2006-07-08

സ്വാശ്രയം - ഒരു അല്‍ഗോരിതം

സ്വാശ്രയ കോളേജ്‌ പ്രശ്നത്തിന്‌ രണ്ടുവിഭാഗക്കാരുടേയും താത്വികപ്രശ്നങ്ങള്‍ സമ്മതിച്ചുകൊണ്ട്‌ ഒരുത്തരം:
  1. എല്ലാ എഞ്ചിനീയറിംഗ്‌ കോളേജുകളും കൂടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വച്ച്‌ വിദ്യാര്‍ഥികള്‍ ഗവണ്‍മേന്റിന്‌ അപേക്ഷകൊടുക്കുന്നു
  2. ഗവണ്‍മേന്റ്‌ ഈ അപേക്ഷകള്‍ കോളേജുകളിലേയ്ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നു
  3. കോളേജുകള്‍ എല്ലാം ചേര്‍ന്ന്‌ ഒന്നോ രണ്ടോ കോമണ്‍ എന്റ്രന്‍സ്‌ പ്രീക്ഷകള്‍ നടത്തുന്നു. (രണ്ടില്‍ കൂടിയാല്‍ വിദ്യാര്‍ഥികള്‍ക്കത്‌ ഭാരമാവും)
  4. എന്റ്രന്‍സ്‌ റിസള്‍ട്ടും വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ചിരിക്കുന്ന വിവിധകാര്യങ്ങളും മറ്റുപരീക്ഷകളിലെ മാര്‍ക്കും ഒക്കെ വച്ച്‌ 1000 പേരുടെ ഒരു റാങ്ക്‍ലിസ്റ്റ്‌ കോളേജുകള്‍ ഗവണ്മെന്റിന്‌ പരസ്യമായി അയച്ചുകൊടുക്കുന്നു.
  5. ഗവണ്മെന്റ്‌ എല്ലാ റാങ്ക്‍‍ലിസ്റ്റും ചേര്‍ത്ത്‌ ഒരൊറ്റ റാങ്ക്‍‍ലിസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നു.
  6. ഗവണ്‍മേന്റ്‌ അതിലെ ആദ്യത്തെ 1000 പേര്‍ക്ക്‌ അവരാവശ്യപ്പെടുന്ന കോളേജില്‍ പഠിക്കാന്‍ മുഴുവന്‍ സ്കോളര്‍ഷിപ്പും കൊടുക്കുന്നു.
  7. ഓരോ വിദ്യാര്‍ഥിയും റാങ്ക്‍ലിസ്റ്റിന്റെ ഓര്‍ഡറില്‍ അയാള്‍ക്കിഷ്ടമുള്ള കോളേജ്‌ തിരഞ്ഞെടുക്കുന്നു. ഒരു വിദ്യാര്‍ഥി ചേരുന്ന കോളേജിന്റെ റാങ്ക്‍ലിസ്റ്റില്‍ അയാളുണ്ടാവണം.
  8. ഒരു കോളേജിലെ പരമാവധി 25% സീറ്റ്‌ റാങ്ക്‌ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌.
  9. ഫീസ്‌ എത്രയാണെന്ന്‌ കോളേജ്‌ അധികാരികള്‍ നിശ്ചയിക്കും.
  10. ബാക്കിയുള്ള 75% സീറ്റില്‍ ആരൊക്കെ ചേരണമെന്ന്‌ കോളേജ്‌ അധികാരികള്‍ തീരുമാനിക്കും.
  11. ആര്‍ക്കും എത്രവേണമെങ്കിലും കോളേജുകള്‍ തുടങ്ങാം
  12. 10-ഇല്‍ കുറവ്‌ മെറിറ്റ്‌ വിദ്യാര്‍ത്ഥികള്‍ മാത്രം ചേരുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കും.

പ്രത്യേകതകള്‍
കോളേജുകള്‍ക്ക്‌ പേര്‌ നിലനിര്‍ത്താന്‍ നല്ലവിദ്യാര്‍ഥികളെ ആവശ്യമുള്ളതുകൊണ്ട്‌ അവര്‍ നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. പേരുണ്ടായാലെ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ അവിടെ ചേരൂ. മെറിറ്റില്‍ വിദ്യാര്‍ഥികള്‍ വന്നില്ലെങ്കില്‍ അംഗീകാരം റദ്ദാവും.

തങ്ങളുടെ ഭാവിയെ പറ്റി വിചാരമുള്ളതുകൊണ്ട്‌ നല്ല കോളേജ്‌ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളും ശ്രദ്ധിക്കും.

ഒരു കോളേജിലെ മുഴുവന്‍ സീറ്റും മെറിറ്റിനു കൊടുത്താല്‍ ആ കോളേജ്‌ അന്യായ ഫീസ്‌ ഗവണ്‍മേന്റിനോട്‌ ചോദിക്കും. എല്ലാ കോളേജിലും മാര്‍ക്കറ്റ്‌ എക്കോണമി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്‌ ഒരു കോളേജിലെ മെറിറ്റ്‌ സീറ്റുകള്‍ ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്‌.

ആശയം വിശദമാക്കാന്‍ വേണ്ടിമാത്രമാണ്‌ സംഖ്യകളും ശതമാനങ്ങളും. അത്‌ ആവശ്യം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്‌.

സംവരണം
ഇതുവരെ പറഞ്ഞതില്‍ സംവരണം എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്ന്‌ പറഞ്ഞിട്ടില്ല. അതും ഈ പദ്ധതിയില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ. വിവരിക്കാനെളുപ്പത്തിന്, 20% obc ക്വോട്ട മാത്രം ആണ് ഉള്ളതെന്ന്‌ വയ്ക്കുക. എങ്കില്‍, സര്‍ക്കാരിന് ഓരോ കോളേജും കൊടുക്കുന്ന 1000 പേരുടെ റാങ്ക്‌ ലിസ്റ്റില്‍ 800 പേരെ ജനറല്‍ മെറിറ്റ് വിഭാഗത്തില്‍ റാങ്ക്‌ ചെയ്യുക. ബാക്കിയുള്ള 200 പേരുടെ obc റാങ്ക്‌ ലിസ്റ്റും കൊടുക്കുക. ഗവണ്മെന്റ്‌ സംവരണലിസ്റ്റും കൂടി ഉള്‍ക്കൊള്ളിച്ചുള്ള 1000 പേരുടെ ഫൈനല്‍ റാങ്ക്‌ ലിസ്റ്റ് ഉണ്ടാക്കി അഡ്മിഷനായി പ്രസിദ്ധീകരിക്കുന്നു.

ഈ 1000 പേരുടെ ലിസ്റ്റ് ഉണ്ടാക്കാനും എളുപ്പമാണ്. എല്ലാ കോളേജില്‍ നിന്നുമുള്ള 800 പേരുടെ ലിസ്റ്റ് ഒരുമിച്ച്‌ ചേര്‍ത്ത്‌ 800 ലിസ്റ്റ് ഗവണ്മെന്റുണ്ടാക്കുന്നു. അതുപോലെ 200 പേരുടെ obc ഏകീകൃതലിസ്റ്റും. ഇനി 800-ഇല്‍ നിന്നും 4 പേരെ ഫൈനല്‍ ലിസ്റ്റിലേയ്ക്കെടുക്കുമ്പോള്‍ ഒരാളെ obc ലിസ്റ്റില്‍ നിന്നും ഫൈനലിലേയ്ക്കെടുക്കണം. ഈ രീതിയില്‍ 1000 പേരുടെ ഫൈനല്‍ ലിസ്റ്റ് മുഴുവനാക്കാം.

[വെബ്‌ലോകത്തില്‍]

7 comments:

  1. സിബു ചേട്ടാ സ്വയാശ്രയത്തില്‍ ഇതോരു വളരേ നല്ല ആശയമാണ്.

    പക്ഷേ,കോളേജുകാര്‍ ചുമ്മത്തുന്ന അന്യയ ഫീസും (പിന്നെ കാപിറ്റേഷനും ) 1000 മെറിറ്റ് വിദ്യാര്‍ഥികള്‍ക്കു കൊടുക്കാന്‍ ഗവണ്മെന്റ് തയ്യാറവുമ്മൊ?
    മാത്രമല്ല ഇത് മനേജ്മെന്റിന് പല ലൂപ്പ് ഹോള്‍സും കൊടുക്കുന്നില്ലേ? കോളെജുകള്‍ തന്നെ നടത്തുന്ന എന്റ്ട്രന്‍സ് പരീക്ഷയില്‍ അവര്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ റാങ്ക് ലിസ്റ്റില്‍ വരാന്‍ എളുപ്പമല്ലെ? അങ്ങിനെ വരുമ്പോള്‍ മാനേജ്മെന്റ് ഉദ്ദേശിക്കുന്നവര്‍ തന്നെ ആവില്ലെ ഗവണ്മെന്റ് സ്കൊളര്‍ഷിപ്പ് കിട്ടി അവിടെ ചേരാന്‍ വരിക. അപ്പോള്‍ 100% സീറ്റും മാനേജ്മെന്റ്റിന്.
    പരീക്ഷ ഗവണ്മെന്റ് തന്നെ നടത്തണം എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  2. ഡാലി, അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി.

    അമേരിക്കയിലായാലും ഇന്‍ഡ്യയിലായാലും ഗവണ്‍മേന്റിന്റെ executive, inefficient-ഉം unfair/corrupted-ഉം ആണ്‌. പലകാര്യങ്ങളിലും അവര്‍ക്ക്‌ മോണോപ്പൊളി കിട്ടുന്നതുകൊണ്ടാണങ്ങനെ. അതാണ്‌ ഈ ഒരു സൊലുഷനനില്‍ എക്സിക്യൂട്ടിവില്‍ നിന്നും കഴിയാവുന്നതും ചുമതലകള്‍ എടുത്ത്‌ മാറ്റിയിരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം. ഇനി സംശയങ്ങളെ പറ്റി...

    നൂറോളം പ്രൊഫഷണല്‍ കോളേജുകളുള്ളതില്‍ ഓരോന്നിന്റേയും സ്റ്റാന്റേഡ്‌ വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട്‌ തന്നെ ഓരോന്നിന്റേയും ഡിമാന്റും വ്യത്യസ്ഥമാവും. അതായത്‌ കൂടുതല്‍ ഫസിലിറ്റീസും നല്ല സ്റ്റാഫും നല്ല റിസള്‍ട്ടും തരുന്നവയില്‍ ചേരാന്‍ തിരക്കുകാണും. അതിനനുസരിച്ച്‌ അവരുടെ ഫീസും ഉയര്‍ന്നതാവും.

    ഒരു കോളേജിന്റെ ഫീസ്‌ 1 ലക്ഷവും വേറേ ഒന്നിന്റേത്‌ 2 ലക്ഷവും ആണെന്നു വിചാരിക്കുക. കയ്യില്‍ നിന്നും ഫീസ്‌ കൊടുത്ത്‌ രണ്ടാമത്തേതില്‍ ചേരുന്നവര്‍ വെറുതെ 1 ലക്ഷം കളയില്ല. അതിനനുസരിച്ച ഫസിലിറ്റീസ്‌, സ്റ്റാഫ്ഫ്‌, റിസള്‍ട്ട്‌.. എല്ലാം അവര്‍ പ്രതീക്ഷിക്കും.

    അതായത്‌ കാപിറ്റേഷന്‍ കൊടുത്ത്‌ കയറുന്നവര്‍ ധാരാളം(> 50%) ഒരു കോളേജില്‍ ഉള്ളതിനാല്‍ അന്യായമായി ആ കോളേജ്‌ അധികൃതര്‍ക്ക്‌ ഫീസ്‌ കൂട്ടാനാവില്ല.

    നേരത്തേ പറഞ്ഞപോലെ, കൂടുതല്‍ രൂപ ഫീസ്‌ വാങ്ങുന്നവര്‍ക്ക്‌ അത്‌ സാധിക്കുന്നത്‌ അവിടത്തെ ഫസിലിറ്റീസ്‌, സ്റ്റാഫ്‌, എല്ലാറ്റിനുമുപരി അവിടത്തെ വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന ഉയര്‍ന്ന വിജയം എന്നിവ പരസ്യം ചെയ്തായിരിക്കും. അതുകൊണ്ട്‌ തന്നെ ഏറ്റവും ഡിമാന്റുള്ള കോളേജുകള്‍ക്ക്‌ എന്റ്രന്‍സ്‌ ടെസ്റ്റ്‌ ഉഴപ്പാന്‍ യാതൊരു താല്‍പര്യവുമുണ്ടാവില്ല. അവര്‍ക്ക്‌ മെറിറ്റില്‍ ഏറ്റവും നല്ലകുട്ടികള്‍ അവിടെ ജോയിന്‍ ചെയ്യുന്നത്‌ തന്നെയാവും താത്പര്യം. അതിന്‌ എന്റ്രന്‍സ്‌ ടെസ്റ്റ്‌ നന്നായി തന്നെ നടത്തണം.

    ചില വിദ്യാര്‍ഥികള്‍ക്ക്‌ ചോദ്യക്കടലാസ്സ്‌ ചോര്‍ത്തിക്കോടുക്കുവാന്‍ കോളേജ്‌ അധികൃതര്‍ ശ്രമിക്കുമോ എന്നു നോക്കാം. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്നതില്‍ വ്യക്തമായ ഒരു റിസ്ക്‌ ഉണ്ട്‌. ചോര്‍ത്തിയ പേപ്പര്‍ ഉദ്ദേശിച്ച ആളില്‍ തന്നെയിരിക്കുമോ എന്നത്‌ ഒരിക്കലും 100% ഉറപ്പിക്കാനാവില്ല. കോളേജ്‌ അധികൃതര്‍ക്ക്‌ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ മനേജ്‌മന്റ്‌ ക്വാട്ടയില്‍ ചേരാം എന്നതുകൊണ്ട്‌ കോളേജ്‌ അങ്ങനെ ഒരു റിസ്ക്‌ എടുക്കേണ്ട കാര്യവുമില്ല.

    ReplyDelete
  3. പണത്തിനു മേലേ പരുന്തും പറക്കില്ല. കോളെജുകളുടെ അംഗീകാരം നിലനിര്‍ത്തുക എന്നത് മാനേജുമെന്‍റിന് വളരെ വളരെ പ്രധാനമായ കാര്യമാണല്ലോ. ചേരാന്‍ താല്പര്യമില്ലാത്ത 25 മെരിറ്റുകാരെ കണ്ണുമഞ്ഞളിക്കുന്ന തുക കൊടുത്ത് (അല്ലെങ്കില്‍ ഭീഷണി വഴി) ചേര്‍ക്കാനാണോ പാട്? (സോറി, ഇന്നലെ ചിന്താമണി കൊലക്കേസ് കണ്ട ഹാങ്‍ഓവറിലാണേ!)

    [കമന്‍റ്സ് പോപ്‍അപ് വിന്‍ഡോയില്‍ നിന്നും മാറ്റിക്കൂടേ?]

    ReplyDelete
  4. സാമ്പത്തികവ്യാപാരങ്ങള്‍ കൃത്യമായി ട്രാക്ക്‌ ചെയ്യാന്‍ പാകത്തിലുള്ള സിസ്റ്റംങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇങ്ങനത്തെ കുതിരക്കച്ചവടവും ബിനാമിയും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്നാലും സന്തോഷ്‌ പറഞ്ഞ പ്രശ്നം വല്ലപ്പോഴും ഉണ്ടാവാം എന്നല്ലാതെ സ്ഥിരം സംഭവിക്കാന്‍ (systemic) സാധ്യതകുറവാണ്‌. കാരണം ഇതാണ്‌:

    സ്വന്തം ഭാവി കുളംതോണ്ടുന്ന രീതിയില്ലുള്ള ഇത്തരം പരിപാടികള്‍ക്ക്‌ പോകാന്‍ ലക്ഷക്കണക്കിന്‌ രൂപകിട്ടിയാലെ ഒരു വിദ്യാര്‍ഥി തയ്യറാവൂ. എന്നാല്‍ ഇങ്ങനെ ചെയ്യുന്ന ഒരു കോളേജ്‌ ആവട്ടെ, അധികം പേരില്ലാത്തതിനാല്‍ ഫീസിനത്തില്‍ അത്ര വരുമാനമില്ലാത്ത ഒന്നായിരിക്കും. അവര്‍ക്ക്‌ ഇതൊരു വലിയ സാമ്പത്തിക ബാധ്യതതന്നെയാവും. മാത്രമല്ല, ഇങ്ങനെ കുതിരകച്ചവടത്തിന്‌ ചിലവാക്കുന്ന രൂപയെടുത്ത്‌ ഫസിലിറ്റീസും സ്റ്റാഫും നന്നാക്കുന്നതാവും അവര്‍ക്ക്‌ കൂടുതല്‍ നല്ലത്‌. അല്ലാതെ, എല്ലാ കൊല്ലവും ലക്ഷക്കണക്കിന്‌ രൂപ ഇങ്ങനെ ചിലവാക്കിയാല്‍ പാപ്പരാവാന്‍ അധികം നാള്‍ വേണ്ട.

    [popup window മാറ്റി. നന്ദി]

    ReplyDelete
  5. നല്ല രീതിയില്‍ ആലോചിച്ചെഴുതിയ അല്‍ഗൊരിതം. അതിന്റെ സംശയങ്ങല്‍ക്കു നല്ല സംതൃപ്തി തരുന്ന മറുപുടി. നന്ദി..
    ഞാനിതിനെ കേരളത്തിലെ ഇന്നത്തെ പ്രൈവറ്റ് സ്കൂളിങ്ങുമായി താരതമ്യപെടുത്തി നോക്കി. വെറുതെ ബഗ് എന്തെകിലും ഉണ്ടൊ എന്നരിയാന്‍;)‍
    അല്‍ഗൊരിതം ഇസ് സിമ്പ്ലി എക്സലന്റ്.
    ആരെങ്കിലും എക്സിക്യൂട്ട് ചെയ്തിരുന്നെങ്കില്‍.......

    ReplyDelete
  6. ബൂലോകക്ലബ്ബിലെ വക്കാരിയുടെ സംവരണത്തില്‍ നിന്നാ ഇവിടെ എത്തിയത്

    സിബു,
    കുറെയേറെ വിയോജനക്കുറിപ്പെഴുതാനുണ്ട്..!

    ആദ്യത്തേതു: എന്തിനാണ് 2മത് ഒരു പ്രവേശനപരീക്ഷ? സര്‍ക്കാര്‍ തരക്കേടില്ലാത്ത രീതിയില്‍ ഒരു പൊതു പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ..? എല്ലാവര്‍ക്കും ഫീസടച്ച് അതില്‍ പങ്കെടുക്കനുള്ള സൌകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്, അതില്‍ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും റാങ്ക് (ഏറ്റവും താഴെയാണെങ്കില്‍ പോലും) പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്‍. അപ്പോള്‍ പിന്നെ വെറെ ഒരു പരീക്ഷക്കു പ്രസക്തിയുണ്ടോ?

    ഗുണങ്ങള്‍:
    1. കുട്ടികള്‍ ഒറ്റ പരീക്ഷ എഴുതിയാല്‍ മതി
    2. മറ്റു പരീക്ഷാ ഫീസ്സ്, സമയം ലാഭം
    3. പരീക്ഷ എഴുതിയ കുട്ടികളുടെ ഗുണനിലവരം എല്ലരുടെയും മുന്‍പില്‍
    4. സുതാര്യമായ? (തര്‍ക്കമറ്റ ?) നിലവിലുള്ള പരീക്ഷ.

    സിബു പറഞ്ഞതനുസരിചു കോമണ്‍ എന്റ്രന്‍സ്‌ പരീക്ഷയിലെ ആദ്യ 1000 പേര്‍ക്കു സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് കൊടുക്കണം. അതിന് ഈ 1000 പേരുടെ മാര്‍ക്കിനു എന്തു വിശ്വാസ്യത..?? എറ്റവും കാശുള്ള 1000 പേരു മാനേജ്മെന്റിനെ സ്വാധീനിച്ചു ആ ലിസ്റ്റില്‍ കേറിക്കൂടി സര്‍ക്കാര്‍ ചിലവില്‍ പഠിക്കില്ലേ..???

    ബാക്കി പിന്നാലെ..

    ReplyDelete
  7. സപ്തന്‍, ഇപ്പോഴത്തെ സിസ്റ്റത്തിനെ ഏറ്റവും കുറഞ്ഞ മാറ്റങ്ങളിലൂടെ ഏച്ചുകെട്ടുകയായിരുന്നില്ല ലക്ഷ്യം. പകരം, മൊത്തം redesign ചെയ്യാനൊരവസരം കിട്ടിയാലോ എന്ന്‌ സ്വപ്നം കാണുക മാത്രമായിരുന്നു.

    എന്തുകൊണ്ട്‌ ഗവണ്‍മേന്റില്‍ നിന്നും ചുമതലകള്‍ എടുത്തുമാറ്റണം എന്നും, കാശ്‌ നോക്കി ലിസ്റ്റില്‍ ആളെ കയറ്റുന്നത്‌ മാനേജ്മെന്റിന്‌ ആത്മഹത്യാപരമാവുന്നതെങ്ങനെ എന്നും ഡാലിയുടെ ചോദ്യത്തിനുത്തരമായി വിവരിച്ചിട്ടുണ്ട്‌.

    പുതിയ ചോദ്യം 2 പരീക്ഷകളെ പറ്റിയാണ്‌. സൂചിപ്പിച്ചിട്ടുള്ളതുപോലെ 2 ഒരു indicative സംഖ്യമാത്രമാണ്‌. അത്‌ മൂന്നോ ഒന്നോ പൂജ്യമോ ആവാം. എല്ലാ എഞ്ചിനീയറിംഗ്‌ കോളേജുകളും അവരുടെ സ്വന്തം ടെസ്റ്റ്‌ നടത്തി വിദ്യാര്‍ഥികളെ വലയ്ക്കരുത്‌ എന്നു മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. ഒന്നില്‍ കൂടുതല്‍ പരീക്ഷകള്‍ ഉണ്ടെങ്കില്‍ അവിചാരിത കാരണങ്ങളാല്‍ ആദ്യത്തെ ടെസ്റ്റ്‌ കുളമായവര്‍ക്ക്‌ ഒരുകൊല്ലം കളയാതെ ഒരു ചാന്‍സ്‌ കൂടി കിട്ടുമല്ലോ.

    പിന്നെ, ഇപ്പോഴത്തെ എന്റ്രന്‍സ്‌ ടെസ്റ്റിനും പരിമിതികളില്ലേ - പൈസയുള്ളവര്‍ക്ക്‌ മാത്രമാണ്‌ എന്റ്രന്‍സ്‌ കോച്ചിംഗ്‌ സാധ്യമാവുന്നതെന്നുള്ള വാദങ്ങള്‍ വായിച്ചില്ലേ. അതായത്‌, മെറിറ്റിനൊപ്പം തന്നെ പരോക്ഷമായി പൈസയും ഒരു മാനദണ്ഡമാവുന്നു എന്ന്‌. മെറിറ്റ്‌ മാത്രം നോക്കുന്ന ഒരു evaluation രീതി നടപ്പിലാക്കുവാന്‍ കോളേജുകളെ നിര്‍ബന്ധിക്കുക എന്നതും ഈ മെത്തേഡിന്റെ ഒരു ലക്ഷ്യമാണ്‌.

    ReplyDelete