2008-06-15

"പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടേ"

ഇതിലപ്പുറം നിയമവാഴ്ചയെ തുരങ്കം വയ്ക്കുന്ന ആദർശം ഉണ്ടായിട്ടില്ല. എല്ലാവിധ എസ്റ്റാബ്ലിഷ്മെന്റുകൾക്കും എതിരായിരുന്ന ഈശോയിൽ നിന്നും ഇങ്ങനെ ഒന്നുണ്ടായതിൽ അതിശയമില്ല. ലോകം ദിപ്പോ അവസാനിക്കും എന്നുപറഞ്ഞിരുന്നതുകൊണ്ട്‌, ഇനിയിപ്പോ എസ്റ്റാബ്ലിഷ്മെന്റുകളുടെ പ്രസക്തിയെന്തു് എന്നുമാവാം.

"നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്ക്‌ കൊടുക്കുക" - കാപ്പിറ്റലിസത്തിനു പാര - പ്രോപ്പർട്ടിയില്ലെങ്കിൽ പിന്നെയെന്ത് കാപ്പിറ്റലിസം, ഇൻഡസ്ട്രി

"ആരേയും വിധിക്കാതിരിക്കുക" - ജുഡീഷ്വറി ഇതോടെ തീർന്നു.


"ഒരു കരണത്തടിക്കുന്നവന്‌ മറുകരണം കാട്ടിക്കൊടുക്കുക" - ഇതിനാണെങ്കിൽ പിന്നെയെന്തിന്‌ സൈന്യം.


"നിന്നെ ശാരീരികമായി കൊല്ലാൻ കഴിയുന്നവനെ ഭയപ്പെടേണ്ട." - അധികാരത്തിന്‌ പാര.

പുരോഹിതന്മാർ എന്ന എസ്റ്റാബ്ലിഷ്മെന്റിന്‌ ക്രിസ്തു എതിരായിരുന്നു എന്നതിന്‌ പിന്നെ ഉദാഹരണമൊന്നും ആവശ്യമില്ല. ക്രിസ്തുവിന്റെ വാക്കുകൾ കൃത്യമായനുസരിച്ച് ഒരു രാഷ്ട്രത്തിനു നിലനിൽക്കുക സാധ്യമല്ല തന്നെ.

എന്തായാലും നിയമവാഴ്ച പുലരണം എന്നുള്ളവർ സ്വയം പാപികളാണോ എന്ന്‌ പരിഗണിക്കാതെ, തെറ്റുകാണുന്നതുമുഴുവൻ ചൂണ്ടിക്കാണിക്കാതെ വഴിയില്ല. സ്വന്തം തെറ്റ്‌ തീർച്ചയായും ബാക്കിയുള്ളവരും കാണിച്ചുതരും.

19 comments:

  1. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയില്‍ “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്നു പറയുമ്പോള്‍ കല്ലുകള്‍ തുരുതുരാ പറന്നുവരുന്നുണ്ട്. :)

    കാലം മോശം..

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. ഒരു പക്ഷേ ഇത് മുന്നേ കണ്ട് മനം മടുത്ത ക്രിസ്തു ആത്മഹത്യ ചെയ്തതാവാം. ആത്മഹത്യക്ക് തുല്ല്യമാണല്ലോ എതിരാളികള്‍ക്ക് സ്വന്തം identity പറഞ്ഞുകൊടുക്കുന്നത്.

    ReplyDelete
  4. സീസറിനു ഉള്ളത് സീസറിനു കൊടുക്കാന്‍ പറഞ്ഞവന്‍ ഇതു പറഞ്ഞത്, സാന്ദര്‍ഭികമാവാനാണു് സാധ്യത. വേശ്യയെന്നു മുദ്ര കുത്തപ്പെട്ടവളെ കല്ലെറിയാന്‍ കൂടിയ പ്രമാണികളോട്,

    "You who haven't ever bonked her in sin Cast the First Stone.." എന്നു പറഞ്ഞതാവാനാണു് സാധ്യത.

    അവളെ എറിഞ്ഞു കൊല്ലാന്‍ തടിച്ചു കൂടിയ ആ ചെറിയ പുരുഷാരത്തിന്റെ ഹിപ്പോക്രസിയെ പുറത്തു കാണിക്കുകയായിരുന്നു ആ വാചകത്തിന്റെ ഉദ്ദേശ്യം.

    നിയമവാഴ്ചയെ തുരങ്കം വെയ്ക്കുക എന്നതായിരുന്നില്ല.

    ReplyDelete
  5. എന്തിനാ ഏവൂരാനേ ക്രിസ്തുവിന്റെ വായിൽ വാക്കുകൾ തിരുകുന്നത്‌? അങ്ങനെയുള്ളവർക്ക്‌ കിട്ടുന്നതെന്താണെന്ന്‌ വെളിപാടിന്റെ അവസാനത്തിലുണ്ട്‌ :)

    ബൈബിളിൽ കോണ്ട്രഡിക്ഷൻസ്‌ ഒട്ടും കുറവല്ല. സീസറിനുള്ളതുകൊടുക്കാൻ പറയുന്ന വാചകം അത്തരത്തിൽ അപൂർവ്വം ഒന്നായി വ്യാഖാനിക്കാവുന്നതാണ്‌. എന്നാലും എല്ലാത്തിനും ഉടയവനായ ദൈവത്തിനു കൊടുത്തതിനു ശേഷം സീസറിനുകൊടുക്കാൻ എന്തെങ്കിലും ബാക്കി കാണുമോ? :)

    ReplyDelete
  6. സര്‍,
    1. നിങ്ങളുടെ തലക്കെട്ടില്‍ തന്നെ പിശക് ഉണ്ട്. (കുറിപ്പിന്റെ തലക്കെട്ടില്‍ എന്നു തിരുത്തിവായിക്കാന്‍ അപേക്ഷ)
    “പാപം ചയ്യാത്തവന്‍ കല്ലെറിയട്ടെ“ എന്നൊരു വാക്യം ബൈബിളില്‍ ഇല്ല.

    മറിച്ച് ഏവൂരാന്‍ പറഞ്ഞതുപോലെ “ പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ“ അന്നു തിരുത്തൂ. ഇപ്പോള്‍ എന്തെങ്കിലും വ്യതാസം തൊന്നുന്നുണ്ടോ? നിരപരാധിയായിരിന്നിട്ടും, അവസാന ദിനങ്ങളില്‍ ജുഡീഷ്യറിയുടെ മുന്‍പില്‍ അനുസരണയോടെ നിന്ന ക്രിസ്തുവിനെ കാണാതെ പോകരുത്!

    2. “നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്ക്‌ കൊടുക്കുക“ എന്നത് ക്രിസ്തുമത ഉപദേശം അല്ല.
    ബൈബിളിലെ പല മഹത് വ്യക്തികളും അതീവ സമ്പന്നന്മാര്‍ ആയിരുന്നു. ഇത് മറ്റെന്തിന്നേക്കാളും സമ്പത്തിനെ സ്നേഹിച്ച ഒരുവനോട്,പറഞ്ഞതാണ്. ഓരോരുത്തര്‍ക്കും ആസക്തി വ്യത്യസ്തമായിരിക്കും. ഏതിനോടാണൊ അമിത ആസക്തി അതിനെ ബലികഴിക്കാന്‍ പറ്റണം.അത്രയേ അതിന് അര്‍ത്ഥമുള്ളൂ. (ആ ധനികന്‍ യേശുവിനെ ഉപപേക്ഷിച്ചു എന്ന് അറിയാമല്ലോ?.ഇന്നു ആ ധനികനോട് “ നീ അന്നെടുത്ത തീരുമാനം നന്നായിരുന്നോ?” എന്നു ചോദിച്ചാല്‍ അയാള്‍ പറയും “ എനിക്കു തെറ്റു പറ്റി.അന്നു എല്ലാം വില്‍ക്കുന്നതായിരുന്നു നല്ലത്” ഇതു ഒരുപക്ഷേ, ഇപ്പറഞ്ഞത് ഒരു വിശ്വാസിക്കേ നന്നായി മനസിലാകുകയുള്ളൂ)

    3. താങ്കള്‍ പറഞ്ഞ എല്ലാത്തിലും അല്പാല്പം പിശകുണ്ട്. പക്ഷേ, ആകെ ത്തുക പറയട്ടേ?

    “മറ്റുള്ളവരുടെ തെറ്റുകാണുന്നതുമുഴുവന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, സ്വന്തം തെറ്റ്‌ തീര്‍ച്ചയായും ബാക്കിയുള്ളവരും കാണിച്ചുതരും“ അന്നു പറഞ്ഞില്ലേ. ക്രിസ്തു പഠിപ്പിച്ചത് അതിന്റെ നേര്‍ വിപരീതമാണ്. thats it.

    ReplyDelete
  7. "നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു." (മത്തായി 16:18)

    സഭ എന്ന എസ്റ്റാബ്ലിഷ്മെന്റിനെ പറ്റിയല്ലേ യേശു ഇവിടെ പറയുന്നതു ? എസ്റ്റാബ്ലിഷ്മെന്റിനു എതിരായിരുന്നു യേശു എന്നു പറയാന്‍ പറ്റുമോ സിബു ?

    ReplyDelete
  8. പിന്നെ ബൈബിളില്‍ ആശയപരമായ കോണ്ട്രഡിക്ഷന്‍സ് ഇല്ല. ഭാഷാപരമായി ധാരാളം കണ്ടേക്കാം.

    1400 വര്‍ഷം കൊണ്ട് 40 പേര്‍ എഴുതിയ ബൈബിളില് ‍കോണ്ട്രഡിക്ഷന്‍ ഇല്ല എന്നതു തന്നെയാണ് അതിന്റെ അതുല്യത!

    ഇനി എന്തെങ്കിലും കണ്ടു പിടിച്ചാലുമതു ബൈബിളീന്റെ ആത്യന്തിക ഉദ്ദേശത്തെ () ഒരു തരത്തിലും ബാധിക്കുന്നതല്ല. ഒരാള്‍ എന്തിനു ബൈബിള്‍ വായിക്കുന്നു എന്നതിനെ ഉദ്ദേശിച്ചിരിക്കും എല്ലാം.

    ReplyDelete
  9. ഒന്നു കൂടി: സഭയ്ക്കുള്ള പൊതു ഉപദേശങ്ങളും, ചില വ്യക്തികളോടുള്ള പരാമര്‍ശങ്ങളും തമ്മില്‍ കൂടിപ്പിണഞ്ഞു പോകാറുണ്ട്. ഇവിടെയെല്ലാം പറ്റിയിരിക്കുന്നത് അതാണന്നു തോന്നുന്നു.

    തെറ്റു പറ്റാതിരിക്കാന്‍, ലേഖനങ്ങളില്‍ അതിനേപറ്റി വിശദീ‍കരിച്ച്ട്ടുണ്ടോ എന്ന് നൊക്കൂന്നത് നന്നായിരിക്കും.

    സാഹചര്യങ്ങളില്‍ നിന്നു അടര്‍ത്തി മാറ്റിയാലും, അര്‍ത്ഥ ഭ്രംശം വരുമല്ലോ?

    ReplyDelete
  10. 40ഓളം പേരെഴുതിയിട്ടും അത്രയ്ക്കൊന്നും കോണ്ട്രഡിക്ഷൻസ്‌ ബൈബിളിൽ കാണുന്നില്ല എന്നത്‌ സമ്മതിക്കുന്നു. അതിനു കാരണമുണ്ട്‌. തമ്മിൽ കോണ്ട്രഡിക്ഷൻസ്‌ ഇല്ലാത്ത സുവിശേഷങ്ങളെ മാത്രമെ ബൈബിളിൽ ചേർത്തിട്ടുള്ളൂ.

    ഇനി ആശയപരമായ ഒരു കോണ്ട്രഡിക്ഷനെ പറ്റി പറയാം. മനുഷ്യന്‌ അസുഖങ്ങൾ വരുന്നത്‌ പാപങ്ങൾ മൂലമാണോ എന്നത്‌ ഏതു മതത്തിന്റെയും പ്രധാന ചിന്താവിഷയം തന്നെ. അതിനെ പറ്റി പരസ്പരവിരുദ്ധമായ സംഗതികളാണ്‌ ഈശോ പറയുന്നത്‌. ഒരിടത്ത്‌ രോഗിയുടെ പാപം ക്ഷമിച്ചിരിക്കുന്നു നിന്റെ കിടയ്ക്കയുമെടുത്ത്‌ നടക്കാൻ പറയുമ്പോൾ, മറ്റൊരിടത്ത്‌ ഒരാൾ അന്ധനാവുന്നത്‌ ആരുടേയും പാപം കാരണമല്ല, ദൈവത്തിന്റെ മഹത്വം കാണിക്കാൻവേണ്ടി മാത്രമാണെന്നും പറയുന്നുണ്ട്‌.

    പിന്നെ, ഈ വക കോണ്ട്രഡിക്ഷൻസെല്ലാം വാച്യാർത്ഥത്തിൽ എല്ലാം എടുക്കുമ്പോഴാണ്‌. അതൊക്കെ വ്യാഖാനങ്ങൾകൊണ്ട്‌ ശരിയാക്കാൻ സാധിക്കും. അവിടെയാണ്‌ വിശ്വാസിയുടെ തട്ടകം. വിശ്വാസിയുടെ തട്ടകത്തിലേയ്ക്ക്‌ വരാൻ എനിക്കൊട്ടും താൽപര്യമില്ല. കേരൾസ്‌.കോമിന്റെ കോണ്ടക്സ്റ്റിൽ ഇങ്ങനെ ഒരു വാദം കണ്ടപ്പോൾ, അത്‌ പണ്ട്‌ പറഞ്ഞിട്ടുള്ളത്‌ ഈശോ ആയതുകൊണ്ട്‌ ഇത്തരത്തിൽ എത്തിപ്പെട്ടതാണ്‌.

    പിന്നെ സജി പറഞ്ഞ വാചകത്തിൽ 'പള്ളി' എന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്‌. അതിനെ വ്യാഖാനിച്ച്‌ ശരിയാക്കാം എന്ന്‌ സമ്മതിക്കുന്നു. ഇവിടെയും സ്വതസിദ്ധമായ കോണ്ട്രഡിക്ഷൻ ഉണ്ടേന്നു കൂട്ടിക്കോളൂ..

    ഈശോയുടെ ഈ എസ്റ്റാബ്ലിഷ്‌മന്റ്‌ വിരുദ്ധനിലപാടാണ്‌ സത്യത്തിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. (സ്നേഹത്തെ പറ്റിയുള്ളതൊക്കെ പഴയനിയമത്തിൽ തന്നെയുള്ളതാണ്‌). ആ നിലപാടാണ്‌ separation of church and state എന്ന ആശയത്തിലും തദ്വാരാ ഇന്നുകാണുന്ന ഡെമോക്രസിയിലും നമ്മളെ എത്തിച്ചതു. ദൈവവും രാജാവും തമ്മിൽ കൂട്ടുകച്ചവടം നടത്തിക്കൊണ്ടിരുന്നാൽ ഇത്‌ സാധ്യമേ അല്ലല്ലോ.

    ('ആദ്യം' ചേർത്തിട്ടുണ്ട്‌. നന്ദി)

    ReplyDelete
  11. മറുപടിക്കു നന്ദി.ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കട്ടേ.
    1. @ കോണ്ട്രഡിക്ഷൻസ്‌ ഇല്ലാത്ത സുവിശേഷങ്ങളെ മാത്രമെ ബൈബിളിൽ ചേർത്തിട്ടുള്ളൂ..

    അങ്ങനെയല്ല അതിനെ കാണേണ്ടത്.ഉല്പത്തി പുസ്തം 3 ആം അധ്യായം മുതല്‍ വെളി‍പ്പാട് പുസ്തകം 21 ആം അധ്യായം വരെ ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്. മനുഷ്യനെക്കുറിച്ചുള്ള യധാര്‍ത്ഥ ദൈവിക പ്ലാന്‍ അറിയണമെങ്കില്‍ അതിനു മുന്‍പും(ഉല്പത്തി പുസ്തം 3), അതിനു ശേഷവും( വെളി‍പ്പാട് പുസ്തകം 21)ഉള്ള ഭാഗങ്ങള്‍ തന്നെ പഠിക്കണം. ഈ കേന്ദ്രവിസ്ഷയത്തില്‍ ഊന്നിയ ദൈവ നിവേശിത പുസ്തകങ്ങളാണ്, എ ഡി 325 ലെ സിനഡ് അംഗീകരിച്ചത്. ബൈബിളിന്റെ ലക്ഷ്യത്തോടു ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു കൃതിയും നിലവില്‍ ഇല്ലായിരുന്നു എന്ന്താണ്‍ സത്യം.

    2. പള്ളിയും സഭയും രണ്ടാണ്. പുതിയ നിയമത്തില്‍ ഒരിടത്തും പള്ളി പണിയുന്നതായി പറഞ്ഞിട്ടില്ല.പള്ളി ഒരു കെട്ടിടവും, സഭ വിശ്വാസികളുടെ കൂട്ടായ്മയും ആണ്.

    3. ഈശോ ഒരു എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധന്‍ അല്ലായിരുന്നു. നില നിന്നിരുന്ന എല്ലാ നിയമത്തിനും, സ്ഥപനങ്ങള്‍ക്കും 100% കീഴടങ്ങി തന്നെയാണ് യേശു ജീവിച്ചതും, പഠിപ്പിച്ചതും!
    പക്ഷേ, അന്നു വരെ നിലവില്‍ ഇല്ലാതിരുന്ന പുതിയ ഒന്നിന് “സഭയ്ക്ക്ക്” ഈശോ അടിസ്ഥാനം ഇട്ടു. അത് അന്നു വരെ നില നിന്നിരുന്ന എന്തിന്റെ എങ്കിലും പരിഷ്കരിച്ചതൊ,പുനര്‍കൃമീകരിച്ചതോ ആയ ഒരു സ്ഥാപനം അല്ലായിരുന്നു. അന്നത്തെ ഒരു സ്ഥപനാങ്ങള്‍ക്കുമ്ം കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്ന്ന “പാപം” എന്ന വിഷയമാണ് സഭയ്ക്കുള്ളില്‍ കൈകാര്യം ചയ്തിരുന്നത്. അക്കലത്ത് യഹൂദന്മാര്‍ റോമക്കാരുടെ കീഴിലായിരുന്ന്. അതൊന്നും യേശുവിന്‍ ഒരു പ്രശ്നവും ആയിരുന്നുല്ല. ബൈബിളില്‍ ജനാധിപത്യം എന്ന സങ്കല്പം ഇല്ല. ദൈവത്തിന്റെ ഹിതം മാത്രം നടപ്പാക്കുന്ന സ്വര്‍ഗത്തിലെ “ തിയോക്രസി” യാണ് ബൈബില്‍ വിഭാവനം ചെയ്യുന്നത്. സ്വര്‍ഗ്ഗത്തിന്റെ മിനിയേച്ചര്‍ ആണ് സഭ. അതു ഭൂമിയിലെ ഒരു ഭരണ വ്യവസ്ഥക്കും അനുകൂലവും അല്ല പ്രതികൂലവ്വും അല്ല. പക്ഷേ, നിലനില്‍ക്കുന്ന രാഷ്ട്ട്രീയ വ്യവസ്ഥക്ക് കിഴ്പെട്ടിരിക്കാന്‍ നിര്‍ദ്ദ്ദേശവും ഉണ്ട്.

    ReplyDelete
  12. Hi Cibu,
    Bart Ehrman has discussed the genesis of this verse in his book Misquoting Jesus . Quoting him "Here i can simply point out a few basic facts that have proved convincing to nearly all scholars of every persuasion: the story is not found in our oldest and best manuscripts of the Gospel of John, its writing style is very different from what we find in the rest of John and it includes a large number of words and phrases that are otherwise alien to the Gospel. The conclusion is unavoidable: this passage was not originally part of the Gospel". Later in the book he has discussed how this has ended up in King James Version

    ReplyDelete
  13. ഒരു കാര്യം വിട്ടുപോയി,
    @മനുഷ്യന്‌ അസുഖങ്ങള്‍ വരുന്നത്‌ പാപങ്ങള്‍ മൂലമാണോ...

    1. മനുഷ്യന് അസുഖവും മരണവും വന്നത് പാപങ്ങള്‍ മൂലം അല്ല “പാപം” മൂലമാണ്. അതു സര്‍വ്വതിന്റെയും ആരഭം ഏദനിലെ അനുസരണക്കേട് മുതലാണ്. അതാണ് പാപം. യേശു അവതരിച്ചത് ഈ പാപം നീക്കുവാണ് ആണ്. ബാക്കിയെല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്. ഏറ്റവും നല്ല ഒരു ഉദാഹരണം എയിഡ്സ് രോഗം തന്നെ ആയിരിക്കും എന്നു തൊന്നുന്നു. എയിഡ്സ് ഉള്ളടുത്തോളം കാലം പലരോഗങ്ങളും പിടികൂടും. ശാശ്വതമായ പരിഹാരം എയിഡ്സിനെ തന്നെ ഇല്ലതാക്കുക എന്നതാണ്. അതുപോoലെ, പാപം പരി‍ഹരിക്കപ്പെടാത്തടത്തോളം മറ്റു പല പാപങ്ങളും തല്‍ഫലമായി രോഗങ്ങളും ഉണ്ടാകും.

    പിന്നെ, രണ്ടാമത്തെ സംഭവത്തില്‍, കുരുടനായി ജനിച്ചത് മനുഷ്യ പുത്രന്റെ നാമം മഹത്വപ്പെടുവാന്‍ ആണെന്നു യേശു പറഞ്ഞല്ലോ?

    പക്ഷേ,ഇതിന്റെയെല്ലാം root cause ചിന്തിച്ചാല്‍ ഏദനിലെ സംഭവം തന്നെയാണന്ന് മനസ്സിലാവും.

    ReplyDelete
  14. നമ്മൾ രണ്ടുപേർ പറയുന്നത്‌ ഒന്നുതന്നെയാണ്‌ സജീ. അന്നുകാലത്തെ ബൈബിളിന്റെ വ്യാഖാനവുമായി ചേർന്നുപോകുന്ന സുവിശേഷങ്ങൾ സ്വീകരിക്കപ്പെട്ടു. ബാക്കിയുള്ളവ തള്ളിക്കളഞ്ഞു.

    പള്ളി/സഭ എന്നിവയുടെ കാര്യത്തിൽ സജി പറഞ്ഞതുതന്നെ ശരി. ബൈബിളെടുത്തു നോക്കി :)

    ഈശോ ഒരു എസ്റ്റാബ്ലിഷ്‌മന്റ്‌ വിരുദ്ധനല്ല എന്നതുസമ്മതിക്കാൻ ഇപ്പോഴും പറ്റുന്നില്ല. സജി പറഞ്ഞതുപോലെ ആയിരുന്നെങ്കിൽ എന്തിന്‌ ഈശോ ജെറുസലേമിലെ കച്ചവടക്കാരെ ദേഹോപദ്രവം ചെയ്തു. പ്രധാന ഉത്സവത്തിനുമുമ്പായി എന്തിന്‌ ദേവാലയം ഘരാവോ ചെയ്തു; ഒരാളെ വിഡ്ഡി എന്നുവിളിക്കരുത്‌ എന്നുപറഞ്ഞനാക്കുകൊണ്ട്‌ തന്നെ പുരോഹിതന്മാരെ ശവങ്ങൾ എന്നുവിളിച്ചു? എസ്റ്റാബ്ലിഷ്‌മന്റ്‌ തറയായിരുന്നതുകൊണ്ടാവാം. പക്ഷെ, അത്‌ എസ്റ്റാബ്ലിഷ്‌മന്റ്‌ വിരുദ്ധതതന്നെയാണ്‌. അദ്ദേഹത്തിന്റെ ആശയങ്ങളിലെ പ്രതിലോമത ഞാൻ നേരത്തെ എഴുതിയല്ലോ.

    സജിയുടെ വിശ്വാസത്തെ പറ്റിയുള്ള കാര്യങ്ങൾ ഞാൻ ചർച്ചചെയ്യുന്നില്ലാട്ടോ.

    ജാക്ക്‌, ബാർട്ടിന്റെ പുസ്തകങ്ങൾ കുറച്ചൊക്കെ ഞാൻ വായിച്ചിട്ടുണ്ട്‌. എനിക്ക്‌ വളരെ ഉൾക്കാഴ്ച തന്നവയാണവ. ജീസസ്‌ സെമിനാറിനെ പറ്റി കേട്ടിട്ടുണ്ടോ. ബൈബിളിലെ വാചകങ്ങളിലെ ആധികാരികതയെ പറ്റി വിധിപറയുന്ന ഒരു ഗവേഷകസംഘം ആണ്‌ അത്‌: http://en.wikipedia.org/wiki/Jesus_Seminar

    ReplyDelete
  15. ജീസസ് സെമിനാര്‍ എന്നു ഞാന്‍ ആദ്യം കേള്‍ക്കൂകയാണ്. ലിങ്ക് ഉപകാരമായി.

    ഒറ്റകാര്യം കൂടി തിരുത്തിക്കോട്ടേ?

    “ഈശോ ജെറുസലേമിലെ കച്ചവടക്കാരെ ദേഹോപദ്രവം ചെയ്തു“

    ഒരിക്കലും ഇല്ല.
    അന്ന് യഹൂദ നാട്ടില്‍ ജീവിച്ചിരുന്ന, ഒരൊറ്റ വേശ്യയേയൊ, കള്ളക്കരം പിരിക്കുന്നവനെയോ, പാപികളെയോ യേശു ഒരിക്കല്‍ പോലും ദേഹോപദ്രവം പോയിട്ട് ശകാരിച്ച്ട്ടു പോലും ഇല്ല.

    ദേവാലയത്തിനകത്തു,ദൈവത്തിന്റെ പേരില്‍ പണം ഉണ്ടാക്കുന്നവരെയാണ് ഈശോ ഓടിച്ചത്.
    അതു മാത്രമായിരുന്നു ഇശോയുടെ ഏരിയ. പുറത്ത് ഏറ്റവും മോശമായി ജീവിച്ച എല്ലവരുന്മായി ഈശോ നന്നായി സഹകരിച്ചിരുന്നു. പക്ഷേ, ദൈവത്തിന്റെ മക്കള്‍ എന്നൊ, പുരോഹിതന്മാര്‍ എന്നൊ പറയുന്ന വര്‍ മാത്രമായിരുന്നു ആയിരുന്നു ഇശോ യുടെ ചാട്ടവാറിന്റെ ഇരകള്‍! (ഇന്നായിരുന്നു എങ്കില്‍ പല ബ്രതെറന്മാരും, മെത്രാന്മാരും അടികൊണ്ട് ഓടിയേനെ!)

    യരുശലേം ദേവാലയത്തിന്റെ ചീഫ് ആര്‍ചിറ്റെക്റ്റ് ഇശോ ആയിരുന്നു. പിന്നെ എങ്ങിനെ അതിനെ എതിര്‍ക്കും?

    (സാര്‍ ആദ്യമെ വിശ്വാസിയുടെ തട്ടകം താല്പര്യമില്ല എന്നു പറഞ്ഞെങ്കിലൂം, ഞാന്‍ തുടര്‍ന്നത് എന്തുകൊണ്ട് ആണെന്ന് അറിയാമോ? ഇതു വായിച്ചിട്ട്, ആര്‍ക്കും ഈ ബൈബിളില്‍ എന്തൊ കുഴപ്പം ഉണ്ടല്ലോ എന്നു ധാരാണ ഉടലെടുക്കരുത്. അതിനുള്ള എന്റെ വക ഒരൂ ചെറിയ കോണ്ട്രിബ്യുഷന്‍..thats all)

    ReplyDelete
  16. ജറുസലേം പള്ളിയുടെ ആർക്കിട്ടെക്റ്റ്‌ ഈശോ ആണ്‌ എന്നത്‌ ഒരു വിശ്വാസിയുടെ ഭാഷ്യം അല്ലാതെ എന്താണ്‌?

    മകരവിളക്കിന്റെ തലേ ആഴ്ചപോയി ശബരിമലയിൽ അരവണവിൽക്കുന്ന സ്ഥലം മുഴുവൻ അടിച്ചുനിരത്തുകയും അതുവിൽക്കുന്നവരെ സൈക്കിൾ ചെയിൻ കൊണ്ടടിക്കുകയും ശബരിമല അമ്പലം 24 മണിക്കൂർ ഘരാവോ ചെയ്യുകയും ചെയ്താൽ ഇന്നത്തെ കാലത്തുതന്നെ എന്തെങ്കിലും സംഭവിക്കും. പിന്നെയാണോ 2000 കൊല്ലം മുമ്പ്‌. ഈശോ കുരിശിൽ കയറിയതിൽ ഒരതിശയവുമില്ല!

    ReplyDelete
  17. ഹ ഹ .. ഉദാഹരണം കൊള്ളാം!

    ഇശോ യഥാര്‍ത്ഥ ക്രിസ്തു അല്ലായിരുന്നു വെങ്കില്‍ യഹൂദന്മാര്‍ ചെയ്തതില്‍ തെറ്റു പറയാന്‍ കഴിയില്ല. കാരണം അവരൂടെ വിശ്വാസം അനുസരിച്ചു,(തോറ)ദൈവദ്ദൂഷണം പറയുന്നവനെ കൊല്ലാമായിരുന്നു.
    (കുരിശില്‍ തറയ്ക്കാന്‍ പാടില്ലായിരുന്നുവെന്നേ ഉള്ളൂ, കാരണം അതു റോമന്‍ ശിക്ഷാ രീതിയായിരുന്നു)

    യേശുവിനെ കുരിശില്‍ തറയ്ക്കുമ്പോള്‍ ഒരു ശരാശരി പരീശന് ന്യായപ്രമാണം അനുസരിക്കുന്നതായി മാത്രമേ തോന്നിയുള്ളൂ..


    ദരിദ്രര്‍ക്കും, പാമരന്മാര്‍ക്കും ഈശോയെ തിരിച്ചറിയാന്‍ കഴിഞ്ഞു,പക്ഷേ, മതപണ്ഡിതന്മാര്‍ക്കും, സ്കോളേഴ്സിനും കഴിഞ്ഞില്ല.
    2000 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും അത് അങ്ങിനെ തന്നെ തുടരുന്നു...

    ReplyDelete
  18. ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റ് ഇവിടെ കാണാം. സമയം കിട്ടുമ്പോള്‍ കണ്ണൊടിക്കുമല്ലോ?

    ReplyDelete