി അനവധി ചിന്താധാരകള്‍. അവ തമ്മിലുള്ള കിടമത്സരങ്ങളില്‍ നിന്നും വിജയിയായി വന്നതാണ് ഇന്നത്തെ ക്രിസ്തുദര്‍ശനം. മറ്റു ചിന്താധാരകള്‍ക്ക് ഇടംകൊടുക്കുന്ന സുവിശേഷങ്ങളെ തഴയുകയും നശിപ്പിക്കുകയും ചെയ്തു. അവസാനം തെരെഞ്ഞെടുക്കപ്പെട്ട 27 എണ്ണത്തിലെ സംശയമുണ്ടാക്കുന്ന വാക്യങ്ങള്‍ പലരീതിയില്‍ മാറ്റിയെഴുതപ്പെട്ടു. പകര്‍ത്തിയെഴുത്തുകള്‍ക്കിടയില്‍ അബദ്ധവശാലും തെറ്റുകള്‍ കടന്നു കൂടി. ഒറിജിനല്‍ ലിഖിതങ്ങളില്‍ നിന്ന് ഇന്നത്തെ രൂപത്തിലെത്തിയപ്പോള്‍ ബൈബിളിലുള്ള വാക്കുകളേക്കാള്‍ ചെറുതും വലുതുമായ തെറ്റുകള്‍ വന്നുകൂടിയെന്നാണ് കണക്കുകൂട്ടല്‍. തെറ്റുകള്‍ക്ക് ചില ഉദാഹരണങ്ങളിതാ: വള്ളത്തോളിന്റെ മഗ്ദലനമറിയം എന്ന കവിതയ്ക്ക് ആസ്പദമായ ബൈബില്‍ കഥ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കണ്ടെത്തിയ ഏറ്റവും പുരാതന ലിഖിതങ്ങളിലില്ല. അതുപോലെ, 1 തിമോത്തി പൌലോസിന്റെ പേരില്‍ ആരോ എഴുതിയതാണ്.
നാലാം നൂറ്റാണ്ടില്‍ പോപ്പ്‍ ഒരുമിച്ചുകൂട്ടിയ ലിഖിതങ്ങളില്‍ നിന്നുള്ളതാണ് ഇന്നത്തെ കാത്തോലിക്ക ബൈബിള്‍ . താരതമ്യേന തെറ്റുകള്‍ കുറവാണ് ഇവയില്‍. എന്നാല്‍ തെറ്റുകളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് കിങ് ജെയിംസ് വെര്‍ഷന്‍. മൂലലിഖിതം ഭേദമായതിനാല്‍ ഇംഗ്ലീഷ് ബൈബിളില്‍ കാണുന്ന തെറ്റുകള്‍ പലതും മലയാളം ബൈബിളിലില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ വിശകലനങ്ങള്‍ക്ക് കെ.സി.ബി.സി.യുടെ മലയാളം ബൈബിള്‍ ആശ്രയിക്കുന്നത്.
എന്നാല്‍, ഗ്രീക്കിലേയും മലയാളത്തിലേയും വാചകഘടനയിലുള്ള വ്യത്യാസം കൊണ്ടുണ്ടാവുന്ന കുറവുകള്‍ മലയാളം ബൈബിളിനുണ്ട്. ഇത് ലാറ്റിനും ഇംഗ്ലീഷിനും അധികം അഭിമുഖീകരിക്കേണ്ടാത്ത പ്രശ്നമാണ്. ആ ഭാഷകളിലേയ്ക്ക് ഗ്രീക്കില്‍ നിന്നുമുള്ള പദാനുപദ തര്‍ജമ മതിയാവും. എന്നാല്‍ മലയാളത്തിലേക്കാണെങ്കിലതു പോരാ. ഒരു ക്ലാസിക്കല്‍ ഉദാഹരണം: പുറപ്പാട് 3:14-ഇല്‍ മുള്‍പ്പടര്‍പ്പില്‍ നിന്നും ദൈവം മോശയോടരുള്‍ ചെയ്യുന്ന വളരെ പ്രസിദ്ധമായ വാചകമാണ് 'I am who I am'. ഇംഗ്ലീഷില്‍ വെര്‍ഷനില്‍, ഗ്രീക്കില്‍ നിന്നുള്ള പദാനുപദ തര്‍ജമയായ ഈ വാചകത്തിന്റെ ഇന്റര്‍പ്രറ്റേഷന്‍ വായനക്കാരന് വിട്ടുകൊടുക്കാവുന്നതാണ്. എന്നാല്‍ മലയാളത്തില്‍ അതുസാദ്ധ്യമല്ല; വിവര്‍ത്തകന് സാധ്യമായ പലതില്‍ ഏതെങ്കിലുമൊരു ഇന്റര്‍പ്രറ്റേഷനെ അനുകൂലിക്കാതെ വയ്യ. ‘ഞാനാകുന്നു ആര് ഞാനാകുന്നുവോ’ എന്ന പദാനുപദതര്‍ജമയ്ക്ക് ഒരദ്വൈതചായ്‌വ് സംഭവിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, യഹൂദരുടെ ദൈവനാമമായ ‘യാഹ്വേ‘ എന്ന വാക്കിന്റെ അര്‍ഥം 'He is' എന്നാണെന്നുള്ളതാണ്. അതായത് ‘ആയിരിക്കുന്നവന്‍’ എന്ന് (‘അവന്‍ ആകുന്നു‘ എന്ന പദാനുപദം ഇവിടെ യോജിക്കില്ല). അങ്ങനെയെങ്കില്‍ ദൈവം സ്വയം അഭിസംബോധന ചെയ്യുന്നതെങ്ങിനെയായിരിക്കും? 'I am' എന്നു തന്നെയാവേണ്ടേ? അപ്പോള്‍ ‘I am who I am'-ന്റെ കുറച്ചുകൂടി യോജിച്ച തര്‍ജമ വെളിവാകുന്നു: ‘ആയിരിക്കുന്നവന്‍ ഞാനാകുന്നു’. എന്തായാലും ആ വാചകത്തെ ‘ഞാന്‍ ഞാനാകുന്നു’ എന്ന് എങ്ങും തൊടാതെയുള്ള വിവര്‍ത്തനം ചെയ്താകെ ചളമാക്കുകയാണ് കെ.സി.ബി.സി. ചെയ്തത്. ഇതുപോലെ, പദാനുപദവിവര്‍ത്തനം സാധ്യമല്ലാത്തതിനാലുള്ള പ്രശ്നങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും വ്യത്യസ്തമായി മലയാളം ബൈബിളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കണം.
ചുറ്റി. King James version ആണല്ലോ എന്റെ കയ്യിൽ ഉള്ളതു്. പിന്നെ Bible Society of India പ്രസിദ്ധീകരിച്ച Good News Bible-ഉം ഉണ്ടു്. അതിലും തെറ്റുകൾ ഉണ്ടോ? മലയാളം ബൈബിൾ ഒന്നും കയ്യിലില്ല. ഇനി നാട്ടിൽ പോകുമ്പോൾ ഒരെണ്ണംകൊണ്ടുവരണം.
ReplyDeleteCibu chetta,
ReplyDeleteWhy you are not posting anything on this blog these days.
Shiju
ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തില്‍ ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു എന്നാണു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ReplyDelete