2006-07-29

വിക്കിയിലെ ആക്റ്റിവിസം

വിക്കിയിലും ആക്റ്റിവിസത്തിന് ധാരാളം സ്കോപ്പുണ്ട്. അത് നേരെ ഒരു കാര്യം ചീത്ത അല്ലെങ്കില് നല്ലത് എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് എഴുതുന്ന വിഷയങ്ങള് ബോധപൂര്വ്വം തിരഞ്ഞെടുക്കുന്നതിലൂടെയാണ്. ഒരു പരിസ്ഥിതി പ്രവര്ത്തകനാണെങ്കില് ഒരു മാതിരിപ്പെട്ട ഓരോ പേജിലും അതില് പറഞ്ഞിരിക്കുന്നതിന്റെ പരിസ്ഥിതി ഇമ്പാക്റ്റ് എന്താണെന്നാവും എഴുതുക. നര്മ്മദ ആയാലും, നിള ആയാലും, കേരളത്തിന്റെ തീരപ്രദേശം ആയാലും. എല്ലാം വസ്തുനിഷ്ഠമായ തെളിവുകളോടെ.

പലരുടെ ആക്റ്റിവിസത്തിലൂടെ വിക്കിക്ക് ഒരു ന്യൂട്രല് ഔട്ട് ലുക്ക് കാലക്രമത്തില് വന്നു ചേരും. എന്നിരുന്നാലും, ഒരു വിഷയത്തില് ആദ്യമെത്തുന്ന ആക്റ്റിവിസ്റ്റിന് എപ്പോഴും ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ട്. സത്യത്തില് ഇനി വിക്കി ആക്റ്റിവിസത്തിന്റെ കാലമാവും. ഓരോ പൊളിറ്റിക്കല്, സ്പെഷല് ഇന്ററെസ്റ്റ് ഗ്രൂപ്പും ഇനി ഒരു വിക്കി വിങ് ഉണ്ടാക്കും. വിക്കിയില് അവര്ക്ക് താത്പര്യമുള്ള വിഷയങ്ങളും വാര്ത്തകളും തിരുത്താനും തിരുകാനും.

ഇതുപോലുള്ള ഗോപ്യമായ ആക്റ്റിവിസം ഇംഗ്ലീഷ് വിക്കിയില് ധാരാളം കാണാം. പ്രത്യേകിച്ചും യഹൂദന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്.

2006-07-09

ബ്ലോഗുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോള്‍

തിരിച്ചൊരു ചോദ്യത്തിനും വിചിന്തനത്തിനും ഇവിടെ പ്രസക്തിയുണ്ട്‌. പത്രങ്ങള്‍ക്കെങ്ങനെയാണ്‌ വിശ്വാസ്യതയുണ്ടാവുന്നത്‌?.... അവയുടെ വിശ്വാസ്യത ബ്രാന്‍ഡ്‌ നേമിലൂടെയാണ്‌. തെറ്റായ വാര്‍ത്തകളെഴുതിയാല്‍ കാലക്രമത്തില്‍ ജനം അത്‌ തിരിച്ചറിയുകയും ആ ബ്രാന്‍ഡിന്റെ വിശ്വാസ്യത കൈമോശംവരികയും വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇനി ബ്ലോഗിലേയ്ക്ക്‌... ഇന്റര്‍നെറ്റിലെ കമ്യൂണിക്കേഷനുകളെ പറ്റിയുള്ള ഇന്നത്തെ മാധ്യമങ്ങളുടെ പൊതുധാരണ ചാറ്റ്, ഇമെയില്‍ എന്നിവയുടെ സ്വഭാവത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഇന്റര്‍നെറ്റ് സംവാദങ്ങളെ അതുകൊണ്ട്‌ transient, sporadic, casual എന്നീ വാക്കുകളാല്‍ അവതരിപ്പിക്കാനും തുടങ്ങി. എന്നാല്‍, ഒരു ബ്ലോഗ്‌ ഒരു SMS മെസേജ്‌ പോലെ എവിടേ നിന്നോ വന്ന്‌ എവിടേയ്ക്കോ പോയ്മ്‌ മറയുന്നവയല്ല. ഒരോ ബ്ലോഗിനും സ്ഥായിയായ വ്യക്തിത്വമുണ്ട്‌. ആ വ്യക്തിത്വമാണ്‌ അനേകം ബ്ലോഗുകള്‍ക്കുള്ളില്‍ നിന്നും അതിന്‌ വായനക്കാരെ നേടിക്കൊടുക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പത്രങ്ങളിലേപ്പോലെ ബ്ലോഗിനും സൂക്ഷ്മമായി സൂക്ഷിക്കേണ്ട ബ്രാന്‍ഡ്‌ വാല്യൂ ഉണ്ട്‌. അബദ്ധപ്രസ്താവനകളിലൂടെ അത്‌ തകര്‍ക്കാന്‍ ബുദ്ധിയുള്ള ഒരു ബ്ലോഗറും ഒരുമ്പെടില്ല.

ബ്ലോഗുകള്‍ പത്രങ്ങളേക്കാള്‍ വിശ്വാസ്യതയില്‍ മികച്ചുനില്‍ക്കുന്നത്‌ അതിന്റെ ഫീഡ്‌ബാക്‌ സിസ്റ്റത്തിലാണ്‌. തിരഞ്ഞെടുക്കപെടുന്ന അപൂര്‍വ്വം പ്രതികരണങ്ങളേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുള്ളൂ. അതിനാല്‍ പത്രങ്ങളുടെ ഫീഡ്‌ബാക്ക്‌ സിസ്റ്റം അതിന്റെ വായനക്കാരുടെ എണ്ണം മാത്രമണ്‌. എന്നാല്‍ ബ്ലോഗ്ഗ്‌സംസ്കാരത്തിലാവട്ടെ, കമന്റുകളിലൂടെ ആര്‍ക്കും ഒരു ലേഖനത്തെപറ്റി അഭിപ്രായെമെഴുതാം, ഏതു ബ്ലോഗ്‌ വായനക്കാരനും ലേഖനത്തോടൊപ്പം ആ അഭിപ്രായങ്ങളും വായിക്കാം. ചുരുക്കത്തില്‍ പത്രങ്ങളേക്കാള്‍ കാര്യക്ഷമമായ ഫീഡ്‌ബാക്‌ സിസ്റ്റമാണ്‌ ബ്ലോഗുകളുടേത്‌ എന്നുപറയാം. ഫീഡ്‌ബാക്കിലുള്ള ഈ കാര്യക്ഷമതയാണ്‌, ബ്ലോഗുകള്‍ക്ക്‌ പത്രങ്ങളേക്കാള്‍ വിശ്വാസ്യത തരുന്നത്‌.

മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടാവാം, റഫറന്‍സുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുക്കാ‍ന്‍ പത്രങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, ബ്ലോഗ്‌ സംസ്കാരത്തില്‍, റഫറന്‍സുകള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അതും വിക്കിപീഡിയ, ബിബിസി തുടങ്ങി അറിയപ്പെടുന്ന സൈറ്റുകളിലേയ്ക്കുള്ളതിന്. HTML എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥനഭാഷ, ഇത്തരം ലിങ്കിങ്ങിന്‌ വളരെ സഹായിക്കുന്നു.

കൂട്ടത്തില്‍ ഒന്നു കൂടി പറയാനുണ്ട്‌. വാര്‍ത്ത്കള്‍ക്ക്‌ വേണ്ടി പൊതുവെ ആരും ബ്ലോഗുകളെ ആശ്രയിക്കാറില്ല. പകരം അനാലിസിസും ക്രിയേറ്റിവ് റൈറ്റിംഗുമാണ് ബ്ലോഗുകളുടെ തട്ടകം. അതായത്‌, പത്രങ്ങളുടെ ആഴ്ച്ചപ്പതിപ്പുകളോ, സപ്ലിമെന്റുകളോ ആയിട്ടുവേണം അവയെ താരതമ്യം ചെയ്യാന്‍.

2006-07-08

സ്വാശ്രയം - ഒരു അല്‍ഗോരിതം

സ്വാശ്രയ കോളേജ്‌ പ്രശ്നത്തിന്‌ രണ്ടുവിഭാഗക്കാരുടേയും താത്വികപ്രശ്നങ്ങള്‍ സമ്മതിച്ചുകൊണ്ട്‌ ഒരുത്തരം:
  1. എല്ലാ എഞ്ചിനീയറിംഗ്‌ കോളേജുകളും കൂടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വച്ച്‌ വിദ്യാര്‍ഥികള്‍ ഗവണ്‍മേന്റിന്‌ അപേക്ഷകൊടുക്കുന്നു
  2. ഗവണ്‍മേന്റ്‌ ഈ അപേക്ഷകള്‍ കോളേജുകളിലേയ്ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നു
  3. കോളേജുകള്‍ എല്ലാം ചേര്‍ന്ന്‌ ഒന്നോ രണ്ടോ കോമണ്‍ എന്റ്രന്‍സ്‌ പ്രീക്ഷകള്‍ നടത്തുന്നു. (രണ്ടില്‍ കൂടിയാല്‍ വിദ്യാര്‍ഥികള്‍ക്കത്‌ ഭാരമാവും)
  4. എന്റ്രന്‍സ്‌ റിസള്‍ട്ടും വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ചിരിക്കുന്ന വിവിധകാര്യങ്ങളും മറ്റുപരീക്ഷകളിലെ മാര്‍ക്കും ഒക്കെ വച്ച്‌ 1000 പേരുടെ ഒരു റാങ്ക്‍ലിസ്റ്റ്‌ കോളേജുകള്‍ ഗവണ്മെന്റിന്‌ പരസ്യമായി അയച്ചുകൊടുക്കുന്നു.
  5. ഗവണ്മെന്റ്‌ എല്ലാ റാങ്ക്‍‍ലിസ്റ്റും ചേര്‍ത്ത്‌ ഒരൊറ്റ റാങ്ക്‍‍ലിസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നു.
  6. ഗവണ്‍മേന്റ്‌ അതിലെ ആദ്യത്തെ 1000 പേര്‍ക്ക്‌ അവരാവശ്യപ്പെടുന്ന കോളേജില്‍ പഠിക്കാന്‍ മുഴുവന്‍ സ്കോളര്‍ഷിപ്പും കൊടുക്കുന്നു.
  7. ഓരോ വിദ്യാര്‍ഥിയും റാങ്ക്‍ലിസ്റ്റിന്റെ ഓര്‍ഡറില്‍ അയാള്‍ക്കിഷ്ടമുള്ള കോളേജ്‌ തിരഞ്ഞെടുക്കുന്നു. ഒരു വിദ്യാര്‍ഥി ചേരുന്ന കോളേജിന്റെ റാങ്ക്‍ലിസ്റ്റില്‍ അയാളുണ്ടാവണം.
  8. ഒരു കോളേജിലെ പരമാവധി 25% സീറ്റ്‌ റാങ്ക്‌ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌.
  9. ഫീസ്‌ എത്രയാണെന്ന്‌ കോളേജ്‌ അധികാരികള്‍ നിശ്ചയിക്കും.
  10. ബാക്കിയുള്ള 75% സീറ്റില്‍ ആരൊക്കെ ചേരണമെന്ന്‌ കോളേജ്‌ അധികാരികള്‍ തീരുമാനിക്കും.
  11. ആര്‍ക്കും എത്രവേണമെങ്കിലും കോളേജുകള്‍ തുടങ്ങാം
  12. 10-ഇല്‍ കുറവ്‌ മെറിറ്റ്‌ വിദ്യാര്‍ത്ഥികള്‍ മാത്രം ചേരുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കും.

പ്രത്യേകതകള്‍
കോളേജുകള്‍ക്ക്‌ പേര്‌ നിലനിര്‍ത്താന്‍ നല്ലവിദ്യാര്‍ഥികളെ ആവശ്യമുള്ളതുകൊണ്ട്‌ അവര്‍ നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. പേരുണ്ടായാലെ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ അവിടെ ചേരൂ. മെറിറ്റില്‍ വിദ്യാര്‍ഥികള്‍ വന്നില്ലെങ്കില്‍ അംഗീകാരം റദ്ദാവും.

തങ്ങളുടെ ഭാവിയെ പറ്റി വിചാരമുള്ളതുകൊണ്ട്‌ നല്ല കോളേജ്‌ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളും ശ്രദ്ധിക്കും.

ഒരു കോളേജിലെ മുഴുവന്‍ സീറ്റും മെറിറ്റിനു കൊടുത്താല്‍ ആ കോളേജ്‌ അന്യായ ഫീസ്‌ ഗവണ്‍മേന്റിനോട്‌ ചോദിക്കും. എല്ലാ കോളേജിലും മാര്‍ക്കറ്റ്‌ എക്കോണമി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്‌ ഒരു കോളേജിലെ മെറിറ്റ്‌ സീറ്റുകള്‍ ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്‌.

ആശയം വിശദമാക്കാന്‍ വേണ്ടിമാത്രമാണ്‌ സംഖ്യകളും ശതമാനങ്ങളും. അത്‌ ആവശ്യം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്‌.

സംവരണം
ഇതുവരെ പറഞ്ഞതില്‍ സംവരണം എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്ന്‌ പറഞ്ഞിട്ടില്ല. അതും ഈ പദ്ധതിയില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ. വിവരിക്കാനെളുപ്പത്തിന്, 20% obc ക്വോട്ട മാത്രം ആണ് ഉള്ളതെന്ന്‌ വയ്ക്കുക. എങ്കില്‍, സര്‍ക്കാരിന് ഓരോ കോളേജും കൊടുക്കുന്ന 1000 പേരുടെ റാങ്ക്‌ ലിസ്റ്റില്‍ 800 പേരെ ജനറല്‍ മെറിറ്റ് വിഭാഗത്തില്‍ റാങ്ക്‌ ചെയ്യുക. ബാക്കിയുള്ള 200 പേരുടെ obc റാങ്ക്‌ ലിസ്റ്റും കൊടുക്കുക. ഗവണ്മെന്റ്‌ സംവരണലിസ്റ്റും കൂടി ഉള്‍ക്കൊള്ളിച്ചുള്ള 1000 പേരുടെ ഫൈനല്‍ റാങ്ക്‌ ലിസ്റ്റ് ഉണ്ടാക്കി അഡ്മിഷനായി പ്രസിദ്ധീകരിക്കുന്നു.

ഈ 1000 പേരുടെ ലിസ്റ്റ് ഉണ്ടാക്കാനും എളുപ്പമാണ്. എല്ലാ കോളേജില്‍ നിന്നുമുള്ള 800 പേരുടെ ലിസ്റ്റ് ഒരുമിച്ച്‌ ചേര്‍ത്ത്‌ 800 ലിസ്റ്റ് ഗവണ്മെന്റുണ്ടാക്കുന്നു. അതുപോലെ 200 പേരുടെ obc ഏകീകൃതലിസ്റ്റും. ഇനി 800-ഇല്‍ നിന്നും 4 പേരെ ഫൈനല്‍ ലിസ്റ്റിലേയ്ക്കെടുക്കുമ്പോള്‍ ഒരാളെ obc ലിസ്റ്റില്‍ നിന്നും ഫൈനലിലേയ്ക്കെടുക്കണം. ഈ രീതിയില്‍ 1000 പേരുടെ ഫൈനല്‍ ലിസ്റ്റ് മുഴുവനാക്കാം.

[വെബ്‌ലോകത്തില്‍]