2007-11-12

വായനാലിസ്റ്റിലെ സെലക്ഷന്‍

വായനാലിസ്റ്റിനെ പറ്റി പരാജിതന്‍ ലളിതമായി വിവരിക്കുന്നത്‌ ആദ്യമേ വായിക്കണം.

എഴുത്തുകാരന് ബ്ലോഗ് ആത്മാവിഷ്ക്കാരമായിരിക്കുമ്പോലെ വായനക്കാരന്റെ സെല്‍ഫ് എക്സ്പ്രഷനാണ് വായനാലിസ്റ്റ്. വായനാലിസ്റ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം അതുകൊണ്ട് ബ്ലോഗില്‍ ഒരു കൌണ്ടര്‍പാര്‍ട്ട് ചോദ്യവും ഉത്തരവും കിട്ടും. ഉദാഹരണത്തിന്, വായനാലിസ്റ്റില്‍ സുഹൃത്തുക്കളെയും ഒരു പ്രത്യേക രാഷ്ട്രീയത്തെയും പ്രമോട്ട് ചെയ്യുന്നവരുണ്ടാവാന്‍ സാധ്യതയില്ലേ എന്നചോദ്യമെടുക്കുക. ബ്ലോഗിലേ പോലെ തന്നെ, വായനാലിസ്റ്റിന്റെ പരമാധികാരി വായനക്കാരനാണ്; ഒരു വായനക്കാരന്‍ ആ വഴി തിരഞ്ഞെടുക്കുകയാണെങ്കില്‍ അത്‌ സംഭവിക്കും. എന്നാല്‍ പരാജിതന്‍ പറഞ്ഞതുപോലെ, അത്‌ ഒരു എഴുത്തുകാരന്‍ ബ്ലോഗിലെന്നതുപോലെ, വായനക്കാരന്‍ താന്‍ ഇങ്ങനെയാണ് എന്ന്‌ ലോകത്തിനോട് വിളിച്ചുപറയലാണ് - അതുതന്നെയാണോ പറയേണ്ടത്‌ എന്ന്‌ അതിന്റെ ഉടമസ്ഥന്‍ തന്നെ ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യണം.

ഒരു വരി പോലും എഴുതാതെ സെല്‍ഫ് എക്സ്പ്രഷന്‍ സാധ്യമാണ് എന്നത്‌ എന്തുമാത്രം പുതിയസാധ്യതകള്‍ തരും, അത്‌ എത്രയോ പേരേക്കൂടി എനേബിള്‍ ചെയ്യും എന്ന്‌ ആലോചിച്ചുനോക്കുക. ഇതുവരെ അണ്‍‌ഓര്‍ഗനൈസ്ഡ് ആയിരുന്ന വായനക്കാരന്റെ കമ്മ്യൂണിറ്റി അങ്ങനെ ഒരു തട്ടകം കണ്ടെത്തുകയാണ്. ഇത്‌ തീര്‍ച്ചയായും രാഷ്ട്രീയപരം കൂടിയാണ്. പ്രത്യേകിച്ചും വായനാലിസ്റ്റുകളുടെ മുകളില്‍ മാത്രം സാധ്യമാവുന്ന സമാനവായനയുടെ അഗ്രിഗേഷന്‍ മുതലായ അനാലിസിസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍. ഇത്രപേര്‍ ഈ ഒരു ആശയം ബ്ലോഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നു, അനുകൂലിച്ചിരിക്കുന്നു എന്നൊക്കെ സെര്‍ച്ച് ചെയ്ത്‌ കണ്ടുപിടിച്ച്‌ അനലൈസ് ചെയ്യാന്‍ എളുപ്പമല്ലല്ലോ. എന്നാല്‍ വായനാലിസ്റ്റുകളില്‍ എത്രപേര്‍ ഒരു പോസ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു എന്ന്‌ കണ്ടുപിടിക്കുക എളുപ്പവുമാണ്. ഇത്‌ വായനാലിസ്റ്റുകളുടെ മാത്രം പ്രത്യേകതയാണ്‌.

വായനയുടെ സെലക്ഷന്‍ എന്ന പ്രോസസ് എഴുത്തുകാരന്റെ പക്ഷത്തുനിന്നും വായനക്കാരന്റെ പക്ഷത്തുനിന്നും വ്യത്യസ്തമായി കാണപ്പെടുന്നു. അതില്‍ എഴുത്തുകാരന്‍ കാംഷിക്കുന്നത്‌ ഫെയര്‍നെസ്സ് ആണ് - ചില എഴുത്തുകാര്‍ തഴയപ്പെടരുത്‌. അതുതന്നെയാണ് അനംഗാരിയും, അഞ്ചല്‍ക്കാരനും മറ്റും ഈ പോസ്റ്റിന്റെ കമന്റുകളായി പറയുന്നത്‌.

എന്നാല്‍ അത്‌ വായനക്കാരന്റെ പക്ഷത്തുനിന്നും നോക്കുമ്പോള്‍ ഇങ്ങനെയല്ല കാണപ്പെടുക. വായനക്കാരന്റെ മുന്നിലെ പ്രോബ്ലം ഇതാണ് “എനിക്ക്‌ 3 പോസ്റ്റുകള്‍ വായിക്കാനുള്ള സമയമുണ്ട് - അല്ലെങ്കില്‍ - ബ്ലോഗുകള്‍ വളരെ അടിപൊളിയാണെന്ന്‌ കേട്ടു; എനിക്ക്‌ പറ്റിയ മൂന്നെണ്ണം കാണിച്ചു തരൂ”. വളരെ റീസണബിള്‍ ആയ ചോദ്യം. ഇതിന് ഫെയര്‍നെസ്സ് കാംഷിക്കുന്ന എഴുത്തുകാരുടെ ഗില്‍ഡിന്റെ ഉത്തരം ഇതുവരെ ഉണ്ടായിട്ടുള്ള അമ്പതിനായിരം പോസ്റ്റുകളില്‍ നിന്നും ഏതെങ്കിലും 3 എണ്ണം (റാന്റം ആയി) എടുത്തുവായിക്കൂ. പക്ഷെ, എഴുത്തുകാരന് വളരെ പ്രധാനമായ ഫെയര്‍നെസ്സിനെ പറ്റി വായനക്കാരന്‍ ആകുലചിത്തനല്ല. അവന് നല്ല പോസ്റ്റുകിട്ടുക എന്നതാണ് പ്രധാനം. അതിന് പലര്‍ക്കും ഇഷ്ടപ്പെട്ട പോസ്റ്റുകളില്‍ നിന്നു മൂണ്ണെണ്ണം എടുക്കുന്നതാവും ബുദ്ധി.

അതായത്‌ എഴുത്തുകാരന്റെ ഫെയര്‍നെസ്സും വായനക്കാരന്റെ സെലക്ഷനും പരസ്പരം വൈരുധ്യാത്മകമാണ്. അതേസമയം, വായനയും എഴുത്തും പരസ്പരപൂരകങ്ങളായതുകൊണ്ട് ഇതുരണ്ടിന്റേയും കോമ്പ്രമൈസ് തന്നെയാണഭികാമ്യം. അതായത്‌, സെലക്ഷന്‍ ചോദിക്കുന്ന വായനക്കാരന്, 50,000-ല്‍ നിന്നും ഏതെങ്കിലും 3 എണ്ണം കൊടുക്കുന്നതിനുപകരം, കുറച്ചുപേര്‍ക്ക്‌ വായിച്ചിഷ്ടപ്പെട്ടത് കൊടുക്കുന്നതാവും നല്ലത്‌; അത് ഏറ്റവും കൂടുതല്‍ വായനാലിസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാവണം എന്ന്‌ നിര്‍ബന്ധം പിടിക്കേണ്ടതില്ല - അത്‌ ഒരു ജനറല്‍ വായനക്കാരന് പ്രത്യേകിച്ചൊരു സെലക്ഷന്‍ ഇമ്പ്രൂവ്മെന്റും നല്‍കുന്നില്ല. (ഈ ബാലന്‍സ് http://vayanalist.blogspot.com തരുന്നുണ്ടെന്ന്‌ തന്നെയാണെന്റെ വിശ്വാസം.)

മറ്റു ചര്‍ച്ചകള്‍:
അഞ്ചല്ക്കാരന്റെ കാളമൂത്രവും ചില റിയാലിറ്റി ഷോ തരം...
വായനാലിസ്റ്റുകളും അനുബന്ധ ചിന്തകളും

2007-11-03

സ്വതന്ത്രസോഫ്റ്റ്വെയര്‍ എല്ലാം അല്ല

സ്വതന്ത്രസോഫ്റ്റ്വെയര്‍ എവിടെ ഇറിലവന്റാകുന്നു എന്നതാണ് ഈ ലേഖനത്തില്‍. അതിന്റെ നല്ലവശങ്ങളെ പറ്റിയുള്ള ലിങ്കുകള്‍ താഴെയുള്ള കമന്റുകളിലായി പലരും കൊടുത്തിട്ടുണ്ട്.
--

ഒരു സാധാരണ യൂസറെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒരു ധര്‍മ്മാശുപത്രി*യോടുപമിക്കാം.

ധര്‍മ്മാശുപത്രി നല്ലതാണ്. ഞാന്‍ ധര്‍മ്മാശുപത്രിയില്‍ പോകേണ്ടതിനും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതിനും തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ തന്നെ കാര്യമുണ്ട്. എന്നാല്‍ നാട്ടിലെ എല്ലാ ആശുപത്രിയും ധര്‍മ്മാശുപത്രിയാവുമോ. ഇല്ലല്ലോ. അതുപോലെ, സ്വതന്ത്രസോഫ്റ്റ്വെയര്‍ അത്യന്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ? ഇല്ല. അതിലെ വലിയൊരു പങ്കുപോലുമാവില്ല. നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കുക, ഇന്ന്‌ സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്.

സ്വതന്ത്രസോഫ്റ്റ്വെയറില്‍ പലകോഡും റീയൂസ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള കൊണ്ട് ഈ ശതമാനക്കണക്ക്‌ കിറുകൃത്യമാവില്ല എന്നുകൂടി പറഞ്ഞോട്ടേ. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിലും റീയൂസബിലിറ്റി ഇല്ലെന്ന്‌ വിചാരിക്കരുത്‌. ധാരാളം റീയൂസബിള്‍ കോഡ് പണംകൊടുത്ത്‌ വാങ്ങാന്‍ കിട്ടും. അതിന് പണത്തില്‍ കണക്കുപറയുന്നു എന്നുമാത്രം.

ഇനി ഡെസ്ക്‍ടോപ് അപ്ലിക്കേഷനുകള്‍ പലതും സ്വതന്ത്രസോഫ്റ്റ്വെയാല്‍ കുത്തകകള്‍ മുഴുവന്‍ അവരുടെ കമ്പനിപൂട്ടി വേറേ പണിക്ക് പോകുമോ? ഇല്ല. മറിച്ച്‌ ഫ്രീ ആയതിനുമുകളില്‍ ഫ്രീ അല്ലാത്തതെന്തുചെയ്യാം എന്നാലോചിക്കും. അതുണ്ടാക്കും, മാര്‍ക്കറ്റ് പിടിക്കും ... പഴയ പരിപാടി. ഈ ചക്രം ഇങ്ങനെ അനുസ്യൂതം തുടരും. BSD യുണീക്സിന്റെ മുകളിലുണ്ടാക്കിയിരിക്കുന്ന വളരെ പോപ്പുലറായ ആപ്പിള്‍ OS X ആണ് ഒരുദ്ദാഹരണം.

സ്വതന്ത്രസോഫ്റ്റ്വെയര്‍ വച്ച്‌ പറ്റാവുന്ന അത്ര പണമുണ്ടാക്കൂ എന്നു് സ്റ്റാള്‍മാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്‌ ഒരു സര്‍വീസ് മോഡലാണ്. അതാ‍യത്‌ സോഫ്റ്റ്വെയര്‍ സ്വതന്ത്രമാണെങ്കിലും അതിന്റെ സര്‍വീസിന് കനത്തതുക ഈടാക്കുക. നമ്മുടെ ഉപമയില്‍, ധര്‍മ്മാശുപത്രിയുടെ സ്പെഷല്‍ വാര്‍ഡില്‍ കിടക്കാന്‍ ഭീമമായ ഫീസ് ഈടാക്കുക. വീട്ടില്‍ കപ്പകൃഷി ചെയ്യുന്നവനോട്, നീ നിന്റെ വീട്ടിലെ കപ്പ ഫ്രീ ആയി പിഴുതെടുക്കാന്‍ സമ്മതിക്കൂ; നിന്റെ കിള ഉഗ്രനാണെന്നങ്ങനെ നാട്ടുകാരറിയും; അപ്പോള്‍ എല്ലാവരും നിന്നെ കിളയ്ക്കാന്‍ വിളിക്കും; അങ്ങനെ നിനക്ക്‌ അന്നത്തിന് മുട്ടുണ്ടാവില്ല എന്നു പറയുമ്പോലെ.

ഈ മോഡലിന്റെ കുഴപ്പം എന്താണെന്നുവച്ചാല്‍, ഇത്‌ പ്രായോഗികമാവുക വളരെ കോമ്പ്ലെക്സ് ആയ സോഫ്റ്റ്വെയര്‍ഘടകങ്ങള്‍ക്കാണ്. ഉദാഹരണം gcc, sun os മുതലായവ; അല്ലെങ്കില്‍ സോഫ്റ്റ്വെയറും സെര്‍വീസും ഫ്രീ കൊടുത്ത്‌ പരസ്യം മുതലായ മറ്റുകച്ചവടങ്ങള്‍ നടത്തുന്നവര്‍ക്ക്. എന്നാല്‍ വരമൊഴി (മനസ്സിലാവുന്ന ഒരുദാഹരണം മാത്രം) പോലുള്ള ചെറിയ സോഫ്റ്റ്വെയറുകള്‍ക്ക്‌ ഈ മോഡല്‍ വര്‍ക്ക് ചെയ്യില്ല. കാരണം അതിലെ പ്രശ്നങ്ങള്‍ ഫിക്സ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും എനിക്ക്‌ ഭീമമായ തുകതരേണ്ടതില്ല; ആര്‍ക്കും സാധിക്കും. പനി, ചുമ എന്നീ ചെറുരോഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ക്ലിനിക്കിന്റെ സ്പെഷല്‍ വാര്‍ഡ് കാലിയടിച്ചു കിടക്കുമ്പോലെ. സത്യത്തില്‍, 2-3 കൊല്ലം വരമൊഴിയില്‍ ഈയൊരു മോഡല്‍ പരീക്ഷിച്ചിരുന്നു. അതിന്‍ പ്രകാരം ഏതെങ്കിലും ഫോണ്ട് ചേര്‍ക്കാന്‍ 1000 രൂപയായിരുന്നു ചോദിച്ചിരുന്നത്‌. ഈ മൂന്നുകൊല്ലത്തില്‍ ഒരാള്‍മാത്രം വന്ന്‌ ഒരു ഫോണ്ടിനുവേണ്ടിയുള്ള സ്പെഷല്‍ വരമൊഴി വാങ്ങിച്ചു. അത്ര തന്നെ.

സ്റ്റാള്‍മാന്റെ ഈ വിപണനരീതിയുടെ വിരോധാഭാസം, അത്‌ പിന്തുണയ്ക്കുന്നത്‌ വലിയ കുത്തകകളെയാണ്; ചെറിയ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ അല്ല എന്നതാകുന്നു. സൂക്ഷിച്ചുനോക്കിയാല്‍, അടിസ്ഥാനപരമായി പ്രശ്നം, സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടെ വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത്‌ മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്.

ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. ഞാനെഴുതിയ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍, ഞാന്‍ അതുപയോഗിക്കുന്നവനോടുചെയ്ത ഉപകാരമാണ്. അതിന് പണത്തില്‍ കണക്ക്‌ പറയുന്നത്‌ ന്യായമാണ്. ഞാന്‍ വരമൊഴി എഴുതി അതിന്റെ സോര്‍സ് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തിലിട്ടാല്‍ ലോകം കൂടുതല്‍ നല്ല സ്ഥലമാവും എന്നതൊക്കെ സമ്മതിക്കുന്നു; എന്നാല്‍ ആരാണ് എനിക്ക്‌ അരിവാങ്ങാന്‍ പൈസ തരിക? ഞാന്‍ വരമൊഴി ഉപഭോക്താവിന് ചെയ്തുകൊടുത്ത നന്മയെ അളക്കുന്നതും ഞങ്ങള്‍ തമ്മില്‍ ആ അളവിന്റെ കാര്യത്തില്‍ ചേര്‍ച്ചയിലെത്തുന്നതും നടക്കുന്നതെവിടെ വച്ച്‌? (ഇതാണ് പണവിനിമയത്തില്‍ കലാശിക്കുന്ന മാര്‍ക്കറ്റ് പ്ലേസ് നെഗോസിയേഷന്‍). കൊള്ളലാഭത്തെ പറ്റിയല്ല ഈ പറയുന്നത്‌. ചെറിയ ഉപകാരത്തിന് ചെറിയ തുക. ഉദാഹരണത്തിന് ഒരു വരമൊഴി ഉപഭോക്താവിന് 50 രൂപ എന്നു വച്ചോളൂ. ചുരുക്കത്തില്‍, സോഫ്റ്റ്വെയറെഴുതിവിറ്റ് പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല.

അതേസമയം പ്രൊപ്രൈറ്ററി മോഡല്‍ ഇവിടെ കൃത്യമായ ഒരുത്തരം തരുന്നുണ്ട്. നിന്റെ കണ്ടുപിടുത്തം പേറ്റന്റ് ചെയ്യുക, സോര്‍സ് കോഡ് കൊടുക്കാതിരിക്കുക. ഓരോ ഡൌണ്‍ലോഡിനും മാര്‍ക്കറ്റ് നിലവാരമനുസരിച്ചൊരു തുക ഈടാക്കുക. ഏതെങ്കിലും എന്‍‌ക്രിപ്ഷന്‍ മെത്തേഡു വച്ച്‌ എക്സിക്യൂട്ടബിളിനെ കോപ്പി ചെയ്യപ്പെടാതെ സംരക്ഷിക്കുക. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് അവശ്യം ഉണ്ടാവേണ്ട മാര്‍ക്കറ്റ് പ്ലേസ് ഇനിയും ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം. ചെറിയ സോഫ്റ്റ്വെയര്‍ നിര്‍മ്മതാക്കള്‍ക്ക്‌ വളരെ കുറഞ്ഞ തുകയ്ക്ക്‌ (ഉദാ: $0.50 - $10) ചെറിയ സോഫ്റ്റ്വെയര്‍ കമ്പോണന്റുകള്‍ വളരെ സുഗമമായി, സുരക്ഷിതമായി ഉപഭോക്താക്കള്‍ക്ക്‌ വില്‍ക്കാനാവുന്ന ഒരു സ്ഥലം.

നിങ്ങള്‍ തീ കണ്ടുപിടിച്ചു എന്ന്‌ കരുതുക. അതിന്റെ കോപ്പി ഗ്നൂ ഉപയോഗിച്ച്‌ നിങ്ങള്‍ വിതരണം ചെയ്യുന്നു എന്നും. വേറേ ഒരാള്‍ ആ തീ ഉപയോഗിച്ച്‌ ഓടുന്ന വണ്ടിയും കണ്ടുപിടിച്ചു. ഗ്നൂ അയാളെ ആ വണ്ടിയുടെ ടെക്നിക്ക് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. പകരം വണ്ടി മെക്കാനിക്കായി നിനക്ക്‌ ഇഷ്ടം പോലെ പൈസയുണ്ടാക്കാമല്ലോ എന്ന്‌ പറയുന്നു. തീര്‍ച്ചയായും ഇത്‌ എല്ലാവര്‍ക്കും യോജിച്ചതാവില്ല. സോഫ്റ്റ്വെയറുകളെ ധര്‍മ്മം മാത്രമായി കാണുന്ന BSD-ല്‍ ഈ താത്വികപ്രശ്നമില്ല. തീപോലെ വായുപോലെ സോഫ്റ്റ്വെയറും ഇനിയുണ്ടാവുന്ന കണ്ടുപിടുത്തങ്ങള്‍ നിങ്ങള്‍ കുറച്ചുകാലത്തേയ്ക്ക് ആര്‍ക്കും പറഞ്ഞുകൊണ്ടുക്കുന്നില്ല എന്നോ, പൈസയുണ്ടാക്കാനാണോ, എന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. അതുകൊണ്ട് തന്നെ, BSD സോഫ്റ്റ്വെയറുകള്‍, പ്രൊപ്പൈറ്ററി സോഫ്റ്റ്വെയര്‍ ഉണ്ടാക്കേണ്ടാക്കാനോ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉണ്ടാക്കാനോ ഉപയോഗിക്കാം. ഇന്ന്‌ തീയും വായുവും എങ്ങനെയാ‍ണോ അതുപോലെ സ്വതന്ത്രം. അത്‌ ഏത് രീതിയിലുമുള്ള ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഗ്നൂ സ്വതന്ത്രരീതിയിലുള്ള ഇന്നവേഷനെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. ഇന്ന്‌ മലയാളം കമ്പ്യൂട്ടിംഗില്‍ വേണ്ടത്‌ പ്രൊപ്രൈറ്ററിയോ സ്വതന്ത്രമോ എന്ന്‌ നോക്കാതെ എല്ലാ ഇന്നവേഷനേയും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. അതുകൊണ്ട് BSD ആണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്ക് കൂടുതല്‍യോജിച്ചതും.

സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഇറിലവന്റാവുന്ന മറ്റൊരു സ്ഥലം ഇനി വരുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് ആണ്. ആദ്യം മൈക്രോസോഫ്റ്റ് വേഡ് ഉണ്ടായിരുന്നു; പിന്നീട് അതിനൊപ്പം നില്‍ക്കുന്ന ഓപ്പണ്‍ ഓഫീസ് സ്വതന്ത്രസോഫ്റ്റ്വെയറിലുണ്ടായി. പക്ഷെ, നാളെ എല്ലാവരും അവരുടെ എഡിറ്റിംഗ് ആവശ്യങ്ങള്‍ നടത്തുന്നത്‌ ഇന്റര്‍നെറ്റിലാണെങ്കിലോ. മറ്റുരണ്ടും ഇറിലിവന്റായില്ലേ. ഇതുപോലെ ഓരോ സ്വതന്ത്രസോഫ്റ്റ്വെയറും ഒരു ഇറിലവന്‍സ് നേരിടുന്നുണ്ട്. നാളെ, ഡിവൈസ് ഡ്രൈവറുകള്‍ സ്വതന്ത്രമാണ് എന്ന്‌ പറയുമ്പോലെ വലിയ കാര്യമൊന്നുമില്ലാത്തതാവും സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ കാര്യവും - ക്ലൌഡ് കമ്പ്യൂട്ടിംഗില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അതിനെ സ്ഥാനം കണ്ടുപിടിച്ചില്ലെങ്കില്‍.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചര്‍ച്ചചെയ്യുന്ന ഒരനുബന്ധപ്രശ്നം സോഫ്റ്റ്വെയര്‍ പേറ്റന്റുകളുടേതാണ്. അമേരിക്കയിലെ പേറ്റന്റുകളുടെ കാലാവധി 17 വര്‍ഷം എന്നത്‌ വളരെ കൂടുതലാണ്. ഓരോ പ്രോഡക്റ്റിന്റേയും ലൈഫ്‌സൈക്കിളിന് അനുപാതികമാ‍യിരിക്കണം പേറ്റന്റ് കാലാവധി. മെഡിക്കല്‍ രംഗത്ത്‌ അത്രയും വര്‍ഷങ്ങള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് പ്രോഡക്റ്റിറങ്ങാന്‍ വേണ്ടിവന്നേക്കും. എന്നാല്‍ സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ അത്രയും വര്‍ഷങ്ങള്‍ ആവശ്യമില്ല. 5-6 മതിയാവും എന്നാണ് എന്റെ തോന്നല്‍. അമേരിക്ക ആവശ്യമില്ലാത്ത കാര്യങ്ങളും പേറ്റന്റ് ചെയ്യാന്‍ സമ്മതിക്കുന്നുണ്ട്. അതൊഴിവാക്കാനായി ചെയ്യാവുന്ന കാര്യം, ഒരു സംഗതി പേറ്റന്റിനപേക്ഷിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ അതുതന്നെ വേറേ ആരെങ്കിലും അതേ സംഗതി തന്നെ പേറ്റന്റ് ചെയ്യാന്‍ ശ്രമിക്കുന്നെങ്കില്‍ ആ സംഗതിയെ എല്ലാ‍വര്‍ക്കും കണ്ടുപിടിക്കാവുന്ന കാര്യമാണെന്ന്‌ കൂട്ടി പബ്ലിക്ക് ഡൊമയിനിലേയ്ക്കിടുക എന്നതാണ്. മറ്റവന് പേറ്റന്റ് കിട്ടിപ്പോവുമോ എന്ന ഭയം കാരണം എല്ലാവരും സ്വന്തം കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാതിരിക്കുകയും ഇല്ല.

താത്വികമായി പേറ്റന്റ് എന്നത്‌ ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല - നാട്ടിലെ ലാടവൈദ്യന്മാരെ പോലെ. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച സംഗതി എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്‌ പതിച്ചുനല്‍കാം. ഇങ്ങനെയൊന്നില്ലെങ്കില്‍ നിന്റെ സൂത്രപ്പണി ആരെങ്കിലും റിവേര്‍സ് എഞ്ചിനിയര്‍ ചെയ്തുപയോഗിച്ച്‌ നിന്റേതുകൊണ്ട് നിനക്കൊരു പ്രയോജനവും ഇല്ലാതായേക്കാം.

--
*ഇവിടെ ഞാനുപയോഗിച്ചിരിക്കുന്ന വാക്കുകളെ പറ്റി ആശയക്കുഴപ്പമുണ്ടാവാ‍തിരിക്കാന്‍ പറയട്ടെ:

ഒരാള്‍ ചെയ്യുന്ന നന്മയെ രണ്ടായി തിരിക്കാം. 1) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കുന്ന തരം. ഇതിനെ ധനം കൊണ്ട് അളക്കുന്നു, ആ പ്രവര്‍ത്തിയില്‍ ധനത്തിന്റെ വിനിമയം നടക്കുന്നു. 2) നേരിട്ട് പ്രത്യുപകാരം പ്രതീക്ഷിക്കാത്തവ - നാടിന്റെ, വേണ്ടപ്പെട്ടവരുടെ നന്മയെ കരുതി ചെയ്യുന്നത്‌ - ധര്‍മ്മപ്രവര്‍ത്തി അല്ലെങ്കില്‍ ചാരിറ്റി. അളക്കലും, ധനവിനിമയവും നടക്കാറില്ല.

സോഫ്റ്റ്വെയര്‍ ഉല്പന്നം എന്നത്‌ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കിയോ ഉപയോഗിച്ചോ അതിനെ വിവരിച്ചോ ചെയ്യുന്ന ഉപകാരം എന്ന വിശാലമായ അര്‍ഥത്തിലാ‍ണ് ഉപയോഗിച്ചിരിക്കുന്നത്‌. അതുപോലെ ഉപഭോക്താവെന്നാല്‍ ഉപകാരം സ്വീകരിക്കുന്നയാള്‍. എന്തുതരം നന്മയാണെന്നനുസരിച്ച്‌ പണവിനിമയം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യും.