2007-04-10

കുട്ടി മലയാളം പറയാന്‍...

അമേരിക്കയിലെ പ്രവാസിമലയാളികളുടെ കാര്യമാണ്. സ്കൂളില്‍ പോകും വരെ കുട്ടികള്‍ വീട്ടില്‍ മലയാളം പറയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ സ്കൂളില്‍ പോയി ത്തുടങ്ങിയാല്‍ പിന്നെ വളരെ എളുപ്പത്തില്‍ അവര്‍ മറ്റുകുട്ടികളുടെ അടുത്തുനിന്നും ഇംഗ്ലീഷ് സ്വായത്തമാക്കും. അതുതന്നെ ഇടയ്ക്ക്‌ വീട്ടിലും പ്രയോഗിക്കും. അതു് അപ്പനും അമ്മയ്ക്കും മനസ്സിലാവുന്നുണ്ടെന്ന്‌ കണ്ടാല്‍ പിന്നെ, അവരൊരു ഷോര്‍ട്ട്കട്ട് എടുക്കും. കൂട്ടുകാരുടെ അടുത്തും വീട്ടിലും ഇംഗ്ലീഷ് മതി ഇനി.

ഈ സന്ദര്‍ഭത്തിലാണ് അപ്പനും അമ്മയും മലയാളം എന്‍ഫോര്‍സ് ചെയ്യുന്ന നടപടികളെടുക്കുക. മിക്കവാറും ചെയ്യുന്ന പരിപാടി, “Can I watch TV?" എന്ന ചോദ്യത്തിന് “മലയാളത്തില്‍ ചോദിക്ക്‌“ എന്ന് മറുപടി കൊടുക്കും. ചിലപ്പോള്‍ അവര്‍ മലയാളത്തില്‍ ചോദിക്കും മിക്കവാറും ഇംഗ്ലീഷില്‍ തന്നെ ഒന്നുകൂടി ചോദിക്കും. എന്തായാലും ഒരു ചെറിയ കണ്ടന്‍ഷന്‍ ഉണ്ടാവും.

ഇത്‌ ഒഴിവാക്കാന്‍ ഒരു ചെറിയ ഉപായം. എന്റെ വീട്ടില്‍ തരക്കേടില്ലാ‍തെ നടക്കുന്ന കാര്യം. മുകളിലെ ചോദ്യത്തിന് ഇങ്ങനെ ഒരു മറുചോദ്യം ചോദിക്കും “ടീവി കണ്ടോട്ടേ എന്നാ‍ണോ ചോദിച്ചത്?”. ഇതിനൊരു ഗുണം എന്താണെന്നു വച്ചാല്‍ പ്രത്യക്ഷത്തില്‍ കണ്ടന്‍ഷന്‍ ഒഴിവാക്കുന്നതാണ്. കാര്യം നടക്കാന്‍ ഇംഗ്ലീഷില്‍ ചോദിക്കുന്നത്‌ സമയം കൂടുതല്‍ എടുക്കുന്നതിനാല്‍ പതുക്കെ ചോദ്യങ്ങള്‍ മലയാളത്തിലായിത്തുടങ്ങും.

ചുരുക്കത്തില്‍ അവരുടെ അല്ലാ ഇംഗ്ലീഷ് ചോദ്യങ്ങളേയും മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ കണ്‍ഫേം ചെയ്യുക.

32 comments:

  1. സിബൂ.. ഗ്രേറ്റ് ഐഡിയാ ഞങ്ങള്‍ ഇതു പ്രയോഗിക്കാനുള്ള സമയമാകുന്നു...
    നന്ദി

    ReplyDelete
  2. നല്ല ആശയങ്ങള്‍. സര്‍ക്കാര്‍ മലയാളത്തിനുവേണ്ടി എന്തൊക്കെ ചെയ്യണമെന്ന് ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം തന്നെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ ചെയ്യാം എന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വേണമെന്ന് തോന്നുന്നു. പരീക്ഷിച്ച് വിജയിപ്പിച്ച മാതൃകകള്‍/മനസ്സിലുള്ള ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുകയുമാവാം.

    ReplyDelete
  3. പരാജയ കഥകള്‍ എഴുതാമൊ വകാരിജി?

    ReplyDelete
  4. ഈ പോസ്റ്റ് തുടരന്‍ അല്ലേ സിബു?:)
    ആറ്, ഏഴ് വയസ്സാകുമ്പോഴേക്കും കൂട്ടുകാരുടെ മുന്നില്‍ വെച്ച് മാതൃഭാഷ പറയുന്നത് കുറച്ചിലായിട്ടെടുക്കുന്നതായാണ് ഞാന്‍ കണ്ടത്. ഈ കടമ്പയും കടന്നവര്‍ ഇവിടെ തന്നെയുണ്ടാവില്ലേ?

    പ്രിയംവദജി, അനുഭവകഥകള്‍ക്കല്ലേ ഞങ്ങളൊക്കെ കാത്തിരിക്കുന്നേ?:)

    ReplyDelete
  5. രേഷ്മാ.. ഈ പരിപാടിക്ക്‌ വളരെ ലിമിറ്റഡായ അംബീഷനേ ഉള്ളൂ. വീട്ടില്‍ അപ്പന്റേയും അമ്മയുടേയും അടുത്ത്‌ മലയാളം പറയുക എന്നുമാത്രം. എന്റെ മൂത്തവള്‍ മലയാളി കൂട്ടുകാരുടെ അടുത്തു് ഇംഗ്ലീഷാണ്. അത്‌ മാറാന്‍ മരുന്ന്‌ വേറേ കൊടുക്കണം :)

    വിജയിച്ച മെത്തേഡുകള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞുതരണേ. (പരാജയകഥകള്‍ കേള്‍ക്കാന്‍ വലിയ താത്പര്യമില്ല :(

    ReplyDelete
  6. കുട്ടികള്‍ ജനിച്ചപ്പോള്‍ മുതല്‍, അവര്‍ മലയാളത്തില്‍ കൊഞ്ചിപ്പറയുന്നതു കേള്‍ക്കാന്‍ ഞങ്ങള്‍ അവരോട് മലയാളത്തിലേ സംസാരിച്ചിരുന്നുള്ളൂ. രണ്ടുമൂന്നു വയസ്സായപ്പോഴേക്കും നല്ലപോലെ മലയാളം പറയാനും തുടങ്ങി. ഗള്‍ഫിലെ മലയാളിക്കുട്ടികള്‍ക്ക്, അമേരിക്കന്‍ കുട്ടികളുടെയത്ര പ്രശ്നം ഇക്കാര്യത്തിലില്ല എന്നു തോന്നുന്നു. സിബൂ, കഥ കേള്‍ക്കാനിഷ്ടമുള്ള കുട്ടികളാണെങ്കില്‍ മലയാളത്തില്‍ കഥ പറഞ്ഞുകൊടുക്കാം

    ReplyDelete
  7. പരാജയങ്ങളില്‍ നിന്നും കൂടുതല്‍ പാഠങ്ങള്‍ പഠിക്കാം ? വിജയതിലേകുള്ള വഴികള്‍ അതു സുഗമമാക്കും..project debriefing പിന്നെ എന്തിനു?

    രേഷ്‌.. എന്റെ അനുഭവങ്ങള്‍ പോസ്റ്റാന്‍ ശ്രമിക്കാം..ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍, എന്ന പ്രത്യാശയോടെ!
    qw_er_ty

    ReplyDelete
  8. ദയവ്‌ ചെയ്ത്‌ വിജയ കഥകള്‍ ഒക്കെ കമന്റാക്കണേ. ഇത്‌ അത്യാവശ്യം വേണ്ട അവസ്ഥയിലാ ഞങ്ങള്‍. ഫോണ്‍ ചെയ്യുമ്പോ, മുത്തശ്ശന്‍ ഊണ്‌ കഴിച്ച്വോന്ന് ചോദിക്ക്‌ മോളേ എന്ന് പറഞ്ഞാലും അത്‌ പരിഭാഷപ്പെടുത്തി "മുത്തശ്ശാ, ഹാഡ്‌ ഫുഡ്‌?" എന്ന് ചോദിക്കുന്ന അവസ്ഥയിലാണ്‌ ദിവസം 8 മണിക്കൂര്‍ വേറൊരു വീട്ടില്‍ പോയിരിക്കുന്നത്‌ കൊണ്ട്‌ ഞങ്ങടെ കുട്ടി എത്തിയിരിക്കുന്നത്‌.

    നുള്ളിംഗ്‌, ചവിട്ടിംഗ്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ജനലില്‍ക്കൂടി ചാടാന്‍ തോന്നും. അങ്ങനെ പറയരുത്‌ എന്ന് സൌമ്യമായി എത്ര പറഞ്ഞു കൊടുത്തിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. കയ്യിലിരുപ്പ്‌ കൊണ്ട്‌ വേറെ അടി ഇടക്കിടക്ക്‌ കിട്ടുന്നത്‌ കാരണം, ഇത്‌ തല്ലിപ്പഠിപ്പിക്കാനും തോന്നുന്നില്ല. :-(

    സിബൂ, നന്ദി ഈ വിഷയം കൊണ്ടുവന്നതിന്‌.

    ReplyDelete
  9. മക്കള്‍ മലയാളം സംസാരിക്കുന്നില്ല എന്ന്‌ അഭിമാനത്തോടെ പരാതിപറയുന്ന പണ്ടത്തെ അതേ കാലത്താണല്ലോ ഇപ്പോഴും എന്നു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

    അച്ഛനും അമ്മയുമോടൊപ്പം , മിനിമം മൂന്ന്‌ മണിക്കൂറെങ്കിലും കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ പറയുന്നതിലൊക്കെ വലിയ കാര്യമൊന്നുമില്ലെന്ന അഭിപ്രായക്കാരനാണു ഞാന്‍.

    തീര്‍ച്ചയായും അമേരിക്കയും ദുബായിയും വ്യത്യാസമുണ്ടെന്നു സമ്മതിക്കുന്നു.

    എണ്‍പത്‌ ശതമാനത്തില്‍ കൂടുതല്‍ മറ്റു രാജ്യക്കാര്‍ , താമസിക്കുന്ന ഒരു സ്ഥലത്ത്‌ നാലുകൊല്ലമായി ജീവിക്കുന്നു.

    എന്‍റ്റെ മകള്‍ രണ്ടുപേരും നന്നായി മലയാളം പറയും , എന്‍റ്റെ മകന്‍ പഠിക്കുന്നത്‌ ബ്രീട്ടീഷ് കാരിക്കുലമാണ്‌ എന്നാലും

    , വീട്ടില്‍ മലയാളമെ പറയൂ.

    ഇതെന്‍റ്റെ അഭിപ്രായം മാത്രം!

    ReplyDelete
  10. ഈ വിവാഹിതരുടെ ഓരോ പ്രശ്നങ്ങളേയ് :-)

    ReplyDelete
  11. സിബുചേട്ടാ,
    നല്ല പോസ്റ്റ്. മലയാളം വീട്ടില്‍ മാത്രം പറയുന്നവര്‍ക്ക് മലയാളം അറിയാമെങ്കിലും വളരെ ആഴം കുറഞ്ഞ ഭാഷാ പ്രാവീണ്യമേ കണ്ടിട്ടുള്ളൂ. മലയാളം വായന പ്രോത്സാഹിപ്പിച്ചാല്‍ ഇത് മറികടക്കാന്‍ കഴിയില്ലേ? (ഒരു ഓളത്തിന് പറഞ്ഞതാണേ. അതിന്റെ ബുദ്ധിമുട്ടുകളെ പറ്റി യാതൊരു ഊഹവുമില്ല. പൊറുക്കൂ) :-)

    ReplyDelete
  12. ആശയ വിനിമയത്തിനാണ്‌ ഭാഷ ,
    പ്രത്യേകിച്ചും സംസാര ഭാഷ.

    ഏറ്റവും ലളിതമായ ഭാഷ ഉപയോഗിക്കുമ്പോള്‍ ആശയം അതിന്‍റ്റെ അതേ അളവില്‍ അര്‍ത്ഥത്തോടെയും , ലയത്തോടെയും കൈമാറ്റം ചെയ്യപ്പെടുന്നു.

    ആഴമുള്ള സംസാര ഭാഷ എന്ന ഒന്നുണ്ടോ?

    വരമൊഴി , അല്ലെങ്കില്‍ സാഹിത്യ ഭാഷ സംസാരത്തിനുപയോഗിക്കുമ്പോള്‍ ,

    അര്‍ത്ഥം കൈമാറുമെങ്കിലും , കൃതൃിമത്വം കൂടുകയും ,

    ആശയവിനിമയത്തിന്‌ ഉണ്ടായിരിക്കേണ്ട ലയം നഷ്ടപ്പെടുകയും ചെയ്യുന്നു ,

    ഇതാകട്ടെ ചിലപ്പോഴെങ്കിലും സംസാരത്തെ ആരാചകമാക്കുന്നു

    ReplyDelete
  13. ചാത്തനേറ്:

    സിബുച്ചേട്ടോ പിള്ളേരെ ഒരു കൊല്ലം കേരളത്തില്‍ പഠിപ്പിച്ചാല്‍ ചിലപ്പോള്‍ ശരിയാവും.

    മലയാളം കൊരച്ചു കൊരച്ച് അറിയുന്ന ചിലരേയും ഇംഗ്ലീഷും ഹിന്ദിയും മാത്രം അറിയുന്ന ചിലരേയും
    മലയാളം മണി മണിയായി സംസാരിപ്പിച്ച ചരിത്രം ചാത്തന്‍ പഠിച്ച കാലത്തെ റാഗിംഗ് ഏടുകളിലുണ്ട്.

    പാവങ്ങള്‍ ചിലപ്പോ സങ്കടം തോന്നീട്ടുണ്ട്.

    ReplyDelete
  14. മക്കള്‍ മലയാളം സംസാരിക്കുന്നില്ല എന്ന്‌ അഭിമാനത്തോടെ പറ്യാന്‍ വേണ്ടി, വീട്ടില്‍‍ മലയാളം പറയാനിഷ്ടപ്പെടാതിരുന്ന ഒരു കുടുംബത്തെ അറിയാം.
    സൌഹൃദ സന്ദര്‍ശന വേളകളില്‍ ഞങ്ങള്‍ മലയാളം പറയാതിരിക്കാന്‍ അദ്ദേഹം പെടുന്ന പാടു കണ്ടു് , ഉള്ളില്‍ ചിരി ഒതുക്കി , ചെല ബ്ലോഗില്‍ ഇഷ്ടമല്ലാത്ത കമന്‍റെഴുതാന്‍ ഒക്കാത്ത അവസ്ഥപോലെ, കുത്തിയിരുന്നു് “ചിങ്കൂ കം ഹിയര്‍‍“ എന്നു് പറയുന്നതു് കണ്ടിരുന്നിട്ടുണ്ടു്.
    ട്രയിന്‍ യാത്രകളില്‍ മക്കളോടു് ഹിന്ദിമാത്രം പറയുന്ന മറു നാടന്‍ മലയാളികളെ കാണാറുണ്ടു്.
    പുറപ്പെടാറായ ട്രയിനു വെളിയില്‍ സുഹൃത്തുക്കളുമായി മലയാളത്തില്‍ സൊറ പറഞ്ഞു നിന്ന ഞങ്ങളോടു് ഈസിറ്റു് എസി 2 കോച്ചു്? എന്നു് ധൃതിയില്‍ ചോദിച്ച മലയാളി സുഹൃത്തിനെയും ഒരു ചിരിയോടെ ഓര്‍ക്കുന്നു.
    ശ്രീ.സിബു, നല്ല ലേഖനം.
    എന്‍റെ രണ്ടു മക്കളും ജനിച്ചതും പഠിക്കുന്നതും കാണ്‍‍പൂരില്‍ തന്നെ. അവര്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ പോലെ മലയാളം പറയും. മോനെ ഞാന്‍ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. എങ്ങനെ ആയിരുന്നു എന്നു് ചോദിച്ചാല്‍, ഞങ്ങള്‍‍ വീട്ടില്‍ എപ്പോഴും മലയാളം സംസാരിച്ചു. ആഴ്ചയില്‍ ഒരു മലയാള സിനിമയെങ്കിലും അവരോടൊപ്പം കണ്ടിരുന്നു. കുട്ടികളുടെ മലയാളം പ്രസിദ്ധീകരണങ്ങള്‍‍ പോസ്റ്റലായി വരുത്തുമായിരുന്നു.
    മറ്റു ഭാഷകളില്‍ ഉയര്‍ന്ന മാര്‍ക്കു് വാങ്ങി തന്നെ അവര്‍ പഠിക്കുന്നു.
    മാതാപിതാക്കാള്‍ക്കു് തന്‍റെ മക്കള്‍ മലയാളം പറയണമെന്നു് ആത്മാര്ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ മക്കളോടു് മലയാളത്തില്‍ തന്നെ തുടക്കത്തില്‍ ആശയ വിനിമയം ചെയ്യുക. എന്‍റെ അനുഭവം, ഇതു് ശരി ആണെന്നു് പറയിക്കുന്നു.
    സസ്നേഹം,
    വേണു.

    ReplyDelete
  15. സിബൂ :) താത്പര്യം ഉള്ളവര്‍, മക്കളെ മലയാളം പറയാന്‍ പഠിപ്പിക്കട്ടെ. ചിലപ്പോള്‍, അവിടെയുള്ള കുട്ടികള്‍ ആവും, ഇവിടെ, നാട്ടിലുള്ള ചില കുട്ടികളേക്കാള്‍, നന്നായി മലയാളം പറയുന്നത്. അവിടെ കൂട്ടുകാരോടൊന്നും മലയാളം പറയാന്‍ പറ്റുന്നുണ്ടാവില്ലല്ലോ. അതുകൊണ്ട് വീട്ടിലും അവര്‍, ഇംഗ്ലീഷ് തന്നെ ആയ്ക്കോട്ടെ എന്ന് വിചാരിക്കുന്നുണ്ടാവും. അല്ലെങ്കില്‍, എല്ലാ മലയാളികളും ഒരുമിച്ച് ചേരുന്ന അവസരത്തില്‍, എല്ലാവരും മലയാളം മാത്രം പറയുക എന്നൊക്കെ ഒരു ശീലം ഉണ്ടാക്കിയാല്‍ മതിയാവും. പിന്നെ, എല്ലാവര്‍ക്കും, ആവശ്യമുണ്ടെന്ന് തോന്നുകയും വേണമല്ലോ.

    ReplyDelete
  16. സിബു, നമ്മള്‍ മലയാളം സ്വായത്തമാക്കിയത്‌, വീട്ടില്‍ മലയാളം പറഞ്ഞത്‌ കൊണ്ട്‌ മാത്രമാണോ? നമ്മുടെ ചുറ്റുപാടുകളിലും നമ്മള്‍ കൂടുതല്‍ മലയാളം കേട്ടത്‌ കൊണ്ടല്ലേ? അപ്പോള്‍, നമ്മുടെ കുഞ്ഞുങ്ങള്‍ ഇംഗ്ലീഷ്‌/അല്ലെങ്കില്‍ വേറെ ഒരു ഭാഷ കൂടുതല്‍ കൈവശമാക്കുമ്പോള്‍,അവര്‍ അതിനോട്‌ അടുത്ത്‌ ഇഴപിണഞ്ഞ്‌ കിടക്കുന്നത്‌ കൊണ്ടാണു. ബന്ധുക്കള്‍ ഒക്കെ വരുമ്പോള്‍ നിര്‍ബ്ബന്ധമായിട്ടും മലയാളത്തില്‍ തന്നെ മിണ്ടുവാന്‍ പറയുക, (മുതിര്‍ന്നവര്‍ക്കും ഇത്‌ ബാധകം). മലയാളം ഇല്ലാത്ത എന്റെ വീട്ടില്‍, മലയാളം ബാല കഥകളും മറ്റും അതേ രീതിയില്‍ വായിയ്കും, അല്‍പം മനസ്സില്ലായ്‌വ്ക ഉണ്ടായാലും, മരത്തില്‍ കയറി തല താഴ്ത്തിയിട്ടു മാനേ... അഭി ഇസ്കാ മീനിംഗ്‌ ബോലോ ന്ന് പറയുമ്പോള്‍, ഹീ പുട്ട്സ്‌ ഹിസ്‌ ഹെഡ്‌ ഡൗണ്‍ ലൈക്ക്‌ ദിസ്‌ ന്ന് കട്ടിലില്‍ തലകീഴായി കാണിയ്കും അവന്‍. അങ്ങനെ ഫുള്‍ റ്റെം അവനോട്‌ ശര്‍മാജിയില്ലാത്തപ്പോള്‍ മലയാളം മാത്രം പറഞ്ഞ്‌, ഇപ്പോ ഞാന്‍ ഫോണ്‍ ചെയ്യുമ്പോ മിക്കവാറും തമിഴ്‌ മലയാളം മാത്രം എന്ന രീതിയില്‍ എത്തിയട്ടുണ്ട്‌. കടും കട്ടി വാക്കുകള്‍ അന്യം എങ്കിലും.

    12 മണിക്കൂറോളം കുട്ടി ഇംഗ്ലീഷ്‌ കേള്‍ക്കുമ്പോള്‍, നമ്മള്‍ എത്ര തല്ലി കൊടുത്താലും,നോ നോ യെസ്‌ യെസ്‌ ന്നു പറഞ്ഞ്‌ പോകും. ഇതിനു എന്തെങ്കിലും മരുന്നുള്ളതായിട്ടോ, പ്രയോഗിച്ചിട്ട്‌ ഫലിച്ചതായിട്ടോ അറിവില്ല.

    മലയാളം അക്ഷരം പഠിപ്പിച്ചിട്ട്‌, ബാലരമ, കിങ്ങിണിചെപ്പ്‌ എന്നിവ പോലുള്ള ബുക്കുകള്‍ നല്‍കി, എന്നും അതില്‍ നിന്നും ഒരു കഥ വായിച്ച്‌, തിരിച്ച്‌ ചെറിയ രൂപത്തില്‍ എഴുതാനോ, ഇംഗ്ലീഷ്‌ വാക്കുകള്‍ കലര്‍ത്താതെ പറയാനോ പറയുക. വീടിനകത്ത്‌ മലയാളം അടിക്കുറുപ്പുകളുള്ള പോസ്റ്ററുകളും പ്രാര്‍ഥനാ ശകലങ്ങളും വയ്കുക. അത്‌ നോക്കി മലയാളത്തില്‍ തന്നെ പ്രാര്‍ഥന പറയുക.

    പിന്നെ ഇനി വരുന്ന കാലങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ മലയാളം പറഞ്ഞാല്‍ മനസ്സില്ലാവണം എന്ന ഒരു റ്റാര്‍ഗറ്റ്‌ മാത്രം മനസ്സില്‍ കണ്ടാല്‍ പോരെ? അവര്‍ മാനസ മൈന പാടണം, സാഹിത്യ നിരൂപണം നടത്തണം എന്നൊക്കെ ആഗ്രഹിയ്കണോ ? നമ്മള്‍ക്ക്‌ എന്താവണമോ അതായത്‌ പോലെ അവര്‍ക്ക്‌ എന്താവണമോ അതായിക്കോട്ടെ. വീടിനകത്തല്ലാതെ,അതും ചില മണിക്കുറുകളോ മറ്റോ മാത്രം, വേറെ എവിടെയും മലയാളം കേള്‍ക്കാത്ത കുഞ്ഞിനോട്‌ ഈ ഭാഷയെ പറ്റി എന്താണു നമ്മള്‍ കൂടുതല്‍ പറഞ്ഞ്‌ കൊടുക്കാന്‍ പറ്റുക? വലുതാവുമ്പോ, ആ കുട്ടിയ്ക്‌ വേണമെങ്കില്‍ മലയാളം എന്ന ഭാഷയെ പറ്റി അറിയാന്‍ ഉതകുന്നത്‌ ചെയ്യാം. ഇപ്പോള്‍ തിരിച്ചറിവില്ലാത്ത, മലയാളത്തിന്റെ മേന്മ മനസ്സിലാവാത്ത പ്രായത്തില്‍ മലയാളം, മലയാളം, റ്റോക്ക്‌ റ്റു മി ഇന്‍ മലയാളം എന്നൊക്കെ നിര്‍ബ്ബദ്ധിച്ചാല്‍, സപ്പറഷന്‍ എന്‍ഡ്‌സ്‌ ഇന്‍ റിവോള്‍ട്ട്‌! (മാക്സില്‍ വീക്കായ കുട്ടിയോട്‌ അടിച്ച്‌ അടിച്ച്‌ കണക്ക്‌ പഠിപ്പിയ്കുന്ന പോലെയാവും, റ്റീച്ചറെ ഒറ്റയ്ക്‌ കിട്ടിയാല്‍ ആ കുട്ടി കൊല്ലും!)

    കണ്ണുസ്സേ, ദുബായില്‍ ഈ പാടുണ്ടോ? മലയാളം മിക്ക സ്കൂളുകളിലും ഉണ്ടല്ലോ പത്ത്‌ ക്ലാസ്സ്‌ വരെ? കേരള സ്റ്റേറ്റ്‌ സിലബസ്സ്‌ സ്കുളുകളുമുണ്ട്‌ ഇവിടെ,. പക്ഷെ മലയാളം എന്ന വിഷയം നമ്മള്‍ പ്രെവറ്റായിട്ട്‌ പഠിച്ച്‌ എഴുതണം എന്ന് മാത്രം.

    ReplyDelete
  17. മാതൃഭാഷ പടിക്കുകയൊ പടിക്കാതിരിക്കുകയോ എന്നതല്ല വിഷയം. ഭാഷയോടൊപ്പം ഉപോത്പ്പന്നം ആയി ഉള്ളിലെത്തുന്ന സംസ്കാരം തന്നെ മുഖ്യം. തമിഴന്‍ ഇപ്പൊഴും അമ്മയെ/അച്ഛനെ കാല്‍തൊട്ടു വന്ദിക്കുന്നു. മലയാളി വൃദ്ധ സദനനങ്ങളെ സംസ്കാരത്തിണ്റ്റെ ഭാഗമാക്കുന്നു. മലയാളത്തിലല്ലാതെ വേറൊരു പത്രത്തിലും ഞാന്‍ "വാനപ്രസ്ഥം ഡീലക്സ്‌" സദനങ്ങളുടെ പരസ്യം കണ്ടിട്ടില്ല. ഭാഷയെ നാം പടിയടച്ചു പിണ്ഡം വച്ചപ്പോള്‍ തിരിച്ചു ആ ഭാഷ നമ്മെയും പടിയടച്ചു പിണ്ഡം വച്ചു. യൂസ്‌ ആന്‍ഡ്‌ ത്റൊ സംസ്കാരത്തില്‍ ആഗോള മലയാളിയെ എത്തിച്ചത്‌ , മാതൃഭാഷയെ പുറത്താക്കിയതിനാലാണു. ജീവിതവിജയം ബാങ്ക്‌ ബാലന്‍സ്‌ മാത്രം ആണെന്നു നാം കുട്ടികളെയും പടിപ്പിക്കുന്നു. കേരളത്തിലെ ഓരോ വീടും ഇന്ന് വൃദ്ധ ഗൃഹങ്ങള്‍ ആണു. അവഗണിക്കപ്പെട്ട അച്ഛനും അമ്മയും മൂലയില്‍ ഒതുക്കപ്പെടുന്നു. എല്‍.കെ.ജിക്ക്‌ അഡ്മിഷനോടൊപ്പം തനിക്കും ഒരു അനാഥ മുറി ബുക്‌ ചെയ്യാന്‍ ഗ്ളോബല്‍ മലയാളി തയ്യാറെടുക്കുന്നു.

    What u will get if ur teach ur son/daughter malayalam:
    Simple....vayasu kalathu vellam

    ReplyDelete
  18. സിബു പറഞ്ഞതുപോലെ മാതാപിതാക്കളുടെ സംസാര ഭാഷ മലയാളമായാല്‍ കുട്ടികള്‍ താനെ ആ വഴി വന്നുകൊള്ളും.
    ഒരു പക്ഷേ,ചിലര്‍ സ്വന്തം വിവരക്കേടിന്റെയോ,പൊങ്ങച്ചത്തിന്റെയോ ഭാഗമായി മോശമാണെന്നുകൂടി വിശേഷിപ്പിക്കാവുന്ന മലയാള ഭാഷ ജീവിതത്തില്‍ ഒരു അഭിമാനമായി നിലനിര്‍ത്തുകയെന്നത്‌ അത്ര പ്രയാസകരമായ കാര്യമൊന്നുമല്ല.(നല്ലതായാലും ചീത്തയായാലും സ്വന്തം മാത്രുഭാഷയായിപ്പോയില്ലെ അതിനെ സ്നേഹിക്കുക)
    നമ്മുടെ സ്വന്തം മാത്രു ഭാഷ,സ്വന്തം നാട്‌, സ്വന്തം സംസ്കാരം, സ്വന്തം അച്ഛനമ്മമാര്‍ എന്നൊക്കെ പറയാന്‍ ആത്മാഭിമാനമുള്ളവരാണ്‍ ഇന്ന് ബൂലൊകത്ത്‌ ആശയ വിനിമയത്തിനായി മലയാളത്തില്‍ ബ്ലൊഗുന്നത്‌. ഇതുതന്നെ നല്ലോരു ലക്ഷണമാണ്‌.

    ReplyDelete
  19. നാലു വയസ്സു വരെ മലയാളം നന്നായി പറഞ്ഞിരുന്ന, പിന്നെ സ്കൂളില്‍ പോയപ്പോ മലയാളം മറന്നുപോയ ഒരു കുട്ടി എനിക്കുമുണ്ട്. ഞാന്‍ കഴിയുന്നത്ര മലയാളത്തിലേ പറയൂ, തിരിച്ചിങ്ങോട്ട് മലയാളം കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഞാന്‍ വാശി പിടിക്കാറില്ല. മലയാളം കേട്ടാല്‍ അവര്‍ക്കു മനസ്സിലാവണം, അത്രയുമേ ഇപ്പോ എനിക്കും ആഗ്രഹമുള്ളൂ.

    ReplyDelete
  20. കുട്ടികളുടെ ഭാഗത്ത് നിന്നൊരു ദര്‍ശനം.

    ReplyDelete
  21. വളരെ നല്ല ചിന്ത സിബൂ

    യുണീക്കോഡില്‍ ഡിസൈന്‍ ചെയ്ത പാഠ്യമാലാ സീ.ഡീ.കള്‍ പ്രവാസികള്‍ക്കിടയില്‍ വിതരണം കഴിഞ്ഞാല്‍ / കളര്‍ഫുള്ളായ ഒരു പാഠ്യമാലാ വെബ്സൈറ്റ് ആര്‍ക്കെങ്കിലും തുടങ്ങാന്‍ കഴിഞ്ഞാല്‍ - നന്നായിരിക്കില്ലേ; ലളിതമായ പാഠങ്ങളും എക്സര്‍സൈസുകളും ഉള്‍പ്പെടുത്തി. ഫൊക്കാനയുടെയോ മറ്റോ സൈറ്റില്‍ ഇതുപോലൊരു ശ്രമം കണ്ടിരുന്നു. അതു പക്ഷേ പ്രൊഫഷണലായ ആരും ചെയ്തത് അല്ലെന്ന് തോന്നുന്നു. മലയാളം പാഠമാലാ സീ.ഡി.യും (വില്പനയ്ക്ക്) എവിടെയോ കണ്ടിരുന്നു.

    പിന്നാലെ വരുന്നവര്‍ക്കൊക്കെ ഉപകാ‍രപ്പെടുന്ന രീതിയില്‍ നമുക്ക് ഇതൊന്നു വിപുലീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

    കുട്ടികള്‍ക്ക് ആകര്‍ഷണീയമായ വിഷയങ്ങളിലൂടെ/മാധ്യമങ്ങളിലൂടെ അവരിലേയ്ക്ക് മലയാളം എത്തിക്കുന്നതായിരിക്കും എല്ലാ രീതിയിലും നല്ലത് എന്ന് തോന്നുന്നു. നിര്‍ബന്ധിക്കുന്നത് വിപരീതഫലമായിരിക്കുമെന്നും.

    മലയാളം കൂ‍ടി പഠിപ്പിക്കുന്ന വേദപാഠക്ലാസ്സുകളും മറ്റും ഉണ്ട്. അവരുമായും ടൈ അപ്പ് ഉണ്ടാക്കാം. (ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ‌‌). കുട്ടികള്‍ മലയാളം കേള്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരിക്കും ഏറ്റവും നല്ല അപ്രോച്ച്. ഇഷ്ടം പോലെ മലയാളി സംഘടനകള്‍ ഉള്ളതുകൊണ്ട് ഈക്കാര്യത്തിലെങ്കിലും പ്രയോജനമുണ്ടാവും.

    പാട്ടും ഡാന്‍സും പഠിയ്ക്കാന്‍ മലയാളിക്കുട്ടികള്‍ ധാരാളമായി ഇപ്പോള്‍ മുന്നോട്ട് വരുന്നത് വളരെ നല്ലൊരു ലക്ഷണമാണ്/ട്രെന്‍ഡ് ആണ്.

    നമ്മള്‍ ഇത്രയും പേര്‍ ഒത്തുപിടിച്ചാല്‍ തന്നെ ഇതൊക്കെ നടക്കാവുന്നതേയുള്ളൂ എന്നുതന്നെ കരുതുന്നു.

    സസ്നേഹം

    ReplyDelete
  22. ഓഫ്:
    കണ്ണൂസേ, കുഞ്ഞു ചോതിയെ മറന്നാല്‍, നിങ്ങളെ ഞാന്‍ ജനലിലൂടെ തള്ളിയിടും.
    ഓഫ് തീര്‍ന്നു.
    (ഹോ എന്തൊരു ഡീസന്റ് ഓഫടി)

    ReplyDelete
  23. സിബൂ നല്ല ആശയം.
    ഞങ്ങളുടെ കുട്ടികള്‍ ഇന്നു വലിയ കുട്ടികളാണ്.
    മലയാളം അവര്‍ക് അത്യാവശ്യം പറയാനും എഴുതാനും അറിയാം.

    ഇതൊരു കുറവാണ് എന്നു ഞാന്‍ സമ്മതിയ്ക്കുന്നു.

    പക്ഷെ ഇതിന് പകരം എന്തു ചെയ്യാന്‍ കഴിയുമായിരുന്നു എന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്ന ഉത്തരമേ എനിയ്ക്കു ഖേദത്തോടെ പറയാനുള്ളു.പിന്നെ മലയാളി രക്ഷകര്‍ത്താക്കള്‍ ഇതില്‍ പൊതുവായ താല്പര്യം കണ്ടെത്തുന്നില്ല എന്ന തോന്നല്‍ എനിയ്ക്കുണ്ട്.

    വീട്ടില്‍ മലയാളം തന്നെയായിര്രുന്നു അവര്‍ ചെറുതായിരുന്നപ്പോള്‍ പറഞ്ഞിരുന്നത്.

    സ്കൂളീല്‍ ചേരു‍മ്പോള്‍ കുട്ടികള്‍ക്കു‍ രണ്ടു ഭാഷ പുതിയതായി പഠിയ്ക്കണം (അതെവിടെയുമങ്ങനെയാണല്ലോ)‍.ആഫ്രിയ്ക്കയില്‍ ഇത് ഇങ്ലീഷും ഒരു ആഫ്രിയ്ക്കന്‍ ഭാഷയുമാണ്.

    കുട്ടികള്‍ ഏതെങ്കിലും ഒരു ഭാഷയില്‍ ഉറച്ച അറിവു ചെറിയ പ്രായത്തില്‍ തന്നെ തേടണം എനുള്ളത് ഒരു വിദ്യാഭ്യാസ തത്വമാണ്. അതു മാത്രുഭാഷയായാല്‍ ഏറ്റവും നന്ന്‌. പക്ഷെ മാത്രുഭാഷയില്‍ പഠിയ്കാന്‍ സൌകരുപ്പെടുന്നില്ലെങ്കില്‍ അതിന്റെ സ്ഥാനം ഇംഗ്ലീഷിനു കിട്ടുന്നു.

    അപ്പോള്‍ വീട്ടില്‍ വച്ചുള്ള മല്യാളം പഠനം മൂന്നാമത്തെ ഭാഷയായി പോകുന്നു.അതു ദിവസേനയുള്ള ഗൃഹപാഠം, project, assignments
    ഇവയൊക്കെ കഴിഞ്ഞു ശ്രധിയ്കാന്‍ കഴിയാതെ വരുന്നു.

    ഞങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ parents നേരത്തേ മലയാളം ട്യൂഷന് ആളിനെ ഏര്‍പ്പെടുത്തുമായിരുന്നു.ആപാഠങ്ങള്‍ മുറയ്ക്കു നടക്കുകയും ചെയ്യുമായിരുന്നു.
    പോരുമ്പോള്‍ മലയാള പാഠാവലികളും, കഥപുസ്തകങ്ങളും ഒക്കെ കൊണ്ടു പോരും. സമയം കിട്ടുമ്പോഴൊക്കെ അതിലെ കഥപറഞ്ഞുകൊടുക്കുകയും വായിയ്ക്കുകയും ചെയ്യുമായിരുന്നു.

    പക്ഷെ കുട്ടികള്‍ യൂണിവേഴ്സിറ്റി തലത്തിലെത്തിയപ്പോള്‍ അവര്‍ കൂടുതല്‍ ഇംഗ്ലീഷ് ഉപയോഗിയ്ക്കാന്‍ തുടങ്ങി.മലയാളി കൂട്ടുകാരുമായും സംസാരിയ്ക്കുമ്പോള്‍ മലയാളവും ഇങ്ലിഷും കൂട്ടിക്കലര്‍ത്തി സംസാരിയ്ക്കും.

    വീട്ടില്‍ ക്കുടുതലും മലയാളം സംസാരിച്ചു.
    ഇപ്പോളും വീട്ടില്‍ വരുമ്പോള്‍ ഞാന്‍ മലയാളത്തിലെ ഓരോ ആശയങ്ങള്‍ പറഞ്ഞുകൊടുക്കും.

    പക്ഷെ മലയാള ഭാഷയില്‍ അത്ര അറിവില്ലെങ്കിലും,മലയാളസംസ്കാരത്തെക്കുറിച്ചും, മലയാളത്തേക്കുറിച്ചും അവര്‍ക്കറിയാം.

    തന്നെയുമല്ല പലേ ഭാഷയിലും രാജ്യത്തുമുള്ള കൂട്ടുകാരുടെ ഇടയില്‍ സ്വന്തം ഭാഷയേക്കുറിച്ചും സംസ്കാരത്തേക്കുറിച്ചും അറിഞ്ഞില്ലെങ്കില്‍ അതൊരു പൊരായ്മ്യാണ് എന്നുള്ള ബോധവും അവര്‍ക്കുണ്ട്.

    നാട്ടില്‍ വരുമ്പോള്‍ പൊതുവെ കാണപ്പെടുന്ന സാമൂഹ്യബോധമില്ലാത്ത, മനുഷ്യത്വമില്ലാത്ത, പരസ്പരം സ്നേഹമില്ലാത്ത, പെണ്‍കിട്ടികള്‍ക്കു തനിയെ പുറത്തിങ്ങി നട്ക്കാന്‍ കഴിയാത്ത അവസ്തയെ അവര്‍ ചൊദ്യം ചെയ്യാ‍ാറുമുണ്ട്? അതി പുരാതനമായ ഭാരത സംസ്ക്കരത്തില്‍ തന്നെ നാട്ടില്‍ വളര്‍ന്ന മലയാളീകള്‍ എന്തേ ഇങ്ങനെയാകുന്നു എന്നവര്‍ക്കു വിഷമവൂണ്ട്.

    ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രവാസികളുടെ കുട്ടികള്‍ മലയാളം പഠിയ്ക്കണമെന്നുള്ള തില്‍ പരിമിതികളുണ്ട്. രക്ഷ കര്‍ത്താക്കാ‍ള്‍ ഒരു സാമുഹ്യ മനോഭാവത്തോടെ (മത്സരഭാവം ഉപേക്ഷിച്ച്) പരിശമിയ്ക്കുന്നത് അവരുടെ മലയാളജ്ഞാനത്തിനു സഹായിച്ചേക്കാം.

    പിന്നെ നമ്മള്‍ ആഗ്രഹിയ്ക്കുന്ന വിധത്തില്‍ മലയാള ജ്ഞാനം കിട്ടുന്നതിനു വേണ്ടി അവരോടു കര്‍ക്കശമായതുകൊണ്ടു വലിയ പ്രയോജനമുണ്ടാകുമോ എന്നറിഞ്ഞുകുടാ.

    പിന്നെ മലയാളത്തില്‍ പ്രവാസീക്കുട്ടികള്‍ക്ക് പ്രായഭേദമെന്യേ മത്സരങ്ങള്‍ (ഉദ്.ഒരു വിഷയത്തേക്കുറിച്ചിത്ര വരിയില്‍ ഒരു ലേഖനം എഴുതുക)ഏര്‍പ്പെടുത്തുന്നതു നല്ലതായിരിയ്ക്കും. അതില്‍ എല്ലവര്‍ക്കും സമ്മാനങങള്‍ കൊടുക്കുക.
    ബ്ലോഗിനു അങ്ങനെയുള്ള മത്സരങ്ങള്‍ക്കായി ഉപയോഗിയ്ക്കാം.

    സംസ്കാരം ഏതു ഭാഷയിലും മനസിലാക്കം.
    അതുകോണ്ട്, ഇംഗ്ലീഷിലും ഇത്തരം മത്സരം ഏര്‍പ്പെടുത്തുന്നതു മലയാളത്തില്‍ എഴുതാനറിയാത്ത വലിയ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിയ്ക്കവുന്നതാണ്.

    ഇതിനെ ക്കുറിച്ചു സിബുവിന്റെ ഈ പൊസ്റ്റിങ് വായികൂന്നതിനു മുന്‍പേ ഞാന്‍ ചിന്തിച്ചിട്ടുള്ളതാണ്.

    ReplyDelete
  24. സിബുവിന്റെ അതേ പരിപാടി പരിമിതമായ വിജയത്തോടെയെങ്കിലും നടപ്പിലാക്കിവരുന്നു.

    ഇംഗ്ലീഷിനു പുറമെ മലയാളം കൂടി കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്നത്‌ ഒരു ഭാരമായി കാണുന്ന അച്ഛനമ്മമാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. രണ്ടുഭാഷയില്‍ ചിന്തിക്കാനുള്ള കഴിവോടെ വളരുന്ന കുട്ടികളില്‍ ഒരു ഭാഷമാത്രം അറിയുന്നവരെ അപേക്ഷിച്ച്‌ കൂടുതല്‍ ബുദ്ധിവികാസം കണ്ടുവരുന്നുണ്ടത്രേ. ഒരു ഭാഷമാത്രം അറിയുന്നവര്‍ക്ക്‌ തത്തമ്മേ പൂച്ചപൂച്ച എന്ന് പറയാന്‍ വളരെ എളുപ്പമാണ്‌. രണ്ടും ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ ഒന്നില്‍ കേള്‍ക്കുന്ന/വായിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം എന്താണ്‌ എന്നു മനസ്സിലാക്കി മറ്റേതിലേക്കു മാറ്റേണ്ടിവരുന്നു എന്നതായിരിക്കാം കാരണം. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ മോനു വായിച്ചുകൊടുക്കുമ്പോള്‍ എത്രമാത്രം മനസ്സിലായി എന്നു കണ്ടുപിടിക്കാന്‍ ഞാന്‍ ചിലപ്പോള്‍ മലയാളത്തില്‍ പറയാന്‍ ചോദിക്കാറുണ്ട്‌. ബൈ-ലിംഗ്വല്‍ ആയി വളര്‍ത്താന്‍ കഴിയുക എന്നത്‌ നമുക്ക്‌ അനായാസം മക്കള്‍ക്കു ചെയ്തുകൊടുക്കാന്‍ പറ്റുന്ന വലിയൊരു സഹായമാണെന്നു രക്ഷിതാക്കളെ മനസ്സിലാക്കിക്കൊടുത്താല്‍ പഠിപ്പീരിന്‌ കുറെക്കൂടി ഊര്‍ജ്ജിതമുണ്ടാകുമായിരിക്കും.

    ReplyDelete
  25. പോസ്റ്റിനേക്കാള്‍ വളരെ ആഴത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്‌ നന്ദി.

    വേണു പറഞ്ഞതിനോട് നന്നായി യോജിക്കുന്നു. മലയാളത്തോട് ഇഷ്ടമുണ്ടാക്കാന്നതിന് സിനിമ,
    പാട്ട്, കളിക്കുടുക്ക, കുടുംബപ്രാര്‍ഥന എന്നിവ ഞങ്ങള്‍ക്ക്‌ വര്‍ക്ക്
    ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും പ്രാര്‍ഥനയിലുള്ള പാട്ടുകള്‍.

    രാജേഷ്, ഈ ബി.ബി.സി. വാര്‍ത്തകള്‍ കണ്ടിരുന്നോ?
    Being
    bilingual 'protects brain'

    Bilingual
    classes 'raise results'

    Bilingual
    Asian children 'do better'

    ReplyDelete
  26. സിബു ചേട്ടാ
    ഞാന്‍ ചെയ്യുന്നതും ഇപ്പോള്‍ കുറച്ചൊക്കെ സക്കസ്സസായ ഒരു കാര്യം പറയാം. രണ്ട് കുട്ടികളുണ്ട്, ഒരാള്‍ എട്ടും മറ്റേയാള്‍ന്‍ പത്തും.
    അദ്യമൊക്കെ തല്ലി പഠിപ്പിക്കാന്‍ ഇതുപോലെ ബലരമ അങ്ങിനെയൊക്കെ കുറേ നോക്കിയിട്ടുണ്ട്. നടന്നില്ല. അതുകൊണ്ട് വിട്ടു.
    രണ്ടും ഇവിടെ ജനിച്ചതാ. പക്ഷെ അവര്‍ക്ക് ഹിന്ദി സിനിമാ അങ്ങോട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇവിടെ ആഴ്ചയില്‍ മിനിമം രണ്ട് ഹിന്ദി സിനിമയെങ്കിലും എടുക്കും.
    അങ്ങിനെ അവര്‍ക്ക് ഹിന്ദി സിനിമാ വഴി ഇന്ത്യന്‍ ഫീലിങ്ങ് ഭയങ്കരമായിട്ടുണ്ട്. ചിരിക്കണ്ട. പക്ഷെ ഹിന്ദി സിനിമകള്‍ കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ച് വളരെ പോസ്റ്റിറ്റീവ് ആയിട്ടുള്ള ഫീലിങ്ങ് ആണ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂളില്‍ ഒക്കെ ചില സ്പെഷയല്‍ ദിവസങ്ങളില്‍ ചുരിദാറും ലെഹംഗായും ഒക്കെ ഇട്ടോണ്ട് പോവാന്‍ ഭയങ്കര താല്‍പ്പര്യവും ആയി. ഹിന്ദി പഠിക്കണമെന്നായിരുന്നു കുറേ നാള്‍ പിള്ളേര്‍ക്ക്. പക്ഷെ നല്ല സബ് ടൈട്ടിലോട് കൂടി ഡിവിഡി വരുന്നത് കാരണം ആ ആഗ്രഹം അവര്‍ക്ക് അതിയായി ഉണ്ടായില്ല.
    പണ്ട് എന്റെ അപ്പനും അമ്മയും ഞങ്ങള്‍ കുട്ടികള്‍ കേള്‍ക്കാതെയിരിക്കുവാന്‍ വേണ്ടി മറാത്തിയില്‍ സംസാരിക്കുമായിരുന്നു. അതുകൊണ്ട് മാത്രം, അവര്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം ഞാന്‍ കുത്തിയിരുന്ന മറാത്തി പഠിച്ചിട്ടുണ്ട് ഒറ്റക്ക് :):). അതേ മന്ത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുപോലെ അവരുടെ സ്കൂളില്‍ ചൈനീസ് പിള്ളേരൊക്കെ ഫ്ല്യൂവന്റ് ആയിട്ട് ചൈനീസ് പറയുമ്പോള്‍ ഇവര്‍ക്കും ഇപ്പോള്‍ മലയാളം പഠിച്ച് കോഡ് ബാഷയില്‍ സംസാരിക്കണം എന്ന ഭയങ്കര ഫീലിങ്ങ് ആണ്.
    അന്നേരം ഞാന്‍ അങ്ങിനെ നിങ്ങള്‍ക്ക് പറഞ്ഞു തരൂല്ലാന്നാ മട്ടില്‍ ആണ് ഇരിക്കുന്നത്. എന്നിട്ട് മലയാളം പഠിക്കാനുള്ള പുസ്തകം ഒക്കെ വെച്ചിട്ടുണ്ട്. രണ്ടാളും കുത്തിയിരുന്ന് ഭയങ്കര മലയാളം പഠനമാണ് ഈ കോഡ് ഭാഷക്ക് വേണ്ടി. ആ സീക്രട്ടീവ് ഫീലിങ്ങ് പിള്ളേര്‍ക്ക് നല്ല ഇന്ററ്സറ്റ് ഉണ്ടാക്കുന്നു. ഇപ്പൊ എന്റെ പുറകേ നടപ്പാണ്, അതെന്തുവാ, ഇതെന്തുവാ, ആ വാക്ക് എങ്ങിനെയാ മലയാളത്തില്‍ പറയുക എന്നൊക്കെ ചോദിച്ചോണ്ട്. ഞാന്‍ ഇച്ചിരെ വെയിറ്റ് ഇട്ടാണ് പറഞ്ഞു കൊടുക്കുന്നത്. അവര്‍ക്ക് വേണ്ടി ഒരു വലിയ കാര്യം ചെയ്യുന്ന പോലെ. അപ്പൊ ഭയങ്കര താല്‍പ്പര്യം ആണ്. ഏഷ്യാനെറ്റ് വന്നതില്പിന്നെ പിള്ളേര്‍ക്ക് അതീവ ഇന്റസ്റ്റ് ആണ്. പിന്നെ നാട്ടില്‍ കൊണ്ടോയി എല്ലാ വെക്കേഷനും രണ്ട് മാസം നിറുത്തും. ഭാഷ മാത്രം പോരല്ലൊ, പാരമ്പര്യവും കുറച്ചൊക്കെ അറിയണ്ടേ?

    പണ്ട് എന്റെ അപ്പന്റെ കുട്ടികള്‍ക്ക് തൊട്ട് കൂടാത്ത ഷെല്ഫില്‍ കണ്ട ബി.എല്‍ തെരേജ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മൊത്തം കുത്തി ഇരുന്ന് വായിച്ചിട്ടുണ്ട്, ആഹ്, ഇതില്‍ എന്താണ് ഈ കോഡുകള്‍ എന്ന് അറിയാന്‍:) അതുപോലെയാണ് ഇവിടെയിപ്പൊ കാര്യങ്ങള്‍.
    എത്ര നാള്‍ ഉണ്ടാവും എന്നറിയില്ല. പക്ഷെ ഇപ്പോള്‍ അക്ഷരങ്ങള്‍ ഒക്കെ അറിയാം. മറ്റുള്ള മല്യാളി അല്ലാത്ത കൂട്ടുകാരികള്‍ക്ക് സ്ലീപ്പ് ഓവറിനൊക്കെ അക്ഷരങ്ങള്‍ പറഞ്ഞ് കൊടുത്ത് സീക്രട്ട് ലെറ്റേര്‍സ് കൈമാറുന്നത് കാണാറുണ്ട്...
    ഹിഹിഹി :) ഇത് വായിക്കാറായിട്ടില്ല. അത്കൊണ്ട് ധൈര്യപൂര്‍വ്വം ഇതിവിടെ എഴുതാം:)

    ReplyDelete
  27. സിബു ചേട്ടാ..ഈ പോസ്റ്റിനെ പറ്റി പറയുകയാണെങ്കില്‍...
    അല്ലെങ്കില്‍ വേണ്ട,നമ്മളെന്തിനാ ഇക്കാര്യത്തില്‍ ഇപ്പോളെ അഭിപ്രായം പറയുന്നത്.മിണ്ടാതിരിക്കുന്നതാവും ബുദ്ധി..;):).
    നല്ല ഐഡിയ എന്നു മാത്രം പറയുന്നു ഇപ്പോള്‍.

    ReplyDelete
  28. അതായത് ഇഞ്ജ്യേച്ചി പറഞ്ഞതിനെ ഇങ്ങനെ സം‌ക്ഷിപ്തപ്പെടുത്താം.
    1. മലയാളം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍‌ഗം ഹിന്ദി സിനിമ കാട്ടുകയാണ്.
    2.സബ് ടൈറ്റിലുള്ള ഡിവിഡികളെ ലോകത്തെമ്പാടും നിരോധിക്കുക
    3.മലയാളം ഒരു ചാരഭാഷയാണെന്നു പരക്കെ പ്രചരിപ്പിക്കുക
    4.വീട്ടിനുള്ളില്‍ മലയാളം പുസ്തകങ്ങള്‍ ഒളിപ്പിച്ചു വയ്ച്ച ശേഷം മുള്ളുവേലി കെട്ടി സംരക്ഷിക്കുക
    5. പരദൂഷണം പരിപൂര്‍‌ണമായി മലയാളീകരിക്കുക

    നല്ല ഐഡിയാസ്സാ.. ശരിക്കും മനശാസ്ത്രപരമായ ഒരു കുങ്ഫൂ അറ്റാക്ക്! വണ്ടര്‍‌ഫുള്‍..സോറി.. മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തു പറഞ്ഞാല്‍ അത്ഭുതം നിറച്ച ഒരു മൊത്തക്കുപ്പി.

    ReplyDelete
  29. ലക്ഷ്യം മാര്‍ഗ്ഗത്തെയും മാര്‍ഗ്ഗം ലക്ഷ്യത്തെയും അങ്ങോട്ടുമിങ്ങോട്ടും സാധൂകരിക്കുമെന്നോ മറ്റോ അല്ലേ?
    :)

    ReplyDelete
  30. റൈറ്റ് റൈറ്റ്..വക്കാരി പറഞ്ഞതേ ശരി. കുട്ടി മലയാളം പറയുവാന്‍ ആദ്യം കുട്ടി എന്നൊരു എന്റിറ്റി ഉണ്ടാവണമല്ലോ.. സര്‍‌വ്വ ലോക ബാച്ചികളേം പിടിച്ചു കെട്ടിക്കണം. അപ്പോ കുട്ട്യോളെല്ലാം മലയാളം പഠിക്കേം ചെയ്യും ബാച്ചി ബാധ ഒഴിവായിക്കിട്ടേം ചെയ്യും അങ്ങോട്ടുമിങ്ങോട്ടും സാധുജനസമ്പര്‍ക്ക പരിപാടി.(ഹ്മ്മ്.. നല്ല പൂതിയാ..)

    ReplyDelete
  31. പൊന്നപ്പന്‍സിന്റെ ചെവി പൊന്നാക്കണ എല്ലാ ലക്ഷണവും ഞാന്‍ കാണുന്നുണ്ട്. ആ ഒന്നാം പോയിന്റ് വായിച്ചതിനു ശേഷം :) ഹിഹിഹി.
    ഇപ്പൊ തന്നെ ഒരു ബ്ലോഗ് ബ്ലോക്കാക്കീന്നും പറഞ്ഞ് അത് വായിച്ചില്ലെങ്കില്‍ പണ്ടാറടങ്ങീപ്പോവുന്ന് തോന്നണില്ലെ, അല്ലെങ്കില്‍ അതിന്റെ സൈഡിലോട്ട് പോലും പോവാത്ത ആളുകള്‍? ഹിഹി.അതാണ് ലോജിക്ക് കണ്ണാ ലോജിക്ക്.:)

    പിന്നെ സിബു ചേട്ടനു ഓഫ് പരിപാടിയൊന്നും ഇഷ്ടമില്ലാത്ത കൂട്ടത്തിലാണ് കേട്ടല്ലൊ. ഭയങ്കര ഭീകരന്‍ ആണാള്‍. ഉമേഷേട്ടന്റെ പോലെയൊ ഉണ്ടാപ്രീന്റെ പൊലെയൊ പാവല്ല. അതോണ്ട് അങ്ങോട്ട് പോവുന്നതാവും ഉചിതം :)

    ReplyDelete
  32. ആദ്യമൊക്കെ സ്കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ മലയാളം മറക്കും എന്നായിരുന്നു പേടി,പലരും പറഞ്ഞതും. പിന്നീട് ഫുള്‍ടൈം സ്കൂളിലാവുമ്പോള്‍ മലയാളം തനിയെ പറയാതെ ആവും എന്നായിരുന്നു. ഇനിയിപ്പോള്‍ ടീനേജാവുമ്പോള്‍ ഒരു പക്ഷേ... .അറിയില്ല, അപ്പോഴും ഈ ബൂലോകം ഉണ്ടെങ്കില്‍ അന്നു ഞാന്‍ പറയാം. അപ്പോള്‍ പറഞ്ഞു വന്നത്... വേണുജി പറഞ്ഞതിലാണ് കാര്യം.നമുക്കാദ്യം ആഗ്രഹമുണ്ടാവട്ടെ.
    ഇളയും നിളയും മലയാളം മറക്കില്ല, ഉറപ്പ്. :)

    ReplyDelete